കെ.എ. കേരളീയൻ

സ്വാതന്ത്ര്യസമരസേനാനിയും കേരളത്തിലെ കർഷകപ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ പ്രമുഖനും

സ്വാതന്ത്ര്യസമരസേനാനിയും കേരളത്തിലെ കർഷകപ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ പ്രമുഖനുമായിരുന്നു കേരളീയൻ. കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാർ എന്നതായിരുന്നു യഥാർത്ഥ നാമം. കേരളീയൻ എന്ന പേര് സ്വയം സ്വീകരിച്ചതാണ്. നാൽപ്പതുകളിലും അമ്പതുകളിലും മലബാറിൽ കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യമായ പങ്കുവഹിച്ചവരിൽ ഒരാളായിരുന്നു കേരളീയൻ.

കെ.എ. കേരളീയൻ
കെ.എ. കേരളീയൻ.jpg
കെ.കെ.എൻ. കുറുപ്പ് രചിച്ച കെ.എ. കേരളീയന്റെ ജീവചരിത്രത്തിന്റെ പുറം ചട്ട.
ജനനം
കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാർ

1908
മരണം1994
ദേശീയതഇന്ത്യൻ
തൊഴിൽപൊതുപ്രവർത്തകൻ
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമരസേനാനി, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം കൊടുത്തവരിൽ ഒരാൾ

സൈമൺ കമ്മീഷൻ ബഹിഷ്കരണവുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങൾ ഭാഗഭാക്കായി വിദ്യാഭ്യാസകാലത്തുതന്നെ ദേശീയ സമരങ്ങളുമായി ബന്ധപ്പെട്ടു. സംസ്കൃതം പഠിക്കാനായി തഞ്ചാവൂരിലെ സ്കൂളിലേക്കുപോയെങ്കിലും അവിടെ നിന്നും ചാടി പ്രസ്ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു. ഉപ്പു സത്യാഗ്രഹസമരത്തിൽ പങ്കെടുത്തു ആദ്യമായി ജയിലിലടക്കപ്പെട്ടു. ഗുരുവായൂർ സത്യാഗ്രഹത്തിലൂടെ ശ്രദ്ധേയനായി. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലും, വൈകാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായി. നവയുഗം, ജനയുഗം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു. 1994 ജൂലൈ 9 ന് അന്തരിച്ചു.

ആദ്യകാല ജീവിതംതിരുത്തുക

1910-ൽ ചെറുതാഴത്താണ്‌ കേരളീയന്റെ ജനനം.[1] കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാർ എന്നതായിരുന്നു മുഴുവൻ പേര്. പിതാവ് ജന്മിയും അംശം അധികാരിയുമായിരുന്ന വി.പി.കുഞ്ഞിരാമൻ നമ്പ്യാർ,മാതാവ് കടയപ്രത്ത് പാർവ്വതി അമ്മ. ജനിച്ചതും വളർന്നതും അമ്മ വീടായിരുന്ന മാവിലായിലായിരുന്നു. കുഞ്ഞിംഗലം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാംതരം വിജയിച്ച ശേഷം ഇംഗ്ലീഷ് പഠിക്കുവാനായി എ.കെ.ഗോപാലന്റെ പിതാവ് ആരംഭിച്ച പെരളശ്ശേരി സ്കൂളിലായിരുന്നു കേരളീയൻ ചേർന്നത്. എ.കെ.ജി അവിടെ അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു, പിന്നീട് സഹപ്രവർത്തകനുമായി മാറി. തന്റെ മകനൊരു ജോത്സ്യനാവണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം.

രാഷ്ട്രീയ ജീവിതംതിരുത്തുക

പിതാവ് ജോലിസ്ഥലത്തു നിന്നും കൊണ്ടു വരുന്ന പത്രങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുവാൻ ബാലനായ കുഞ്ഞപ്പനു സാധിച്ചു. സൈമൺ കമ്മീഷന്റെ ബഹിഷ്കരണഭാഗമായുണ്ടായ പ്രതിഷേധത്തിൽ അദ്ദേഹം പങ്കുകൊണ്ടു. കുഞ്ഞപ്പ വിദ്യാഭ്യാസസ്ഥാപനം ബഹിഷ്കരിച്ചു. മകന്റെ ചെയ്തികളിൽ നിരാശനായ പിതാവ് കുഞ്ഞപ്പയെ സംസ്കൃതം പഠിക്കുവാനായി തഞ്ചാവൂരിലുള്ള ഒരു സ്കൂളിൽ ചേർത്തുവെങ്കിലും ദേശീയപ്രസ്ഥാനത്തോടുള്ള ആദരവും അഭിനിവേശവും കൊണ്ട് അതിലേക്കെടുത്തു ചാടുകയായിരുന്നു കുഞ്ഞപ്പ ചെയ്തത്. പിന്നീട് ദേശീയപ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായിരുന്ന കാഞ്ഞങ്ങാട് വിജ്ഞാനദായിനി സ്കൂളിൽ ചേർന്ന് പഠനം തുടർന്നു.[2]

ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാന താൽപര്യമുള്ള സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്ന് കാണിച്ച് കേളപ്പൻ പുറപ്പെടുവിച്ച പത്രപരസ്യം കണ്ട് കോഴിക്കോട്ടെത്തി സന്നദ്ധഭടനായി ചേർന്നു. ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലകപ്പെട്ടു. കോൺഗ്രസ്സിന്റെ ലക്ഷ്യങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടു, കൂടാതെ ജയിലിൽവെച്ച് ദേശീയതലത്തിൽപ്രവർത്തിക്കുന്ന വിപ്ലവകാരികളുമായി ബന്ധപ്പെടാൻ അവസരം ലഭിച്ചു. ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ കൂടിയ യോഗത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. വിചാരണവേളയിൽ കോടതിയിൽ തന്റെ പേര് കേരളീയൻ എന്നാണെന്ന് ബോധിപ്പിച്ചു. ഇതിനെതുടർന്ന് കുഞ്ഞപ്പ കേരളീയൻ എന്നറിയപ്പെടാൻ തുടങ്ങി.[3]

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി എ.കെ.ജിയോടൊപ്പം കൊടിയ മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു.[4] കോൺഗ്രസ്സിലെ ഇടതു ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ കേരളീയൻ അതിൽ ചേർന്നു പ്രവർത്തിച്ചു. പി.കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം മലബാറിലെ കർഷകരുടെ ഇടയിൽ കോൺഗ്രസ്സിന്റെ സന്ദേശം പ്രചരിപ്പിക്കുക അവരെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിച്ചു.[5] 1935 ൽ കേരള കർഷകസംഘം രൂപംകൊണ്ടപ്പോൾ കേരളീയൻ അതിന്റെ സെക്രട്ടറിയായി മാറി. ഏറനാട് കലാപത്തിന്റെ ഉത്തരവാദിത്തം ചുമത്തി ജയിലിലടക്കപ്പെട്ടു.

കമ്മ്യൂണിസ്റ്റ് പാർട്ടിതിരുത്തുക

പി. കൃഷ്ണപിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലൻ എന്നിവരുമായി ചേർന്ന് അദ്ദേഹം 1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകി.[6] മൊറാഴ കലാപത്തെത്തുടർന്ന് പോലീസുകാരൻ മരിക്കാനിടയായ സംഭവത്തിൽ പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞു. ആലപ്പുഴയിലായിരുന്നു ഒളിവു സങ്കേതം, പിന്നീട് മയ്യഴിയിലേക്കു മാറി. ഒളിവിലിരിക്കുമ്പോൾ തന്നെ അവിടെ ഒരു പ്രസ്സിൽ അച്ചടിക്കുന്ന യുദ്ധവിരുദ്ധ ലേഖനങ്ങൾ പ്രചരിപ്പിച്ചു. മദിരാശി ഗൂഢാലോചനാ കേസിൽ പ്രതിയാക്കി അറസ്റ്റുചെയ്യപ്പെട്ടു. ഒരു വർഷത്തിലേറെ ജയിലിൽ കിടന്നു. ജയിൽ മോചിതനായ ശേഷം യുദ്ധത്തെത്തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം നേരിടാൻ ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.[7]


1935-ൽ രൂപവത്കരിക്കപ്പെട്ട കൊളാച്ചേരി കർഷക സംഘം,[8] 1936-ൽ സ്ഥാപിക്കപ്പെട്ട അഖിലമലബാർ കർഷക സംഘം[9] എന്നിവയുടെ സ്ഥാപക സെക്രട്ടറി ആയിരുന്നു. സി.പി.ഐ.യുടെ കേരളഘടകത്തിന്റെ ആവിർഭാവം നടന്ന 1939-ലെ പാറപ്പുറം സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ കേരളീയൻ സി.പി.ഐ. യിൽ തുടർന്നു.[10] അതിനുശേഷം നടന്ന സി.പി.ഐ. യുടെ കോഴിക്കോട് ജില്ലാസമ്മേളനത്തിൽ അദ്ദേഹം അധ്യക്ഷം വഹിച്ചു.


അദ്ധ്യാപികയായിരുന്ന അമ്മിണിഅമ്മയായിരുന്നു ഭാര്യ. ചന്ദ്രശേഖരൻ, ഉണ്ണി, നീനി എന്നിവരാണ് മക്കൾ. കോഴിക്കോട് ഗോവിന്ദപുരത്ത് പണ്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രദേശത്ത് താമസം സ്ഥിരമാക്കുകയായിരുന്നു. തന്റെ സ്വത്തു മുഴുവൻ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ദാനം ചെയ്തിരുന്നു. 1994-ൽ കേരളീയൻ അന്തരിച്ചു.[11]

അവലംബംതിരുത്തുക

 1. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 127. ISBN 81-262-0482-6. കെ.എ.കേരളീയൻ
 2. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 128. ISBN 81-262-0482-6. കെ.എ.കേരളീയൻ-ദേശീയപ്രസ്ഥാനത്തിലേക്ക്
 3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 130. ISBN 81-262-0482-6. കേരളീയൻ എന്ന പേര്
 4. ദേശാഭിമാനി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥം. ചിന്ത. 1955. p. 11-12. പയ്യന്നൂരിൽ കണ്ടോത്ത് എന്ന സ്ഥലത്തു വെച്ച് എന്നേയും കേരളീയനേയും കൂടെയുണ്ടായിരുന്ന ഹരിജനങ്ങളേയും അവിടെയുള്ള കൃഷിക്കാർ ക്രൂരമായി മർദ്ദിച്ചു
 5. ഇ.എം.എസ്സ്, നമ്പൂതിരിപ്പാട് (2010). ഹിസ്റ്ററി സൊസൈറ്റി ആന്റ് ലാന്റ് റിലേഷൻസ്-സെലക്ടഡ് എസ്സേയ്സ്. ലെഫ്ട്വേഡ്. p. 198. ISBN 978-8187496922.
 6. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി : സ്ഥാപക നേതാക്കൾ
 7. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 132. ISBN 81-262-0482-6. കെ.എ.കേരളീയൻ-കർഷകനേതാവ്
 8. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി : പാർടി ചരിത്രം
 9. വെബ്‌ദുനിയ : സ്വാതന്ത്ര്യത്തിൽ കേരളത്തിൻറെ പങ്ക്
 10. "കോഴിക്കോട് വാസ് ഡിയർ ടു നായനാർ". ദ ഹിന്ദു. 21-മെയ്-2004. Check date values in: |date= (help)
 11. മാതൃഭൂമി : കേരളീയൻ ചരമവാർഷികം"https://ml.wikipedia.org/w/index.php?title=കെ.എ._കേരളീയൻ&oldid=3424714" എന്ന താളിൽനിന്ന് ശേഖരിച്ചത്