ഏൺസ്റ്റ് വോൺ ഡോനാനി ഹംഗേറിയൻ പിയാനിസ്റ്റും സംഗീത രചയിതാവുമായിരുന്നു. 1877 ജൂലൈ 27-ന് ബ്രാറ്റിസ്ലാവയിൽ ജനിച്ചു. ഗണിതശാസ്ത്രത്തിൽ പ്രൊഫസറായ പിതാവും ബുഡാപെസ്റ്റ് അക്കാദമി ഒഫ് മ്യൂസിക്കിലെ കാൾ ഫോസ്റ്റ്നറും പിയാനോ വിദഗ്ദ്ധനായ സ്റ്റീഫൻ തോമാനും സംഗീത രചയിതാവായ ഹാൻസ് കെസ്ലറുമാണ് ഡോനാനിക്ക് പരിശീലനം നൽകിയത്. 1897-ൽ ബിരുദം നേടിയ ഡോനാനി, യൂജിൻ ഡി ആൽബർട്ടിന്റെ മേൽനോട്ടത്തിൽ പിയാനോ പരിശീലനം നടത്തി.

ഏൺസ്റ്റ് വോൺ ഡോനാനി

വിദേശ പര്യടനം

തിരുത്തുക

1897 ഒക്ടോബർ ഒന്നിനാണ് ബർലിനിൽ ഡോനാനിയുടെ ആദ്യത്തെ പിയാനോ സംഗീതം അരങ്ങേറിയത്. തുടർന്ന് പിയാനോ സംഗീതം അവതരിപ്പിക്കാനായി ഡ്രെസ്ഡൻ, ഫ്രാങ്ക്ഫർട്ട്, വിയന്ന തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി. 1898-ൽ ലണ്ടനിലും അമേരിക്കയിലും അനേകം പരിപാടികൾ അവതരിപ്പിച്ചു. ബർലിനിലെ ഹോഷ്യുൾ ഫോർ മ്യൂസിക്കിൽ 1908 മുതൽ 1915 വരെ പിയാനോ പ്രൊഫസറായിരുന്നു. പിന്നീട് ബുഡാപെസ്റ്റിൽ താമസമുറപ്പിക്കുകയും കോൺസ് ഡയറക്റ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1945 വരെ ഹംഗേറിയൻ അക്കാദമിയുടേയും ഡയറക്ടറായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് രണ്ടു പുത്രന്മാരെയും നഷ്ടപ്പെട്ട ഡോനാനി ഇംഗ്ലണ്ടിലും അമേരിക്കയിലും പര്യടനങ്ങൾ നടത്തുകയും അധ്യാപകവൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. 1949-ൽ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ഒഫ് പിയാനോ ആൻഡ് കോംപോസിഷൻ ആയി നിയമിക്കപ്പെട്ടു.

ഡൊനാനിയുടെ കൃതികൾ

തിരുത്തുക

ഹംഗേറിയൻ കാല്പനികയുഗത്തിന്റെ അന്ത്യഘട്ടത്തിലാണ് ഡോനാനി സംഗീതരചന നടത്തിയിരുന്നത്. ലോകപ്രസിദ്ധ സംഗീതജ്ഞനായ ബ്രാംസിൽ നിന്ന് ഇദ്ദേഹം പ്രചോദനം ഉൾക്കൊള്ളുകയുണ്ടായി. ഡോനാനിയുടെ ആദ്യകാല കൃതികളെ ബ്രാംസ് പുകഴ്ത്തിയിട്ടുമുണ്ട്.

  • സിംഫണി ഇൻ എഫ് (1896-ൽ ഹംഗേറിയൻ മില്ലെനിയം പ്രൈസ് നേടിയകൃതി)
  • പിയാനോ ക്വിൻറ്ററ്റ് ഇൻസിമൈനർ
  • വേരിയേഷൻസ് ഫോർ പിയാനോ
  • കൺസെർട്ടോ ഫോർ പിയാനോ
  • സൊണാറ്റാ ഫോർ സെല്ലോ ആൻഡ് പിയാനോ
  • സ്ട്രിങ് ക്വാർടെറ്റ്
  • ടാൻറ്റെ സിമോണാ
  • വേരിയേഷൻസ് ഓൺ എ നഴ്സറി സോങ്
  • വേരിയേഷൻസ് ഓൺ എ ഹംഗേറിയൻ ഫോക് സോങ്
  • ദ് ടവർ ഒഫ് ദ് വൊയ്വോഡ്
  • ഡൂസൻ ഡോർഫ്
  • ഫെസ്റ്റിവൽ ഓവർച്വർ
  • സെഗഡിൻ മാസ്
  • അമേരിക്കൻ റാപ് സൊഡി

മുതലായവയാണ് മുഖ്യരചനകൾ.

1960 ഫെബ്രുവരി 9-ന് ന്യൂയോർക്കിൽ ഡോനാനി അന്തരിച്ചു. അതേ വർഷം മെസേജ് ടു പോസ്റ്ററിറ്റി എന്ന പേരിൽ ആത്മകഥാപരമായ ഒരു ലഘുലേഖ പ്രസിദ്ധീകരിക്കപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോനാനി, ഏൺസ്റ്റ് വോൺ (1877 - 1960) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഏൺസ്റ്റ്_വോൺ_ഡോനാനി&oldid=4111023" എന്ന താളിൽനിന്ന് ശേഖരിച്ചത്