കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം

മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരത്തിലുള്ള പുരാതനമായ ക്ഷേത്രമാണ് കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം. സാമൂതിരി കോവിലകത്തിന്റെ ശാഖയായ കോട്ടക്കൽ കിഴക്കേകോവിലകത്തിന്റെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രം പഴമകൊണ്ടും, പ്രൗഢികൊണ്ടും ഈ പ്രദേശത്തെ അദ്വിതീയ ക്ഷേത്രമാണ്. ഉഗ്രമൂർത്തിയായ പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും നാഗദൈവങ്ങളുമുണ്ട്. കൂടാതെ ക്ഷേത്രസമീപത്തുതന്നെ പ്രത്യേകം ക്ഷേത്രങ്ങളിൽ സാമൂതിരിയുടെ പരദേവതയായ തിരുവളയനാട്ടമ്മയും വേട്ടേയ്ക്കരനും കുടികൊള്ളുന്നു. കുംഭമാസത്തിൽ തിരുവാതിര കൊടികയറിയുള്ള എട്ടുദിവസത്തെ ഉത്സവവും ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.

വെങ്കിട്ടത്തേവർ ശിവക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംകോട്ടക്കൽ
മതവിഭാഗംഹിന്ദുയിസം
ജില്ലമലപ്പുറം
സംസ്ഥാനംകേരളം
രാജ്യംഭാരതം
വാസ്തുവിദ്യാ തരംകേരള-ദ്രാവിഢ രീതി

ഐതിഹ്യം

തിരുത്തുക

ബ്രാഹ്മണരുടെ കുടിയേറ്റാരംഭത്തിൽ കോട്ടക്കൽ എത്തിച്ചേർന്ന ഒരു ബ്രാഹ്മണൻ വെങ്കിടങ്ങിൽ ഒരു പശു ഒരു കല്ലിൽ പാൽ ചുരത്തുന്നത് കണ്ടു എന്നും ദിവ്യനായ അദ്ദേഹം അവിടുത്തെ മഹാദേവചൈതന്യം തിരിച്ചറിഞ്ഞ് അവിടെ ശിവക്ഷേത്രം നിർമ്മിച്ചു എന്നും ഐതിഹ്യം. വെങ്കിടങ്ങിൽ കുടികൊണ്ട ഭഗവാൻ വെങ്കിട്ടത്തേവരായി. ഊരിൽ പരിഷമൂസായ കരുപ്പത്ത്മൂസിന്റെ ഉടമസ്ഥതയിൽ ആയിരുന്ന ഈ ക്ഷേത്രം സാമൂതിരിയുടെ പ്രതാപത്തോടെ അവിടുത്തെ അധീനതയിൽ ആയി. ഇപ്പോൾ കോവിലകത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പരിപാലനസമിതിയാണ് ചുമതല വഹിക്കുന്നത്.

ക്ഷേത്രഘടന

തിരുത്തുക

കിഴക്കോട്ട് അഭിമുഖമായാണ് ക്ഷേത്രം. മുന്നിലും പിന്നിലും രണ്ട് ഗോപുരങ്ങൾ. ചുറ്റും ആനപ്പള്ളമതിൽ. ക്ഷേത്രത്തിന് തെക്കുവശം വിശാലമായ ഊട്ടുപുര. വടക്കേമൂല കൊട്ടാരക്കെട്ടിന്റെ ഭാഗമാണ്. വടക്കുകിഴക്കേമൂലയിൽ പുഷ്കരിണി. കിഴക്കേ ഗോപുരത്തിനു പുറത്ത് വഴിയുടെ ഇരുവശവും വിശാലമായ അമ്പലക്കുളങ്ങൾ. തികച്ചും പ്രൗഡമായ ഒരന്തരീക്ഷം.

കേരളത്തിലെ ഏറ്റവും വലിയ ആയുർവേദചികിത്സാകേന്ദ്രങ്ങളിലൊന്നായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മൂലസ്ഥാനം സ്ഥിതിചെയ്യുന്നത് ക്ഷേത്രത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ വടക്കുമാറിയാണ്. ആര്യവൈദ്യശാല നടത്തിപ്പുകാരായ പന്ന്യമ്പിള്ളി വാര്യക്കാർ ഈ ക്ഷേത്രത്തിലെ കഴകക്കാരായിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായിരുന്ന വൈദ്യരത്നം പി.എസ്. വാര്യർ വരെയുണ്ടായിരുന്നവർ ഇവിടെ കഴകപ്പണി ചെയ്തിരുന്നു. പിന്നീട് പി.എസ്. വാര്യർ കുടുംബം ക്ഷേത്രപരിസരത്തുനിന്ന് ഇപ്പോഴത്തെ സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. കൈലാസമന്ദിരം എന്ന് പേരിട്ട ആ വീട്ടിലാണ് നിലവിൽ കുടുംബം താമസിയ്ക്കുന്നത്.

ചിത്രശാല

തിരുത്തുക