കോട്ടായി

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

പാലക്കാട്‌ പട്ടണത്തിൽ നിന്നും പതിനാറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ കോട്ടായി. ആലത്തൂർ‍ താലൂക്കിൽ ഉൾപ്പെടുന്ന ഈ ഗ്രാമത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും തൊഴിൽ നെൽകൃഷിയാണ്‌. കൂടാതെ പച്ചക്കറികളും ചക്കരക്കിഴങ്ങും (മധുരകിഴങ്ങ്‌) കൃഷി ചെയ്തു വരുന്നു. മൺസൂൺ - തുലാവർഷം മഴയും മലമ്പുഴ ജലസേചന പദ്ധതിയും ആശ്രയിച്ചാണ്‌ കൃഷി ചെയ്യപ്പെടുന്നത്‌. കോട്ടായി ഉൾക്കൊള്ളുന്നത് കുഴൽ‌‍മന്ദം നിയമസഭാ നിയോജകമണ്ഡലത്തിലും ഒറ്റപ്പാലം ലോക്‌സഭ നിയോജക മണ്ഡലത്തിലുമാണ്. വിദ്യാഭ്യാസ ഉപജില്ല പറളിയാണ്.

ചരിത്ര പ്രാധാന്യം

തിരുത്തുക

പാലക്കാട്‌ ജില്ലാ ആസ്ഥാനത്ത്‌ ഹൈദരലി പാലക്കാട്‌ കോട്ട നിർമ്മിക്കുന്നതിനു മുമ്പ്‌, അയൽ ഗ്രാമമായ കോട്ടച്ചന്തയിൽ കോട്ട പടുത്തുയർത്താൻ ഉദ്യമിച്ചിരുന്നു. ഇതിനായി വലിയ പാറക്കല്ലുകളും സ്വരൂപിച്ചുവെച്ചു. പിന്നീട്‌ കോട്ട പാലക്കാട്ടേക്കു മാറ്റുകയാണുണ്ടായത്‌. നിരപ്പായ ഈ സ്ഥലം പിന്നീട്‌ ഗ്രാമീണർ പച്ചക്കറി ചന്തയായി ഉപയോഗിച്ചു. ഈ സ്ഥലം അങ്ങനെ കോട്ടച്ചന്ത എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ഇന്നും കോട്ടച്ചന്ത എന്ന സ്ഥലത്ത് ആ പഴയ ചന്തയുടെ അവശേഷിപ്പുകൽ കാണാം.

'കോട്ടയിലേക്കുള്ള വഴി/വയി' എന്ന പ്രയോഗം ലോപിച്ചാണ് കോട്ടായി-ക്ക് ആ പേരുവന്നത് എന്നാണ് വിശ്വസിക്കുന്നത്. ലിഖിത രേഖകളോ പരാമർശങ്ങളോ പ്രചാരത്തിൽ ഇല്ലെങ്കിലും ഇതേക്കുറിച്ച് എതിരഭിപ്രായമോ, അഭിപ്രായ ഭിന്നതകളോ ഇല്ലെന്നത് കോട്ടച്ചന്തയുടെയും കോട്ടായിയുടെയും ചരിത്ര പ്രാധാന്യത്തെ ബലപ്പെടുത്തുന്നു.

സാംസ്കാരിക പ്രാധാന്യം

തിരുത്തുക

കന്നുതെളി (മരമടി) മത്സരം ഇവിടത്തെ പ്രധാന വിനോദമാണ്‌. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട കന്നുതെളിക്കണ്ടം ഇവിടെ സ്ഥിതി ചെയ്യുന്നു. കാളത്തല പ്രതിഷ്ഠയായിട്ടുള്ള മുണ്ടിയൻ കാവ്‌ അനന്യമാണ്‌. ആൽത്തറയിൽ പ്രതിഷ്ഠിച്ചിട്ടുള്ള കാളത്തലകളാണ്‌ മുണ്ടിയൻ കാവ്‌. ആടുമാടുകളെ വീട്ടിൽ വളർത്തുന്ന ഗ്രാമീണർ അവയുടെ ക്ഷേമപരിപാലനത്തിനു വേണ്ടി മുണ്ടിയനുനേർച്ച നേരുന്നു.

പാലക്കാട്‌ ചിത്രീകരിച്ചിട്ടുള്ള ഒട്ടുമിക്ക മലയാളചലച്ചിത്രങ്ങൾക്കും ഈ ഗ്രാമത്തിന്റെ ഭംഗി കൂടി പകർത്താനായിട്ടുണ്ട്‌. പറളി, മാത്തൂർ‍, കുത്തനൂർ‍, പെരിങ്ങോട്ടുകുറിശ്ശി, മങ്കര എന്നിവയാണ്‌ തൊട്ടടുത്ത പഞ്ചായത്തുകൾ. ഭാരതപ്പുഴ വടക്കെ അതിർത്തിയിലൂടെ ഒഴുകിപ്പോകുന്നു. യാക്കരപ്പുഴയും കൽപ്പാത്തിപ്പുഴയും ഒന്നു ചേർന്ന്‌ ഭാരതപ്പുഴയായി ഒഴുകിത്തുടങ്ങുന്നത്‌ ഇവിടെ നിന്നാണ്‌.

അയിലം, അയ്യപ്പൻ കാവ്‌, ചെമ്പൈ, മേക്കനാംകുളം എന്നിങ്ങനെ നാല്‌ അഗ്രഹാരങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. വിഖ്യാതനായ വൈദ്യനാഥ ഭാഗവതരുടെ ജനന സ്ഥലം മേൽപ്പറഞ്ഞ ചെമ്പൈ (CHEMBAI)അഗ്രഹാരമാണ്‌. ചെമ്പൈ സ്മാരകവും ചെമ്പൈ വിദ്യാപീഠവും ഇവിടെയാണ്‌. എല്ലാ വർഷവും കുംഭമാസത്തിലെ വെളുത്ത ഏകാദശിയോടനുബന്ധിച്ച്‌ ഇവിടെ ചെമ്പൈ സംഗീതോത്സവം നടത്തിവരുന്നു.ഗുരുവായൂരിൽ നടന്നു വരുന്ന ചെമ്പൈ സംഗീതോത്സവത്തിനു പുറമെയാണിത്‌. നൂറ്റാണ്ടിലേറെ പഴക്കമുള്ള വിദ്യാലയമാണ്‌ കോട്ടായി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. പ്രശസ്ത കഥാകാരൻ ഒ. വി. വിജയനടക്കം ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട്‌.

പാലക്കാട്‌ ജില്ലയിലെ ഏറ്റവും വലിയ പാലം ഭാരതപ്പുഴയ്ക്കു കുറുകെ ഇവിടെ നിർമ്മിച്ചിട്ടുള്ള മങ്കര കാളികാവ്‌ പാലമാണ്‌. പാലക്കാട്‌ - ഒറ്റപ്പാലം നഗരങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ ഗതാഗത ദൈർഘ്യം ഈ പാലത്തിലൂടെയാണ്‌. ട്രെഡ്സ് ഡയരക്റ്റ് (ഇന്ത്യ) ലിമിറ്റഡ് [മുൻപ് : എൽജിട്രെഡ് (ഇന്ത്യ) ലിമിറ്റഡ്, ട്രെഡ്സ്ഡയരക്റ്റ് ലിമിറ്റഡ് ], സതേർൺ ഇസ്പാറ്റ്‌ ലിമിറ്റഡ്‌ എന്നിവയുടെ ഫാക്ടറികളും ഇവിടെ പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കോട്ടായി&oldid=3344716" എന്ന താളിൽനിന്ന് ശേഖരിച്ചത്