കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിൽ പാലക്കാട് ജില്ലയിലെ കല്ലേക്കുളങ്ങര ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു പരാശക്തി ക്ഷേത്രമാണ് പാലക്കാട് ശ്രീ ഹേമാംബികാ ക്ഷേത്രം. പാലക്കാട് നഗര പരിസരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം കൂടിയാണിത്. പാലക്കാട് നഗര ഹൃദയത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രമാണ് ഈ ഭഗവതി ക്ഷേത്രത്തിലേക്കുള്ള ദൂരം. പുരാതന കേരളത്തിന്റെ രക്ഷക്കായി പരശുരാമൻ പ്രതിഷ്ഠിച്ച നാല് അംബികാലയങ്ങളിലൊന്നാണിത്. ഭഗവതി ആദിപരാശക്തിയുടെ അനുഗ്രഹിക്കുന്ന ഭാവത്തിലുള്ള രണ്ട് കൈപ്പത്തികളാണ് ഇവിടുത്തെ പ്രതിഷ്ഠ. മറ്റൊരു ക്ഷേത്രത്തിലും ഇത്തരം പ്രതിഷ്ഠയില്ല എന്നതുതന്നെ ഇതിനെ ശ്രദ്ധേയമാക്കുന്നു.[അവലംബം ആവശ്യമാണ്] നൃത്തം, സംഗീതം, സിനിമ, സാഹിത്യം തുടങ്ങിയ മേഖലയിൽ ഉള്ള കലോപാസകരുടെ ഒരു കേന്ദ്രം കൂടിയാണ് ഈ പ്രസിദ്ധമായ ക്ഷേത്രം. തീരാത്ത ദുരിതങ്ങളിൽ നിന്നും, മാറാ രോഗങ്ങളിൽ നിന്ന് മുക്തി തേടിയും, വിദ്യാഭ്യാസ ഉയർച്ചക്കായും ഭക്തർ ഇങ്ങോട്ടേക്കു എത്തുന്നു. കൊല്ലൂർ മൂകാംബിക, കോഴിക്കോട് ലോകനാർക്കാവ് ലോകാംബിക, കന്യാകുമാരി ബാലാംബിക എന്നിവയാണ് മറ്റു 3 ക്ഷേത്രങ്ങൾ. ഏമൂർ ഹേമാംബിക ക്ഷേത്രം എന്നുമറിയപ്പെടുന്ന ഈ ക്ഷേത്രം സന്ദർശിക്കുവാൻ ധാരാളം ഭക്തജനങ്ങളെത്തുന്നു. രാവിലെ മഹാസരസ്വതിയായും ഉച്ചയ്ക്ക് മഹാലക്ഷ്മിയായും വൈകീട്ട് മഹാകാളിയായുമാണ് ഹേമാംബികാദേവി പൂജിയ്ക്കപ്പെടുന്നത്. ക്ഷേത്രത്തിലെ നവരാത്രി ഉത്സവം അതിവിശേഷമാണ്.[1] ദേവിയുടേതെന്നു വിശ്വസിക്കപ്പെടുന്ന രണ്ട് കൈപ്പത്തികളാണ് ഇവിടെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്[2][3]
കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | പാലക്കാട് |
സ്ഥാനം: | കല്ലേക്കുളങ്ങര |
വാസ്തുശൈലി, സംസ്കാരം | |
വാസ്തുശൈലി: | കേരളീയ ക്ഷേത്രനിർമ്മാണശൈലി |
ചരിത്രം | |
സൃഷ്ടാവ്: | കുറൂർ നമ്പൂതിരി |
ഭരണം: | മലബാർ ദേവസ്വം ബോർഡ് |
കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിനുശേഷം ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു.[4] ഇവിടുത്തെ കൈപ്പത്തി പ്രതിഷ്ഠയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോൺഗ്രസ് പാർട്ടിക്ക് 'കൈപ്പത്തി' ചിഹ്നം നൽകാൻ തീരുമാനിച്ചതെന്നുള്ള ഒരു കഥ കേരളത്തിൽ പ്രചരിയ്ക്കുന്നുണ്ട്.[4]
ഹേമാംബികാ ക്ഷേത്രത്തിനടുത്തായി ചേന്ദമംഗലം, ഈശ്വരമംഗലം എന്നീ പേരുകളിൽ രണ്ട് ശിവക്ഷേത്രങ്ങളുമുണ്ട്. ഭഗവതി ദർശനം നടത്തുന്നവർ ഇവിടെ ദർശനം നടത്തുന്നത് വിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
ഐതിഹ്യം
തിരുത്തുകആദി ശങ്കരാചാര്യരുടെ കാലത്ത് നടന്നതെന്ന് പറയപ്പെടുന്ന ഒരു സംഭവമാണ് ഹേമാംബികാ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനു പിന്നിൽ. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 15 കിലോമീറ്റർ മാറി ഇന്നത്തെ മലമ്പുഴ ഡാമിന്റെ എതിർവശത്തായി ഘോരവനത്തിൽ മലമുകളിൽ ഒരു ദുർഗ്ഗാക്ഷേത്രമുണ്ടായിരുന്നു. ഭക്തരായ കുറൂർ, കൈമുക്ക് നമ്പൂതിരിമാർ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ദിവസവും അവിടം വരെ പോയി ദർശനം നടത്തുമായിരുന്നു. വർഷങ്ങളോളം അവരുടെ ഈ ചിട്ടയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരുദിവസം, യാത്രയുടെ വിഷമവും പ്രായാധിക്യവും മൂലം അവർ വഴിയിൽ ഒരു മരച്ചുവട്ടിൽ വിശ്രമിയ്ക്കാൻ തീരുമാനിച്ചു. ആ സമയത്ത് ദുർഗാഭഗവതി അവർക്കു മുന്നിൽ ഒരു വൃദ്ധയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഏതാനും പഴങ്ങൾ സമ്മാനിച്ചു. അവ കഴിച്ചതും അവർക്ക് സന്തോഷമായി.
പിറ്റേന്ന് രാവിലെ കുറൂരും കൈമുക്കും കൂടി ക്ഷേത്രത്തിലേയ്ക്ക് പോകും വഴി തലേന്ന് വിശ്രമിച്ച സ്ഥലത്ത് ഒരു ആന നിൽക്കുന്നത് കാണാനിടയായി; ആ ആനയുടെ അടുത്ത് സ്വർണ്ണപ്രഭയോടെ ജഗദംബികയും! അന്നുമുതൽ അവരുടെ യാത്ര ആ മരച്ചുവട്ടിലേയ്ക്കായി. എന്നാൽ, പ്രായം വീണ്ടും അതിക്രമിച്ചപ്പോൾ അവിടം വരെയും പോകാൻ അവർക്ക് കഴിയാതായി. ഒരു ദിവസം രാത്രി ഉറങ്ങുന്നതിനിടയിൽ ഭഗവതി കുറൂരിന് സ്വപ്നദർശനം നൽകുകയും താൻ അടുത്തുള്ള തടാകത്തിൽ കുടികൊള്ളുന്നതായിരിയ്ക്കും എന്ന് അരുളുകയും ചെയ്തു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ കുറൂർ സുഹൃത്തായ കൈമുക്കിനോടൊപ്പം കുളിയ്ക്കാനായി തടാകത്തിൽ ചെന്നു. ആ സമയത്താണ് തടാകത്തിൽ നിന്ന് അതിസുന്ദരമായ രണ്ട് കൈകൾ പൊന്തിവരുന്നതായി കണ്ടത്. അവ ദേവിയുടേതാണെന്ന് മനസ്സിലാക്കിയ കുറൂരും കൈമുക്കും പ്രായാധിക്യം വകവയ്ക്കാതെ ആ ഭാഗം വരെ നീന്തിച്ചെന്ന് കൈകൾ പിടിയ്ക്കാൻ ശ്രമിച്ചു. എന്നാൽ, ആ നിമിഷം തന്നെ കൈകൾ രണ്ടും കല്ലായി! 'കല്ലേക്കുളങ്ങര' എന്ന പേര് ഈ സംഭവവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. തുടർന്ന്, ആ ഭക്തർ കൈകൾ പ്രത്യക്ഷപ്പെട്ട ഭാഗത്തിനടുത്തുള്ള തടാകഭാഗങ്ങൾ നികത്തി ക്ഷേത്രം പണിയിയ്ക്കുകയും ശിഷ്ടകാലം ഭഗവതിയെ ഉപാസിച്ച് ജീവിയ്ക്കുകയും ചെയ്തു.
വഴിപാടുകൾ
തിരുത്തുകരോഗശാന്തി, സന്താനലബ്ദി, വിദ്യാപുരോഗതി തുടങ്ങിയ അനുഗ്രഹങ്ങൾക്കായി വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്താറുണ്ട്.
കുട്ടികളില്ലാത്ത ദമ്പതിമാർ ഇവിടെ എത്തി പ്രാർഥിച്ചാൽ കുഞ്ഞുണ്ടാകുമെന്നും കുഞ്ഞുണ്ടായി ആറു മാസത്തിനു ശേഷം ഇവിടെ എത്തി അടിമ കിടത്തണമെന്നും കൂടാതെ തൊട്ടിൽ സമർപ്പിക്കണമെന്നുമാണ് വിശ്വാസം. കുട്ടിയും തൊട്ടിയും എന്നാണ് ഈ വഴിപാട് അറിയപ്പെടുന്നത്.
ദേവി മാഹാത്മ്യ പാരായണം ഇവിടെ വിശേഷാൽ വഴിപാടാണ്. രോഗനാശത്തിനും ദുരിതശാന്തിക്കുമായി ഐശ്വര്യത്തിനുമായി ദേവി മഹാത്മ്യം പതിനൊന്നാം അദ്ധ്യായമാണ് ഇവിടെ പാരായണം ചെയ്യേണ്ടത്. വിദ്യാഭ്യാസ ഉയർച്ചക്ക് നാലാം അദ്ധ്യായം പാരായണം ചെയ്യുക എന്നതാണ് വഴിപാട്.
നവരാത്രി ഉത്സവം
തിരുത്തുകക്ഷേത്രത്തിലെ പ്രധാന ഉത്സവം നവരാത്രി ആഘോഷമാണ്. കേരളത്തിലെ മിക്ക ഭഗവതി ക്ഷേത്രങ്ങളിലും ഇത് പ്രധാനമാണെങ്കിലും ഇവിടെ അതി വിശേഷമായ മഹോത്സവമാണ്. മറ്റു കോടിയേറ്റ് ഉത്സവങ്ങൾ ഇല്ല. നവരാത്രി ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം ഭക്തർ ഇവിടെ എത്തിച്ചേരുന്നു. നവരാത്രിയിൽ ഇവിടുത്തെ ഭഗവതി ദർശനം സർവ്വ അനുഗ്രഹദായകമാണ് എന്നാണ് വിശ്വാസം. സരസ്വതി ഭാവം ഉള്ളതിനാൽ വിജയദശമി നാളിലെ വിദ്യാരംഭം ഇവിടെ അതി വിശേഷമാണ്.
ഭഗവതിയുടെ മൂന്ന് ഭാവങ്ങൾ
തിരുത്തുകദുർഗാ സ്വരൂപിണിയായ ഹേമാംബിക ദേവി പ്രധാനമായും മൂന്ന് ഭാവങ്ങളിൽ ആരാധിക്കപ്പെടുന്നു. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നിവയാണ് അത്. അതിനാൽ രാവിലെ പണപ്പായസം, ഉച്ചക്ക് പാല്പായസം, വൈകിട്ട് കടുംപായസം എന്നിവയാണ് നിവേദ്യം.
ഇന്ദിരാഗാന്ധിയും ഹേമാംബിക ക്ഷേത്രവും
തിരുത്തുക1982 ൽ കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിനു ശേഷം ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദർശിച്ചിരുന്നുവത്രെ. ലീഡർ കെ കരുണാകൻരെ ഒപ്പമായിരുന്നു അന്ന് ഇന്ദിരാഗാന്ധി ഇവിടം സന്ദർശിച്ചത്.
അനുഗ്രഹിക്കുന്ന കൈപ്പത്തി ഇവിടെ എത്തിയ ഇന്ദിരാ ഗാന്ധിയെ ഏറ്റവും ആകർഷിച്ചത് അനുഗ്രഹിക്കുന്ന രൂപത്തിലുള്ള കൈപ്പത്തിയുടെ പ്രതിഷ്ഠ തന്നെയാണ്. കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിനു ശേഷം ഇവിടുത്തെ പ്രതിഷ്ഠയിൽ നിന്നുമാണ് കൈപ്പത്തി ചിഹ്നം കോൺഗ്രസിനു നല്കുവാൻ ഇവർ തീരുമാനിച്ചത് എന്നൊരു കഥ പ്രചാരത്തിലുണ്ട്. ഇന്ദിരാഗാന്ധി ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഇവിടെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
ഭഗവതി സ്തുതികൾ
തിരുത്തുകജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതി ഹി സാ ബലാദാകൃഷ്യ മോഹായ മഹാമായാ പ്രയച്ഛതി (1)
ദുർഗ്ഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോഃ സ്വസ്ഥൈഃ സ്മൃതാ മതിമതീവ ശുഭാം ദദാസി ദാരിദ്ര്യദുഃഖഭയഹാരിണി കാ ത്വദന്യാ സർവ്വോപകാരകരണായ സദാർദ്രചിത്താ (2)
സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ (3)
ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ (4)
സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോ ദേവി ദുർഗ്ഗേ ദേവി നമോസ്തുതേ (5)
ജ്വാലാ കരാള മത്യുഗ്രം അശേഷാസുരസൂദനം തൃശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ (6)
രോഗാന ശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി (7)
സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം (8)
ദേവി മാഹാത്മ്യം
ആയുർദേഹി ധനംദേഹി വിദ്യാം ദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരീ.
ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി അനന്തം ദേഹി സൗഭാഗ്യം മഹ്യം തുഭ്യം നമോനമ:
അംബികാ അനാദിനിധനാ ആശ്വാരൂഡാ അപരാജിത
ദുർഗ്ഗായൈ ദുർഗ്ഗപാരായൈ സാരായൈ സർവ്വകാരിണ്യൈ ഖ്യാത്യൈ തഥൈവ കൃഷ്ണായൈ ധൂമ്രായൈ സതതം നമഃ
യാ ദേവീ സർവ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:
കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.
എത്തിച്ചേരുവാൻ
തിരുത്തുകപാലക്കാട് അകത്തേത്തറ എന്ന ഗ്രാമത്തിലെ കല്ലേക്കുളങ്ങര എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാട് നഗര പ്രദേശത്തോട് ചേർന്നു കിടക്കുന്ന ക്ഷേത്രമാണിത്. പാലക്കാട് നഗരത്തിൽ നിന്നും മലമ്പുഴ റോഡിൽ 8 കി.മി ഇങ്ങോട്ടേക്കുള്ളത്. പാലക്കാട് നിന്നും മലമ്പുഴയ്ക്ക് യാത്ര ചെയ്യുന്നവർക്ക് എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. ബസ് സർവീസുകളും ലഭ്യമാണ്. പാലക്കാട്ടെ പ്രധാന റയിൽവേ സ്റ്റേഷനായ ഒലവക്കോട് നിന്നും ഒന്നര കിലോമീറ്റർ വടക്കു ഭാഗത്തേക്ക് സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ധാരാളം ട്രെയിനുകൾ ഇവിടെ നിർത്താറുണ്ട്.
അവലംബം
തിരുത്തുക- ↑ https://www.manoramaonline.com/astrology/astro-news/2018/06/09/kallekulangara-hemambika-temple.html
- ↑ https://malayalam.nativeplanet.com/travel-guide/kallekulangara-temple-palakkad-history-timing-how-reach-003158.html
- ↑ https://www.mathrubhumi.com/palakkad/malayalam-news/palakkadu-1.1412465[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 4.0 4.1 "'കൈപ്പത്തി ചിഹ്നം' എങ്ങനെ കോണ്ഗ്രസിന്റേതായി?". വെബ് ദുനിയ. 2014-01-25. Archived from the original on 2019-12-21. Retrieved 2018-02-17.
{{cite web}}
: CS1 maint: bot: original URL status unknown (link)