ഒരു സങ്കീർത്തനം പോലെ

നോവൽ

പെരുമ്പടവം ശ്രീധരന്റെ ഒരു നോവലാണ് ഒരു സങ്കീർത്തനം പോലെ. വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. 1996-ലെ വയലാർ പുരസ്കാരം ഉൾപ്പെടെ 8 പുരസ്കാരങ്ങൾ ഈ കൃതി നേടിയിട്ടുണ്ട്.[1] 1992-ലെ ദീപിക വാർഷിക പതിപ്പിൽ ആദ്യമായി അച്ചടിച്ചു വന്ന ഈ നോവൽ 1993 സെപ്റ്റംബറിൽ പുസ്തക രൂപത്തിലിറങ്ങി.[2] പന്ത്രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ മലയാള കൃതിയാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെയും ചങ്ങമ്പുഴയുടെ രമണനെയും മറി കടന്നു നേടിയ ഈ ബഹുമതി മലയാള പുസ്തകപ്രസാധന രംഗത്തെയും മലയാള സാഹിത്യത്തിലെയും ഒരു നാഴികക്കല്ലാണ്.[3] 2019 മാർച്ച് വരെ ഈ നോവലിന് 108 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്.[4]

ഒരു സങ്കീർത്തനം പോലെ
SankeerthanampoleB.jpg
നോവലിന്റെ പുറംചട്ട
കർത്താവ്പെരുമ്പടവം ശ്രീധരൻ
രാജ്യം ഇന്ത്യ
ഭാഷമലയാളം
പ്രസാധകർസങ്കീർത്തനം പബ്ലിക്കേഷൻസ്
പ്രസിദ്ധീകരിച്ച തിയതി
സെപ്റ്റംബർ, 1993

ഇതിവൃത്തവും അവതരണവുംതിരുത്തുക

ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്‌സ്കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തർമുഖനായ ദസ്തയേവ്‌സ്കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്കിയെ ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്ന ദസ്തയേവ്‌സ്കായയുടെ തന്നെ ഓർമ്മക്കുറിപ്പുകൾ ഈ നോവലിന്റെ രചനയിൽ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നു.[2] ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്‌സ്കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ്[5] അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീർത്തനം പോലെ' എന്ന പേര് പെരുമ്പടവം നൽകിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നിൽക്കുന്ന[6] ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂർ രാമകൃഷ്ണൻ വിശേഷിപ്പിച്ചിരിക്കുന്നത്.[7]

കൃതിയിൽ നിന്ന്തിരുത്തുക

ദസ്തയേവ്‌സ്കി, അന്ന, ദസ്തയേവ്‌സ്കിയുടെ വീട്ടുജോലിക്കാരി ഫെദോസ്യ എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെക്കൂടാതെ നിശ്ചിത കാലത്തിനുള്ളിൽ നോവൽ തീർത്തു കൊടുക്കണമെന്നുള്ള കരാറിൻ മേൽ ദസ്തയേവ്‌സ്കിക്ക് മുൻ‌കൂർ പണം നൽകിയ പുസ്തകപ്രസാധകൻ സ്റ്റെല്ലോവിസ്കി,ദസ്തയേവ്‌സ്കിയെപ്പോലെയുള്ള ചൂതുകളിക്കാർക്ക് പണം കടം കൊടുക്കുന്ന കിഴവൻ യാക്കോവ്, വാടകക്കുടിശ്ശിക കിട്ടാനുണ്ടെങ്കിലും ദസ്തയേവ്‌സ്കിയോട് സ്നേഹത്തോടെ പെരുമാറുന്ന വീട്ടുടമസ്ഥൻ അലോൻ‌കിൻ, അന്നയുടെ കുടുംബാംഗങ്ങൾ തുടങ്ങിയ കഥാപാത്രങ്ങൾ കഥാഗതിക്കിടെ വല്ലപ്പോഴും വന്നു പോകുന്നവരോ സംഭാഷണമദ്ധ്യേ പരാമർശിക്കപ്പെടുന്നവരോ ആണ്.എന്നാൽ നോവലിന്റെ ആദിയോടന്തം ഒരദൃശ്യ സാന്നിദ്ധ്യമായി പെരുമ്പടവം അവതരിപ്പിക്കുന്ന കഥാപാത്രമാണ് ദൈവം. തന്റെ വീഴ്ചകൾക്കു ദസ്തയേവ്‌സ്കി ദൈവത്തെയും പങ്കുകാരനാക്കുകയും സമൂഹത്തിലെ അസംതുലിതാവസ്ഥക്ക് ദൈവത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കൈവശമുണ്ടായിരുന്ന കാശെല്ലാം ചൂതുകളി കേന്ദ്രത്തിൽ നഷ്ടപ്പെടുത്തിയ ശേഷം നേർത്ത മഞ്ഞും നിലാവും പെയ്യുന്ന രാത്രിയിൽ വീട്ടിലേക്കു മടങ്ങുമ്പോൾ ദസ്തയേവ്‌സ്കി ദൈവത്തോടു സംസാരിച്ചു തുടങ്ങുന്നത് ഇപ്രകാരമാണ്:

തന്റെ ഒഴിവാക്കാനാവാത്ത ദുഃശീലങ്ങളിലൊന്നായ ചൂതുകളിക്ക് ദസ്തയേവ്‌സ്കി മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തി ഒരു ദാർശനിക തലം കൊടുക്കുവാൻ ശ്രമിക്കുന്നത് വളരെ രസകരമാണ്. ഇതേ ആശയമാണ് ചൂതാട്ടക്കാരനിൽ വികസിപ്പിച്ചെടുക്കുവാൻ പോകുന്നത് എന്നു അന്നയോടു സൂചിപ്പിക്കുകയും ചെയ്യുന്നു:

അവലംബംതിരുത്തുക

  1. "ഒരു സങ്കീർത്തനം പോലെ". പുസ്തകത്തെക്കുറിച്ചുള്ള വിവരണം, സങ്കീർത്തനം പബ്ലിക്കേഷന്റെ വെബ്‌സൈറ്റ്. മൂലതാളിൽ നിന്നും 2010-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 12, 2010.
  2. 2.0 2.1 അൾത്താരക്കരികിൽ നിന്ന് എന്ന ആമുഖം, ഒരു സങ്കീർത്തനം പോലെ, സെപ്റ്റംബർ 1999, കറന്റ് ബുക്സ്
  3. "ഒരു നേട്ടത്തിന്റെ ആഘോഷം" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. ഡിസംബർ 17, 2005. മൂലതാളിൽ നിന്നും 2006-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 12, 2010.
  4. "'ഒരു സങ്കീർത്തനം പോലെ' നോവൽ പ്രകാശനം മാർച്ച് ഒൻപതിന്". deepika.com. ദീപിക. 9 മാർച്ച് 2019. ശേഖരിച്ചത് 29 മാർച്ച് 2022.
  5. "പെരുമ്പടവം ശ്രീധരനുമായി നോവലിസ്റ്റ് ബെന്യാമിൻ നടത്തിയ അഭിമുഖം". 'മണലെഴുത്ത്' എന്ന ബെന്യാമിന്റെ ബ്ലോഗ്. ജനുവരി 12, 2009. ശേഖരിച്ചത് മേയ് 18, 2013.
  6. എരുമേലി, മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, കറന്റ് ബുക്സ് ,ജൂലൈ 2008
  7. പിൻ പുറംചട്ടയിലെ വിവരണം, ഒരു സങ്കീർത്തനം പോലെ, സെപ്റ്റംബർ 1999, കറന്റ് ബുക്സ്
"https://ml.wikipedia.org/w/index.php?title=ഒരു_സങ്കീർത്തനം_പോലെ&oldid=3727613" എന്ന താളിൽനിന്ന് ശേഖരിച്ചത്