ആനത്തിമിംഗിലം എന്നുകൂടി പേരുള്ള ഒരു സസ്തനിയാണ് കടലാന. സീലുകളിൽ ഏറ്റവും വലിപ്പംകൂടിയതാണ് ഇത്. തുമ്പിക്കൈ പോലെ തോന്നിക്കുന്ന നീണ്ട മുഖവും, ആനയെപ്പോലെ വലിപ്പവും ഉള്ളതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്.

കടലാന
കടലാനകൾ ആണും, പെണ്ണും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Mirounga
Species

M. angustirostris
M. leonina

ഉപവർഗ്ഗങ്ങൾ

തിരുത്തുക
 
ആൺ അന്റാർട്ടിക് കടലാന

മിറൂങ്ഗാ ജീനസ്സിൽപ്പെടുന്ന രണ്ടു സ്പീഷീസ് ജീവിച്ചിരിപ്പുണ്ട്. പസിഫിക് തീരങ്ങളിൽ കാണപ്പെടുന്ന മിറൂങ്ഗാ അങ്ഗൂസ്റ്റിറോസ്റ്റ്രിസ് ആണ് ഒരിനം. 19-ാം ശതകത്തിന്റെ അവസാനത്തോടെ ഇവ ഏതാണ്ട് അസ്തമിതമായിത്തുടങ്ങിയിരുന്നെങ്കിലും ഇപ്പോൾ അംഗസംഖ്യ വീണ്ടും വർധിച്ചുവരുന്നുണ്ട്. ഉത്തരമേഖലയിലാണ് ഇവ കാണപ്പെടുന്നത്. ഇവയിൽ ആൺ ആനത്തിമിംഗിലങ്ങൾക്ക് ഉദ്ദേശം 5 - 6 മീറ്റർ നീളവും 2,200 -ലേറെ കിലോഗ്രാം ഭാരവും ഉണ്ടാകും. പെൺ തിമിംഗിലങ്ങളുടെ നീളം 2.5 - 3 മീറ്റർ ആണ്.

ആന്റാർട്ടിക് കടലാന എന്നറിയപ്പെടുന്ന മിറുങ്ഗാ ലിയൊനൈന ദക്ഷിണമേഖലയിൽ കാണപ്പെടുന്നു. ഫാക്ലൻഡ് ദ്വീപിനു ചുറ്റുമുള്ള കടലിലാണ് ഇവ ഏറ്റവുമധികം കാണപ്പെടുന്നത്. മിറൂങ്ഗാ അങ്ഗിസ്റ്റിറോസ്റ്റ്രിസിനെക്കാൾ വലിപ്പം കൂടിയവയാണിവ. ആണിന് 7 മീറ്റർ നീളവും 5 - 6 മീറ്റർ വരെ വണ്ണവും (ഇടഭാഗത്ത്) ഉണ്ടാകും.

ശരീരഘടന

തിരുത്തുക
 
പരസ്പരം പോരടിക്കുന്ന രണ്ട് ആൺ കടലാനകൾ. കാലിഫോറ്ണിയയിൽ നിന്നും

പൂർണവളർച്ചയെത്തിയ കടലാനകളുടെ ശരീരം ചെറുരോമങ്ങളാൽ ആവൃതമായിരിക്കുന്നു. ഈ രോമങ്ങൾക്കു മഞ്ഞകലർന്ന തവിട്ടു നിറംമുതൽ സ്ലേറ്റിന്റെ നിറംവരെ ഏതുമാകാം. കോപിഷ്ടനോ വികാരഭരിതനോ ആവുമ്പോൾ ആനത്തിമിംഗിലത്തിന്റെ തുമ്പിക്കൈയ്ക്കുള്ളിലുള്ള അറകൾ വായുനിറഞ്ഞ് വീർക്കുന്നു. ഇവയുടെ കൊഴുപ്പ് ശുദ്ധമായ എണ്ണയാണ്. ഒരു വലിയ ആൺ തിമിംഗിലത്തിന്റെ ശരീരത്തിൽനിന്നും 200 ഗ്യാലനിലേറെ എണ്ണ ലഭിക്കും. യന്ത്രങ്ങൾക്ക് ഈ എണ്ണ ഏറ്റവും പറ്റിയതാണെന്നു കരുതപ്പെടുന്നു.

ഭക്ഷണരീതി

തിരുത്തുക

കരയിൽ സഞ്ചരിക്കാൻ ഇവയ്ക്കു കഴിയുമെങ്കിലും മന്ദഗതിയിലേ മുന്നോട്ടു നീങ്ങാൻ സാധിക്കൂ. കടലോരത്തെ മണൽപ്പുറത്ത് പകൽ കിടന്നുറങ്ങുകയും, രാത്രിയിൽ ആഹാരസമ്പാദനത്തിന് കടലിൽ ഇറങ്ങുകയുമാണ് ഇവയുടെ പതിവ്. ചില പ്രത്യേകയിനം മത്സ്യങ്ങൾ, കണവ, ചെറു തിരണ്ടികൾ, പഫർ സ്രാവുകൾ എന്നിവയാണ് ഇവയുടെ മുഖ്യ ഭക്ഷണം. കടൽപ്പായലുകളും ഇവ ഭക്ഷിക്കാറുണ്ട്. പല്ലുകൾ അകന്നതും ചവയ്ക്കാൻ പറ്റാത്ത തരത്തിലുള്ളതുമാകയാൽ ഭക്ഷണസാധനം ഒന്നായി വിഴുങ്ങാൻ മാത്രമേ ഇവയ്ക്കു കഴിയൂ. അതിനാൽ താരതമ്യേന ചെറു ജീവികളെ മാത്രമേ ആഹരിക്കാറുള്ളൂ.

 
വിശ്രമിക്കുന്ന കടലാനക്കൂട്ടം. കാലിഫോർണിയയിൽ നിന്നും

കില്ലർ വെയ്‌ൽ എന്ന തിമിംഗിലമാണ് ഇവയുടെ ഏക ശത്രു. നീന്തിപ്പോകുന്നതിനിടയിൽ ഇവ ഈ കൊലയാളികളാൽ ആക്രമിക്കപ്പെടാറുണ്ട്.

വംശനാശഭീഷണി

തിരുത്തുക

ഒരു പെൺ കടലാന വർഷംതോറും ഓരോ കുഞ്ഞിനെ വീതം പ്രസവിക്കുന്നു. മനുഷ്യനെ അധികം ഭയമില്ലാത്ത ജീവികളാണിവ. കൂട്ടങ്ങളായി കഴിഞ്ഞുകൂടുന്ന ഇവയെ വളരെ വേഗം വലയിലകപ്പെടുത്താൻ സാധിക്കും. തുകലിനും ദന്തത്തിനും മറ്റുമായി മനുഷ്യൻ ഇവയെ നിർദാക്ഷിണ്യം വേട്ടയാടിക്കൊണ്ടിരിക്കുന്നതിനാൽ ഇവയുടെ വംശനാശം ഏതാണ്ട് അടുത്തിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ പല ഗവണ്മെന്റുകളും സീൽവേട്ട നിയമംമൂലം കർശനമായി നിരോധിച്ചിരിക്കുന്നു. കാലിഫോർണിയയിൽ സാന്താ ബാർബറാ ദ്വീപുകളുടെ സമുദ്രങ്ങളിൽനിന്നും മനുഷ്യനെ ഭയന്ന് ഇവ ഓടിപ്പോയിരുന്നു. എന്നാൽ ഗവണ്മെന്റ് സുരക്ഷാനടപടികൾ കൈക്കൊണ്ടതിനെത്തുടർന്ന് ഇവ വീണ്ടും അവിടേക്കു തിരിച്ചുവന്നു തുടങ്ങിയിരിക്കുന്നു. ഉത്തരമേഖലയിലെ കടലാനകൾക്കു മാത്രമേ ഇത്തരം സംരക്ഷണം ലഭിക്കുന്നുള്ളൂ; സംരക്ഷണം കിട്ടാത്ത ദക്ഷിണമേഖലയിലെ കടലാനകൾ അതിദ്രുതം വംശനാശത്തെ അഭിമുഖീകരിക്കുകയാണെന്നു പറയാം.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കടലാന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കടലാന&oldid=2281480" എന്ന താളിൽനിന്ന് ശേഖരിച്ചത്