കെ.വി. കുര്യൻ (ജീവിതകാലം: 19 ഡിസംബർ 1928 - 14 സെപ്റ്റംബർ 2018) കേരളത്തിലെ ഒരു പ്രമുഖനായ രാഷ്ട്രീയനേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. 1962 ൽ ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായാണ് അദ്ദേഹം പൊതുരംഗത്ത് പ്രവേശിച്ചത്. 1970, 1977 കേരള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം കേരളാ കോൺഗ്രസ് അംഗമായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. കേരളാ കോൺഗ്രസ് പാർട്ടിയുടെ രൂപീകരണവേളയിൽ കെ.വി. കുര്യനും പങ്കെടുത്തിരുന്നു. 1977 ൽ അദ്ദേഹം കേരളാ കോൺഗ്രസ് ചെയർമാനായിരുന്നു. 1985 ൽ കേരളാ കോൺഗ്രസ് വിട്ട അദ്ദേഹം മാതൃസംഘടനയിൽ തിരിച്ചെത്തി. കെ.പി.സി.സി. അംഗം (1954-64), പി.എസ്.സി. അംഗം, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്, മുണ്ടക്കയം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. രാഷ്ട്രദീപിക മുൻ ഡയറക്ടർ കൂടിയായിരുന്നു കെ.വി.കുര്യൻ. മുൻ എം.പി.യും കാഞ്ഞിരപ്പള്ളി എം.എൽ.എ.യുമായിരുന്ന ജോർജ്ജ് ജെ. മാത്യുവിന്റെ പിതൃ സഹോദരനാണ് കെ.വി. കുര്യൻ.

ജീവിതരേഖ തിരുത്തുക

1928 ഡിസംബർ 19 ന് പൊട്ടംകുളം കുടുംബത്തിൽ വർക്കിയുടേയും മറിയം വർക്കിയുടേയും പുത്രനായി കൂട്ടിക്കലിൽ ജനിച്ചു. 1952 ൽ ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. വിമോചന സമരകാലത്ത് അദ്ദേഹവും ഭാര്യയും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ദീർഘകാലം മുണ്ടക്കയം സഹകരണ ബാങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ടിച്ചിരുന്നു. കെ.പി.സി.സി. അംഗമായിരിക്കേ 1965 ൽ പി.ടി. ചാക്കോയുടെ അനുഭാവികൾ കോട്ടയത്തു യോഗം ചേർന്ന് കേരളാ കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചപ്പോൾ അദ്ദേഹവും സന്നിഹിതനായിരുന്നു.  കെ.എം. ജോർജ്ജ് പുതിയ പാർട്ടിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കെ.വി. കുര്യൻ പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ടു. 1970ൽ സി.പി.എമ്മിലെ എം.ജി രാമചന്ദ്രനെ 1607 വോട്ടുകൾക്ക് തോൽപ്പിച്ച കെ.വി. കുര്യൻ കേരളകോൺഗ്രസ് പ്രതിനിധിയായി നിയമസഭയിലെത്തി. 1977ലും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽനിന്ന് കേരളകോൺഗ്രസിലെ ഈപ്പൻ ജേക്കബ്ബിനെ തോൽപ്പിച്ച് അദ്ദേഹം വിജയം നേടി.  1978 ൽ കെ.എം. മാണിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയ വേളയിൽ ആഭ്യന്തര മന്ത്രി സ്ഥാനത്തേയ്ക്ക് അദ്ദേഹത്തിന്റെ പേരും പരിഗണിച്ചിരുന്നുവെങ്കിലും പി.ജെ. ജോസഫാണ് ഈ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.[1]

ആലപ്പുഴ നെരോത്ത് കുടുംബാംഗമായ അമ്മിണിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ജോർജ് കുര്യൻ, ജോൺ കുര്യൻ, കെ.കെ.കുര്യൻ, കുഞ്ഞുമേരി, ഏലമ്മ, ത്രേസ്യാമ്മ, റോസി എന്നിങ്ങനെ 7 മക്കളാണ് അദ്ദേഹത്തിനുള്ളത്.

മരണം തിരുത്തുക

2018 സെപ്റ്റംബർ 14 ന് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ 91 ആമത്തെ വയസിൽ സ്വവസതിയിൽവച്ച് അദ്ദേഹം അന്തരിച്ചു.[2] മൃതദേഹം സെപ്റ്റംബർ 15 ന് വേലനിലം സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കപ്പെട്ടു.

അവലംബം തിരുത്തുക

  1. "മുൻ എംഎൽഎ കെ.വി.കുര്യൻ അന്തരിച്ചു".
  2. "മുൻ മുൻ എം.എൽ.എ കെ.വി. കുര്യൻ നിര്യാതനായി".
"https://ml.wikipedia.org/w/index.php?title=കെ.വി._കുര്യൻ&oldid=3814693" എന്ന താളിൽനിന്ന് ശേഖരിച്ചത്