എരുവയിൽ അച്യുതവാരിയർ
പഴയ കായംകുളം രാജ്യത്തിലെ (ഓടനാട്, ഓണാട്ടുകര) അവസാനത്തെ മന്ത്രിമുഖ്യനും സേനാനായകനുമായിരുന്നു എരുവയിൽ അച്യുതവാരിയർ. കുടുംബപാരമ്പര്യം മുറയ്ക്കായിരുന്നോ അതോ സ്വന്തം സേവനത്തിന്റെ വൈശിഷ്ട്യം മാത്രം കൊണ്ടായിരുന്നോ ഇദ്ദേഹം സ്ഥാനോന്നതി നേടിയതെന്ന് വ്യക്തമല്ല; എന്നാൽ ഇദ്ദേഹം ആയുധവിദ്യയിൽ അതിനിപുണൻ ആയിരുന്നുവെന്ന് തെളിയിക്കുന്ന പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. യുദ്ധം നിത്യസംഭവമായിരുന്ന അക്കാലത്ത് ആയുധവിദ്യാനൈപുണ്യം സ്ഥാനലബ്ധിയിൽ ഇദ്ദേഹത്തിന് സഹായകമായിത്തീർന്നിരിക്കുമെന്ന് നിശ്ചയമാണ്.
മാർത്താണ്ഡവർമ മഹാരാജാവ് (ഭ. കാ. 1729-58) വേണാടിനെ (തിരുവിതാംകൂറിനെ) വിപുലമാക്കുവാൻ തുടങ്ങിയപ്പോൾ ആദ്യമായി പിടിച്ചടക്കിയ ചെറുരാജ്യങ്ങളായിരുന്നു ദേശിംഗനാടും (കൊല്ലം) അതിനു വടക്ക് കായംകുളവും. ഈ രാജ്യങ്ങളും തിരുവിതാംകൂറുമായി നടത്തിയിട്ടുള്ള യുദ്ധങ്ങൾ ആധുനിക തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു ഭാഗമാണ്. കേരളാധിപത്യം സ്വപ്നം കണ്ടുകൊണ്ട് ഗൂഢതന്ത്രങ്ങൾ പ്രയോഗിച്ചുവന്ന ലന്തക്കാരുടെ (ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി) വലയിൽ പെട്ടാണ് കായംകുളവും മറ്റും യുദ്ധംചെയ്തതെന്ന അഭിപ്രായവും ഉണ്ട്. ആ സമരത്തിൽ തിരുവിതാംകൂറിന് വിജയം സിദ്ധിച്ചത് പില്ക്കാലചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റി മറിച്ചു. കായംകുളത്തിന്റെ അഭിമാനം രക്ഷിക്കാൻവേണ്ടി സമരവീര്യം പ്രദർശിപ്പിച്ചുവെന്നതാണ് അച്യുതവാരിയരുടെ മഹത്ത്വം.
കായംകുളവും ദേശിംഗനാടും ലന്തക്കാരുടെ പിൻതുണയോടെ ഒരു ഭാഗമായിനിന്ന് കൊല്ലത്തും കിളിമാനൂരും വച്ച് തിരുവിതാംകൂർ സൈന്യത്തെ എതിർത്തപ്പോൾ അച്യുതവാരിയർ ആയിരുന്നു സംയുക്തസൈന്യത്തിന്റെ നേതൃത്വം വഹിച്ചത്. അച്യുതവാരിയരുടെ കൈയിൽ വാൾ ഉള്ളിടത്തോളം കാലം ആർക്കും ഇദ്ദേഹത്തെ വധിക്കാൻ സാധ്യമാവുകയില്ല എന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. പൗരുഷശാലിയും യുദ്ധവിദഗ്ദ്ധനുമായിരുന്ന വാരിയരെ നേരിട്ടു തോല്പിക്കുന്നതു പ്രയാസമായിരുന്നതിനാൽ ഇദ്ദേഹത്തെ ഗൂഢോപായത്തിൽ പരാജിതനാക്കാൻ രാമയ്യൻദളവ യത്നിച്ചതായിട്ടാണ് ഐതിഹ്യം. വാരിയർ പതിവായി സന്ധ്യാഭജനത്തിനു പോകാറുണ്ടായിരുന്ന കണ്ണമംഗലം ക്ഷേത്രത്തിൽവച്ചു ചതിയിൽ ഇദ്ദേഹത്തെ അപായപ്പെടുത്തിയതായും പറഞ്ഞുവരുന്നു. അവിടെവച്ച് ശത്രുക്കൾ വാരിയരെ വളഞ്ഞ് ഇദ്ദേഹത്തിന്റെ വലതു കൈ ഛേദിച്ചു. ഇടതു കൈയിൽ വാളേന്തി ഇദ്ദേഹം ശത്രുക്കളെ വീറോടെ നേരിട്ടുവെങ്കിലും രക്തം വാർന്ന് നഷ്ടപ്രജ്ഞനായിത്തീർന്ന വാരിയർ ശ്രീകോവിലിന്റെ മുൻപിൽ ശിവനാമോച്ചാരണത്തോടെ വീണ് ചരമമടഞ്ഞു എന്നാണ് കഥ. കായംകുളത്തെ വീരയോദ്ധാവ് എന്ന നിലയ്ക്ക് ചില ഐതിഹ്യങ്ങൾ ഇദ്ദേഹത്തെപ്പറ്റി ഉണ്ടെന്നല്ലാതെ ചരിത്രത്തിൽനിന്ന് വിവരം ഒന്നും ലഭിക്കുന്നില്ല. വാരിയരുടെ വീരാപദാനങ്ങളെ പ്രകീർത്തിക്കുന്ന രണ്ടു ഖണ്ഡകവിതകൾ ഉണ്ട്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ എരുവയിൽ അച്യുതവാരിയർ എന്ന ലഘുകവിതയും [1]എം.ആർ. കൃഷ്ണവാരിയരുടെ ഒരു വീരവിനോദം എന്ന ഖണ്ഡകൃതിയും [2]വാരിയരെപ്പറ്റിയുള്ള ഐതിഹ്യങ്ങളെ നിറപ്പകിട്ടോടെ അവതരിപ്പിക്കുന്നു.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ എരുവയിൽ അച്യുതവാരിയർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |