ഈശോയാബ് മൂന്നാമൻ

കിഴക്കിന്റെ കാതോലിക്കോസ് (649 - 659)
(ഈശോയാവ് III എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രി. വ. 649 മുതൽ 659 വരെ കിഴക്കിന്റെ സഭയുടെ പരമാദ്ധ്യക്ഷൻ ആയിരുന്നു മാർ ഈശോയാബ് മൂന്നാമൻ. അദിയാബേനെയിലെ ഈശോയാബ് എന്നും മഹാനായ ഈശോയാബ് എന്നും ഇദ്ദേഹം അറിയപ്പെടുന്നു.[1][2][3][4]

മാർ ഈശോയാബ് മൂന്നാമൻ
കിഴക്കിന്റെ കാതോലിക്കോസ്
സഭകിഴക്കിന്റെ സഭ
രൂപതബാഗ്ദാദ്
ഭദ്രാസനംസെലൂക്യാ-ക്ടെസിഫോൺ
സ്ഥാനാരോഹണം649
ഭരണം അവസാനിച്ചത്659
മുൻഗാമിമാറെമ്മേഹ്
പിൻഗാമിഗീവർഗീസ് 1ാമൻ
വ്യക്തി വിവരങ്ങൾ
ജനനംകുപ്‌ലാന
വിദ്യാകേന്ദ്രംബേഥ് ആബെ ആശ്രമം
മുൻപദവി
ഈശോയാബ്
അദിയാബേനെയുടെ മെത്രാപ്പോലീത്ത
ഭദ്രാസനംഅർബേല
സ്ഥാനാരോഹണം640
ഭരണം അവസാനിച്ചത്649
ഈശോയാബ്
നിനെവേയുടെ അപിസ്കോപ
ഭദ്രാസനംനിനവേ
സ്ഥാനാരോഹണം629
ഭരണം അവസാനിച്ചത്640

ആദ്യകാല ജീവിതം

തിരുത്തുക

ബേഥ് ആബെ ആശ്രമത്തിലെ സ്ഥിരം സന്ദർശകനായിരുന്ന അദിയാബേനെയിലെ കുഫ്‌ലാനാക്കാരനായ ബസ്തോമാഗ് എന്ന ധനികനായ പേർഷ്യൻ ക്രിസ്ത്യാനിയുടെ മകനായിരുന്നു ഈശോയാബ്. 'ഈശോയുടെ വേലക്കാരൻ' എന്നാണ് ഈ പേരിൻറെ അർത്ഥം. നിസിബിസിലെ ദൈവശാസ്ത്ര കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടിയ ഈശോയാബ് ആദ്യം നിനവേയിലെ ബിഷപ്പും തുടർന്ന് അദിയാബേനെയിലെ മെത്രാപ്പോലീത്തയും ആയി. മറ്റ് ക്രൈസ്തവ വിഭാഗങ്ങളുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന ബന്ധം വളരെ കലുഷിതമായിരുന്നു. ഇദ്ദേഹത്തിനെതിരായ നിരവധി ആരോപണങ്ങൾ അന്യസഭാ എഴുത്തുകാർ ഉന്നയിക്കുന്നുണ്ട്. യാക്കോബായക്കാർ തിക്രിത്തിൽ നിന്ന് ശക്തമായ സ്വാധീനം പ്രയോഗിച്ചിട്ടും മൊസൂളിൽ അവർക്ക് ഒരു പള്ളി പണിയുന്നത് അദ്ദേഹം തടസ്സപ്പെടുത്തി. ഇതിനുവേണ്ടി അദ്ദേഹം പലർക്കും കൈക്കൂലി കൊടുത്തതായി ബർ എബ്രായാ എന്ന യാക്കോബായ എഴുത്തുകാരൻ ആരോപിക്കുന്നുണ്ട്. 630ൽ ആലെപ്പോയിൽ വച്ച് റോമൻ ചക്രവർത്തിയായ ഹെറാക്ലിയസിനെ കണ്ടുമുട്ടിയ പൗരസ്ത്യ സുറിയാനി പ്രതിനിധി സംഘത്തിലെ അംഗങ്ങളിൽ ഒരാളായിരുന്നു ഈശോയാബ്. ആ സമയത്ത് അന്ത്യോക്യയിലെ ഒരു പള്ളിയിൽ നിന്ന് അപ്പോസ്തലന്മാരുടെ തിരുശേഷിപ്പുകൾ അടങ്ങിയ വളരെ വിലയേറിയതും മനോഹരവുമായ ഒരു പെട്ടി അദ്ദേഹം എടുത്തു കൊണ്ടുപോയി. ബേഥ് ആബെ ആശ്രമത്തിന് അദ്ദേഹം ആ പെട്ടി സംഭാവന ചെയ്തു. ഇത് അദ്ദേഹം അന്ത്യോഖ്യയിൽ നിന്ന് അപഹരിച്ചതാണ് എന്ന് മറ്റ് വിഭാഗക്കാർ ആരോപിച്ചു.

പാത്രിയർക്കീസ്

തിരുത്തുക

647ൽ കാതോലിക്കോസ് മാറെമ്മേഹിന്റെ മരണത്തെ തുടർന്ന്, കിഴക്കിന്റെ സഭ ഈശോയാബിനെ അടുത്ത കാതോലിക്കോസ്-പാത്രിയർക്കീസ് ആയി തിരഞ്ഞെടുത്തു. എന്നാൽ, റെവ് അർദാഷിറിന്റെ മെത്രാപ്പോലീത്ത ആയിരുന്ന ശിമയോൻ ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഈശോയാബിനെതിരെ സഭയിൽ കലാപക്കൊടി ഉയർത്തിയ ശിമയോൻ അദ്ദേഹത്തിന്റെ പാത്രിയർക്കൽ സ്ഥിരീകരണം തേടാതെ സ്വന്തം പ്രവിശ്യയിൽ മേൽപ്പട്ടക്കാരെ സ്വന്തം നിലയ്ക്ക് നിയമിക്കാൻ തുടങ്ങി. ഇന്ത്യയിലെ സഭയുമായി ശിമയോന് ഉണ്ടായ തർക്കത്തെ തുടർന്ന് ആ പ്രദേശത്തെ പാർസിൽ നിന്നുള്ള മെത്രാപ്പോലീത്തൻ അധികാരത്തിൽ നിന്ന് വേർപെടുത്തി സ്വതന്ത്ര സഭാ പ്രവിശ്യയായി ഉയർത്താനും ഈശോയാബ് മടികാണിച്ചില്ല. ഇതും സഭയിലെ ഭിന്നത രൂക്ഷമാക്കി. പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഈശോയാബ് റെവ് അർദാശിറിലേക്ക് ഒരു സന്ദർശനം നടത്തി. അവിടെവെച്ച് ശിമയോൻ മെത്രാപ്പോലീത്തയുമായി രമ്യതയിലെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.

തായ്യ്, മുഹാജിർ, ഹനീഫ് എന്നിങ്ങനെ വിവിധ പേരുകളിൽ വിശേഷിപ്പിക്കപ്പെട്ട അറബികളുമായി ഈശോയാബ് നല്ല ബന്ധം സ്ഥാപിച്ചു. എന്നാൽ 659ൽ തന്റെ മരണം വരെ സ്വന്തം സഭയിൽ പാർസ് പ്രവിശ്യയിൽ ഉണ്ടായിരുന്ന ഭിന്നത പൂർണ്ണമായി പരിഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും തൻറെ നയപരമായ നിലപാടുകൊണ്ട് സഭയെ ഒരു സമ്പൂർണ്ണ ഭിന്നതയിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു.[1] [5] [6] [7][8]

ഇന്ത്യൻ സഭയ്ക്ക് മെത്രാസന പദവി

തിരുത്തുക

ഇന്ത്യയിലെ സഭയെ ഒരു മെത്രാപ്പോലീത്ത ഭരിക്കുന്ന മെത്രാസനപ്രവിശ്യയാക്കി ആദ്യമായി ഉയർത്തിയത് ഈശോയാബ് 3ാമൻ ആയിരുന്നു.[9] യേശുക്രിസ്തുവിന്റെ 12 ശ്ലീഹന്മാരിൽ ഒരാളായ തോമാശ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്ന ഒരു ക്രൈസ്തവ സമൂഹം ഇന്ത്യയിൽ പ്രത്യേകിച്ച് തെക്കുപടിഞ്ഞാറൻ തീരമായ മലബാറിൽ നൂറ്റാണ്ടുകളായി അധിവസിച്ചിരുന്നു. എന്നാൽ ഇവർക്ക് ആത്മീയ ആചാര്യന്മാരായ ബിഷപ്പുമാരെ അയച്ചു കൊടുത്തിരുന്നത് ഏഴാം നൂറ്റാണ്ട് വരെ പാർസിലെ മെത്രാപ്പോലീത്ത ആയിരുന്നു. ഈശോയാബ് 3ാമന്റെ കാലഘട്ടമായപ്പോഴേക്കും ഈ ബന്ധത്തിൽ ഉരച്ചിൽത്തട്ടി തുടങ്ങിയിരുന്നു. ഈശോയാബിന്റെ വിവരണം അനുസരിച്ച് ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ചില പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് താൻ ആവശ്യപ്പെട്ട പിരിവ് തരാത്തതിൽ, പേർഷ്യയിലെ ശിമയോൻ മെത്രാപ്പോലീത്തയ്ക്ക് അപ്രീതി തോന്നുകയും അദ്ദേഹം ഇന്ത്യയിലേക്കും കിഴക്കൻ ദ്വീപുകളിലേക്കും ബിഷപ്പുമാരെ അയക്കുന്നത് അനിശ്ചിതമായി നിർത്തിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ പേർഷ്യൻ അധികാരത്തിൽ നിന്ന് വേർപെടുത്തി പുതിയ മെത്രാപ്പോലീത്തയെ അവിടേക്ക് നിയമിച്ചയയ്ക്കാൻ ഈശോയാബ് തീരുമാനിച്ചത്.

എന്നാൽ ഈ തീരുമാനം നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. പേർഷ്യയിലെ മെത്രാപ്പോലീത്ത ഉയർത്തിയ കടുത്ത പ്രതിഷേധമാണ് ഇതിന് കാരണമായത്. ഈശോയാബിന്റെ പാത്രിയാർക്കൽ സ്ഥാനാരോഹണത്തെ തന്നെ ചോദ്യം ചെയ്തിരുന്ന പേർഷ്യയിലെ മെത്രാപ്പോലീത്തയെ അദ്ദേഹത്തിന്റെ ഈ നീക്കം കൂടുതൽ പ്രകോപിപ്പിച്ചു. പിന്നീട് മെത്രാപ്പോലീത്തൻ പദവി സ്ഥിരീകരിച്ച് കിട്ടാൻ ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് ഒൻപതാം നൂറ്റാണ്ടിൽ തിമോത്തെയോസ് 1ാമൻ പാത്രിയാർക്കീസിന്റെ കാലം വരെ കാത്തിരിക്കേണ്ടതായി വന്നു.

ബേഥ് ലാപത്തിന്റെ മെത്രാപ്പോലീത്ത ആയിരുന്ന യോഹന്നാനുവേണ്ടി ഈശോയാബ് അഭിപ്രായങ്ങളുടെ നിരാകരണം എന്ന ഒരു കൃതി എഴുതി. ഇതിനുപുറമേ മറ്റ് നിരവധി ലഘുലേഖകളും പ്രഭാഷണങ്ങളും, ചില സ്തുതിഗീതങ്ങളും, നവാഗതർക്കുവേണ്ടിയുള്ള പ്രബോധനവും എഴുതി. ഇവയ്ക്കൊപ്പം രക്തസാക്ഷി ഈശോ-സബ്രാന്റെ ജീവചരിത്രവും അദ്ദേഹം തയ്യാറാക്കി.

ഈശോയാബിന്റെ കാലഘട്ടം പ്രധാനമായും ശ്രദ്ധേയമാകുന്നത് അദ്ദേഹം തന്റെ പാത്രിയാർക്കീസ് പദവിയിൽ ഇരുന്നപ്പോൾ എഴുതിയ കത്തുകൾക്കാണ്. അറേബ്യയിലേക്കും പേർഷ്യയിലേക്കും ഇസ്ലാം മതം പ്രചരിക്കുകയും സസാനിയൻ സ്വാധീനങ്ങൾ ഇല്ലാണ്ടാവുകയും ചെയ്തിരുന്ന ആ നിർണ്ണായക കാലഘട്ടത്തിലെ കിഴക്കിന്റെ സഭയുടെ ചരിത്രത്തെക്കുറിച്ച് ഒരു നേർക്കാഴ്ച അവ നൽകുന്നു. കൂടാതെ ഉസ്മാനിയ, അലി ഖിലാഫത്തുകളുമായും അവ നിയന്ത്രിച്ചിരുന്ന അറബികളുമായും ഉള്ള പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികളുടെ ബന്ധത്തെക്കുറിച്ചും ഇവ സൂചനകൾ നൽകുന്നു.[2]

ആരാധനാക്രമം

തിരുത്തുക

ദൈനംദിന പ്രാർത്ഥനാക്രമത്തിനും വിവിധ കൂദാശകൾക്കുമായി സഭയുടെ ആരാധനക്രമത്തിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയതിനും ഈശോയാബ് 3ാമൻ പ്രസിദ്ധനാണ്. കിഴക്കിന്റെ സഭയിലും പൗരസ്ത്യ സുറിയാനി പാരമ്പര്യം പിന്തുടരുന്ന അതിൻറെ പുത്രികാ സഭകളിലും നിലവിൽ ഉപയോഗത്തിലുള്ള മൂന്ന് കുർബാനാ കൂദാശാക്രമങ്ങൾ നിർണ്ണയിച്ചത് ഇദ്ദേഹമാണെന്ന് സീർത്തിന്റെ നാളാഗമം സാക്ഷ്യപ്പെടുത്തുന്നു.

  1. 1.0 1.1 Fiey, J.-M. Ishoʿyaw le Grand. Vie du Catholicos nestorien. pp. OCP 35 (1969), 503–33, 36 (1970), 5–46.
  2. 2.0 2.1 Brock, Sebastian P. (2011). Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Ishoʿyahb III of Adiabene. Gorgias Press.
  3. Wilmshurst, D. J. (2011). The Martyred Church: A History of the Church of the East. London.{{cite book}}: CS1 maint: location missing publisher (link)
  4. Feb 24; Articles |, 2021 | (2021-02-24). "ദക്ഷിണേന്ത്യയിലെ സുറിയാനീ നസ്രാണികൾ". Retrieved 2023-05-11. {{cite web}}: |first2= has numeric name (help)CS1 maint: numeric names: authors list (link)
  5. O. Ioan (2009). Muslime und Araber bei Išojahb III. (649–659).
  6. Teule, H. G. B. Thomas and Roggema (ed.). Ishoʿyahb III of Adiabene. Christian-Muslim relations. pp. 133–6.
  7. Winkler, Dietmar W. (2001). Die Christologie des ostsyrischen Katholikos Ishoʿyahb von Adiabene. StPatr. Vol. 35. pp. 516–26.
  8. Payne, Richard (2009). Noel Lenski; Andrew Cain (eds.). Persecuting Heresy in Early Islamic Iraq: The Catholicos Ishoyahb III and the Elites of Nisibis. The Power of Religion in Late Antiquity. Ashgate. pp. 397–410. ISBN 9781315554075.
  9. കാരക്കുന്നേൽ, ജോർജ് (2021-05-29). "സീറോമലബാർ സഭ: ചരിത്രവും സവിശേഷതകളും" (in ഇംഗ്ലീഷ്). Retrieved 2023-10-27.
"https://ml.wikipedia.org/w/index.php?title=ഈശോയാബ്_മൂന്നാമൻ&oldid=3996474" എന്ന താളിൽനിന്ന് ശേഖരിച്ചത്