ചങ്ങാനാശ്ശേരി, കോട്ടയം, പൊൻകുന്നം, റാന്നി, വൈക്കം എന്നിവിടങ്ങളിലെ വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന വേടന്മാരുടെ അനുഷ്ടാന കലാരൂപമാണ് ക്യാതം കളി.[1] കളിസംഗത്തിൽ സ്ത്രീകളും പുരുഷന്മാരും അടങ്ങിയിരിക്കും. പ്രത്യേകിച്ച് പ്രായപരിധിയില്ല.

ഈ കളിക്ക് നാന്നൂറ്റമ്പതു വർഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. നാലു കളിക്കാരും രണ്ടു പാട്ടുകാരും ഉൾപ്പെട്ടതാണ് കളിസംഘം. രണ്ടു പാട്ടുകാർ ഉടുക്കുകളുമായി രംഗത്തുവന്ന് പാടാൻ തുടങ്ങുന്നു. പാർവ്വതിയുടെ വേഷമണിഞ്ഞ ഒരു സ്ത്രീ മേളത്തിനൊപ്പം നൃത്തം ചെയ്യുന്നു. പാട്ടുകാർ പാട്ടിലൂടെ ശിവനെ വിളിക്കുമ്പോൾ ശിവന്റെ വേഷമിട്ട ആൾ രംഗപ്രവേശം ചെയ്ത് നൃത്തം ചെയ്യുന്നു. നൃത്താവസാനം രണ്ടു സ്ത്രീകൾ പ്രവേശിച്ചു മുടിയാട്ടം നടത്തുന്നു. ശിവൻ സന്തുഷ്ടനായി മുടിയാട്ടക്കാരെ അനുഗ്രഹിച്ച് പാർവ്വതിയോടൊപ്പം രംഗത്തുനിന്ന് പോകുന്നു.

അരയിലും മാറത്തും പുലിത്തോൽ, കൈകാലുകളിൽ തളകൾ, കൈയ്യിൽ ശൂലം, കഴുത്തിൽ സർപ്പം ഇത്യാദി ശിവന്റെ വേഷം. മഞ്ഞച്ചേലയും ചുവന്ന ബ്ലൗസും ആഭരണങ്ങളും ആണ് പാർവ്വതിക്ക്. ആട്ടക്കാരികൾക്ക് വെള്ള മുണ്ടും വെള്ള ബ്ലൗസും. ഉടുക്കുകളാണ് പ്രധാന വാദ്യോപകരണങ്ങൾ. ഒപ്പം മദ്ദളം, ചെണ്ട, കിണ്ണം എന്നിവയും ഉപയോഗിക്കും. ദീപവിധാനത്തിന് ഒരു നിലവിളക്ക് മാത്രമേ ആവശ്യമുള്ളൂ. കുടുംബങ്ങളിലെ ദോഷപരിഹാരത്തിനാണ് ഇത് നടത്തുന്നത് എന്നാണ് വിശ്വാസം. ധനുമാസത്തിലെ അത്തം മുതൽ ഈ കളി, വേടന്മാർ നാട്ടിൻപുറങ്ങളിലെ സകല വീടുതോറും നടത്തിവരുന്നു.[1]

  1. 1.0 1.1 Dr. S Shifa (14 ഡിസംബർ 2020). "നാടോടി സ്‌ത്രീരംഗകലകൾ". womenpoint.in. Archived from the original on 2020-12-14. Retrieved 2020-12-14.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ക്യാതം_കളി&oldid=3775759" എന്ന താളിൽനിന്ന് ശേഖരിച്ചത്