കൊട്ടിയൂർ മഹാദേവ ക്ഷത്രത്തിലെ ‘'പൂണൂലില്ലാത്ത തന്ത്രി” എന്നറിയപ്പെടുന്നയാളാണ് ഒറ്റപ്പിലാൻ സ്ഥാനികൻ. കുറിച്യ വിഭാഗക്കാരനായ ഒറ്റപ്പിലാന്റെ പുർവികനാണ് അക്കരെ കൊട്ടിയൂരിലെ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതെന്നാണു വിശ്വാസം. കൊട്ടിയൂർ വൈശാഖ ഉത്സവം ആരംഭിക്കും മുൻപ് ഒരു കിഴിയിൽ ദക്ഷിണ നൽകി ഒറ്റപ്പിലാനിൽനിന്ന് മണിത്തറ ഏറ്റുവാങ്ങിയാണ് ചടങ്ങ് ആരംഭിക്കുന്നത്. 27 നാൾ നീളുന്ന കൊട്ടിയൂർ ഉൽസവത്തിനു മുന്നോടിയായി നടക്കുന്ന നീരെഴുന്നള്ളത്തിനു മുൻപു ക്ഷേത്രസങ്കേതം കാണിച്ചുകൊടുക്കാൻ മുൻപേ നടക്കുന്ന ഒറ്റപ്പിലാനാണ് അക്കരെ കൊട്ടിയൂർ മണിത്തറയിൽ ആദ്യം പ്രവേശിക്കുന്ന വ്യക്തി.

നീരെഴുന്നള്ളത്തിനും പ്രക്കൂഴത്തിനും ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ അടിയാള സമുദായ സ്ഥാനികർ തണ്ണീർകുടി ചടങ്ങ് നടത്തും. കൊട്ടേരിക്കാവ്, മന്ദംചേരിയിലെ മലക്കാരി ദേവസ്ഥാനം എന്നിവിടങ്ങളിലെ തന്ത്രിയും കാർമികനും ഒറ്റപ്പിലാനാണ്. അക്കരെ മലോൻ ദൈവസ്ഥാനത്തും ഒറ്റപ്പിലാന് കാർമ്മികത്വമുണ്ട്.

ഇതിനു സമീപമാണ് ഒറ്റപ്പിലാന്റെ കയ്യാല(പർണശാല). നീരെഴുന്നള്ളത്തിനു ശേഷം അക്കരെ ക്ഷേത്രം തിരുവഞ്ചിറയിലേക്ക് വാവലിപ്പുഴയിൽനിന്ന് വെള്ളം തിരിച്ചുവിടുന്നതും ഒറ്റപ്പിലാനാണ്. ഉൽസവകാലത്തേക്ക് അവകാശികൾക്ക് താമസിക്കാനുള്ള പർണശാലകൾ കെട്ടിമേയാനുള്ള ചുമതലയും ഒറ്റപ്പിലാനുണ്ട്. തൃത്തറയിലെ അഭിഷേക കർമങ്ങൾക്കു മുന്നോടിയായി മുളകൊണ്ടുള്ള പാത്തിവയ്ക്കൽ(നിർഗമന നാളം) നിർവഹിക്കുന്നതും ഇദ്ദേഹം തന്നെ.

ഉൽസവത്തിലെ ഗൂഢകർമ ദിനങ്ങളിൽ ഇദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ടാവും. ഉൽസവം കഴിഞ്ഞു മടങ്ങുന്ന ആചാര്യൻമാർ ഒരുചെമ്പ് നിവേദ്യം വേവിച്ചുവച്ചിരിക്കും. അവിടെ ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ മധ്യമ കർമങ്ങൾ നടക്കും. പിന്നീട് ക്ഷേത്രഭൂമി ഒറ്റപ്പിലാന്റെ അധീനതയിലായിരിക്കും. അടുത്തവർഷത്തെ ഉൽസവം വരെയുള്ള 11 മാസക്കാലം ഒറ്റപ്പിലാനു മാത്രമെ അക്കരെ പ്രവേശനമുള്ളൂ. മനങ്ങാടൻ കേളപ്പൻ ആണ് ഇപ്പോഴത്തെ ഒറ്റപ്പിലാൻ.

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒറ്റപ്പിലാൻ&oldid=3088028" എന്ന താളിൽനിന്ന് ശേഖരിച്ചത്