ഉത്തരകേരളത്തിൽ കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള (മേയ് മാസം മദ്ധ്യത്തോടെ തുടങ്ങി ജൂൺ മദ്ധ്യത്തോടെ) ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം. [1]

കൊട്ടിയൂർ വൈശാഖ ഉത്സവം, 2005-ലെ ചിത്രം

ഭണ്ഡാരം എഴുന്നളളത്തുനാൾ മുതൽ ഉത്രാടം നാള്വവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ്‌ വിശ്വാസം.[2]

ഭഗവാൻ പരമശിവനെ അപമാനിക്കാൻ സതിയുടെ പിതാവായ ദക്ഷൻ യാഗം നടത്തിയ സ്ഥലമ്മാണ് കൊട്ടിയൂർ. ആറ്റുകാൽ, ചക്കുളത്ത്കാവ്, ചെ ട്ടിക്കുളങ്ങര, ഓച്ചിറ, ചോറ്റാനിക്കര മുതലായവ പോലെ കേരളത്തിൽ ശബരിമല മാറ്റിനിർത്തിയാൽ ഉത്സവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ. (അവലംബം ആവശ്യമാണ്)[3]

കണ്ണൂർ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല.[4]

ചടങ്ങുകൾ തിരുത്തുക

ശങ്കരാചാര്യരാണ് ക്ഷേത്രത്തിലെ ഉത്സവചിട്ടകൾ ഏകീകരിച്ചത്.[5]

മേട മാസം വിശാഖം നാളിൽ ഉത്സവത്തെകുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരിൽ പ്രാക്കൂഴം കൂടും. കൂടാതെ കൊട്ടിയൂരിൽ നിന്ന് പതിമൂന്നു കിലോമീറ്റർ അകലെയുള്ള മണത്തണയിലെ ശ്രീപോർക്കലി ക്ഷേത്രത്തിനു അടുത്തുള്ള ആയില്യർ കാവിലും ആലോചന നടക്കും.[6]

ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോൾ പൂജകൾ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകൾ പൂര്ത്തിയാക്കിക്കൊണ്ടാണ്.

നീരെഴുന്നള്ളത്ത് സംഘം ഇക്കരെ കൊട്ടിയൂരിൽനിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിൽ കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദഞ്ചേരിയിലെ കൂവപ്പാടത്ത് എത്തും. ഒറ്റപ്പിലാൻ എന്ന കുറിച്യസ്ഥാനികൻ, ജന്മാശാരി, പുറംകലയൻ എന്നീ അവകാശികൾ അവിടെ കാത്തുനിൽക്കും. കൂവയില പറിച്ചെടുത്ത് ബാവലിയിൽ സ്‌നാനം നടത്തി കൂവയിലയിൽ ബാവലിതീർഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തും. ബാവലിതീർഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും.[7]

കുറിച്ച്യരുടെ വാസസ്ഥമായി മാറിയ കൊട്ടിയൂരിൽ ഒരിക്കൽ ഒരു കുറിച്ച്യയുവാവ് തന്റെ അമ്പിന്റെ മൂർച്ചകൂട്ടാനായി അവിടെ കണ്ട ശിലയിൽ ഉരച്ചപ്പോൾ ശിലയിൽ നിന്ന് രക്തം വാര്ന്നു . അത് അറിഞ്ഞെത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയെന്നാണ് ഐതിഹ്യം. .

ഇടവത്തിലെ ചോതി നാളിൽ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നു വാൾ എഴുന്നള്ളത്ത് ഇക്കരയിലെത്തും. സംഹാരരുദ്രനായ വീരഭദ്രൻ ദക്ഷന്റെ ശിരസ്സറുത്ത ശേഷം ചുഴറ്റിയെറിഞ്ഞ വാൾ ചെന്നു വീണ സ്ഥലമാണ് മുതിരേരി എന്നാണ് വിശ്വാസം.

കുറ്റിയാടി ജാതിയൂർ മഠത്തിൽ നിന്നുള്ള അഗ്നിവരവ് പിന്നെയൊന്ന്. വാൾ ഇക്കരെ ക്ഷേത്രത്തിൽ വച്ചശേഷം പടിഞ്ഞാറ്റെ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഗ്നി അക്കരെ ക്ഷേത്രത്തിലേക്ക് കൊണ്ടു പോകും. അക്കരെ ക്ഷേത്രത്തിൽ 5 കർമ്മി്കൾ ചേർന്ന് പാതിപൂണ്യാഹം കഴിച്ച് ചോതി വിളക്ക് തെളിയിക്കും.ചോതി വിളക്ക് തയ്യാറാക്കുന്നത് മൂന്നു മൺതാ‍ലങ്ങളിൽ നെയ്യ് ഒഴിച്ചാണ് . രാവിലെ കോട്ടയം എരുവട്ടിക്ഷേത്രത്തിൽനിന്നു് ഇതിനു വേണ്ട എണ്ണയും വിളക്കുതിരിയും കൊണ്ടുവരും. ഈ ചടങ്ങ് കഴിഞ്ഞാൽ “നാളം തുറക്കൽ എന്ന ചടങ്ങാണ് .ഉത്സവം തുടങ്ങുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ആ മണ്ണ് ഭക്തർക്ക് പ്രസാദമായി നല്കുനന്നു

മൂന്നാം ദിവസമായ വൈശാഖത്തിൽ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്. ഭാണ്ടാരങ്ങൾ സൂക്ഷിക്കുന്നത് കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്ക്കൽ ഗോപുരത്തിലാണ്. മണത്തണ ഗ്രാമത്തിൽ നിന്ന് സ്വർണ്ണം, വെള്ളി പാത്രങ്ങളും ദൈവിക ആഭരണങ്ങളും ഒക്കെ കൊണ്ടുവരും. ഇവയുടെ സൂക്ഷിപ്പവകാശികളായ കുടവതികൾ, ഏഴില്ലക്കാർ തുടങ്ങിയ തറവാട്ടുകാർ അടിയന്തരം നടത്തുന്ന യോഗികളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും.

ഇതിനുശേഷമാണ് നെയ്യാട്ടം. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടു വരുന്നത്. തറ്റുടുത്ത്, ചൂരൽവള കഴുത്തിലണിഞ്ഞ് ചെറിയ തെരികയിൽ നെയ്ക്കുടം തലയിലേറ്റിയാണ് വരുന്നത്.

അതിനു ശേഷം മാത്രമേ സ്ത്രീ ഭക്തർക്ക് പ്രവേശനം ഉള്ളൂ..

നെയ്യാട്ടം കഴിഞ്ഞാൽ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകൾ എത്തിക്കുന്നത്. ഇതിനായി അവർ വിഷു മുതൽ വ്രതം ആരംഭിക്കുന്നു. കൂത്തുപറമ്പിനടുത്തുള്ള എരുവട്ടിക്കാവിൽ നിന്ന് എണ്ണയും ഇളനീരും വാദ്യാഘോഷങ്ങളോടെയാണ് എത്തിക്കുന്നത്. ഇതിന് നേതൃത്വം നല്കുന്നത് ഏരുവട്ടി തണ്ടയാനായിരിക്കും. ഇവർക്ക് കിരാത മൂർത്തിയുടെ അകമ്പടിയുണ്ടായിരിക്കും എന്നാണ് വിശ്വാസം. ഇവർ കൊട്ടിയൂരുള്ള മന്ദം ചേരിയിലെത്തി ഇളംനീർ വയ്ക്കാനുള്ള രാശി കാത്തിരിക്കുന്നു. ക്ഷേത്രത്തിലെ രാത്രി പൂജാകർമ്മങ്ങൾ കഴിഞ്ഞാൽ ഇളംനീർ വെപ്പിനുള്ള രാശി വിളിക്കും. ഇതോടെ ഭക്തന്മാർ സ്വയം മറന്ന് ഇളനീർ കാവോടുകൂടി വാവലി പുഴയിൽ മുങ്ങി ക്ഷേത്രത്തിലേക്ക് ഓടുന്നു.. ആ ദിവസം ഭക്തർ ആയിരക്കണക്കിന് ഇളനീരുകൾ ശിവലിംഗത്തിനു മുമ്പിൽ സമർപ്പിക്കും. അതിന്റെ പിറ്റേ ദിവസം മേൽശാന്തി ഇളനീർ ശിവലിംഗത്തിനു മേൽ അഭിഷേകം ചെയ്യും. ഇത് ഇളനീരാട്ടം എന്നറിയുന്നു.

ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവൻ കോപാകുലനായിരിക്കും, കോപം തണുക്കാൻ നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിർത്താതെ ചെയ്തു കൊണ്ടിരിക്കും.

മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് രോഹിണി ആരാധന അല്ലെങ്കിൽ ആലിഒംഗന പുഷ്പാഞജലി. വിഗ്രഹത്തെ കുറുമാത്തൂർ വലിയ നമ്പൂതിരിപ്പാട് ശൈവ സാന്ത്വനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും. പൂജകൻ ഇരുകൈകളാലും ചുറ്റി പിടിച്ചു വിഗ്രഹത്തിൽ തല ചേർത്തു നില്ക്കും സതി നഷ്ടപ്പെട്ട ശ്രീപരമേശ്വരനെ ബ്രഹ്മാവ് സാന്ത്വനിപ്പിക്കുന്നതിന്റെ പ്രതീകമാണത്രേ ഈ ചടങ്ങ്.

ഉത്സവത്തിന്റെ ഭാഗമായി രണ്ട് ആനകളുടെ പുറത്ത് ശിവനേയും പാർവതിയേയും എഴുന്നെളിയ്ക്കും

മകം നാൾ മുതൽ സ്ത്രീകൾക്ക് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.

മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാന്മാതർ കൊട്ടിയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുമ്പോൾ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ്

ഈ കലങ്ങൾ ഉപയോഗിച്ച് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഢകർമ്മ ങ്ങൾ നടക്കുന്നത്. ഇത് കഴിഞ്ഞ് അത്തം നാളിൽ 1000 കുടം അഭിഷേക പൂജ. കലശപൂജയും ചിത്തിര നാളിൽ കലശലാട്ടവും നടക്കും. അതിനു മുൻപായി ശ്രീകോവിൽ പൊളിച്ച് മാറ്റുന്നു. അതു കഴിഞ്ഞ് കളഭാഭിഷേകം എന്ന പേരിലറിയപ്പെടുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കുന്നു.

പിന്നെ അക്കരെ കൊട്ടിയൂരിൽ അടുത്ത വർഷത്തെ ഉത്സവം വരെ ആർക്കും പ്രവേശനമില്ല.

ഓടപ്പൂവ് തിരുത്തുക

 
ഓടപ്പൂവ്

ദക്ഷന്റെ താടിയുടെ പ്രതീകമാണ്. ഇതു് കടകളിൽ നിന്നാണ് വാങ്ങാവുന്നത്, അല്ലാതെ ക്ഷേത്രത്തിൽ നിന്നു തരുന്നതല്ല. ഉത്സവത്തിൽ പങ്കെടുക്കുന്നവർ വാങ്ങി വീട്ടിൽ കൊണ്ടുപോയി ഉമ്മറ വാതിലിലോ പൂജാമുറി വാതിലിലോ തൂക്കുന്നു.[8]

ഐതിഹ്യം തിരുത്തുക

ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടീയൂർ എന്നാണ് വിശ്വാസം. പരമശിവനെ സതി വിവാഹം ചെയ്തതിൽ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷൻ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും വീരഭദ്രൻ ജനിച്ചു. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി പറിച്ചെരിഞ്ഞു, ശിരസറുത്തു. ശിവൻ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ധക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനർജീവിപ്പിച്ചു. യാഗവും പൂർത്തിയാക്കി. പിന്നീട് ആ പ്രദേശം വനമായിമാറി.

ക്ഷേത്രം തിരുത്തുക

മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പർണ്ണശാലകളും കുടിലുകളും ചേർന്നതാണ് താൽക്കാലിക ക്ഷേത്ര സമുച്ചയം. ബാവലിയിൽ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയൽ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്.

ഉൽസവകലത്ത് 34 താൽക്കാലിക ഷെഡ്ഡുകൾ കെട്ടും. അമ്മാരക്കല്ലിന് മേൽക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്.

തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം പ്രത്യേകതയുള്ളതാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ കണ്ണുകെട്ടിയാണ് ശയന പ്രദക്ഷിണം നടത്തുന്നത്. [9]

രാപ്പകൽ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ തിരുവടുപ്പുകളിൽ നിന്നു ചാരം നിത്യവും ശിവഭൂതങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം.

പ്രത്യേകതകൾ തിരുത്തുക

പ്രകൃതിയോട് വളരെ ചേർന്നു നിൽക്കുന്ന ഒരു ഉത്സമാണ്.

ഒരുപാട് ജാതിക്കാർക്ക് ആചാരപരമായി ചടങ്ങുകളുള്ള ഒരു ഉത്സവമാണ്.വനവാസികൾ തൊട്ട് നമ്പൂതിരിമാർ വരെയുള്ള അവകാശികൾ ഇവിടെ അണിചേരും.

ഉത്സവം നടത്താൻ ചുമതലക്കാരായ വിവിധ സമുദായക്കാർ ഒരേ സ്ഥലത്താണ് താമസിക്കുന്നത് .

ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നത് വെള്ളത്തിലൂടെ നടന്നാണ്.

ബ്രാഹ്മണ സ്ത്രീകള്ക്ക് കൊട്ടിയൂരിൽ പ്രവേശനമില്ല.

കൂടാതെ രാജകുമാരന്മാര്ക്കും ഇവിടെ പ്രവേശനമില്ല.

എത്തിച്ചേരാവുന്ന വഴികൾ തിരുത്തുക

കണ്ണൂരിൽ നിന്ന് 70 കിലോമീറ്റർ തെക്കുകിഴക്കും തലശേരിയിൽ നിന്ന് 64 കിലോമീറ്റർ വടക്കുകിഴക്കുമാണ് കൊട്ടിയൂർ. രണ്ടിടത്തു നിന്നും കൂത്തുപറമ്പ്- നെടുമ്പൊയിൽ -കേളൂകം വഴി കൊട്ടിയൂരിൽ എത്താം.

വയനാടുനിന്നും വരുന്നവർ ബത്തേരി - മാനന്തവാടി - ബോയ്സ് ടൗൺ - പാൽച്ചുരം - അമ്പയത്തോടു് വഴി കൊട്ടിയൂർ എത്താം.


ചിത്രശാല തിരുത്തുക

സ്രോതസ്സുകൾ തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. http://www.kottiyoortemple.com/vaisakha_maholsavam.html
  2. http://www.mangalam.com/astrology/others/1156
  3. പേജ് 86, യാത്ര മാസിക, മെയ്2013.
  4. പേജ് 88, യാത്ര മാസിക, മെയ്2013.
  5. https://www.facebook.com/templesofkerala/posts/202611919867344
  6. https://www.facebook.com/KottiyoorTemple
  7. http://www.mathrubhumi.com/kannur/news/2284635-local_news-kannur-കൊട്ടിയൂർ.html[പ്രവർത്തിക്കാത്ത കണ്ണി]
  8. "കൊട്ടിയൂരിനെ ആകർഷിച്ച് ഓടപ്പൂവ്" (പത്രലേഖനം). മലയാളമനോരമ ദിനപത്രം. 22 ജൂലൈ 2014. Archived from the original on 2014-07-22. Retrieved 22 ജൂലൈ 2014. {{cite web}}: Cite has empty unknown parameter: |10= (help)
  9. http://malayalam.webdunia.com/spiritual/religion/placespilgrimage/0805/24/1080524065_1.htm
"https://ml.wikipedia.org/w/index.php?title=കൊട്ടിയൂർ_വൈശാഖ_ഉത്സവം&oldid=3971225" എന്ന താളിൽനിന്ന് ശേഖരിച്ചത്