24°35′N 73°41′E / 24.58°N 73.68°E / 24.58; 73.68 തെക്കൻ രാജസ്ഥാനിലെ ഉദയ്‌പൂർ ജില്ലയുടെ ആസ്ഥാനമായ പുരാതനനഗരമാണ് ഉദയ്‌പൂർ (pronunciation). ഉദയ്പൂർ-ചിത്തോർ റയിൽ പാതയിൽ ബോംബെയിൽനിന്ന് 1,115 കി. മീ. ദൂരെ സമുദ്രനിരപ്പിൽ നിന്ന് 600 മീ. ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. നഗരത്തിനെ ചുറ്റി വനപ്രദേശങ്ങളാണ്. പ്രചീനനഗരം കോട്ടമതിലിനാലും അതിനെ ചുറ്റിയുള്ള അഗാധമായ കിടങ്ങിനാലും സം‌‌രക്ഷിതമായിരുന്നു; കോട്ട ഇന്നും നിലനിന്നുപോരുന്നു നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗത്ത് മഹാറാണാപ്രാസാദം, യുവരാജഗൃഹം, സർദാർ ഭവനം തുടങ്ങി രാജകാലപ്രഭാവം വിളിച്ചോതുന്ന രമ്യഹർമ്മ്യങ്ങളും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവയുടെ പ്രതിബിംബങ്ങൾ സമീപത്തുള്ള പച്ചോളാതടാകത്തിൽ പ്രതിബിംബിക്കുന്നത് മനോഹരമായ് കാഴ്ച്ചയാണ്. തടകമധ്യത്ത് യജ്ഞമന്ദിരം, ജലവാസഗൃഹം എന്നിങ്ങനെ രണ്ടു വസ്തുശില്പങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു.[1]

ഉദയ്പൂർ
Map of India showing location of Rajasthan
Location of ഉദയ്പൂർ
ഉദയ്പൂർ
Location of ഉദയ്പൂർ
in Rajasthan and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Rajasthan
ജില്ല(കൾ) Udaipur district
ഏറ്റവും അടുത്ത നഗരം Ahmedabad, Jaipur, Surat
ജനസംഖ്യ
ജനസാന്ദ്രത
5,59,317 (2001—ലെ കണക്കുപ്രകാരം)
15,117/കിമീ2 (15,117/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
37 km2 (14 sq mi)
600 m (1,969 ft)
കോഡുകൾ
വെബ്‌സൈറ്റ് www.udaipurmc.org

1568-ൽ അക്ബർ ചിത്തോർ പിടിച്ചടക്കിയതിനെ തുടർന്ന് റാണാഉദയസിംഹൻ നിർമ്മിച്ച ഗിരിപ്രകാരമാണ് ഇന്നത്തെ ഉദയ്പൂർ ആയിതീർന്നത്. ഇപ്പോൾ വലിപ്പംകൊണ്ട് രാജസ്ഥാനിലെ നാലാമത്തെ നഗരമാണിത്. സ്വർണം, വെള്ളി, ദന്തം എന്നിവകൊണ്ടുള്ള ആഭരണങ്ങൾ, മറ്റ് അലങ്കാരവസ്തുക്കൾ, കസവുവസ്ത്രങ്ങൾ, വാൾ, കഠാരി തുടങ്ങിയ ആയുധങ്ങൾ എന്നിവയുടെ നിർമ്മാണത്ത്ന് ഉദയ്പൂർ പ്രശസ്തമാണ്. അടുത്തകാലത്തായി ചെറുകിട വ്യവസായങ്ങൾ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ വിദ്യാഭ്യാസ സംസ്കാര കേന്ദ്രമെന്ന നിലയിലും ഉദയ്പൂർ പ്രാധാന്യമർഹിക്കുന്നു.[2]

ഇന്ത്യയിൽ സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് നിലവിലുണ്ടായിരുന്ന ഒരു നാട്ടുരാജ്യമായി നിലനിന്നിരുന്ന ഉദയ്പൂർ രാജപുത്താനയിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു. രജപുത്ര പരമ്പര്യവും പ്രഭാവവും കാത്തുസൂക്ഷിച്ചുപോന്ന ഈ പ്രദേശം മേവാഡ് എന്നപേരിലും അറിയപ്പെടുന്നു. മേഷ്പാദ് എന്ന സംസ്കൃത പദത്തിന്റെ അപഭ്രംശമാണ് മേവാഡ്; മേഷങ്ങളുടെയും മേശ്രജാതിക്കാരുടെയും നിവാസസ്ഥാനം എന്ന അർത്ഥത്തിലാണ് മേവാഡ് എന്ന പേരു ലഭിച്ചത്. ഇപ്പോൾ രാജസ്ഥാൻ സംസ്ഥാനത്തിലെ ഒരു ജില്ലയാണ്.

ഭൂപ്രകൃതി

തിരുത്തുക
 
ഉദയ്പൂരിലെ കർണിമാതാ ക്ഷേത്രത്തിൽനിന്നുള്ള പിഛോലാ തടാകത്തിന്റെ ഒരു ദൃശ്യം. നിരവധി തടാകങ്ങളുള്ളതിനാൽ തടാകങ്ങളുടെ നഗരം എന്നൊരു അപരനാമവും ഉദയ്പൂരിനുണ്ട്

ആരവല്ലി മലനിരകളുടെ തെക്കേച്ചരിവിലുള്ള പീഠപ്രദേശത്താണ് ഉദയ്പൂർ സ്ഥിതിചെയ്യുന്നത്. കഠിനശിലകളാൽ സം‌‌രചിതമായ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി പൊതുവേ വടക്കുകിഴക്കോട്ടു ചാഞ്ഞിറങ്ങുന്ന മട്ടിലാണ്. ഉദയ്പൂരിന്റെ മൂന്നിൽ രണ്ടു ഭാഗവും നിരപ്പുള്ള പ്രദേശമാണ്. തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ബനാസ് നദിയുടെ ശീർഷസ്ഥാനം പൊതുവേ നിംനോന്നതവും ദുർഗമവുമാണ്; സ്ഥിരമായി പാർപ്പുറപ്പിക്കതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭീൽ‌‌വർഗക്കാരുടെ അധിവാസകേന്ദ്രവുമാണ്. ഇവിടെ ജയ്സമന്ത് (ഡേബർ), രാജ്സമന്ത്, ഉദയസാഗർ, പച്ചോള തുടങ്ങി നൈസർഗികവും മനുഷ്യനിർമിതവുമായ അനേകം തടകങ്ങൾ ഉണ്ട്; ക്വാർട്ട്സൈറ്റ് അധാത്രിയായുള്ള ഗർത്തങ്ങളിൽ ഒഴുകിക്കൂടിയ ജലമാണ് തടകങ്ങളായി തീർന്നിരിക്കുന്നത്.. ഇവിടെ ശരാശരി വർഷപാതം 25-60 സെ. മീ. ആണ്. ജോവർ, ബാജ്റ, ഗോതമ്പ്, കടല, പരുത്തി, പുകയില, എണ്ണക്കുരുക്കൾ തുടങ്ങിയവ കൃഷിചെയ്തു വരുന്നു. ജില്ലയുടെ തെക്കുപടിഞ്ഞാറു ഭഗത്ത് അല്പമായതോതിൽ നെൽകൃഷിയും നടക്കുന്നുണ്ട്. ആട്, ഒട്ടകം എന്നിവയാണ് പ്രധാന വളർത്തുമൃഗങ്ങൾ.[3]

ചരിത്രം

തിരുത്തുക
 
ഉദയ്‌പൂർ കൊട്ടാരം, രാജാ രവിവർമ്മയുടെ ചിത്രീകരണം
 
ഉദയ്പൂർ കൊട്ടാരം

728-ൽ ബാപ്പാ റാവൽ ആണ് മേവാഡ് രാജ്യം സ്ഥാപിച്ചത്. ഈ വംശത്തിലെ സമർഥരും യുദ്ധനിപുണരുമായ രാജാക്കന്മാർ മേവാഡിന്റെയും രജപുത്രരുടെയും ആധിപത്യം ഉറപ്പിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു. സൂര്യവംശവുമായി ബന്ധപ്പെടുത്തി, ശ്രീരാമന്റെ പിന്മുറക്കാരായ ക്ഷത്രിയരാണ് തങ്ങളെന്ന് മേവാഡ് രാജാക്കന്മാർ അവകാശപ്പെട്ടിരുന്നു; റാവൽ, റാണാ, മഹാറാണ എന്നീ സ്ഥാനപ്പേരുകൾ അവർ സ്വീകരിച്ചുപോന്നു. രജപുത്രർ മേവഡിനെ പവിത്രഭൂമിയായി കരുതിപ്പോരുന്നു.[4]

ട്രാവൽ & ലിഷർ മാഗസിൻ 2009-ലെ ലോകത്തിലെ ഏറ്റവും നല്ല നഗരത്തിനുള്ള അവാർഡിനായി ഉദയ്പൂർ നഗരത്തെ തെരഞ്ഞെടുത്തിരുന്നു.[5]

 
ജാഗ് മന്ദിർ
 
ഉദയ്പൂരിന്റെ പനോരമ ചിത്രം
  1. Udaipur Encyclopædia Britannica Eleventh Edition.
  2. "History of Udaipur the lake city". Archived from the original on 2007-11-11. Retrieved 2009-12-17.
  3. "Geography of Udaipur". Archived from the original on 2009-11-30. Retrieved 2009-12-17.
  4. Udaipur Encyclopædia Britannica Eleventh Edition.
  5. 2009 World's Best Cities | Travel + Leisure

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉദയ്‌പൂർ&oldid=4082876" എന്ന താളിൽനിന്ന് ശേഖരിച്ചത്