കൊട്ടാരം മൂകാംബിക ക്ഷേത്രം

തൃശ്ശൂർ നഗരത്തിൽ നിന്ന് 6 കി.മീ വടക്കുമാറി കോലഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അമ്പലമാണ് കൊട്ടാരം മൂകാംബിക ക്ഷേത്രം. തൃശ്ശൂർ-ഒറ്റപ്പാലം ഹൈവേയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാകാളി-മഹാലക്ഷ്മി-മഹാസരസ്വതി ഐക്യരൂപിണിയായ കൊല്ലൂർ മൂകാംബികയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.

ഐതിഹ്യം

തിരുത്തുക

തൃശ്ശൂരിന് സമീപമുള്ള അമ്പലങ്ങളിൽ വെച്ച് ഏറ്റവും പഴക്കമേറിയതെന്ന് വിശ്വസിച്ചു പോരുന്ന ഈ ക്ഷേത്രത്തിന് ഏകദേശം 2000 വർഷത്തോളം പഴക്കമുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ തൊഴാൻ പോയ പരമഭക്തനായ പാണ്ടികശാല നമ്പൂതിരിയുടെ കൂടെ ദേവി ഇവിടെ വന്നു എന്നാണ് ഐതിഹ്യം. ദേവിയുടെ താൽപര്യപ്രകാരം ഇല്ലത്തിൻറെ നടുമുറ്റത്താണ് ആദ്യം കുടിയിരുത്തിയത്. ദേവിയുടെ അനുഗ്രഹത്താൽ മഹാപണ്ഡിതനായിത്തീർന്ന തിരുമേനി കൊച്ചി രാജാവിൻറെ ഉപദേശകനാവുകയും കോലഴി ദേശം മുഴുവൻ പാണ്ടികശാല ഇല്ലത്തിന്റെ കീഴിലാവുകയും ചെയ്തു. നമ്പൂതിരിയുടെ കാലശേഷം നിർഭാഗ്യവശാൽ ഇല്ലം അന്യംനിന്നു. അതോടെ സ്വത്തുക്കളും ക്ഷേത്രവും രാജാവിൻറെ കൊട്ടാരത്തിന് കീഴിലായി. അമ്പലം അപ്പോൾ മുതൽ കൊട്ടാരം മൂകാംബിക ക്ഷേത്രം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

ദേവീ സങ്കൽപം

തിരുത്തുക

സർവ്വാഭീഷ്ട പ്രദായിനിയായ ശ്രീ ദുർഗ്ഗയെ മൂന്നുനേരവും മൂന്ന് ഭാവത്തിലാണ് ആരാധിച്ച് വരുന്നത്. കാലത്ത് സരസ്വതി , ഉച്ചയ്ക്ക് മഹാലക്ഷ്മി, സന്ധ്യയ്ക്ക് ഭദ്രകാളി. രാവിലത്തെ ദർശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദർശനം കൊണ്ട് സമ്പദ്സമൃദ്ധിയും, സന്ധ്യയ്ക്കുള്ള ദർശനം കൊണ്ട് ശത്രുവിജയവും നേടാനാകുമെന്നാണ് വിശ്വാസം.

ഉപദേവതകൾ

തിരുത്തുക

ഗണപതി, അയ്യപ്പൻ, ബ്രഹ്മരക്ഷസ്സ്

വിശേഷദിവസങ്ങൾ

തിരുത്തുക

കന്നി മാസത്തിലെ നവരാത്രിക്കാലം, വിശേഷിച്ച് ദുർഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങൾ ദേവിയ്ക്ക് വളരെ പ്രധാനമാണ്.

‘കൊട്ടാരം മൂകാംബിക ക്ഷേത്രം’, വി പി രാഘവൻ , കോലഴി , ശ്രീ വടകുറുമ്പ ക്കാവ് അശ്വതി വേല മഹോത്സവം 2010 സ്മരണികയിൽ പ്രസിദ്ധീകരിച്ച ലേഖനം. 10°34′29″N 76°13′03″E / 10.574840°N 76.217526°E / 10.574840; 76.217526