എബയോണുകൾ
ക്രിസ്തുമതത്തിന്റെ ആദിമനൂറ്റാണ്ടുകളിൽ നിലവിലിരുന്ന ഒരു എബ്രായ-ക്രിസ്തീയവിഭാഗത്തെയോ വിഭാഗങ്ങളെയോ പരാമർശിക്കാൻ, അവരുടെ വിമർശകരായിരുന്ന ക്രിസ്തീയസഭാപിതാക്കന്മാർ ഉപയോഗിച്ചിരുന്ന പേരാണ് എബയോണുകൾ. പാവപ്പെട്ടവർ എന്ന അർത്ഥമുള്ള "എബയോനിം" എന്ന എബ്രായ വാക്കിൽ നിന്നാണ് ഈ പേരിന്റെ നിഷ്പത്തി.[1]യേശുവിനെ രക്ഷകനായി അംഗീകരിച്ചിരുന്ന ഇവർ[2] അതിനൊപ്പം തന്നെ യഹൂദരുടെ നിയമസംഹിതയായ തോറ നിഷ്കർഷിച്ചിരുന്ന മതാനുഷ്ടാനങ്ങളുടെ പാലനത്തിന്റെ അവശ്യകതയിൽ വിശ്വസിക്കുകയും ചെയ്തു.[3] കാനോനിക സുവിശേഷങ്ങളിൽ നിന്നു ഭിന്നമായ ഒരു യഹൂദസുവിശേഷം മാത്രമാണ്[4] ഇവർ ഉപയോഗിച്ചിരുന്നത്.[൧] എബയോണുകൾ, യേശുവിന്റെ സഹോദരനായി കരുതപ്പെടുന്ന "നീതിമാനായ" യാക്കോബിനെ(James the Just) മാനിക്കുകയും തർസൂസിലെ പൗലോസിനെ നിയമം ലംഘിച്ച മതത്യാഗിയായി തള്ളിപ്പറയുകയും ചെയ്തു.[5] സ്വമേധയാ തെരഞ്ഞെടുക്കുന്ന ദാരിദ്ര്യത്തിന് അവർ പ്രത്യേക പ്രാധാന്യം കല്പിച്ചിരുന്നെന്ന് 'പാവപ്പെട്ടവർ' എന്നർത്ഥമുള്ള അവരുടെ പേരിൽ നിന്നു മനസ്സിലാക്കാം.
എബയോണുകളെ സംബന്ധിച്ച സ്വതന്ത്രരേഖകൾ വിരളമായതിനാൽ അവരെക്കുറിച്ചുള്ള അറിവിനും പഠനങ്ങൾക്കും പ്രധാനമായും ആശ്രയിക്കാനുള്ളത്, യഹൂദവൽക്കരണക്കാരായ മതദ്രോഹികളായി (heretical Judaizers) അവരെ വിമർശിച്ച ക്രിസ്തീയസഭാപിതാക്കന്മാരുടെ രചനകളാണ്.[6][7] അതിനാൽ ഈ ആദിമ ക്രിസ്തീയവിഭാഗത്തെക്കുറിച്ചുള്ള അറിവ് മിക്കവാറും ഉറപ്പുപറയാൻ പറ്റാത്ത അഭ്യൂഹങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. പല പണ്ഡിതന്മാരും ഇവരെ, നസ്രായേന്മാരെപ്പോലുള്ള ആദിമക്രിസ്തീയ വിഭാഗങ്ങളിൽ നിന്ന് വേർതിരിച്ചു കാണുന്നു.[8]
'പാവപ്പെട്ടവർ'
തിരുത്തുക"പാവപ്പെട്ടവർ" എന്നർത്ഥമുള്ള 'എബിയോനിം' എന്ന എബ്രായ വാക്കിൽ നിന്നാണ് 'എബിയോണുകൾ' എന്ന പേരിന്റെ ഉത്ഭവം.[9][10] സങ്കീർത്തനങ്ങളിലും, തങ്ങളെ തന്നെ വിശേഷിപ്പിക്കാൻ യഹൂദഭക്തസമൂഹങ്ങൾ ഉപയോഗിക്കുമ്പോഴും ഈ വാക്കിനു സാമാന്യമായി കിട്ടുന്ന അർത്ഥം ഏറെക്കുറെ ഇതാണ്.[11] ആദ്യകാലങ്ങളിൽ "പാവപ്പെട്ടവർ" എന്നത്, എല്ലാ ക്രിസ്ത്യാനികളുടേയും വിശേഷണമായിരുന്നു - ആദിമക്രൈസ്തവരുടെ സാമ്പത്തികനിലയേയും ദാരിദ്ര്യത്തെ സ്വമേധയാ പുണരാനുള്ള സന്നദ്ധതയേയും അതു സൂചിപ്പിച്ചു.[9][12][13] പൗലോസിയെ ക്രിസ്തീയതയുടെ വികാസത്തിന്റെ പശ്ചാത്തലത്തിൽ ആദ്യകാലസഭയിലുണ്ടായ ഭിന്നതയെ തുടർന്ന്, 'എബയോണിം' എന്ന എബ്രായവാക്കിന്റെ യവനീകൃത രൂപം, പൗലോസിയ പക്ഷത്തിൽ നിന്നു വേറിട്ടു നിന്ന യഹൂദക്രൈസ്തവരുടെ മാത്രം വിശേഷണമായി. പിന്നീട് നാലാം നൂറ്റാണ്ടായപ്പോൾ, യഹൂദക്രൈസ്തവരുടെ മറ്റൊരു വിഭാഗമായ നസറായന്മാരിൽ പെടാത്ത ഒരു വിഭാഗം യഹൂദക്രിസ്ത്യാനികളുടെ മാത്രം വിശേഷണമായിത്തീർന്നു ആ നാമം. ഇങ്ങനെയൊക്കെയാണെങ്കിലും, "പാവപ്പെട്ടവർ" എന്ന പ്രയോഗത്തിന് മറ്റു ഭാഷകളിൽ ഇങ്ങനെയൊരർത്ഥം ഉണ്ടായില്ല.[9][11][14][15] 'എബയോൺ' എന്ന പദം യഹൂദർക്കിടയിൽ പാവപ്പെട്ടവരെ സൂചിപ്പിക്കുന്നുവെന്നും, യേശുവിനെ രക്ഷകനായി സ്വീകരിച്ച യഹൂദർ 'എബയോണികൾ' എന്നറിയപ്പെടുന്നുവെന്നും ഒരിജൻ പറയുന്നു.[16][17] "എബയോൺ" എന്ന പേരിൽ, ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു സാങ്കല്പികപാഷണ്ഡപ്രമുഖനെ വിമർശിച്ച് ആദ്യം എഴുതിയത് ലത്തീൻ സഭാപിതാക്കളിൽ മുമ്പനായ തെർത്തുല്യൻ ആണ്. 'എബയോണികൾ' എന്ന വാക്കിന് 'എബയോൺ' എന്നൊരാളിന്റെ അനുയായികൾ എന്ന തെറ്റായ അർത്ഥം കല്പിക്കുകയാണ് തെർത്തുല്യൻ ചെയ്തതെന്നു കരുതപ്പെടുന്നു.[9][11]
'എബയോണുകൾ' എന്ന വാക്കിന്റെ വിവിധതരം ഉപയോഗങ്ങൾ ഇന്നും നിലവിലുണ്ട്. ഉദാഹരണമായി, പൗലോസിന്റെ രംഗപ്രവേശനത്തെ തുടർന്നുണ്ടായ വിഭജനത്തിനു മുൻപുള്ളവരടക്കം എല്ലാ യഹൂദക്രിസ്ത്യാനികളേയും ചില എഴുത്തുകാർ 'എബയോണുകൾ' എന്നു വിളിക്കുന്നു.[14][15] മുഖ്യധാരയിൽ പെട്ട പണ്ഡിതന്മാർ പൊതുവേ ഈ വാക്കിനു കല്പിക്കുന്നത് അതിന്റെ പരിമിതമായ അർത്ഥമാണ്.[9][11]
ചരിത്രം
തിരുത്തുകയേശുവിന്റെ മരണത്തെ തുടർന്ന്, സുവിശേഷദൗത്യവുമായി പത്രോസ് യൂദയായിലെ നഗരങ്ങൾ ചുറ്റിക്കറങ്ങിയപ്പോൾ യെരുശലേമിലെ ക്രിസ്ത്യാനികളുടെ നേതൃത്വം യേശുവിന്റെ സഹോദരനായി പറയപ്പെടുന്ന 'നീതിമാനായ' യാക്കോബിനായി. അദ്ദേഹം യഹൂദനിയമത്തെ അതിന്റെ എല്ലാ തീവ്രതയിലും പാലിക്കുകയും എസ്സീനുകളെപ്പോലും അതിലിംഘിക്കുന്ന തപശ്ചര്യകൾ അനുഷ്ഠിക്കുകയും സസ്യാഹാരിയായിരിക്കുകയും ചെയ്തു. ദാരിദ്ര്യവൃതവും യഹൂദനിയമത്തിലുള്ള നിഷ്ഠയും അദ്ദേഹം പിന്തുടർന്ന ക്രിസ്തീയതയുടെ സവിശേഷതകളായിരുന്നു. ലോകാവസാനം അത്യാസന്നമാണെന്നു കരുതിയിരുന്ന ഈ ക്രിസ്ത്യാനികൾ രാജനീതിയിൽ താത്പര്യം കാട്ടിയില്ലെ. ക്രി.വ. 62-ൽ 'നീതിമാനായ' യാക്കോബ് രക്തസാക്ഷിയായി. നാലു വർഷത്തിനു ശേഷം യഹൂദർ റോമൻ ഭരണത്തിനെതിരെ കലാപമുയർത്തിയപ്പോൾ, കലാപത്തിൽ പങ്കുചേരാതിരുന്ന യഹൂദക്രിസ്ത്യാനികൾ യെരുശലേം ഉപേക്ഷിച്ച് യോർദ്ദാൻ നദിയുടെ കിഴക്കേ തീരത്തുള്ള പെല്ലായിൽ അഭയം തേടി. യഹൂദർ ഇവരെ രാജ്യദ്രോഹികളും ഭീരുക്കളുമായി മുദ്രകുത്തി. തുടർന്നു വന്ന വർഷങ്ങളിൽ യവനചിന്തയുടെ സ്വാധീനത്തിൽ ക്രിസ്തുമതം പുതിയ രൂപഭാവങ്ങൾ കൈക്കൊണ്ടപ്പോൾ യഹൂദക്രിസ്തീയത സംഖ്യയിലും സ്വാധീനത്തിലും ക്ഷയിച്ച് പാർശ്വവൽക്കരിക്കപ്പെട്ടു. രണ്ടാം നൂറ്റാണ്ടിനൊടുവിൽ വ്യവസ്ഥാപിത സഭ അവരെ മതവിരുദ്ധരായി പ്രഖ്യാപിച്ചു. എങ്കിലും അഞ്ചാം നൂറ്റാണ്ടു വരെ ദാരിദ്ര്യവൃതവും യഹൂദനിയമവും പിന്തുടന്ന 'എബയോണുകളിൽ' ആ ക്രിസ്തീയത നിലനിന്നു.[18] യേശുവിന്റെ രക്തബന്ധുക്കൾ തങ്ങൾക്കിടയിലുണ്ടെന്ന് അവർ എന്നും അവകാശപ്പെട്ടിരുന്നു.[19]
എബയോണുകളെപ്പറ്റിയുള്ള ക്രിസ്തീയലേഖകന്മാരുടെ സാക്ഷ്യങ്ങൾ പക്ഷപാതപരമാണ്. യേശുവിലുള്ള വിശ്വാസത്തിൽ നിന്ന് ഈ ക്രിസ്ത്യാനികളെ വ്യതിചലിപ്പിക്കുന്നതിൽ പരാജയപ്പെട്ട സാത്താൻ അവരെ മറ്റൊരു കെണിയിൽ പെടുത്തി തന്റേതാക്കുകയാണു ചെയ്തതെന്ന്, ആദ്യകാലസഭയുടെ ചരിത്രകാരനായ കേസറിയായിലെ യൂസീബിയസ് നിരീക്ഷിക്കുന്നു. എബയോണുകൾ എന്ന പേരിനും യൂസീബിയസ് വിചിത്രമായൊരു വ്യാഖ്യാനം നൽകുന്നുണ്ട്. യേശുവിനെക്കുറിച്ച് അവർ വച്ചു പുലർത്തിയ വിലകുറഞ്ഞതും തരം താണതുമായ വിശ്വാസങ്ങളാണ് "പാവപ്പെട്ടവർ" എന്നർത്ഥമുള്ള എബയോണുകൾ എന്ന പേര് അവർക്കു നേടിക്കൊടുത്തതെന്നു അദ്ദേഹം പറയുന്നു. യേശുവിന്റെ കന്യാജനനത്തെ നിഷേധിക്കുന്നവരും അംഗീകരിക്കുന്നവരുമായ രണ്ടു വിഭാഗങ്ങൾ ഇവർക്കിടയിലുണ്ടായിരുന്നതായി യൂസീബിയസ് പറയുന്നു.[4]
സ്വാധീനം
തിരുത്തുകആദർശത്തിലുള്ള അതിനിഷ്ഠയുടെ ഉട്ട്യോപ്യൻ വഴി തെരഞ്ഞെടുക്കുന്ന തീവ്രവിഭാഗങ്ങൾ ആരംഭത്തിൽ എല്ലാ മഹദ്പ്രസ്ഥാനങ്ങളിലും ഉണ്ടാവാറുണ്ടെന്നും കാലം അതിനെ 'ഭേദമാക്കാറാണ്' പതിവെന്നും പത്തൊൻപതാം നൂറ്റാണ്ടിൽ യേശുക്രിസ്തുവിന്റെ പ്രഖ്യാതമായ മതേതര ജീവചരിത്രം എഴുതിയ ഏണസ്റ്റ് റെനാൻ ചൂണ്ടിക്കാട്ടുന്നു. ഭിക്ഷുക്കൾക്കു വേണ്ടി മാത്രമുള്ള പ്രസ്ഥാനമായി തുടങ്ങിയ ബുദ്ധമതം ക്രമേണ ലൗകികരേയും അതിന്റെ കൂട്ടായ്മയിൽ ചേർക്കാൻ തയ്യാറായതു പോലെ ക്രിസ്തുമതവും കാലക്രമത്തിൽ ധനവാന്മാരെ ഉൾക്കൊള്ളാൻ മനസ്സുവച്ചു. എങ്കിലും എബിയോണുകളുടെ ആദർശത്തിന്റെ 'പുളിമാവ്'(leaven) ക്രിസ്തീയതയെ തീർത്തും വിട്ടുപോകാതെ, ക്രിസ്തീയ സ്ഥാപങ്ങളെ എല്ലാക്കാലത്തും സ്വാധീനിച്ചിരുന്നു. ദാരിദ്ര്യത്തോടുള്ള പ്രേമം, ക്രിസ്തുമതത്തിന്റെ ചരിത്രത്തിലുടനീളം അസ്സീസിയിലെ ഫ്രാൻസിസിനെപ്പോലുള്ള വലിയ മനസ്സുകൾക്ക് ആകർഷകമായിരുന്നു. യേശുവചനങ്ങളുടെ(Logia) ആദ്യസംഗ്രഹം രേഖപ്പെടുത്തപ്പെട്ടത് എബയോണുകളുടെ കേന്ദ്രമായ ബതാനിയയിൽ ആയിരുന്ന കാര്യവും റെനാൻ എടുത്തു പറയുന്നു.[19]
കുറിപ്പുകൾ
തിരുത്തുക൧ ^ കാനോനികമായ മത്തായിയുടെ സുവിശേഷത്തിന്റെ എബ്രായമൂലമാണ് അവർ ഉപയോഗിച്ചിരുന്നതെന്നും പറയപ്പെടുന്നു[20]
അവലംബം
തിരുത്തുക- ↑ F.L. Cross and E.A. Livingston (editors), The Oxford Dictionary of the Christian Church, Oxford University Press, 1989. Article: Ebionites
- ↑ Encyclopedia Britannica: Ebionites
- ↑ Kaufmann Kohler, "Ebionites", in: Isidore Singer & Cyrus Alder (ed.), Jewish Encyclopedia, 1901-1906.
- ↑ 4.0 4.1 കേസറിയായിലെ യൂസീബിയസ്, "ക്രിസ്തു മുതൽ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം", മൂന്നാം പുസ്തകം - 27
- ↑ Hyam Maccoby (1987) The Mythmaker: Paul and the Invention of Christianity. HarperCollins. pp. 172–183.. ISBN 0062505858.an abridgement
- ↑ A.F.J. Klijn & G.J. Reinink (1973). Patristic Evidence for Jewish-Christian Sects. Brill. ISBN 9004037632.
- ↑ See also Church Fathers on the Ebionites (Wikisource)
- ↑ Tim Hegg (2007). "The Virgin Birth - An Inquiry into the Biblical Doctrine" (PDF). TorahResource. Archived from the original (PDF) on 2007-08-21. Retrieved 2007-08-13.
{{cite journal}}
: Cite journal requires|journal=
(help) - ↑ 9.0 9.1 9.2 9.3 9.4 G. Uhlhorn, "Ebionites", in: A Religious Encyclopaedia or Dictionary of Biblical, Historical, Doctrinal, and Practical Theology, 3rd ed. (edited by Philip Schaff), p. 684–685 (vol. 2).
- ↑ ആ അർത്ഥത്തിൽ ഈ പേര് ഇസ്രായേലിയ എബ്രായഭാഷയിൽ ഇന്നും ഉപയോഗിക്കാറുണ്ട്.
- ↑ 11.0 11.1 11.2 11.3 O. Cullmann, "Ebioniten", in: Religion in Geschichte und Gegenwart, p. 7435 (vol. 2).
- ↑ Minucius Felix, Octavius, 36: "That we are called the poor is not our disgrace, but our glory."
- ↑ The Greek equivalent (Greek: πτωχοί) ptōkhoi appears in the New Testament (Romans 15, 26; Galatians 2,10), possibly as an honorary title of the Jerusalem church.
- ↑ 14.0 14.1 James Tabor, Nazarenes and Ebionites Archived 2010-06-10 at the Wayback Machine.
- ↑ 15.0 15.1 Eisenman (1997), p. 4, 45.
- ↑ Origen, Contra Celsum, II, 1.
- ↑ ANF04. Fathers of the Third Century: Tertullian, Part Fourth; Minucius Felix; Commodian; Origen, Parts First and Second | Christian Classics Ethereal Library
- ↑ വിൽ ഡുറാന്റ്, സീസറും ക്രിസ്തുവും(പുറം 577), സംസ്കാരത്തിന്റെ കഥ, മൂന്നാം ഭാഗം
- ↑ 19.0 19.1 ഏണസ്റ്റ് റെനാൻ, യേശുവിന്റെ ജീവിതം("പാവങ്ങളുടെ പൈതൃകസ്വത്തായ ദൈവരാജ്യം", അദ്ധ്യായം XI)
- ↑ "They used a Hebrew Gospel of Matthew" ക്രിസ്തുമതത്തിന്റെ ചരിത്രം(പുറം 122), Kenneth Scott Latourette