കലാമണ്ഡലം സിന്ധു
കേരളീയയായ ഒരു കൂടിയാട്ടം-നങ്ങ്യാർകൂത്ത് കലാകാരിയാണ് കലാമണ്ഡലം സിന്ധു. ഐ സി സി ആർ എംപാനൽഡ് ആർട്ടിസ്റ്റ് ആയ സിന്ധു കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കലാമണ്ഡലം സിന്ധു | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | കൂടിയാട്ടം-നങ്ങ്യാർകൂത്ത് കലാകാരി |
ജീവിത രേഖ
തിരുത്തുകമുകുന്ദൻ നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകളായി തൃശ്ശൂർ ജില്ലയിൽ പെരുംതുരുത്തിയിൽ ജനനം.[1] അച്ഛൻ മുകുന്ദൻ നായർ ഒരു നാടകനടനായിരുന്നു.[2] വടക്കാഞ്ചേരിക്കടുത്ത് നെല്ലുവായ അമ്പലത്തിൽ കഥകളിയും കൂത്തും അരങ്ങേറാറുണ്ടായിരുന്നു. അത് കാണാന് അച്ഛൻ എപ്പോഴും പോകും. ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കാനായിരുന്നു താൽപ്പര്യം എങ്കിലും,[3] അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി 1992 ൽ പതിനഞ്ചാം വയസ്സിൽ കൂടിയാട്ടം പഠിക്കാനായി കലാമണ്ഡലത്തിൽ എത്തി.[2] കലാമണ്ഡലം രാമചാക്യാർ, പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ഗിരിജ, കലാമണ്ഡലം ശൈലജ എന്നിവരുടെ കീഴിലായി 1992 മുതൽ 99 വരെ കലാമണ്ഡലത്തിൽ പഠനവും പരിശീലനവും.[4] സ്ഥാപനത്തിൽ നിന്നുള്ള 1997 ലെ കൂടിയാട്ടം ബിരുദധാരികളിൽ സിന്ധു മാത്രമാണ് ഒരു വർഷത്തെ സൂപ്പർ സ്പെഷ്യലൈസേഷനായി തിരഞ്ഞെടുക്കപ്പെട്ടത്.[3] അങ്ങനെയാണ് രാമ ചാക്യാരുടെ കീഴിൽ പ്രത്യേകമായി പരിശീലനം നേടാനുള്ള അവസരം അവർക്ക് ലഭിച്ചത്.[3] പിന്നീട്, മാനവവിഭവശേഷി മന്ത്രാലയത്തിൽ നിന്നുള്ള സ്കോളർഷിപ്പ് നേടി സിന്ധു, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായി കണക്കാക്കുന്ന ഉഷ നങ്ങ്യാരുടെ കീഴിൽ നങ്ങ്യാർകൂത്തിൽ രണ്ട് വർഷ പരിശീലനം നേടി.[3]
സിന്ധു, തിരുവനന്തപുരം നിരീക്ഷ എന്ന സ്ത്രീ നാടകവേദിയുടെ പുനർജ്ജനി എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.[4]
ജോലി
തിരുത്തുകഒരു വർഷം കലാമണ്ഡലത്തിൽ ജോലി ചെയ്ത സിന്ധു അതിനുശേഷം പൈങ്കുളം രാമു ചാക്യാർ സ്മാരക കലാപീഠത്തിൽ ഒരു വർഷവും മാണി മാധവ ചാക്യാർ സ്മാരക ഗുരുകുലത്തിൽ ഒന്നര വർഷവും ജോലിചെയ്തു. 2007 ൽ മാർഗി സതി കലാമണ്ഡലത്തിലേക്ക് പോയ ഒഴിവിലാണ് സിന്ധു മാർഗിയിൽ സ്റ്റാഫായി ജോയിൻ ചെയ്യുന്നത്.[2] വിദ്യാർഥികളെ പഠിപ്പിക്കുന്നതിനൊപ്പം മാർഗിയിൽ നങ്ങ്യാർകൂത്ത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. 2007 മുതൽ 2017 വരെ മാർഗിയിൽ ജോലിചെയ്തു.[4] മാർഗിയിൽ ജോലി ചെയ്തകാലത്ത് നങ്യാർകൂത്തിന്റെ ഒട്ടനവധി പാഠങ്ങൾ പഠിക്കാൻ അവസരം ലഭിച്ചതായി സിന്ധു പറയുന്നു.
നൃത്ത രംഗത്ത്
തിരുത്തുക2010 ൽ സിന്ധു ദേവി മാഹാത്മ്യത്തെ അടിസ്ഥാനമാക്കി ഭദ്രകാളിചരിതം നങ്ങ്യാർകൂത്ത് അവതരിപ്പിച്ചു.[3] കാലൊടിഞ്ഞ് പ്ലാസ്റ്റർ ഇട്ട് കിടക്കുന്ന സമയത്ത് ആറ്റുകാലമ്മയ്ക്ക് നേർന്ന നേർച്ചയായിരുന്നു ഭദ്രകാളിചരിതം നങ്ങ്യാർകൂത്ത്.[2] മാർഗി സതി രചിച്ച ശ്രീകൃഷ്ണചരിതം നങ്ങ്യാർകൂത്ത് മുഴുവൻ ഒരു വേദിയിൽ പ്രതിമാസം (തഞ്ചാവൂർ അമ്മവീട്, തിരുവനന്തപുരം) ഒരു പരമ്പരയായി അവതരിപ്പിക്കാനുള്ള വെല്ലുവിളി ഈ കലാകാരി ഏറ്റെടുത്തിട്ടുണ്ട്.[3][4] 40 എപ്പിസോഡുകൾ ആയാണ് ശ്രീരാമചരിതം നങ്ങ്യാർകൂത്ത് അരങ്ങിൽ നടത്തേണ്ടത്. 2015 ൽ ആരംഭിച്ച ശ്രീരാമചരിതം അവതരണം കാണാൻ രോഗം മൂർച്ഛിച്ച അവസ്ഥയിൽ പോലും സതി കലാമണ്ഡലത്തിൽ നിന്ന് തിരുവനന്തപുരത്ത് എത്താറുണ്ടായിരുന്നു. പക്ഷെ സതിയുടെ വിയോഗത്തോടെ കൂടി അവതരണം നിലച്ചു.[4] കുറച്ചു നാളുകൾക്കു ശേഷം വീണ്ടും ആരംഭിച്ച നൃത്ത പരമ്പര കാവാലത്തിന്റെയും ഓ.എൻ.വിയുടെയും മരണത്തോടെ വീണ്ടും നിലച്ചു.[4] 2019 സെപ്റ്റംബറിൽ ഭദ്രകാളിചരിതം നങ്ങ്യാർക്കൂത്ത് പരമ്പര വീണ്ടും തുടങ്ങുകയുണ്ടായി.[4] സിന്ധു അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും തുടർച്ചയായി നങ്യാർക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്.[2]
ഫ്രാൻസ്, ജർമ്മനി, ഹോളണ്ട്, റഷ്യ, സൈബീരിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പരിപാടികൾ നടത്തിയിട്ടുള്ള സിന്ധു യുനെസ്കോയുടെ ക്ഷണപ്രകാരം റഷ്യയിൽ കൂടിയാട്ടം-നങ്ങ്യാർകൂത്ത് അവതരിപ്പിച്ചിട്ടുണ്ട്.[4]
കുടുംബം
തിരുത്തുകഭർത്താവ് ശശികുമാർ, മകൻ ശ്രീഹരി.[2]
പുരസ്കാരങ്ങളും അംഗീകാരങ്ങളും
തിരുത്തുക- കേരള സംഗീത നാടക അക്കാദമി പുരസ്കാരം[5]
- കേരള കലാമണ്ഡലം അവാർഡ്[6]
- നവരസം സംഗീതസഭ അവാർഡ്[6]
- ഭാഗവതർ കുഞ്ഞുണ്ണിത്തമ്പുരാൻ അവാർഡ്[4]
- തിരുവനന്തപുരം സ്വരലയ അവാർഡ്[4]
- തൃശ്ശൂർ ഡോക്ടർ ടി. ഐ രാധാകൃഷ്ണൻ ഫൗണ്ടേഷൻ അവാർഡ്[4]
- ശ്രീരാമകൃഷ്ണാശ്രമം അവാർഡ്[4]
- കേന്ദ്ര ഗവൺമെന്റിന്റെ ജൂനിയർ ഫെലോഷിപ്പ്[4]
- കൂടിയാട്ടത്തിൽ ഐ സി സി ആർ എംപാനൽഡ് ആർട്ടിസ്റ്റ് ആണ് സിന്ധു[7]
അവലംബം
തിരുത്തുക- ↑ "Thiraseela.com". thiraseela.com.
- ↑ 2.0 2.1 2.2 2.3 2.4 2.5 "Interview - Kalamandalam Sindhu | സിന്ധു ചോദിക്കുന്നു "കൂടിയാട്ടത്തെ ശ്രദ്ധിക്കാത്തതെന്തേ?"". malayalam.webdunia.com.
- ↑ 3.0 3.1 3.2 3.3 3.4 3.5 Sathyendran, Nita (1 ജൂൺ 2012). "Art of theatre". The Hindu (in Indian English).
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 "മാർഗി സതിയുടെസ്വപ്നത്തിലേക്ക് ചുവടുവച്ച് കലാമണ്ഡലം സിന്ധു; മാർഗി സതി രചിച്ച ശ്രീരാമചരിതം നങ്യാരമ്മ കൂത്ത് സമ്പൂർണ അവതരണം, നാളെ കഥ സീതാ ജനനം". Janachinda Daily. 20 സെപ്റ്റംബർ 2019. Archived from the original on 2021-09-04. Retrieved 2021-09-04.
- ↑ "കേരള സംഗീത നാടക അക്കാദമി: ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". News18 Malayalam. 17 സെപ്റ്റംബർ 2020.
- ↑ 6.0 6.1 "Kalamandalam Sindhu". meetkalakar.com.
- ↑ "Kalamandalam Sindhu | Indian Council for Cultural Relations". www.iccr.gov.in.