കോന്നിക്ക് സമീപമുള്ള കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ സന്ധ്യാ വന്ദനത്തിനും ദീപാരാധനക്കും ശേഷം പ്രകൃതിയിലെ ഭാവങ്ങളെ വർണ്ണിച്ചും, പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാനും മല ദൈവമായ ഊരാളി അപ്പൂപ്പനോട് പാട്ടിന്റെ രൂപത്തിൽ കൊട്ടി ഉണർത്തുന്ന പാട്ടാണ് കുംഭപ്പാട്ട്.[1][2] ഇത് ഇന്നും അന്യമാകാതെ കാത്തു സൂക്ഷിക്കുന്ന ഏക കാവാണ് കല്ലേലി അപ്പൂപ്പൻകാവ്.

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സിൽ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയിൽ ആഴികൂട്ടിയിട്ട് ഇതിനു മുന്നിൽ ചുറ്റും ഇരുന്ന് അപ്പൂപ്പനെ പ്രകീർത്തിച്ച് ഈണത്തിൽ പാടുന്നു. മുളയും,കാട്ടു കല്ലും പച്ചിരുമ്പും, ഉണക്ക പാളയും, കാട്ടു കമ്പും, വാദ്യോപകരണമാക്കി പ്രപഞ്ച ശക്തിയായ മലദേവനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ നാമത്തിൽ ലോക ഐശ്വര്യത്തിനു വേണ്ടി മനമുരുകി പാടുന്നു. പ്രകൃതിയുടെ നിലനിൽപ്പിനായി കുംഭപ്പാട്ട് നടത്തി വരുന്നു. ലൗകിക ജീവിതത്തിന്റെ പരിധിയിൽ നിന്ന് അകന്നു നിൽക്കുന്നവയാണ് പുരാവൃത്തങ്ങൾ.

ദേവീദേവൻമാരുടെയും മറ്റ് അലൗകിക ശക്തികളുടെയും ഉത്ഭവം, ജീവിതം എന്നിവയുമായി ബന്ധപ്പെട്ടതാണ് മിക്ക പുരാവൃത്തങ്ങളും. വയനാടൻ കുറിച്യർക്കിടയിൽ ഏറെ പ്രചാരത്തിലുളള കുംഭപ്പാട്ട് ഇപ്പോൾ പാടുന്നത് കല്ലേലി കാവിൽ മാത്രമാണ്. കാട്ടിൽ നിന്നും ഏഴ് മുട്ടുള്ള മുള വെട്ടി കൊണ്ടുവന്ന് അതിൽ ദ്വാരമുണ്ടാക്കി കള്ള് നിറക്കും. കള്ള് നിറച്ചതിന് ശേഷം ചൂരൽ കൊണ്ട് കെട്ടി വെക്കും. മുളയിലെ പുളിപ്പ് പോകും വരെ പരിശുദ്ധ സ്ഥലത്ത് വയ്ക്കും. പുളിപ്പ് ഇറങ്ങിയ മുളയുടെ കണ്ണായ ഭാഗം ചുവട് പോകാതെ പച്ചിരുമ്പ് കൊണ്ട് പാകത്തിൽ പരുവപ്പെടുത്തും. മുകൾ വശ ദ്വാരം ക്രമപ്പെടുത്തും. മുകളിലും താഴെയും ചൂരൽ കൊണ്ട് വരിയും. തുടർന്ന് മുള ഉണങ്ങാൻ ഇടും .അങ്ങനെ ഉണങ്ങി കിട്ടുന്ന 'കുംഭം' കല്ലേലി അപ്പൂപ്പന്റെ അനുഗ്രഹത്തിന് വേണ്ടി നടയിൽ പൂജ വയ്ക്കും. കുംഭം അടിക്കുന്ന മൂത്ത ഊരാളി വ്രതമെടുത്ത ശേഷമാണ് പൂജ വെച്ച കുംഭം എടുക്കുന്നത്. കുംഭം ഇടിക്കുന്ന കല്ല് നദിയിൽ നിന്നും കണ്ടെത്തിയാണ് ഉപയോഗിക്കുന്നത്. കല്ല് കണ്ടെത്തി കല്ലിനെ കുളിപ്പിച്ച് ഒരുക്കി പൂജകൾ നൽകിയാണ് വാദ്യ ഉപകരണമാക്കുന്നത്.ഉണക്ക പാളയും അതിൽ അടിക്കാൻ ഉള്ള കാട്ടുകമ്പും, രണ്ടു പച്ചിരുമ്പും, കൈ താളവും ചേരുമ്പോൾ കുംഭപ്പാട്ട് പിറക്കുന്നു. ഏറ്റു ചൊല്ലാൻ ആറാളുകൾ വേറെയും ഉണ്ട്.

ഓ........ഓ........ഓ........ഓ........ഓ........

ഓ........ഓ........ഓ........ഓ........ഓ........

ഓ........ഓ........ഓ........ഓ........ഓ........

കിഴക്കൊന്നു തെളിയെട്ടെടോ....

ഓ........ഓ........ഓ........ഓ........ഓ........

ഹരിനാരായണ തമ്പുരാനേ......

ഓ........ഓ........ഓ........ഓ........ഓ........

പടിഞ്ഞാറും തെളിയെട്ടെടോ.....

ഓ........ഓ........ഓ........ഓ........ഓ........

ഹരിനാരായണ തമ്പുരാനേ.......

ഓ........ഓ........ഓ........ഓ........ഓ........

അരുവാപ്പുലം അഞ്ഞൂറും.......

കോന്നി മുന്നൂറും

ഓ........ഓ........ഓ........ഓ........ഓ........

ഹരിനാരായണ തമ്പുരാനേ......

ഓ........ഓ........ഓ........ഓ........ഓ........

കല്ലേലി അപ്പൂപ്പാ..........

ഓ........ഓ........ഓ........ഓ........ഓ........

ഹരിനാരായണ തമ്പുരാനേ.....

ഓ........ഓ........ഓ........ഓ........ഓ........

പാണ്ടിമലയാളം ഒന്നുപോലെ തെളിയെട്ടെടോ.....

ഓ........ഓ........ഓ........ഓ........ഓ........

ഹരിനാരായണ തമ്പുരാനേ.....

ഓ........ഓ........ഓ........ഓ........ഓ........

കല്ലേലി തമ്പുരാനേ.......

ഓ........ഓ........ഓ........ഓ........ഓ........

ഹരിനാരായണ തമ്പുരാനേ.....

ഓ........ഓ........ഓ........ഓ........ഓ........

ഈ കൊട്ടും പാട്ടും പിണക്കല്ലെടോ.....

എന്റെ കുംഭമൊന്നു തെളിയെട്ടെടോ....

ഓ........ഓ........ഓ........ഓ........ഓ........

ഹരിനാരായണ തമ്പുരാനേ.....

ഓ........ഓ........ഓ........ഓ........ഓ........

ആനക്കാട് അഞ്ഞൂറ് കാതം......

ഓ........ഓ........ഓ........ഓ........ഓ........

ചേലക്കാട് ഏഴു കാതം...

ഓ........ഓ........ഓ........ഓ........ഓ........

അണലിയും പെരുമ്പാമ്പും....

ഓ........ഓ........ഓ........ഓ........ഓ........

തുറമൂത്തിറങ്ങുന്നേ......

ഓ........ഓ........ഓ........ഓ........ഓ........

കല്ലേലിയിലാകപ്പെട്ടവനേ......

ഓ........ഓ........ഓ........ഓ........ഓ........

ഹരിനാരായണ തമ്പുരാനേ.....

ഓ........ഓ........ഓ........ഓ........ഓ........

പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളെയും ഉണർത്തിച്ചു കൊണ്ടുള്ള കുംഭ പാട്ട് ഏഴര വെളുപ്പിനെ വരെ നീളും. കർഷകരുടെ കാർഷിക വിളകൾ രാത്രികാലങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങി നശിപ്പിച്ചിരുന്നു. രാത്രിയിൽ ആഴികൂട്ടിയിട്ട് ഇതിനു ചുറ്റുമിരുന്ന് പണിയായുധങ്ങളും, പാറകളും, മുളകളും സംഗീത ഉപകരണമാക്കി ഈണത്തിലും, താളത്തിലും കർഷകർ വായ്പ്പാട്ട് പാടി വന്യ മൃഗങ്ങളെ അകറ്റിയിരുന്നു. ആദിദ്രാവിഡ നാഗഗോത്ര ജനതയുടെ ഉണർത്തുപാട്ടായി പിന്നീട് കുംഭപ്പാട്ട് കൈമാറിക്കിട്ടി. കുംഭം എന്നാൽ മുള എന്നാണ്. മുളന്തണ്ട് പാകത്തിൽ മുറിച്ച് വ്യത്യസ്ത അളവിൽ എടുത്ത് പരന്ന ഒരു ശിലയിൽ ഒരേതാളത്തിൽ കുത്തുന്നു. ശിലയിൽ അമരുന്ന മുളം തണ്ടിൽ നിന്നു പ്രത്യേക ശബ്ദം തന്നെ പുറത്തേക്കിറങ്ങുന്നു.

പണിയായുധങ്ങളിൽ ഒന്നായ ഇരുമ്പ് എന്ന ജാരൽ പരസ്പരം കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന കിലുകിലാരവവും ഉണങ്ങിയ പാളമുറിയിൽ രണ്ട് കമ്പുകൾ തട്ടിയുണ്ടാകുന്ന ശബ്ദവും ചേരുമ്പോൾ കുംഭപ്പാട്ടിന്റെ താളം മുറുകും. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചൈതന്യം കുംഭത്തിൽ നിറയുമ്പോൾ കർണ്ണങ്ങൾക്ക് ഇമ്പമാർന്ന നാദവും ശ്രവിക്കാം. ആദിമ ഗോത്ര സംസ്‌കാരത്തിന്റെ അടയാളങ്ങൾ ഇന്നും മായാതെ നിലനിന്നുപോകുന്ന അപൂർവ്വം കാനനക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ കല്ലേലിയിലുള്ള ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്.

അവലംബങ്ങൾ

തിരുത്തുക
  1. "കുംഭപ്പാട്ട്". Retrieved 2020-09-13.
  2. "കുംഭപ്പാട്ടിന്റെ ആശാന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ്". Archived from the original on 2017-08-28. Retrieved 2020-09-13.
"https://ml.wikipedia.org/w/index.php?title=കുംഭപ്പാട്ട്&oldid=3952665" എന്ന താളിൽനിന്ന് ശേഖരിച്ചത്