ഹുസൈൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ഹുസൈൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഹുസൈൻ (വിവക്ഷകൾ)

ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരനായിരുന്നു മഖ്‌ബൂൽ ഫിദാ ഹുസൈൻ (എം.എഫ് ഹുസൈൻ) (സെപ്റ്റംബർ 17 1915 - ജൂൺ 9 2011). ഹുസൈൻ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940-കളിലാണ്. 1952-ൽ സൂറിച്ചിൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികൾ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി.

എം.എഫ്. ഹുസൈൻ
ജനനം
മഖ്ബൂൽ ഫിദാ ഹുസൈൻ

(1915-09-17)17 സെപ്റ്റംബർ 1915
മരണം9 ജൂൺ 2011(2011-06-09) (പ്രായം 95)
ദേശീയതഇന്ത്യൻ; ഖത്തറി (2010–2011)[1]
വിദ്യാഭ്യാസംസർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ട്
അറിയപ്പെടുന്നത്പെയിന്റിങ്, ചിത്രരചന, എഴുത്ത്, ചലച്ചിത്ര നിർമ്മാതാവ്
അറിയപ്പെടുന്ന കൃതി
Meenaxi a tale of three cities ,Throughh the eyes of a painter
പ്രസ്ഥാനംProgressive Art Group
പുരസ്കാരങ്ങൾപദ്മശ്രീ (1955)
പദ്മഭൂഷൻ (1973)
പദ്മവിഭൂഷൻ (1991)
വെബ്സൈറ്റ്www.mfhussain.com

1966-ൽ പത്മശ്രീ,1973 ൽ പത്മഭൂഷൺ,1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു.[2] 1967-ൽ ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ഈ ചിത്രം ബർലിൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ (സ്വർണ്ണക്കരടി) പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. 2010 ൽ ഖത്തർ പൗരത്വം സ്വീകരിച്ചു എം.എഫ്. ഹുസൈൻ[3]

2011 ജൂൺ 9-നു് രാവിലെ ലണ്ടനിൽ വെച്ച് അന്തരിച്ചു.[4]

ജീവിതരേഖ

തിരുത്തുക

1915 സെപ്റ്റംബർ 17-നു പാന്തിപ്പൂരിൽ ജനിച്ചു[5]. ഹുസൈന് ഒന്നര വയസ്സായിരിക്കേ തന്നെ അമ്മ മരിച്ചു. പുനർവിവാഹം ചെയ്ത അദ്ദേഹത്തിന്റെ പിതാവ് ഇൻഡോറിലേക്ക് താമസം മാറി. ഇൻഡോറിൽ വിദ്യാലയ പഠനം പൂർത്തിയാക്കിയ ഹുസൈൻ 1935-ൽ ബോംബെയിലേക്ക് താമസം മാറി. അദ്ദേഹത്തിന് ബോംബെയിലെ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ പ്രവേശനം ലഭിച്ചു. അദ്ദേഹം സിനിമാ പരസ്യങ്ങൾ വരച്ച് തന്റെ ജീവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ബോംബെയിൽ ആദ്യമായി‍ പ്രദർശിപ്പിക്കുന്നതുവരെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന ചിത്രകാരനായി ഹുസൈൻ മാറി. അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾക്ക് 20 ലക്ഷം ഡോളർ വരെ ക്രിസ്റ്റീസ് ലേലത്തിൽ വില ലഭിച്ചിട്ടുണ്ട്. അദ്ദേഹം കുറച്ച് ചലച്ചിത്രങ്ങളും നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. ഗജഗാമിനി (അദ്ദേഹത്തിന്റെ ആരാധനാപാത്രമായിരുന്ന മാധുരി ദീക്ഷിത് പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രം - മാധുരിയെക്കുറിച്ച് അദ്ദേഹം ഫിദ എന്ന പേരിൽ ഒരു ചിത്രശൃംഖല തന്നെ രചിച്ചിട്ടുണ്ട്.), മീനാക്ഷി - മൂന്നു നഗരങ്ങളുടെ കഥ (തബു പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രം), ‘ഒരു ചിത്രകാരന്റെ നിർമ്മാണം’ എന്ന ആത്മകഥാസ്പർശിയായ ചിത്രം തുടങ്ങിയവ ഇതിൽ പെടുന്നു.

2010-ൽ ഖത്തർ ഹുസൈന് പൗരത്വം നൽകി. തന്മൂലം ഇന്ത്യൻ പാസ്പോർട്ട് തിരികെ ഏൽപ്പിച്ചിരുന്നു. അവസാനകാലം പാരീസിലും ദുബൈലുമായി ജീവിച്ച ഹുസൈൻ 95 -ആം വയസ്സിൽ 2011 ജൂൺ 9 -ന് ലണ്ടനിൽ വച്ച് മരണമടഞ്ഞു. ഹുസൈന്റെ മൃതദേഹം ലണ്ടനിലെ ബ്രൂക്ക്‌വുഡിലാണ് ഖബറടക്കിയത്.

ഹുസൈന് ഖബറിടം ഭാരതത്തിൽ ഒരുക്കാമെന്ന സർക്കാറിന്റെ വാഗ്ദാനം ഹുസൈന്റെ മക്കൾ നിരാകരിക്കുകയും ലണ്ടനിൽ തന്നെ മതിയെന്ന് തീരുമാനമെടുക്കുകയും ചെയ്തു. വർഷങ്ങളോളം സ്വരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിച്ച പിതാവിന് ഒരു സഹായവും നൽകാതെ മരിച്ച ശേഷം ഭൗതികശരീരം കൊണ്ടുവരാൻ പറയുന്നത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്ന് പറഞ്ഞാണ് മക്കൾ ഇന്ത്യയുടെ വാഗ്ദാനം തള്ളിയത്.

വിവാദങ്ങൾ

തിരുത്തുക

ജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തി എന്ന കുറ്റത്തിന് ഹുസൈൻ 2006 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഹിന്ദുദേവതമാരെ (ഭാരതാംബയേയും) നഗ്നരായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. കുറ്റാരോപിതമായ ചിത്രങ്ങൾ 1970-ൽ വരച്ചതായിരുന്നു. എങ്കിലും ഇവ ഒരു ഹിന്ദു മാസികയിൽ 1996-ൽ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ വിവാദമായില്ല. മുൻപ് ഇതിനെതിരായ കുറ്റാരോപണങ്ങൾ 2004-ൽ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു (ദുർഗ്ഗയെയും സരസ്വതിയെയും മോശമായി ചിത്രീകരിച്ച് വിവിധ സമുദായങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിക്കുന്നു എന്ന കുറ്റം)[6]. ഹുസൈന്റെ ചിത്രങ്ങൾക്കെതിരായ പ്രതിഷേധം തുടരുന്നതിനിടയിലും ലണ്ടനിൽ അദ്ദേഹത്തിന്റെ ഏകാംഗ ചിത്രപ്രദർശനം നടത്തുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

  1. "M F Husain given Qatar nationality". CNN-IBN. Archived from the original on 2010-02-27. Retrieved 25 February 2010.
  2. "പിക്കാസോ ഇന്ത്യ വിടുന്നു". മാധ്യമം. Retrieved 2010-03-09.
  3. "ഇന്ത്യയുടെ ഓവർസീസ് സിറ്റിസൺഷിപ്പിന് ഹുസൈൻ അപേക്ഷനല്കി". മാതൃഭൂമി. Archived from the original on 2010-03-12. Retrieved 2010-03-09.
  4. M.F. Husain dies, reports say; famous Indian painter, 95, was in exile[പ്രവർത്തിക്കാത്ത കണ്ണി]
  5. ന്യൂയോർക്ക് ടൈംസ്
  6. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 697. 2011 ജൂലൈ 04. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=എം.എഫ്._ഹുസൈൻ&oldid=3801999" എന്ന താളിൽനിന്ന് ശേഖരിച്ചത്