പ്രപഞ്ചത്തിലെ ജീവന്റെ ഉത്ഭവത്തെ കുറിച്ചും പരിണാമത്തെ കുറിച്ചും വിതരണത്തെ കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജ്യോതിർജീവശാസ്ത്രം. എക്സോബയോളജി, എക്സോപേലിയോൺടോളജി, ബയോആസ്ട്രോണമി, ക്സീനോബയോളജി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. നമ്മുടെ സൗരയൂഥത്തിൽ ആവാസയോഗ്യമായ അന്തരീക്ഷങ്ങളും സൗരയൂഥത്തിനു പുറത്ത് ആവാസയോഗ്യമായ ഗ്രഹങ്ങളും കണ്ടെത്തുക, ജീവപൂർ‌വ രസതന്ത്രത്തിന്‌ തെളിവുകൾ കണ്ടെത്തുക, ചൊവ്വയിലും മറ്റു ഗ്രഹങ്ങളിലും ജീവൻ അന്വേഷിക്കുക, ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെ കുറിച്ചും ആദിമ പരിണാമത്തെ കുറിച്ചും ഗവേഷണം നടത്തുക എന്നിവ ഈ ശാസ്ത്ര ശാഖയിൽ ഉൾപ്പെട്ടിരിക്കുന്നു.

ഭൗതികശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, ജീവശാസ്ത്രം, തന്മാത്രാ ജീവശാസ്ത്രം, പരിതഃസ്ഥിതിക ശാസ്ത്രം, ഗ്രഹശാസ്ത്രം, ഭൂമിശാസ്ത്രം, ഭൂഗർഭശാസ്ത്രം എന്നീ ശാസ്ത്ര ശാഖകളുടെ സഹായത്താൽ ജ്യോതിർജീവശാസ്ത്രം മറ്റു ലോകങ്ങളിൽ ജീവൻ നിലനിൽക്കാൻ ഉള്ള സാധ്യതയെ കുറിച്ച് പഠിക്കുന്നു. ഭൂമിയിലെ ജീവമണ്ഡലത്തിൽ നിന്നും വ്യത്യസ്തമായ ജീവമണ്ഡലങ്ങൾ തിരിച്ചറിയുന്നതിനും ജ്യോതിർജീവശാസ്ത്രം സഹായിക്കുന്നു. എന്നാൽ ജ്യോതിർജീവശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഇപ്പോഴും പല മേഖലകളിൽ നിന്നും വെല്ലുവിളികൾ നേരിടുന്നു. ജ്യോതിർജീവശാസ്ത്രത്തിന്റെ പല തത്ത്വങ്ങളും ഇപ്പോഴും ഉഹാപോഹങ്ങളെ അടിസ്ഥാനമാക്കി ഉള്ളവയാണ്.

...പത്തായം കൂടുതൽ വായിക്കുക...