കലംകനിപ്പ്
കാസർകോഡ് ജില്ലയിലെ പാലക്കുന്ന് ഭഗവതീക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിന് മുന്നോടിയായി നടക്കുന്ന മഹോത്സവമാണ് 'കലംകനിപ്പ്'. ധനുമാസത്തിൽ ചെറിയ കലംകനിപ്പും മകരത്തിൽ വലിയ കലംകനിപ്പും നടക്കുന്നു[1]
ഐതിഹ്യം
തിരുത്തുകദേവി എഴുന്നള്ളുന്ന സമയത്ത് ദേവീയോടൊപ്പം ദൂതനായി വന്നയാൾക്ക് തീയ്യ സമുദായത്തിൽപ്പെട്ട സ്ത്രീ പുതിയ മൺകലത്തിൽ ഭക്ഷണം പാകം ചെയ്ത് നൽകിയപ്പോൾ ചോറിൽ ദേവിയുടെ രൂപം തെളിഞ്ഞതിന്റെ സങ്കൽപ്പമായിട്ടാണ് കലംകനിപ്പ് നടത്തുന്നത്. പഴയകാലത്ത് വസൂരിയടക്കമുളള മഹാ രോഗങ്ങൾക്ക് ശാന്തി ലഭിക്കാനാണ് കലം കനിപ്പ് നിവേദ്യം തുടങ്ങിയതെന്നാണ് ചരിത്രം [2]. ചന്ദ്രഗിരി, കരിച്ചേരി, ചിത്താരി എന്നീ പുഴകൾക്ക് ഇടയ്ക്കുള്ള 28 പ്രദേശങ്ങളിലെ ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ കലംകനിപ്പ് മഹാനിവേദ്യം സമർപ്പിക്കാൻ എത്തുന്നത്. ഏകദേശം 8,000 ത്തോളം മൺകലങ്ങൾ ക്ഷേത്രസന്നിധിയിൽ സമർപ്പിക്കപ്പെടുന്നു. ഭണഡാരവീട്ടിൽനിന്നുള്ള കലമാണ് ആദ്യം സമർപ്പിക്കുന്നത്. തുടർന്ന് നൂറുകണക്കിന് ഭക്തർ നിവേദ്യകലങ്ങളുമായി ക്ഷേത്രത്തിലെത്തുന്നു[3]. നാടിന്റെ ക്ഷേമ ഐശ്വരത്തിനും പാപനാശത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും രോഗമുക്തിക്കും ഉയർന്നജോലികിട്ടാനുമൊക്കെ ജാതി-മത വ്യത്യാസമില്ലാതെ പാലക്കുന്നമ്മയ്ക്ക് കലംകനിപ്പ് നേർച്ച നേരാറുണ്ട്. തീയ്യ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാത്രമാണ് കലംകനിപ്പിനെത്തുന്നത്. വ്രതശുദ്ധിയോടെ നഗ്നപാദരായിട്ടാണ് സ്ത്രീകൾ നിവേദ്യമെത്തിക്കുന്നത്. മറ്റു സമുദായക്കാർ വഴിപാട് നടത്താൻ ഇവരെ ചുമതലപ്പെടുത്തുകയാണ് പതിവ്[4].
ചടങ്ങ്
തിരുത്തുകപുത്തൻ കലത്തിൽ ഉണക്കലരി, അരിപ്പൊടി, ശർക്കര, അടയുണ്ടാക്കാനുള്ള കുരുത്തോല, തേങ്ങ, അടയ്ക്ക, വെറ്റില എന്നിവയാണ് നിവേദ്യവസ്തുക്കൾ. ഇതെല്ലാം മൺകലത്തിലാക്കി, വാഴയിലകൊണ്ടു മൂടിക്കെട്ടി വ്രതശുദ്ധിയോടെ സ്ത്രീകൾ കാൽനടയായി ക്ഷേത്രത്തിലെത്തിക്കും. ക്ഷേത്രമുറ്റത്തുതന്നെ ഇത് പാകം ചെയ്യും. കുരുത്തോലയിലാണ് അട ചുട്ടെടുക്കുന്നത്. ഇവ ദേവിക്ക് നിവേദിച്ചശേഷം ഭക്തർ ഏറ്റുവാങ്ങി വീടുകളിലേക്ക് തിരികെ പോകുന്നതോടെ കനിപ്പ് സമാപിക്കും. ഈ ദിവസം ക്ഷേത്രസന്നിധിയിൽ എത്തുന്ന മുഴുവൻ വിശ്വാസികൾക്കും മങ്ങണം എന്നറിയപ്പെടുന്ന മൺചട്ടിയിൽ ഉണക്കലരി കഞ്ഞിയും അച്ചാറും ദേവീപ്രസാദമായി നൽകും.
ആറ്റുകാൽ പൊങ്കാലയും കലംകനിപ്പും
തിരുത്തുകപാലക്കുന്ന് കലംകനിപ്പും ആറ്റുകാൽ പൊങ്കാലയും തമ്മിൽ വളരെയേറെ സാദൃശ്യമുണ്ട്. ദേവീക്ഷേത്രത്തിൽ നിവേദ്യം തയ്യാറാക്കി സമർപ്പിക്കുന്ന നേർച്ചകളാണ് രണ്ടും. സ്ത്രീകളാണ് രണ്ടിലും നേർച്ചവസ്തുക്കൾ സമർപ്പിക്കുന്നത്. എന്നാൽ, പൊങ്കാലയിൽ സ്ത്രീകൾ തന്നെ അടുപ്പുകൂട്ടി കഞ്ഞിവെച്ച് നിവേദ്യം തയ്യാറാക്കുമ്പോൾ, കലംകനിപ്പിൽ കുരുത്തോലയിലയിൽ അട ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. കുരുത്തോല കൂട്ടിക്കെട്ടാനും പാചകത്തിൽ സഹായിക്കാനും ക്ഷേത്രത്തിൽ പുരുഷന്മാരുണ്ടാവും[5]. കലംകനിപ്പിന് പുത്തൻ മൺകലങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളു. പൊങ്കാലയിടുന്നവരും മൺകലങ്ങൾ പൊതുവേ ഉപയോഗിക്കുന്നുവെങ്കിലും, ലോഹപ്പാത്രങ്ങളും ഉപയോഗിച്ചു കാണുന്നു.
കലംകനിപ്പും കുടിൽവ്യവസായവും
തിരുത്തുകനാട്ടിൻപുറങ്ങളിൽ തയ്യാറാക്കുന്ന മൺകലങ്ങളാണ് കലംകനിപ്പിന് ഉപയോഗിക്കുന്നത്. പതിനായിരത്തിൽപ്പരം കലങ്ങൾ ഇങ്ങനെ ഉപയോഗിക്കപ്പെടുന്നു. ക്ഷേത്രസന്നിധിയിൽ എത്തുന്ന വിശ്വാസികൾക്ക് ദേവീപ്രസാദമായി ഉണക്കലരി കഞ്ഞി നൽകുന്നതിന് മൺചട്ടിയും ധാരാളമായി ഉപയോഗിക്കുന്നു. മൺപാത്ര കുടിൽവ്യവസായത്തെ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
ചിത്രശാല
തിരുത്തുക-
പാലക്കുന്ന് ഭഗവതി ക്ഷേത്രം
-
നേർച്ചക്കലങ്ങളുമായി ക്ഷേത്രപ്രവേശം
-
നേർച്ചക്കലങ്ങളുമായി ഘോഷയാത്ര
-
നേർച്ചക്കലങ്ങൾ ക്ഷേത്രമുറ്റത്ത്
-
നിവേദ്യക്കഞ്ഞി തയ്യാറാക്കുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-05. Retrieved 2017-02-03.
- ↑ http://janayugomonline.com/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%81/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://pratheeshpallathil.blogspot.in/2014/07/blog-post_21.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-05. Retrieved 2017-02-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-04. Retrieved 2017-02-03.