ഐവർമഠം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൃശ്ശൂർ ജില്ലയുടെ വടക്കുകിഴക്കേ അറ്റത്ത് തിരുവില്വാമല ഗ്രാമപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് ഭാരതപ്പുഴയുടെ ദക്ഷിണതീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം. പാർത്ഥസാരഥിഭാവത്തിലുള്ള ശ്രീകൃഷ്ണഭഗവാനാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, പാർവ്വതി, നാഗദൈവങ്ങൾ എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. പഞ്ചപാണ്ഡവരാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐവർമഠം എന്ന പേരുതന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പിതൃതർപ്പണത്തിന് വളരെ പേരുകേട്ട ഒരു സന്നിധിയാണിത്. ദിവസേന ആയിരക്കണക്കിന് ബലിതർപ്പണങ്ങളാണ് ഇവിടെ നടത്തിപ്പോരുന്നത്. ക്ഷേത്രത്തിനടുത്തുള്ള നിളാതീരത്തിന് ഭാരതഖണ്ഡം എന്നാണ് പേര്. ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, കർക്കടകവാവ് എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷങ്ങൾ. മൂന്ന് കുടുംബക്കാർ ഉൾപ്പെട്ട ഒരു സ്വകാര്യ ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഐതിഹ്യം
തിരുത്തുകകുരുക്ഷേത്രയുദ്ധത്തിൽ കൊലചെയ്യപ്പെട്ട ബന്ധുക്കൾക്ക് മോക്ഷം ലഭിയ്ക്കാൻ പാണ്ഡവർ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശമനുസരിച്ച് ദക്ഷിണഭാരതത്തിൽ വരികയും, നിളാനദിയുടെ ദക്ഷിണതീരത്തെ ഭാരതഖണ്ഡത്തിൽ പിതൃതർപ്പണം നടത്തുകയും ചെയ്തു. അവരുടെ പിതൃതർപ്പണത്തിനുശേഷമാണ് ഈ പ്രദേശത്തിന് ഭാരതഖണ്ഡം എന്ന പേരുവന്നതുപോലും. തുടർന്ന് അടുത്തുതന്നെ ഒരു ക്ഷേത്രം പണിയുകയും തങ്ങളുടെ കൈവശമുണ്ടായിരുന്ന ശ്രീകൃഷ്ണവിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഐവർ (അഞ്ചുപേർ - പഞ്ചപാണ്ഡവർ) ചേർന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമായതിനാൽ ഐവർമഠം എന്ന് ക്ഷേത്രം അറിയപ്പെടുകയും ചെയ്തു. തുടർന്ന്, കോതക്കുറിശ്ശി, സോമേശ്വരം എന്നീ ശിവക്ഷേത്രങ്ങളിലും പ്രതിഷ്ഠ നിർവ്വഹിച്ചശേഷം അവർ വില്വാദ്രിനാഥനെയും തൊഴുത് പുനർജനി നൂഴൽ നടത്തുകയും അതുവഴി തങ്ങളെ ബാധിച്ച പാപങ്ങളിൽ നിന്ന് മുക്തിനേടുകയും ചെയ്തു.