കേരള പുലയർ മഹാസഭ

കേരള പുലയ മഹാസഭ

കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യം വെച്ച്, കേരളത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രി സഭയിൽ തദ്ദേശസ്വയം ഭരണ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന പി.കെ.ചാത്തൻ മാസ്റ്റർ സ്ഥാപിച്ച പ്രസ്ഥാനമാണ് കേരള പുലയർ മഹാ സഭ (KPMS).[1] 1968-ൽ പി കെ ചാത്തൻ മാസ്റ്റർ ഒരു ഏകോപന സമിതി ഉണ്ടാക്കുകയും കൊച്ചി തിരുവിതാംകൂർ മേഖലകളിലായി കിടന്നിരുന്ന രണ്ടു പുലയ സംഘടനകളെ ഏകോപിപ്പിച്ചു ഒറ്റ സംഘടനയായി പ്രവർത്തനം ആരംഭിക്കുകയും 70 ൽ കെ.പി.എം.എസ് രൂപീകരിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നന്ദാവനം ആണ് ആസ്ഥാനം. കേരളത്തിലെ പുലയർക്കായി ഒരു സംഘടന എന്ന ലക്ഷ്യം മുന്നിൽ വെച്ചു പ്രവർത്തിക്കുന്ന കെ.പി.എം.എസ് 2006 മുതൽ പ്രവർത്തന രംഗത്ത് സജീവമാകുകയും ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അയ്യൻ‌കാളി നയിച്ച കാർഷിക സമരത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2008 ഫെബ്രുവരി 14 ന് ഏറണാകുളം മറൈൻ ഡ്രൈവിൽ കെ പി എം എസ് 'ശതാബ്ദി സംഗമം',പ്രാതിനിധ്യ പ്രക്ഷോഭ യാത്ര അടക്കമുള്ളവ നടത്തുകയുണ്ടായി. നിലവിൽ ശ്രീ.പി.എം വിനോദ് ജനറൽ സെക്രട്ടറിയായും ,Dr. സി. കെ. സുരേന്ദ്രനാഥ് പ്രസിഡന്റ്‌,ശ്രീ . ജി സുരേന്ദ്രൻ ഖജാൻജിയുമായിട്ടുള്ള ഔദ്യോഗിക നേതൃനിരയാണ് കെ.പി.എം.എസി നെ നയിക്കുന്നത്

കേരള പുലയർ മഹാസഭ (കെ.പി.എം.എസ്)
ചുരുക്കപ്പേര്കെ.പി.എം.എസ്‌
രൂപീകരണം1970 (1970)
സ്ഥാപകർപി.കെ. ചാത്തൻ മാസ്റ്റർ
തരംസമുദായ പ്രസ്ഥാനം
ലക്ഷ്യംകേരളത്തിലെ പുലയ സമുദായത്തിന്റെ ഏകികരണവും സാമൂഹിക പരിഷ്കരണവും.
ആസ്ഥാനംതിരുവനന്തപുരം
ഔദ്യോഗിക ഭാഷ
മലയാളം
ജനറൽ സെക്രട്ടറി
പി.എം വിനോദ്
മാതൃസംഘടനസാധുജന പരിപാലന സംഘം(S.J.P.S)

സമസ്ത കൊച്ചി പുലയ സഭ

തിരുവിതാംകൂർ പുലയ മഹാസഭ

കെ.പി.എം.എസ്സിന്റെ പോഷക സംഘടനകളായ കെ.പി.എം.എഫ് (കേരള പുലയർ മഹിള ഫെഡറേഷൻ), കെ.പി.വൈ.എം (കേരള പുലയർ യൂത്ത് മൂവ്മെന്റ്), തരംഗം ബാലവേദി എന്നിവയും സജീവമായി പ്രവർത്തന രംഗത്തുണ്ട്. കൂടാതെ കേരളത്തിലെ എസ്.സി /എസ്.ടി.വിഭാഗങ്ങളുടെ ഏകോപനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗ സംയുക്ത സമിതിയുടെയും മുഖ്യ പങ്കാളിത്തവും കെ.പി.എം.എസ്സിനാണ്. അഖിലേന്ത്യാ തലത്തിൽ പട്ടിക വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്നതിനായി ഓൾ ഇന്ത്യ എസ്.സി.എസ്.ടി ആക്ഷൻ കൌൺസിലും പ്രവർത്തിക്കുന്നു.

എസ്.സി, എസ്.ടി. വിഭാഗങ്ങൾക്കു കൂടി പങ്കാളിത്തമുള്ള പഞ്ചമി സ്വയം സഹായ സംഘവും മഹാത്മാ അയ്യകാളി സ്മാരക ട്രസ്റ്റ്‌ ,പി. കെ.ചാത്തൻ മാസ്റ്റർ സ്മാരക ട്രസ്റ്റും കെ.പി.എം.എസ്സിന്റെ നേതൃത്വത്തിൻ കീഴിൽ പ്രവർത്തിക്കുന്നു."നയലപം" എന്ന പേരിൽ ഒരു മാസികയും കെ.പി.എം.എസ് പ്രസിദ്ധികരിക്കുന്നുണ്ട്.

കേരളത്തിലെ പുലയ സംഘടനകളുടെ ചരിത്രം

തിരുത്തുക

തീണ്ടലും തൊടിലും രൂക്ഷമായിരുന്ന ഒരു കാലഘട്ടത്തിലാണ് കേരളത്തിലെ അധഃസ്ഥിത ജനതയെ പരസ്പരം സംഘടിപ്പിച്ച് ഒരു സംഘടന എന്ന നിലയിൽ 1907 ൽ അയ്യങ്കാളി 'സാധുജന പരിപാലന സംഘം' രൂപീകരിച്ചിത്. പിന്നീട് ആറുവർഷം കഴിിഞ്ഞിട്ടാണ് കൊച്ചിയിലെ പുലയർ പാത്തും പതുങ്ങിയും കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി കൊച്ചി പുലയർ മഹാജനസഭ രൂപീകരിച്ചത്. കൊച്ചി കായൽ പരപ്പിലാണ് അതിന്റെ ജനനം. കരയിൽ സ്ഥലമില്ലാത്തതുകൊണ്ടല്ല, കൊച്ചിയിലെ പുലയർക്കന്ന് കരമാർഗ്ഗം സഞ്ചരിക്കാനോ, സമ്മേളനങ്ങൾ ചേരാനോ പാടില്ലായിരുന്നു. എന്തിനേറെ നിത്യോപയോഗ സാധനങ്ങള് വാങ്ങാൻ പോലും കരയിൽ കടന്നുകൂട. വള്ളങ്ങളിൽ നടുക്കായലിലെത്തി തമ്പടിച്ചുവേണം അന്യായവില കൊടുത്ത് സാധനങ്ങൾ വാങ്ങാൻ. അത്രമേൽ തീണ്ടലും തൊടീലും രൂക്ഷമായിരുന്നു. വല്ലാർപാടം, ഇളംകുന്നുപുഴ, മുളവുകാട്, വൈപ്പിൻ, ചിറ്റൂർ, ചേരാനല്ലൂർ, കുറുംകോട്ട, പുന്നുരുന്തി, കടവന്ത്ര, കരിന്തല, കുമ്പളങ്ങി, ഇടക്കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളില് അധികവും പുലയരും ധീവരുമായിരുന്നു തിങ്ങിപ്പാർത്തിരുന്നത്. സംഖ്യാതലത്തിൽ പുലയരോടൊപ്പം ധീവരും മുന്നിൽ നിന്നിരുന്നു. അവരും അനീതികൾക്കും, ചൂഷണങ്ങൾക്കും വിധേയരായിരുന്നു.

ധീവരുടെ ഇടയിൽ നിന്നും ജനിച്ചു വളർന്ന പണ്ഡിറ്റ് കറുപ്പൻ ധീവരർക്ക് നേതൃത്വം നൽകിക്കൊണ്ട് രംഗത്തു വന്നു. 1909 ൽ കൊച്ചിയിലെ വിദ്യാലയങ്ങളിൽ ഒന്നിൽ പോലും പുലയരുടെ ഒരു കുട്ടിപോലും വിദ്യാഭ്യാസം ചെയ്തിരുന്നില്ല. ഈ വിധ അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു കൊണ്ടാണ് കറുപ്പൻ മാസ്റ്റർ സ്വസമുദായ രംഗത്ത് എത്തിയത്. അദ്ദേഹം പിൽക്കാലത്ത് ധാരാളം കവിതകൾ ഈ ജനവിഭാഗത്തെക്കുറിച്ച് എഴുതുകയുണ്ടായി. ജാതിക്കുമ്മിയെന്ന കവിതാസമാഹാരം ഏറെ പ്രസിദ്ധമാണ്.[2] 1913 ഏപ്രില് മാസം 21-ാം തീയതി കറുപ്പൻ മാസ്റ്ററുടെ നേതൃത്വത്തിൽ അന്നാദ്യമായി കൊച്ചിയിലെ പുലയർ യോഗം ചേർന്ന് 'കൊച്ചി പുലയമഹാജനസഭ'യ്ക്കു രൂപം കൊടുത്തു.[2] കെ.സി.കൃഷ്ണാദിയാശാനെ പ്രസിഡന്റായും, പി.സി.ചാഞ്ചനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.1925-ൽ ദിവാൻ ടി.എസ്. നാരായണ അയ്യരുടെ അദ്ധ്യക്ഷതയിൽ എറണാകുളത്ത് മഹാരാജാസ് കോളേജിൽ ചേർന്ന കൊച്ചി പുലയ മഹാജനസഭ കെ.പി. വള്ളോനെ നേതൃത്വനിരയിലേക്ക് കൊണ്ടു വന്നു. വള്ളോനെ നേതൃത്വ സ്ഥാനത്ത് കൊണ്ടു വന്നതോടെ കൊച്ചിയിലെ പുലയരാധി അധഃസ്ഥിതർക്ക് പുതിയൊരുന്മേഷവും പ്രവർത്തന്ന മേഖലയും കണ്ടെത്താനായി. 1926-ൽ പി.സി. ചാഞ്ചനെ ആദ്യത്തെ പുലയ പ്രതിനിധിയായി കൊച്ചി നിയമസഭയിൽ മെമ്പറായി തെരഞ്ഞെടുത്തു. സമുദായ സേവനരംഗത്ത് നിലയുറപ്പിച്ചിരുന്ന കെ.പി. വള്ളോനെ 1931-ൽ കൊച്ചി നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തു. അങ്ങനെ ചാഞ്ചനും, വള്ളോനും എം.എൽ.സിയെന്ന നിലയിൽ ഒട്ടേറെ കാര്യങ്ങൾ കൊച്ചിയിലെ പുലയർക്കായി നേടിക്കൊടുത്തു. 1936-ൽ വള്ളോൻ എം.എൽ.സി അധഃകൃതൻ എന്ന പേരിൽ ഒരു മാസിക ധർമ്മ കാഹളം പ്രസ്സിൽ നിന്നും പുലയരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനായി പ്രസിദ്ധീകരണം തുടങ്ങി. വള്ളോൻ പിന്നീട് 'ഹരിജൻ' എന്നൊരു മാസികയും ആരംഭിച്ചു 1930 ൽ സമസ്ത കൊച്ചി പുലയ മഹാസഭ രൂപംകൊണ്ടു.

1907 മുതൽ മൂന്ന് പതിറ്റാണ്ട് കാലം അയ്യങ്കാളിയുടെ നേതൃത്വത്തിൽ സംഘം നടത്തിയ തൊഴിൽ, അയിത്താചാരവിരുദ്ധ വിദ്യാലയ പ്രവേശന സമരങ്ങൾക്ക് കണക്കില്ല. സംഘത്തിന്റെ പ്രവർത്തകർ ഒട്ടേറെ പീഡനങ്ങൾ ഏറ്റുവാങ്ങി. ആയിരത്തിൽപരം ശാഖകളുമായി സംഘം അധഃകൃതരുടെ അവകാശങ്ങൾക്കാകി പോരുതിക്കൊണ്ടിരിക്കുമ്പോൾ ആണ് ക്രമേണ ശിഥിലമാക്കപ്പെട്ടത്. ഉപജാതികൾ സ്വന്തം സംഘടനകളുടെ കൊടിക്കീഴിലേക്ക് നീങ്ങിയ ഘട്ടത്തിൽ ആണ് 1936- ൽ ടി വി തേവൻ, ടി ടി കേശവൻ ശാസ്ത്രി, അറമുള പി കെ ദാസ്, പി കെ ചോതി എന്നിവർ ചെങ്ങന്നൂരിൽ പുല്ലാട് എന്നസ്ഥലത്ത് വച്ച് സമസ്ത തിരുവിതാംകൂർ പുലയർ മഹാസഭ രൂപീകരിച്ചത്.

1930 ൽ സമസ്ത കൊച്ചി പുലയ മഹാസഭ രൂപീകരിച്ച കാലത്താണ് ഇന്റർ മീഡിയറ്റിനു പഠിക്കുന്നതിന് പി കെ ചാത്തന്മാസ്റ്റർ മഹാരാജാസ് കോളേജിൽ എത്തുന്നത്. പത്ത് ദലിത് വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം ലഭിച്ചിരുന്ന സമയത്ത് 11-ാ മനായാണ് ചാത്തന്മാസ്റ്റർ എത്തിയത്. താമസ സൗകര്യം ലഭിക്കാതെ വന്നപ്പോൾ ഹോസ്റ്റൽ വാർഡൻ്റെ ചുമതലയുണ്ടായിരുന്ന കെ.പി.വള്ളോന്റെ മുറിയിൽ താമസിക്കാനുള്ള അവസരം ലഭിച്ചു. അങ്ങനെ ചാത്തന്മാസ്റ്റർ സമുദായത്തിനു വേണ്ടി പ്രവർത്തിച്ചു നേതാവായി.

സമൂഹ നീതി നിഷേധിക്കപ്പെടുന്ന ഈ ജനവിഭാഗത്തിൻ്റെ മോചനത്തിനു വേണ്ടി, രാഷ്ട്രീയത്തിനപ്പുറത്തു അവരുടെ സംഘശേഷിയെ സ്വരുകൂട്ടണം എന്ന് തീരുമാനിച്ച പി.കെ.ചാത്തൻ മാസ്റ്റർ പല തട്ടിൽ പ്രവർത്തിച്ചിരുന്ന രണ്ടു സംഘടനകളിലും പെട്ട 15 ലക്ഷത്തോളം അംഗങ്ങളെ കൂട്ടിചേർത്ത് ‘ഒരു സംഘടന, ഒരു നേതൃത്വം, ഒരേ ലക്ഷ്യം’ എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരത്ത് വൃന്ദാവൻ സ്കൂളിൽ ചേർന്ന യോഗത്തിന് ശേഷം പുലയ ഏകോപന സമിതി രൂപീകരിച്ചു. ആൾ ട്രാവൻകൂർ പുലയർ മഹാസഭയുടെ പച്ച നിറത്തിലുള്ള പതാകയും, സമസ്ത കൊച്ചി പുലയ മഹാസഭയുടെ നീല നിറത്തിലുള്ള പതാകയും സംയോജിപ്പിച്ച് പുതിയ പതാകയുണ്ടാക്കി. അങ്ങനെ 1970 ൽ എസ്.13/70 എന്ന രജിസ്ട്രേഷനോടുകൂടി കേരള പുലയർ മഹാസഭ രൂപീകരിച്ചു.

കീഴിലെ സംഘടനകൾ

തിരുത്തുക
  • കെ.പി.വൈ.എം (കേരള പുലയർ യൂത്ത്മൂവ്മെന്റ്)
  • കെ.പി.എം.എഫ് (കേരള പുലയർ മഹിളാ ഫെഡറേഷൻ)
  • പട്ടികജാതി പട്ടിക വർഗ്ഗ സംയുക്ത സമിതി
  • ഓൾ ഇന്ത്യ എസ്.സി.എസ്.ടി ആക്ഷൻ കൌൺസിൽ
  • പഞ്ചമി സ്വയം സഹായ സംഘം
  • അയ്യകാളി കൾച്ചറൽ ട്രസ്റ്റ്(ACT)
  • പി.കെ.ചാത്തൻ മാസ്റ്റർ സ്മാരക ട്രസ്റ്റ്‌
  1. "പൂട്ടാൻ പോകാൻ വിമോചന സമരക്കാർ പറഞ്ഞ ആ ചാത്തനെ നിങ്ങൾക്കറിയാമോ ?". 2020-04-22. Retrieved 2020-10-12.
  2. 2.0 2.1 "പണ്ഡിറ്റ് കെ.പി. കറുപ്പൻ: അസമത്വങ്ങൾക്കെതിരെ പോരാടിയ ജീവിതം". Retrieved 2020-10-13.
"https://ml.wikipedia.org/w/index.php?title=കേരള_പുലയർ_മഹാസഭ&oldid=4088321" എന്ന താളിൽനിന്ന് ശേഖരിച്ചത്