കേരളത്തിലെ ബുദ്ധപ്രതിമകൾ
കേരളത്തിലെ ബുദ്ധമതത്തിന്റെ പ്രധാനപ്പെട്ട തെളിവുകളാണ് ഇപ്പോളും അവശേഷിക്കുന്ന ബുദ്ധപ്രതിമകൾ. കേരളത്തിന്റെ ബുദ്ധസ്വാധിനമേഖലയിൽ അഗ്രസ്ഥാനത്തിരിക്കുന്ന ഓടനാടിൽ നിന്നാണ് കൂടുതലും വിഗ്രഹങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ചില വിഗ്രഹങ്ങൾ പട്ടിണത്തിനടുത്തുനിന്നും ചേരമാൻ പറമ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്.
മാവേലിക്കരതിരുത്തുക
മാവേലിക്കരയിലെ കോട്ടയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന ബുദ്ധപ്രതിമ. അച്ചൻ കോവിലാർ നദീതീരത്തുനിന്നു കണ്ടെടുത്ത് സ്ഥാപിച്ചതാണ് ഈ പ്രതിമ.ധ്യാനാവസ്ഥയിലുള്ള ഒരു യോഗിയുടെ രൂപത്തിലുള്ള ഈ പ്രതിമയ്ക്ക് മൂന്നടി ഉയരമുണ്ട്.[1] ഈ പ്രതിമയുടെ പ്രത്യേകതകൾ മുന്നിർത്തി ഈ പ്രതിമ ഏ.ഡി. എട്ടാം നൂറ്റാണ്ടിലേതാണ് എന്നു ഇളംകുളം കുഞ്ഞൻപിള്ള ഊഹിയ്ക്കുന്നു. [2]
മരുതൂർകുളങ്ങരതിരുത്തുക
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ പ്പെടുന്ന മരുതൂർകുളങ്ങരയിൽ നിന്നും ബുദ്ധപ്രതിമ കണ്ടുകിട്ടിയിട്ടുണ്ട്.ഈ പ്രതിമ ഇപ്പോൾ കൃഷ്ണപുരം കൊട്ടാരവളപ്പിൽ സൂക്ഷിച്ചിരിയ്ക്കുന്നു.
കോട്ടപ്പുറം ബുദ്ധൻതിരുത്തുക
തൃശൂർ ജില്ലയിലെ കോട്ടപ്പുറം കോട്ടയ്ക്കും കോട്ടപ്പുറം മാർക്കറ്റിനും ഇടയിൽ കായലിനോട് ചേർന്നുള്ള ഒരു വീടിന്റെ പിന്നാമ്പുറത്തുനിന്നും കണ്ടെടുത്ത പ്രതിമയാണിത്.പത്മാസനത്തിലുള്ളതും ശിരോഭാഗം തകർക്കപ്പെട്ടതുമായ ഈ പ്രതിമയ്ക്ക് രണ്ടടി ഉയരമുണ്ട്. ഈ ബുദ്ധപ്രതിമ ഇപ്പോൾ പുരാവസ്തുവകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിൽ സൂക്ഷിച്ചു വരുന്നു. അനുരാധപുരം ശൈലിയിലാണ് ഇത് നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.[3]
അമണൻ പട്ടണം ബുദ്ധൻതിരുത്തുക
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനു വടക്കുപടിഞ്ഞാറായി പെരിയാർ തുരുത്തുകളിലൊന്നായ പട്ടണം പ്രദേശത്ത് നിലീശ്വരം ഭാഗത്തു നടന്ന ഖനനഗവേഷണഫലമായാണ് ഈ പ്രതിമ ലഭിച്ചിട്ടുള്ളത്.അരയ്ക്കു മേൽപ്പോട്ടുള്ള ഭാഗം തകർക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന ഈ പ്രതിമ ഇപ്പോൾ നിലീശ്വരം ശിവക്ഷേത്രകുളക്കരയിൽ സ്ഥാപിയ്ക്കപ്പെട്ടിരിക്കുന്നു.
പള്ളിക്കൽ ബുദ്ധൻതിരുത്തുക
പത്തനംതിട്ട ജില്ലയിൽ,കുന്നത്തൂർ താലൂക്കിൽ,പള്ളിക്കൽ എന്നസ്ഥലത്തു നിന്നു കണ്ടുകിട്ടിയ പ്രതിമയാണിത്. ശിരോഭാഗം നഷ്ടപ്പെട്ടനിലയിലായിരുന്ന ഈ പ്രതിമയ്ക്ക് ഒരു ശിരസ്സ് വച്ചുപിടിപ്പിച്ച് പുരാവസ്തുവകുപ്പിന്റെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
കരുമാടിക്കുട്ടൻതിരുത്തുക
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ തകഴിക്കടുത്തുള്ള കരുമാടി എന്ന ഗ്രാമത്തിലെ പ്രസിദ്ധമായ ബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടൻ. സാധാരണ ബുദ്ധവിഗ്രഹങ്ങളുടേതു പോലെ പത്മാസനത്തിൽ നിവർന്ന്, ധ്യാനനിരതനായി, ഇടതുകൈയുടെ മുകളിൽ വലതു കൈ മലർത്തിവച്ച്, ആ കൈകൾ പാദങ്ങളിൽ സ്ഥാപിച്ചിട്ടുള്ള രീതിയിലാണ് കരുമാടിക്കുട്ടന്റെ പ്രതിമ. എന്നാൽ ഇടതുകൈയും ഇടതുകാലിന്റെ കുറച്ചു ഭാഗങ്ങളും നഷ്ടമായിട്ടുണ്ട്. കരുമാടിക്കുട്ടൻ സ്മാരകത്തിന്റെ അയൽ വാസിയായ രാജപ്പൻ പിള്ള, തന്റെ കുടുംബത്തിൽ തലമുറകളായി കൈമാറിവന്ന ഒടിഞ്ഞു പോയ കൈയ്യുടെ കഷണം 2014-മെയ്-14-ന് പുരാവസ്തുവകുപ്പിന് കൈമാറിട്ടുണ്ട്. ഇത് കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.