ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്ന്

കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട നഗരത്തിൽ നിന്ന് നാലുകിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി ഓമല്ലൂർ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു മഹാക്ഷേത്രമാണ് ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം. രക്തകണ്ഠൻ എന്ന പേരിൽ അറിയപ്പെടുന്ന ധർമ്മശാസ്താവ് മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിന് ഏകദേശം 1200 വർഷം പഴക്കമുണ്ട്.[1] ഉപദേവതമാരായി നാലമ്പലത്തിൽ ഗണപതി, മഹാവിഷ്ണു, ശിവൻ, ഭഗവതി, എന്നിവരും പുറത്ത് നാഗരാജാവ്, മൂർത്തി, വസൂരിമാല തുടങ്ങിയവരും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. കരിങ്കല്ലിൽ തീർത്ത നാദസ്വരത്തിനും സ്വർണ്ണത്തിൽ തീർത്ത ചേങ്ങിലയ്ക്കും പേരുകേട്ടതാണ് ഈ മഹാക്ഷേത്രം. വിശേഷദിവസങ്ങളിൽ ഇത് ഇപ്പോഴും എടുത്ത് ഉപയോഗിയ്ക്കാറുണ്ട്. മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി പത്തുദിവസം നീണ്ടുനിൽക്കുന്ന കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലേത്. കൂടാതെ മണ്ഡലകാലം, പങ്കുനി ഉത്രം തുടങ്ങിയവയും പ്രധാന ആണ്ടുവിശേഷങ്ങളിൽ പെടും. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രക്കുളം

ഐതിഹ്യം

തിരുത്തുക

കല്ലേലി ഗ്രാമത്തിലെ അരത്തകണ്ഠൻമൂഴി എന്ന സ്ഥലത്തായിരുന്നു രക്തകണ്ഠ സ്വാമിയുടെ ആദ്യകാല മൂലപ്രതിഷ്ഠ. ഇന്ന് പത്തനംതിട്ട ജില്ലയിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലുള്ള ഒരു വാർഡ്‌ ആണ് കല്ലേലി. അരുവാപ്പുലത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കല്ലേലി സ്ഥിതിചെയ്യുന്നത്.

8-ാം നൂറ്റാണ്ടിൽ ചൂതുകളി ഭ്രാന്തനായ ഒരു നാട്ടുപ്രമാണി നിരന്തരമായി ചൂതുകളിയിൽ തോൽക്കാൻ തുടങ്ങി. സ്ത്രീലമ്പടനും മദ്യപാനിയുമായ നാട്ടുപ്രമാണി, ഗ്രാമദേവനായ ഭഗവാൻ രക്തകണ്ഠനോട് പ്രാർത്ഥിക്കുകയും, വഴിപാടുകൾ നടത്തുകയും ചെയ്തിട്ടും കാര്യമായ ഫലമുണ്ടായില്ല.

അതോടേ ക്ഷേത്രത്തോട് അയാൾക്ക് വെറുപ്പാകുകയും, തുടർന്ന് ക്ഷേത്രത്തിലേക്കുള്ള എല്ലാ സഹായവും അയാൾ നിറുത്തുകയും, ഗ്രാമത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം രക്തകണ്ഠസ്വാമിയാണന്ന് വരുത്തി തീർക്കുകയും ചെയ്തു.

ഗ്രാമ ക്ഷേത്രം നശിച്ചതോടെ, ഗ്രാമ പ്രഭാവം മങ്ങുകയും ആളുകൾ പരസ്പരം കലഹിക്കുവാനും, ദുർമാർഗ്ഗത്തിലേക്ക് സഞ്ചരിക്കാനും തുടങ്ങി.

ഓരോ ദിവസവും കഴിയുന്തോറും ഗ്രാമത്തിലെ പ്രതിസന്ധികൾ രൂക്ഷമായി കൊണ്ടിരുന്നു. രക്തകണ്ഠസ്വാമിയാണ് ഗ്രാമത്തിലെ എല്ലാ ദുരിതങ്ങൾക്കും കാരണമെന്ന് തെറ്റുധരിച്ച ഗ്രാമവാസികൾ ക്ഷേത്രം പൊളിച്ച് കളയുവാൻ തീരുമാനം എടുക്കുകയും പകരം മറ്റൊന്ന് സ്ഥാപിക്കാം എന്ന നിലയിൽ കാര്യങ്ങൾ ഉറപ്പിക്കുകയും ചെയ്തു.

തുടർന്ന് എല്ലാവരും ചേർന്ന് ഭഗവാന്റെ പ്രതിഷ്ഠ പിഴുതെടുത്ത് നദിയിലേക്ക് വലിച്ചെറിഞ്ഞു. പ്രതിഷ്ഠയുടെ ചൈതന്യം ഒരു പുഷ്പത്തിന്റെ ആകൃതിയിൽ നദിയിലൂടേ ഒഴുകി, അടുത്ത ഗ്രാമമായ നല്ലൂരിലെ ഉഴുവത്ത് ദേവീക്ഷേത്രത്തിന്റെ കടവിൽ വന്നുചേർന്നു.

ആ സമയം നദിയിൽ കുളിച്ച് കൊണ്ടിരുന്ന ഒരു കുട്ടിയും അമ്മയും അത് കാണാൻ ഇടവരികയും, കുട്ടിയുടെ നിർബന്ധത്തിന് വഴങ്ങി അമ്മ ആ പുഷ്പത്തെ നദിയിൽ നിന്നെടുത്ത് വീട്ടിലേക്ക് പോകുമ്പോൾ എടുക്കാം എന്ന തീരുമാനത്തിൽ തൽക്കാലത്തേക്ക് കുളകടവിലെ പാറപ്പുറത്ത് വക്കുകയും ചെയ്തു. കുളിയെല്ലാം കഴിഞ്ഞ് കുട്ടി പാറപ്പുറത്തെ പുഷ്പം എടുക്കാൻ നോക്കിയപ്പോൾ, ആ പുഷ്പം പാറയിൽ ഉറച്ചു പോയതായി അനുഭവപ്പെട്ടു.

ഈ വാർത്ത നാട്ടിൽ വ്യാപിക്കുകയും, നല്ലൂർ കാവിലെ ആളുകൾ ദേവപ്രശ്നം വച്ചപ്പോൾ ഇത് രക്തകണ്ഠസ്വാമി ആണന്നും, സ്വാമിക്ക് ഉഴുവത്ത് ദേവി അഭയം നൽകിയതാണന്നും പ്രശ്നത്തിൽ തെളിഞ്ഞു.

തുടർന്നുള്ള ദേവപ്രശ്നത്തിൽ നിശ്ചയിച്ച സ്ഥലത്ത് കിഴക്കോട്ട് ദർശനമായി സ്വാമിയെ പ്രതിഷ്ഠിച്ചങ്കിലും പിറ്റേ ദിവസം നട തുടർന്നപ്പോൾ കണ്ടത് പ്രതിഷ്ഠ പടിഞ്ഞാറോട്ട് തിരിഞ്ഞ് ഇരിക്കുന്നതാണ്. തന്നെ ഉപേക്ഷിച്ച കിഴക്കൻ ദേശക്കാരേ തനിക്ക് കാണണ്ട എന്ന തീരുമാനമാണ് ഇതിന്റെ പിന്നിലെന്ന് കരുതുന്നു. തുടർന്ന് അതേ രീതിയിൽ ക്ഷേത്രം പുതുക്കി പണിയുകയാണുണ്ടായത്.

നല്ല പ്രദേശം എന്നർത്ഥം വരുന്ന നൽ ഊര് എന്നായിരുന്നു ദേശത്തിന്റെ ആദ്യ നാമം. അതു പിന്നീട് നല്ലൂർ ആയി പരിണമിച്ചു. ദേശത്തിന്റെ രക്ഷാദൈവം ഉഴുവത്ത് ദേവിയായിരുന്നു. പിന്നീട് ധർമ്മ ശാസ്താവായ രക്തകണ്ഠസ്വാമി കടന്നു വന്നപ്പോൾ ദേശത്തെ "ഓം.നല്ലൂര്" എന്ന് വിളിക്കാൻ തുടങ്ങി. ആ പേരാണ് പിൻകാലത്ത് ഓമല്ലൂർ ആയി പരിണമിച്ചത്.

 
ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചുള്ള ആറാട്ടെഴുന്നള്ളത്തിൽ നിന്ന്

മേടമാസത്തിൽ ആഘോഷിക്കപ്പെടുന്ന ക്ഷേത്രോത്സവം പ്രശസ്തമാണ്. സമീപപ്രദേശങ്ങളിലുള്ള പത്ത് കരക്കാരുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷങ്ങൾ നടത്തപ്പെടുന്നത്. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ഒൻപതു ദിവസവും ആറാട്ടെഴുന്നള്ളത്ത് നടത്തുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്.[1] രണ്ടു കിലോമീറ്റർ ദൂരത്തുള്ള അച്ചൻകോവിലാറ്റിലാണ് ആറാട്ട് നടത്തുന്നത്. ഈ ആറാട്ടിൽ നെറ്റിപ്പട്ടവും വെൺചാമരവും ഒക്കെയായി അനേകം ആനകൾ അണിനിരക്കാറുണ്ട്.

ചിത്രശാല

തിരുത്തുക
  1. 1.0 1.1 "ഓമല്ലൂർ ഗ്രാമപഞ്ചായത്ത് വെബ്‌സൈറ്റ്". Archived from the original on 2016-03-04. Retrieved 2011-10-15.