1942 ൽ ക്വിറ്റ് ഇൻഡ്യാ സമരത്തോടനുബന്ധിച്ച് കേരളത്തിൽ നടന്ന പ്രസിദ്ധമായ ബോംബുകേസാണ് കീഴരിയൂർ ബോംബ് കേസ്.[1] സമരക്കാർ ചേമഞ്ചേരി സബ്‌‍രജിസ്ട്രാർ ഓഫീസും തിരുവണ്ണൂർ റെയിൽവേസ്റ്റേഷനും കൊത്തല്ലൂർ കുന്നത്തറ അംശക്കച്ചേരിയും അഗ്നിക്കിരയാക്കുകയും ഉള്ളിയേരി പാലം തകർക്കുകയും ടെലഗ്രാഫ് ലൈൻ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്നുണ്ടായ ഏറ്റവും പ്രമാദമായ സംഭവമായിരുന്നു കീഴരിയൂർ ബോംബ് കേസ്. അഖിലേന്ത്യാ പൗരസ്വാതന്ത്ര്യസംഘത്തിന്റെ സെക്രട്ടറിയായ ഡോ. കെ. ബി. മേനോൻ ഇതിനായി സഹപ്രവർത്തകരുടെ സഹായത്തോടെ മലബാർ പ്രദേശത്തെ കീഴരിയൂർ എന്ന സ്ഥലത്ത് സംഘം ചേർന്ന് ഗൂഢാലോചന നടത്തി എന്ന പോലീസ് ആരോപണത്തെത്തുടർന്ന് കേസിൽ പ്രതിചേർക്കപ്പെട്ടവർക്ക് വിധി വന്നതോടെ ദീർഘകാലം ജയിൽവാസം അനുഭവിക്കേണ്ടിവന്നു.[2]

കീഴരിയൂരിലുള്ള സ്മാരകം

1942 നവംബർ 17 നായിരുന്നു സ്ഫോടനങ്ങൾ നടന്നത്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കു സമീപം കീഴരിയൂരിലെ കൂന്തങ്കല്ലുള്ളതിൽ വീട്ടിലായിരുന്നു ബോംബ് നിർമാണം. കൊടുംകാടായിരുന്ന മാവട്ട് മലയിൽ പരീക്ഷണവും നടത്തി. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് അമേരിക്കയിൽനിന്നു തിരിച്ചെത്തിയ സോഷ്യലിസ്റ്റ് ഡോ. കെ.ബി. മേനോനും കൂട്ടുകാരും കോഴിക്കോട് ചാലപ്പുറത്തെ വേർക്കോട്ട് രാഘവൻ നായരുടെ വീട്ടിൽ ചേർന്ന രഹസ്യയോഗം ചേർന്ന് നവംബർ ഒൻപതിനു വിധ്വംസക ദിനമായി പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ ആളപായമില്ലാതെ ബോംബു പൊട്ടിച്ച് ബ്രിട്ടിഷുകാരെ ഞെട്ടിക്കാനായിരുന്നു പദ്ധതി. കീഴരീയൂർ ഗ്രാമത്തെ ബോംബു നിർമാണത്തിനു പറ്റിയ സ്ഥലമായി തിരഞ്ഞെടുത്തു. നവംബർ ഒൻപതിന് ബോംബു നിർമാണം പൂർത്തീകരിക്കാത്തതിനാൽ സ്ഫോടനം 17ലേക്കു മാറ്റി. എല്ലായിടത്തും ബോംബു പൊട്ടിക്കാനുള്ള പദ്ധതി പരാജയപ്പെട്ടെങ്കിലും പാട്യം വില്ലേജ് ഓഫിസ്, കീഴ്ത്തള്ളി വില്ലേജ് ഓഫിസ്, കോഴിക്കോട്ട് മദ്രാസ് ഗവർണർ പ്രസംഗിക്കുന്ന പന്തൽ, കല്ലായി റെയിൽവേ സ്റ്റേഷൻ, കല്ലായി ‍ടിംബർ കേന്ദ്രം, മലാപ്പറമ്പ് ഗോൾഫ് ക്ലബ്, തലശ്ശേരി പാത്തിപ്പാലം, പാലക്കാട് വിക്ടോറിയ കോളജ് ലാബ്, മുക്കാളി മത്സ്യം ഉണക്കു കേന്ദ്രം, പള്ളിക്കുന്ന് പോസ്റ്റ് ഓഫിസ്, കണ്ണൂർ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഒരേസമയം ബോംബ് സ്ഫോടനമുണ്ടായി.

സംഭവത്തിനുശേഷം ബ്രിട്ടീഷ് പോലീസ് കീഴരിയൂരിൽ അഴിഞ്ഞാട്ടം നടത്തി. പ്രക്ഷോഭകാരികളുടെ കുടുംബാംഗങ്ങളെ പോലും പോലീസ് വെറുതേ വിട്ടില്ല. കെ.ബി. മേനോനും മത്തായി മാഞ്ഞൂരാനും പുറമെ സി.പി. ശങ്കരൻ നായർ, വി.എ. കേശവൻ നായ‍ർ, ഡി. ജയദേവ റാവു, ഒ. രാഘവൻ നായർ, കാര്യാൽ അച്യുതൻ, ഇ. വാസുദേവൻ, എൻ.പി. അബു, കെ. നാരായണൻ നായർ, കുറുമയിൽ കേളുക്കുട്ടി, ടി. പാച്ചർ, കുറുമയിൽ നാരായണൻ, കെ. കുഞ്ഞിരാമൻ, കെ.വി. ചാമു, വി. പ്രഭാകരൻ, കെ. മുഹമ്മദ് നഹ, പി. മമ്മൂട്ടി, പി. അബ്ദുല്ലക്കോയ തങ്ങൾ, എസ്.എൻ. വള്ളിൽ, വി.കെ. അച്യുതൻ വൈദ്യർ, കെ. ഗോപാലൻ, സി. ദാമോദരൻ, കെ.ടി. അലവി, സി. ചോയുണ്ണി എന്നിവരായിരുന്നു പ്രതികൾ. 12 പേർക്ക് ഏഴു കൊല്ലം തടവും ഒരാൾക്കു 10 കൊല്ലം കഠിന തടവുമായിരുന്നു ശിക്ഷ.[3]

അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ച് നേതാജി സുബാഷ് ചന്ദ്ര ബോസ് കെ.ബി. മേനോനെഴുതിയ കത്ത് പ്രസിദ്ധമാണ്. വി.എ. കേശവൻ നായരുടെ 'ഇരുമ്പഴിക്കുള്ളിൽ' എന്ന ഗ്രന്ഥം കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച ആധികാരിക ഗ്രന്ഥമാണ്. [4]

  1. മാതൃഭൂമി തൊഴിൽവാർത്ത, പത്താം വാർഷിക സപ്ലിമെന്റ്, പേജ് 21
  2. http://www.dcbooks.com/blog/tag/quit-india-day/[പ്രവർത്തിക്കാത്ത കണ്ണി]
  3. മേനോൻ, രാജീവ് (9 August 2017). "ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറപ്പിച്ച കീഴരിയൂർ ബോംബ് കേസ്". www.manoramaonline.com. manoramaonline. Retrieved ഓഗസ്റ്റ് 2, 2020.
  4. "കീഴരിയൂർ ബോംബ് കേസിന് എഴുപത്തിയഞ്ചാമാണ്ട്". മാതൃഭൂമി. 8 August 2017. Retrieved ഓഗസ്റ്റ് 2, 2020.
"https://ml.wikipedia.org/w/index.php?title=കീഴരിയൂർ_ബോംബ്_കേസ്&oldid=3628468" എന്ന താളിൽനിന്ന് ശേഖരിച്ചത്