കോകോ ഷനേൽ (19 ആഗസ്റ്റ് 1883 – 10 ജനുവരി 1971) ഫ്രഞ്ച് ഫാഷൻ ഡിസൈനർ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ പാശ്ചാത്യവനിതകളുടെ വസ്ത്രധാരണരീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഷനേൽ വരുത്തി. ഇവരുടെ പേരിൽ ഷനേൽ-5 എന്ന പ്രസിദ്ധ സുഗന്ധദ്രവ്യക്കൂട്ടും ഉണ്ട്.

പ്രമാണം:COCO1970.jpg
ഗബ്രിയേൽ കോകോ ഷാനെൽ 1970

ജീവിതരേഖ

തിരുത്തുക

ഗബ്രിയേൽ ബുനേഹർ ഷനേൽ എന്നായിരുന്നു കോകോ ഷനേലിന്റെ ശരിയായ പേര്. കോകോയുടെ ജനന സമയത്ത് അച്ഛനമ്മമാർ നിയമപ്രകാരം വിവാഹിതരായിരുന്നില്ല. അച്ഛൻ ആൽബെർട്ട് ഷനേൽ നാടോടി വാണിഭക്കാരനും അമ്മ അലക്കുകാരിയും ആയിരുന്നു. [1]. കന്യാസ്ത്രീകൾ നടത്തിയിരുന്ന അനാഥാലയത്തിലാണ് ഗബ്രിയേൽ വളർന്നു വലുതായതും സ്കൂൾ വിദ്യാഭ്യാസം പുർത്തിയാക്കിയതും. വധുക്കൾക്കായുള്ള വസ്ത്രങ്ങൾ തയ്ക്കുകയും വില്ക്കുകയും ചെയ്തിരുന്ന കടകളിൽ സഹായികയായി ജോലി തുടങ്ങി.[2]

കോകോ എന്ന പേര്

തിരുത്തുക

ഗബ്രിയേലിന് സംഗീതത്തിൽ അഭിരുചിയുണ്ടായിരുന്നു. കോ കോ രി കോകോ, കി ക്യാവു കോകോ എന്നീ പാട്ടുകൾ ഒരു സംഗീതസഭയിൽ അവതരിപ്പിച്ചതോടെ കോകോ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.[3]. സംഗീതമേഖലയിൽ കോകോക്ക് അവസരം ലഭിച്ചില്ല.

ഫാഷൻ രംഗത്ത്

തിരുത്തുക

തുടക്കവും വളർച്ചയും

തിരുത്തുക
 
ഗബ്രിയേൽ ഷനേൽ 1928

എറ്റിയേൻ ബൽസാൻ, ആർതർ കേപൽ എന്ന രണ്ടു പുരുഷ സുഹൃത്തുക്കളുടെ സഹായത്തോടെ കോകോ പാരിസിൽ ഒരു ചെറിയ ബൂട്ടിക്ക് തുറന്നു. സ്ത്രീകൾക്കായുള്ള തൊപ്പികളുമായി രംഗത്തിറങ്ങിയ കോകോ താമസിയാതെ വസ്ത്രങ്ങളും ആഭരണങ്ങളും , ബാഗുകളും ഡിസൈൻ ചെയ്യാൻ തുടങ്ങി. കോകോ എന്ന ബ്രാൻഡ് പാശ്ചാത്യവനിതകളുടെ വസ്ത്രധാരണരീതി തന്നെ മാറ്റി മറിച്ചു. ലാളിത്യം, ആകർഷണീയത, സുഖദായകം (comfortable) എന്നിവയായിരുന്നു കോകോ ബ്രാൻഡിന്റെ സവിശേഷതകൾ. ഒന്നാം ലോകമഹായുദ്ധം ഒരു വിധത്തിൽ കോകോയുടെ ബിസിനസിന് അനുകൂലമായി ഭവിച്ചു. സമ്പന്നരുടെ സുഖവാസകേന്ദ്രങ്ങളായിരുന്ന ഡോവില്ലിലും, ബിയാറിട്സിലും ബൂട്ടിക് കുറക്കുവാൻ കാപലിന്റെ ധനവും ഉപദേശവും സഹായകമായി. Maison Chanel (House of Chanel) എന്ന വാണിജ്യസ്ഥാപനം അങ്ങനെ രൂപം കൊണ്ടു. കോകോയുടെ ഡിസൈനുകൾ അമേരിക്കയിലും വിപണി കണ്ടെത്തി. 1916- കോകോ കമ്പനിയിൽ മുന്നൂറു ജീവനക്കാരുണ്ടായിരുന്നു. കാപൽ നല്കിയ ധനസഹായം തിരിച്ചടക്കാനും കോകോക്കു കഴിഞ്ഞു.1917-ൽ കോപലിന് സ്വദേശമായ ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോകേണ്ടിവന്നു. കോപലിനെ വിവാഹം കഴിക്കാൻ കോകോക്കു താത്പര്യമുണ്ടായിരുന്നു, പക്ഷെ പ്രണയജോടികളായി കഴിയാനായിരുന്നു കോപലിനു താത്പര്യം. കോപൽ ഇംഗ്ലണ്ടിൽച്ചെന്ന് വേറെ വിവാഹം കഴിച്ചെങ്കിലും 1919-ൽ വാഹനാപകടത്തിൽ മരണമടയുംവരെ കോകോയുമായുള്ള സൗഹൃദം തുടർന്നു.

ഷാനെൽ-5: സുഗന്ധദ്രവ്യം

തിരുത്തുക

1920-ലാണ് ഏണസ്റ്റ് ബൂ എന്ന വ്യക്തിയെ കോകോ പരിചയപ്പെട്ടത്. സുഗന്ധദ്രവ്യങ്ങൾ കൂട്ടിക്കലർത്തി പുതിയവക്കു രൂപം നല്കുന്നയാളായിരുന്നു ഏണസ്റ്റ് ബൂ. തികച്ചും അനന്യമായ പുതിയൊരു സുഗന്ധം നിർമിച്ചെടുക്കാൻ കോകോ ഏണസ്റ്റിനോട് ആവശ്യപ്പെട്ടു. ഷനേൽ നമ്പർ 5 എന്ന സുഗന്ധദ്രവ്യം രൂപപ്പെടുത്തിയെടുക്കാൻ അനേകം മാസങ്ങൾ എടുത്തു. പനിനീർപൂക്കളുടേയും മുല്ലപ്പൂക്കളുടേയും സുഗന്ധത്തോടൊപ്പം കസ്തൂരിയുടേയും വേറേയും ചില ചേരുവകളുടേയും സുഗന്ധം ഷനേൽ 5-ലുണ്ട്. [2] ഒരു ശതാബ്ദി തികയാൻ പോകുന്ന ഷനേൽ-5ന്റെ വാർഷികവില്പന ഇന്നും കോടികൾ കവിയുമെന്നാണ് അനുമാനം[2].

 
Signature scent of the House of Chanel, Chanel No. 5

കറുത്ത കൊച്ചുടുപ്പ്

തിരുത്തുക
 
കറുത്ത കൊച്ചുടുപ്പ് 1964

കറുപ്പ് മരണാനന്തരച്ചടങ്ങുകളിലും അനുശോചനയോഗങ്ങളിലും മാത്രമായി ഒതുങ്ങി നിന്ന കാലത്താണ്, ഷനേൽ അതിനെ പരിഷ്കാരത്തിന്റെ മുദ്രയായി മാറ്റിയത്. 1926-ൽ സ്ത്രീകൾക്കായി ഷനേൽ ഡിസൈൻ ചെയ്ത കറുത്ത കൊച്ചുടുപ്പ് (ലിറ്റിൽ ബ്ലാക് ഡ്രെസ്സ്) വളരെ പെട്ടെന്നു തന്നെ ഫാഷൻ രംഗത്തെ അന്തിമവാക്കായി. ഇതിന്റെ പല വകഭേദങ്ങളും വിപണിയിലെത്തി.

നാസി ചങ്ങാത്തം, വിവാദങ്ങൾ

തിരുത്തുക

മുപ്പതുകളിലെ സാമ്പത്തികമാന്ദ്യവും ആസന്നമായ രണ്ടാം ലോകമഹായുദ്ധവും കാരണം കോകോ തന്റെ സ്ഥാപനം അടച്ചു പൂട്ടി. പാരിസ് നാസി അധീനതയിൽ ആയിരുന്നപ്പോൾ ഹാൻസ് ഗുന്തർ ഫോൺ ഡിങ്ക്ലേജ് നാസി സൈനിക ഓഫീസറുമായി കോകോ അടുപ്പത്തിലായി, അതു വഴി ഹോട്ടൽ റിറ്റ്സിലെ സ്വകാര്യവസതിയിൽ തുടർന്നു താമസിക്കാനുള്ള അനുവാദം ലഭിക്കുകയും ചെയ്തു. നാസി ചാരപ്രവർത്തികളുടെ ചുമതല ഡിങ്ക്ലേജിനായിരുന്നു.[2] കോകോയും ഈ സമയത്ത് നാസികൾക്കു വേണ്ടി ചാരപ്രവർത്തി ചെയ്തതായി ഊഹിക്കപ്പെടുന്നു. യുദ്ധാനന്തരം കോകോയും വിചാരണക്ക് വിധേയയായി. പക്ഷെ ശത്രുപക്ഷസഹായി എന്ന കുറ്റം ചുമത്തപ്പെട്ടില്ലെങ്കിലും പൊതുജനം കോകോയെ രാജ്യദ്രോഹിയായിത്തന്നെ കരുതി. 1945-ൽ കോകോ സ്വിറ്റ്സർലണ്ടിലേക്ക് താമസം മാറ്റി. [2]

അന്ത്യം

തിരുത്തുക

1953-ൽ എഴുപതാമത്തെ വയസ്സിൽ കോകോ ഷനേൽ വീണ്ടും പാരിസ് ഫാഷൻ രംഗത്തെത്തി. പക്ഷെ പഴയ രീതിയിൽ സ്വാധീനം ചെലുത്താനായില്ല. 1971 ജനുവരി പത്തിന് പാരിസിലെ ഹോട്ടൽ റിറ്റ്സിലെ സ്വകാര്യ അപാർട്ടുമെന്റിൽ വെച്ച് കോകോ ഷനേൽ അന്തരിച്ചു. പ്രണയബന്ധങ്ങളുണ്ടായിരുന്നെങ്കിലും അവിവാഹിതയായിരുന്നു.

ഷനേൽ ഹൗസ് ഇന്ന്

തിരുത്തുക

കോകോ ഷനേലിന്റെ പഴയ വാണിജ്യപങ്കാളികളായ വെർതർമേയറുടെ ഉടമസ്ഥതയിൽ ഷനേൽ ഹൗസ് ഇന്നും നിലനില്ക്കുന്നു. പെർഫ്യൂം വകുപ്പ് ഷാക് പോൾജും, വേഷവിധാനം കാൾ ലാഗർഫെൽഡും കൈകാര്യം ചെയ്യുന്നു.[4],[5]

ചിത്രശാല

തിരുത്തുക
  1. കോകോ ഷാനെൽ ജീവചരിത്രം
  2. 2.0 2.1 2.2 2.3 2.4 The secret of Chanel 5, by Tilar Mazzeo
  3. My Mother's Wedding Dress: The Life and Afterlife of Clothes (Google eBook)
  4. ഷാനെൽ വെബ്സൈറ്റ്
  5. ഗബ്രിയേൽ കോകോ ഷാനെൽ, മെട്രോപോളിറ്റൺ മ്യൂസിയം ഓഫ് ആർട്ട്
"https://ml.wikipedia.org/w/index.php?title=കോകോ_ഷാനെൽ&oldid=3287614" എന്ന താളിൽനിന്ന് ശേഖരിച്ചത്