ഒരു ഉൽക്കാശില ഏതെങ്കിലും ഗ്രഹത്തിൽ പതിക്കുമ്പോഴുണ്ടാകുന്ന ഗർത്തങ്ങളാണ് ഉൽക്കാഗർത്തങ്ങൾ(Impact crater). ഭൂമിയേക്കാളും ചന്ദ്രനിലും മറ്റ് ഗ്രഹങ്ങളിലുമൊക്കെയാണ് ഇവ കൂടുതൽ കാണപ്പെടുന്നത്. ബുധനിലെ കലോറിസ് ബേസിൻ ( Caloris Planitia), ശുക്രനിലെ കൂനിറ്റ്സ് ക്രേയ്റ്റർ ( Cunitz) എന്നിവ ഇതിനുദാഹരണങ്ങളാണ്. ദക്ഷിണാഫ്രിക്കയിലെ വ്രെഡേഫോർട്ട് ഉൽക്കാഗർത്തമാണ് (Vredefort Crater) ഭൂമിയിലെ ഏറ്റവും വലിയ ഉൽക്കാഗർത്തം.[2]

ശനിയുടെ ഉപഗ്രഹമായ ലപേറ്റസിലെ എങ്കെലിയർ ഗർത്തം ചൊവ്വയിൽ അടുത്തകാലത്ത് ഉണ്ടായ ഗർത്തം
ചന്ദ്രനിലെ ടൈക്കോ ഗർത്തം
അരിസോണയിലെ ബാരിങ്ങർ ഗർത്തം
സൗരയൂഥത്തിലെ ഉൽക്കാഗർത്തങ്ങൾ:

ഇത്തരം ഗർത്തങ്ങളുടെ അരികുകകൾ സമീപപ്രദേശങ്ങളെക്കാൾ ഉയർന്നും തറഭാഗം താഴ്ന്നും ഇരിയ്ക്കും.[3] ചന്ദ്രൻ, ബുധൻ, കാലിസ്‌റ്റോ, ഗാനിമീഡ് ( Ganymede) തുടങ്ങിയ സൗരയൂഥത്തിലെ പല ഗോളങ്ങളിലും ഇത്തരം ഗർത്തങ്ങൾ അവയുടെ ബാഹ്യരൂപത്തെ വളരെയധികം സ്വാധീനിയ്ക്കുന്നു. എന്നാൽ ഭൂമി, ചൊവ്വ, ശുക്രൻ, യൂറോപ്പ, അയോ, ടൈറ്റാൻ തുടങ്ങിയ ഗോളങ്ങളിൽ ഇത്തരം ഗർത്തങ്ങൾ വ്യാപകമായി കാണപ്പെടുന്നില്ല. ഇത്തരം ഗർത്തങ്ങളുടെ കാലക്രമേണയുള്ള ദ്രവീകരണവും ( Erosion) ഗ്രഹങ്ങളുടെ ഫലകചലനങ്ങളും ( Tectonics) ആണ് ഇതിനുള്ള പ്രധാന കാരണങ്ങൾ.[4]

ബുധൻ, ചന്ദ്രൻ, ചൊവ്വ തുടങ്ങിയ ഗോളങ്ങളിലെ ഗർത്തരൂപീകരണത്തിന്റെ രേഖകൾ കാണിയ്ക്കുന്നത് ഏതാണ്ട് ഏതാണ്ട് 3.9 ബില്യൺ വർഷങ്ങൾക്ക് മുൻപ് ആന്തരികസൗരയൂഥത്തിൽ ഉൽക്കാപതനത്തിന്റെ തോത് വളരെ കൂടുതൽ ആയിരുന്നെന്നാണ്. എന്നാൽ ഇതിനെ അപേക്ഷിച്ച് ഭൂമിയിലെ ഉൽക്കാപതനത്തിന്റെ തോത് അല്പം കുറവായിരുന്നെന്നു കാണാം. ഓരോ ദശലക്ഷം വർഷത്തിലും ഏകദേശം 20 കിലോമീറ്റർ വരെയുള്ള ഗർത്തങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള മൂന്നുവരെ ഉൽക്കകൾ ഭൂമിയിൽ വീണിരുന്നു എന്നാണു കണക്കുകൾ കാണിയ്ക്കുന്നത്[5]. ഇതിന്റെ നിരക്ക് പ്രധാനമായും ക്ഷുദ്രഗ്രഹശൃംഖലയിലെ ഛിന്നഗ്രഹങ്ങളുടെ പരസ്പരമുള്ള കൂട്ടിമുട്ടലുകളുടെ നിരക്കിനെയും അതിന്റെ അവശിഷ്ടങ്ങൾ ആന്തരികസൗരയൂഥത്തിലേയ്ക്ക് തള്ളപ്പെടുന്നതിന്റെ നിരക്കിനെയും ആശ്രയിച്ചിരിയ്ക്കുന്നു.[6] ഏതാണ്ട് 160 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കൂട്ടിയിടിയിൽ ആണ് ബാപ്ടിസ്റ്റീന കൂട്ടത്തിൽപ്പെട്ട ക്ഷുദ്രഗ്രഹങ്ങൾ ഉണ്ടായത്. ഇവ ആന്തരികസൗരയൂഥത്തിൽ ഉൽക്കാപതനത്തിന്റെ നിരക്ക് ഗണ്യമായി കൂട്ടിയിരുന്നു. ഇതിൽപ്പെട്ട ഒന്നാണ് 66 ദശലക്ഷം വർഷങ്ങൾക്കുമുൻപ് ദിനോസറുകളുടെ വംശനാശത്തിനു കാരണമായതെന്ന് കരുതപ്പെടുന്ന ചിക്‌സുലുബ് ഉൽക്കാപതനത്തിന് ( Chicxulub impact) കാരണമായതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.[6]

ഭൂമിയുടെ ഉപരിതലത്തിലെ ദ്രവീകരണം, ഫലകചലനം തുടങ്ങിയ പ്രവർത്തനങ്ങൾ ഗർത്തങ്ങളുടെ ആകൃതിയെ കാര്യമായി ബാധിയ്ക്കുന്നുണ്ടെങ്കിലും ഇതുവരെ ഏതാണ്ട് 190 ഉൽക്കാഗർത്തങ്ങൾ ഭൂമിയിൽ കണ്ടെത്തിയിട്ടുണ്ട്.[7]. 13 മീറ്റർ തൊട്ട് 160 കിലോമീറ്റർ വ്യാസം വരെയുള്ളത് ഉണ്ട് ഇവയിൽ.[8]. അതുപോലെ ഇവ ഉണ്ടായ കാലയളവ് എടുത്താൽ ഏതാനും കൊല്ലങ്ങൾ മുതൽ (റഷ്യയിലെ Sikhote-Alin craters ഗർത്തം 1947'ൽ മാത്രമാണ് ഉണ്ടായത്) 2 ബില്യൺ വർഷങ്ങൾ മുൻപു ഉണ്ടായത് വരെ ഉണ്ട്. എന്നിരുന്നാലും ഇന്നു കാണപ്പെടുന്നവയിൽ കൂടുതൽ ഗർത്തങ്ങൾക്കും 500 ദശലക്ഷം വർഷങ്ങളിൽ താഴെയേ പഴക്കമുള്ളൂ. ഇതിലും പഴക്കമുള്ള ഗർത്തങ്ങൾ ഭൂമിയിലെ ഉപരിതലപ്രവർത്തനങ്ങൾ വഴി തൂർന്നുപോയിരിയ്ക്കാം. ഇവ കൂടുതലും ഭൂഖണ്ഡങ്ങളുടെ ഉൾപ്രദേശങ്ങളിൽ ആണ് കാണപ്പെടുന്നത്.[9] പര്യവേഷണത്തിനുള്ള ബുദ്ധിമുട്ടുകൾ കൊണ്ടും ഭൗമപ്രവർത്തനങ്ങളുടെ തോത് വളരെ കൂടുതൽ ആയതിനാലും സമുദ്രങ്ങളുടെ അടിയിൽ വളരെ കുറച്ചു ഗർത്തങ്ങളേ കണ്ടുപിടിയ്ക്കപ്പെട്ടിട്ടുള്ളൂ.


ചരിത്രം

തിരുത്തുക
 
ഡാനിയേൽ ബാരിങ്ങർ

ഡാനിയേൽ ബാരിങ്ങർ (Daniel Barringer (1860–1929)) ആണ് ആദ്യമായി അരിസോണയിലെ മീറ്റിയോർ ക്രേറ്റർ ( Meteor Crater) തിരിച്ചറിഞ്ഞത്.[10] ഉൽക്കാപതനത്താൽ ആണ് ഇത് രൂപീകരിയ്ക്കപ്പെട്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ വ്യാപകമായി സ്വീകരിയ്ക്കപ്പെട്ടിരുന്നില്ലെങ്കിലും പതിയെ ആളുകൾ മീറ്റിയോർ ക്രേറ്ററിന്റെ രൂപീകരണത്തിന് ബാരിങ്ങർ മുന്നോട്ടുവെച്ച കാരണങ്ങൾ സ്വീകരിച്ചു തുടങ്ങി. എന്നിരുന്നാലും ഭൂമിയുടെ ഉപരിതലത്തിന്റെ രൂപീകരണത്തിന് നിർണായക പങ്കു വഹിയ്ക്കുന്ന ഒന്നാണ് ഉൽക്കാപതനങ്ങൾ എന്ന് ആരും വിചാരിച്ചിരുന്നില്ല.

1920കളിൽ വാൾട്ടർ.എഛ്.ബുച്ചർ ( Walter H. Bucher) എന്ന അമേരിക്കകാരനായ ഭൂവിജ്ഞൻ അമേരിക്കയിലെ ഇന്നു പൊതുവേ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള പല ഉൽക്കാഗർത്തങ്ങളും തിരിച്ചറിഞ്ഞു. വളരെ ശക്തിയേറിയ സ്ഫോടനങ്ങളാൽ ആണ് അവ സൃഷ്ടിയ്ക്കപ്പെട്ടത് എന്ന് അദ്ദേഹം തീർച്ചപ്പെടുത്തി.[11] എന്നാൽ ഇത്തരം സ്ഫോടനങ്ങളുടെ ഉത്ഭവം അഗ്നിപർവതങ്ങൾ ആണെന്ന് അദ്ദേഹം കരുതി. 1936'ൽ ജോൺ ഡി. ബൂൺ, ക്ലൗഡേ സി. ആൽബ്രിട്ടൻ ജൂനിയർ എന്നീ ഭൂവിജ്ഞർ ഇത്തരം ഗർത്തങ്ങൾ ഉൽക്കാപതനങ്ങളുടെ ഭാഗമായി സൃഷ്ടിയ്ക്കപ്പെട്ടതാവാം എന്ന സിദ്ധാന്തം മുന്നോട്ടുവെച്ചു.

 
യൂജീൻ ഷൂമേക്കർ

1960കൾ വരെ ഇത്തരം സിദ്ധാന്തങ്ങൾ പൊതുവേ ഊഹങ്ങൾ ആയാണ് ഗണിയ്ക്കപ്പെട്ടിരുന്നത്. ഈ കാലഘട്ടത്തിൽ യൂജീൻ ഷൂമേക്കർ ( ഷൂമേക്കർ-ലെവി 9 (Shoemaker-Levy 9) എന്ന ധൂമകേതുവിനെ കണ്ടുപിടിച്ചയാൾ) ആണ് ഇത്തരം ഗർത്തങ്ങളെപ്പറ്റി വിശദമായി പഠിയ്ക്കുകയും ഇവ ഉൽക്കാപതനത്തിന്റെ ഭാഗമായിത്തന്നെ ഉണ്ടായതാണെന്നുള്ളതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തുകയും ചെയ്തത്. ഇതിനുവേണ്ടി ഇദ്ദേഹം ഉൽക്കാപതനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഷോക്ക് മെറ്റാമോർഫിക് പ്രഭാവങ്ങൾ കണ്ടെത്തുകയും ഇത്തരം ഗർത്തങ്ങളുടെ രൂപീകരണത്തിന് അവയുടെ സഹായം കണ്ടെത്തുകയും ചെയ്തു.[12]

ഇത്തരം പ്രഭാവത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഡൊമിനിയൻ ആസ്ട്രോഫിസിക്കൽ നിരീക്ഷണകേന്ദ്രത്തിലെ ( Dominion Astrophysical Observatory) കാർലൈൽ എസ്‌. ബിൽസും ( Carlyle S. Beals) സഹപ്രവർത്തകരും ജർമ്മനിയിലെ ട്യൂബിൻഗെൻ യൂണിവേഴ്സിറ്റി ( University of Tübingen) വോൾഫ് ഫോൺ എന്ഗേൽഹാർട്ടും ( Wolf von Engelhardt) ഇത്തരം ഗർത്തങ്ങളെ കണ്ടെത്താനുള്ള വ്യവസ്ഥാപിതമായ ഒരു പഠനം നടത്തി. 1970ഓടെ അവർ ഏതാണ്ട് 50 ഗർത്തങ്ങൾ കണ്ടെത്തി. 1969ലെ അമേരിക്കയുടെ അപ്പോളോ ദൗത്യം ( Apollo program) ചന്ദ്രനിലെ ഉൽക്കാപതനത്തിന്റെ കൂടുതൽ തെളിവുകൾ നൽകി. ദ്രവീകരണവും ഫലകചലനങ്ങളും കുറവായിരുന്നതുകൊണ്ട് ചന്ദ്രനിലെ ഗർത്തങ്ങൾ പൊതുവെ മാറ്റങ്ങൾ അധികം സംഭവിയ്ക്കാതെതന്നെ കിടക്കുന്നു.[13]

ഇവ രൂപപ്പെടുന്ന വിധം

തിരുത്തുക
A laboratory simulation of an impact event and crater formation

ഉയർന്ന വേഗതയിൽ സഞ്ചരിയ്ക്കുന്ന ഖരവസ്തുക്കൾ പരസ്പരം കൂട്ടിയിടിയ്ക്കുമ്പോഴാണ് ഇത്തരം ഗർത്തങ്ങൾ ഉണ്ടാകുന്നത്. പലപ്പോഴും ശബ്ദവേഗതയേക്കാൾ കൂടുതൽ ആകാം ഇവയുടെ വേഗത. ഇതിന്റെ ഫലമായി വസ്തുക്കളിൽ ദ്രവീകരണവും ബാഷ്പീകരണവും ഉണ്ടാകാം. ഭൂമിയുമായി ഒരു ഉൽക്ക കൂട്ടിയിടിയ്ക്കുമ്പോൾ അതിന്റെ വേഗത ഏതാണ്ട് 11 കി.മി / സെക്കന്റ് തൊട്ടു 72 കി.മി / സെക്കന്റ് വരെയാകാം.[14] ഈ വേഗതയുടെ മീഡിയൻ മൂല്യം ഏതാണ്ട് 20 കി.മി / സെക്കന്റ് ആണ്.[15]

എന്നാൽ ഇത് അന്തരീക്ഷത്തിന്റെ ഘർഷണപ്രഭാവങ്ങൾ കണക്കാക്കാതെയുള്ള കണക്കാണ്. ഏറ്റവും താഴെയുള്ള 12 കിലോമീറ്റർ അന്തരീക്ഷം ഉൽക്കകളുടെ വേഗത വളരെ കുറയ്ക്കുന്നു. 7000 കിലോഗ്രാം വരെ ഭാരമുള്ള ഉൽക്കകകൾ വീഴുന്ന സമയത്ത് അവയുടെ ആന്തരിക വേഗത മുഴുവനായും അന്തരീക്ഷം ആഗിരണം ചെയ്യുന്നു. അതിനുശേഷം അവ വീഴുന്നത് പൂർണമായും ഭൂമിയുടെ ഗുരുത്വാകർഷണബലത്താൽ മാത്രമാണ്. അതിനാൽ ഭൂമിയിൽ അവ പതിയ്ക്കുമ്പോൾ ഉള്ള വേഗത അവയുടെ ടെർമിനൽ വേഗതയായ 0.09 തൊട്ടു 0.16 കി.മി./സെക്കന്റ് മാത്രമാണ്. ഇതിലും ഘനമുള്ള ഉൽക്കകൾ അവയുടെ ഘനത്തിനനുസരിച്ച് അവയുടെ ആന്തരികവേഗത നിലനിർത്തുന്നു. 900,000 കിലോഗ്രാം ഭാരമുള്ള ഒരു ഉൽക്ക അതിന്റെ ബഹിരാകാശവേഗതയുടെ 70% വരെ നിലനിർത്തുന്നു. 100,000 ടൺ ഭാരമുള്ള ഉൽക്കയാണെങ്കിൽ അവ ബഹിരാകാശവേഗതയിൽത്തന്നെയാണ് ഭൂമിയിൽ പതിയ്ക്കുക.[14]

ഇത്തരം ആഘാതങ്ങൾ നടന്ന ഉടനെ ഉൽക്കയിലും അത് വീണ ഗ്രഹത്തിലെ ചുറ്റുപാടുകളിലും ദ്രുതഗതിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. രണ്ടിടത്തെയും ദ്രവ്യം പൊടുന്നനെ സങ്കോചിയ്ക്കുന്നു. ഇത്തരം ഉയർന്ന സങ്കോചത്തിന്റെ ഫലമായി അവയുടെ സാന്ദ്രത വളരെ പെട്ടെന്ന് കൂടുന്നു. വളരെ പെട്ടെന്ന് തന്നെ ഒരു സ്ഫോടനം മുഖേന ഇത് പഴയപടിയാക്കാൻ ശ്രമിയ്ക്കുന്നു. ഇത്തരം സ്ഫോടനത്തിന്റെ ഫലമായി ഒരു ഗർത്തം രൂപപ്പെടുകയും ചെയ്യുന്നു. പൊതുവെ ഇത്തരം ആഘാതങ്ങൾ വൃത്താകൃതിയിലുള്ള ഗർത്തങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാൽ ഭൂമിയുമായി ഒരു ചെറിയ കോണളവിൽ വന്നു വീഴുന്ന ഉൽക്കകൾ ദീർഘവൃത്താകൃതിയിലുള്ള ഗർത്തങ്ങൾ ഉണ്ടാക്കുന്നു.[16]

ഇതും കൂടി കാണുക

തിരുത്തുക

ആഘാതസംഭവം ( Impact event)

  1. Spectacular new Martian impact crater spotted from orbit, Ars Technica, 4 ഏപ്രിൽ 2018.
  2. "Asteroid Impacts: 10 Biggest Known Hits". Retrieved 04 ഏപ്രിൽ 2018. {{cite web}}: Check date values in: |accessdate= (help)
  3. Gunter, Faure; Mensing, Teresa.M (2007). Introduction to Planetary Science. Springer. p. 124. ISBN 978-1-4020-5544-7.
  4. Gunter, Faure; Mensing, Teresa.M (2007). Introduction to Planetary Science. Springer. p. 125. ISBN 978-1-4020-5544-7.
  5. GRIEVE, RICHARD A. F. (1998) Extraterrestrial impacts on earth: the evidence and the consequences, Geological Society, London, Special Publications, vol. 140, issue 1, pp. 105-131
  6. 6.0 6.1 Bottke, WF; Vokrouhlický D Nesvorný D. (2007). "An asteroid breakup 160 Myr ago as the probable source of the K/T impactor". Nature. 449 (7158): 48–53. Bibcode:2007Natur.449...48B. doi:10.1038/nature06070. PMID 17805288.
  7. Grieve, R.A.F.; Cintala, M.J.; Tagle, R. (2007). Planetary Impacts in Encyclopedia of the Solar System, 2nd ed., L-A. McFadden et al. Eds, p. 826.
  8. "Impact Structures Sorted by Diameter". Archived from the original on 2013-06-25. Retrieved 04 ഏപ്രിൽ 2018. {{cite web}}: Check date values in: |accessdate= (help)
  9. Shoemaker, E.M.; Shoemaker, C.S. (1999). The Role of Collisions in The New Solar System, 4th ed., J.K. Beatty et al., Eds., p. 73.
  10. D.M. Barringer (1906). Coon Mountain and its Crater. Proceedings of the Academy of Natural Science of Philadelphia, 57:861-886. PDF
  11. "The Deformation of the Earth's Crust: By Walter H. Bucher. pp. 518, with 100 figures. Princeton University Press, 1933". Geological Magazine. 71: 329. doi:10.1017/S0016756800093420.
  12. Kieffer, Susan. W. "Eugene M. Shoemaker (1928 - 1997)." Biographical Memoirs. National Academy of Sciences. 2015. Accessed April 04, 2018.
  13. Grieve, R.A.F. (1990) Impact Cratering on the Earth. Scientific American, April 1990, p. 66.
  14. 14.0 14.1 "How fast are meteorites traveling when they reach the ground". American Meteor Society. Retrieved 1 September 2015.
  15. Kenkmann, Thomas; Hörz, Friedrich; Deutsch, Alexander (2005-01-01). Large Meteorite Impacts III. Geological Society of America. p. 34. ISBN 0-8137-2384-1.
  16. Melosh, H.J., 1989, Impact cratering: A geologic process: New York, Oxford University Press, 245 p.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉൽക്കാഗർത്തം&oldid=4022726" എന്ന താളിൽനിന്ന് ശേഖരിച്ചത്