കൈപ്പമംഗലം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
10°19′0″N 76°8′0″E / 10.31667°N 76.13333°E
കൈപ്പമംഗലം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശൂർ |
ജനസംഖ്യ | 33,293 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കൈപ്പമംഗലം. 2011 ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം 35626 ആണ് ജനസംഖ്യ. ഇതിൽ 16290 പുരുഷന്മാരും 19336 സ്ത്രീകളും ആണുള്ളത്.[1]
പേരിനു പിന്നിൽ
തിരുത്തുകകൈപ്പമംഗലം എന്ന നാമം കപ്പൽ മണ്ഡപത്തിൽ നിന്നും ഉണ്ടായതാണെന്ന് വിശ്വസിക്കപ്പെടുന്നു. പാശ്ചാത്യർ അയിരൂരിനടുത്തെ സ്ഥലത്ത് കപ്പലിറങ്ങിയ മേഖലയേ പറയപ്പെടുന്ന പേരാണ് കപ്പൽ മണ്ഡപം.
കപ്പം പിരിക്കുന്നവരുടെ മംഗലം എന്നർത്ഥത്തിൽ കപ്പമംഗലം എന്നും സ്ഥലനാമ ചരിത്ര രേഖകളിൽ കാണപ്പെടുന്നുണ്ട്. പൊന്നാനി നാടിന്റെ രാജാവായിരുന്ന വാക്കയിൽ കൈമൾക്കായിരുന്നു കപ്പം പിരിക്കാനുള്ള അവകാശം ഉണ്ടായിരുന്നത്. പിന്നീട് കപ്പമംഗലം എന്നത് കൈപ്പമംഗലമായി മാറുകയും ചെയ്തു.[2]
ചരിത്രം
തിരുത്തുകകൊടുങ്ങല്ലുരിന്റെയും തൃപ്രയാറിന്റെയും ഏകദേശം മധ്യഭാഗത്താണ് ഈ സ്ഥലം. ടിപ്പു സുൽത്താന്റെ സംഘം ഈ മേഖലയിൽ താമസിച്ചിരുന്നതായി ചരിത്രത്തിൽ നിന്നും വ്യക്തമാണ്. ടിപ്പു സുൽത്താൻ തന്റെ സൈന്യവുമായി പടയോട്ടം നടത്തിയിരുന്നപ്പോൾ പട്ടാളക്യാമ്പായി കയ്പമംഗലം കൊപ്രക്കളം എന്ന കച്ചേരിപ്പറമ്പ് ഉപയോഗിച്ചിരുന്നു. കച്ചേരിപറമ്പ് എന്ന പേര് വരാൻ തന്നെ കാരണം ടിപ്പുവിന്റെ സൈനിക കോടതി അവിടെ പ്രവർത്തിച്ചിരുന്നതുകൊണ്ടാണ്.
1951-ൽ കൈപൊക്കി വോട്ടിലൂടെയാണ് ആദ്യത്തെ പഞ്ചായത്തുസമിതി നിലവിൽ വന്നത്. 1962-ൽ വില്ലേജു പുനർനിർണ്ണയത്തോടെ കയ്പമംഗലം വില്ലേജ് കൊടുങ്ങല്ലൂർ താലൂക്കിന്റെ ഭാഗമായി. പടിഞ്ഞാറ് അറബിക്കടലും, കിഴക്ക് കനോലി കനാലും അതിരിടുന്ന ഈ പ്രദേശം ഒരു തീരസമതല പ്രദേശമാണെന്ന് പറയാം. ഒരു നിര കൃഷിഭൂമിയും, ഒരു നിര പാടവും എന്ന നിലയിൽ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് വിഭജിതരൂപത്തിലാണ് ഭൂമിയുടെ കിടപ്പ്.തിരുവിതാംകൂർ നിന്ന് വടക്കോട്ട് ഒഴുകി ബേപ്പൂർ പുഴ വരെ എത്തുന്ന ഉൾനാടൻ ജലഗതാഗതമാർഗ്ഗമായ കനോലി കനാൽ കയ്പമംഗലത്തിന്റെ കിഴക്കേ അതിരിലൂടെയാണ് ഒഴുകുന്നത്. കേരളത്തിൽ ആദ്യത്തെ മുസ്ളീം ദേവാലയമായ ചേരമാൻ പള്ളിക്കുശേഷം നിലവിൽ വന്ന പള്ളികളിലൊന്നാണ് കയ്പമംഗലം കൂരിക്കുഴി ജുമാമസ്ജിദ്. മസ്ജിദ് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥല സൗകര്യമൊരുക്കികൊടുത്തത് വാക്കയിൽ കൈമളായിരുന്നു. പൊന്നാനി താലൂക്കിലെ രാജകുടുംബമായിരുന്ന വാക്കയിൽ കുടുംബം, കൊടുങ്ങല്ലൂർ കോവിലകം, ഏലൂർമന, ഒളനാട്ട് പണിക്കർ, അയിരൂർ ദേവസ്വം, ദേശമംഗലം,പുഴങ്കരയിലം, കുമരംചിറ ദേവസ്വം, പുതുവീട്ടിൽ കുടുംബം എന്നിവരായിരുന്നു ഈ നാട്ടിലെ ഭൂമി മുഴുവൻ കൈയടക്കി വച്ചിരുന്ന ജന്മിപ്രമാണിമാർ. 80 ശതമാനം സ്വത്തുക്കളും ഇവരുടെ കൈവശമായിരുന്നു.
ഇന്ന്
തിരുത്തുകഗൾഫുമേഖല സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ പശ്ചാത്തലത്തിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടം തന്നെ ഈ പ്രദേശത്തുണ്ടായി. പഞ്ചായത്തിലെ നല്ലശതമാനം കുടുംബംഗങ്ങളും ഗൾഫുമേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പഴയ ഓലപ്പുരയുടേയും ഓടിന്റേയും സ്ഥാനത്ത് കോൺക്രീറ്റുവീടുകൾ ഉയരുന്നു.എൻ.എച്ച് 17-ന് സമാന്തരമായി കിഴക്ക് മതിലകം പള്ളി മുതൽ ചേറ്റുവ വരെയും പടിഞ്ഞാറ് അഴീക്കോട് മുതൽ ചേറ്റുവ വരേയും ടിപ്പു സുൽത്താൻ റോഡെന്ന പേരിൽ രണ്ട് റോഡുകൾ കയ്പമംഗലം ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. 1940-കൾ വരെ ജലഗതാഗതമാർഗ്ഗവും ഈ പ്രദേശത്ത് സാർവ്വത്രികമായിരുന്നു. ബ്രിട്ടീഷുകാരനായ കനോലി സായ്പാണ് പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയിലൂടെ കടന്നുപോകുന്ന ദീർഘദൂരകനാൽ നിർമ്മിച്ചത്. പ്രസ്തുത കനാൽ ഇന്ന് കനോലി കനാൽ എന്ന പേരിൽ അറിയപ്പെടുന്നു. കോട്ടപ്പുറം മുതൽ ചേറ്റുവ - ചാവക്കാട് - പൊന്നാനി വരെ നീണ്ട് കിടക്കുന്നതാണ് ഈ കനാൽ.