വോട്ടിംഗ് യന്ത്രം

(ഇ.വി.എം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമ്മതിദാനം (വോട്ട്) രേഖപ്പെടുത്തുന്നതിന് ബാലറ്റ് പേപ്പറിനു പകരമുള്ള ഒരു ഇലക്ട്രോണിക് സംവിധാനമാണ് ഇ.വി.എം ( E.V.M-ഇലക്ട്രോണിക് വോട്ടിങ്ങ് മഷീൻ). കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നീ രണ്ട് ഭാഗങ്ങളും, ആർക്കാണോ സമ്മതിദാനം രേഖപ്പെടുത്തിയത്, ആ ആൾക്കു തന്നെയാണു വോട്ട് ലഭിച്ചിട്ടുള്ളത് എന്ന് ഉറപ്പുവരുത്തുന്നതിനായി VVPAT ഏന്ന ഒരു ഉപകരണം കൂടി കൂട്ടിച്ചേർത്തതാണ് വോട്ടിങ്ങ് യന്ത്രം. ബാലറ്റ് യൂണിറ്റും, കൺട്രോൾ യൂണിറ്റും വി.വി.പാറ്റ് യന്ത്രത്തോടു ബന്ധിപ്പിച്ചാണ് പ്രവർത്തനസജ്ജമാക്കുന്നത്. കൺട്രോൾ യൂണിറ്റിലും, വി.വിപാറ്റ് യന്ത്രത്തിലും ഉള്ള ബാറ്ററി ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. മുൻപ് ബാലറ്റ് പേപ്പർ നൽകിയിരുന്നതിനു സമാനമായി ഇപ്പോൾ പ്രിസൈഡിങ്ങ് ഓഫീസർ അല്ലെങ്കിൽ ഒന്നാം പോളിങ്ങ് ഉദ്യോഗസ്ഥൻ നിയന്ത്രണ യൂണിറ്റിലെ ബാലറ്റ് എന്ന ബട്ടൺ അമർത്തിയാണ് ഒരു തവണ സമ്മതിദാനം രേഖപ്പെടുത്താനുള്ള അനുവാദം സമ്മതിദായകനു നൽകുന്നത്.[1]

വോട്ടിംഗ് യന്ത്രം പെട്ടിക്കുള്ളിൽ.

വോട്ടിംഗ് യന്ത്രത്തിന്റെ ഘടന - വിശദമായി.

തിരുത്തുക

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പ്രധാനമായി രണ്ടു ഭാഗങ്ങളാണ് ഉള്ളത്.[2]

  1. നിയന്ത്രണ യൂണിറ്റ് (കൺട്രോൾ യൂണിറ്റ്).
  2. ബാലറ്റ് യൂണിറ്റ് - ഇതിനു സമീപം തന്നെ VVPAT ഏന്ന ഉപകരണം കൂടി വയ്ക്കുന്നു.
 
നിയന്ത്രണ യൂണിറ്റിന്റെ ചിത്രം

1.നിയന്ത്രണ യൂണിറ്റ് (കൺട്രോൾ യൂണിറ്റ്)

തിരുത്തുക

വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുന്ന ഭാഗമാണിത്.പ്രസ്തുത യൂണിറ്റ് പ്രിസൈഡിംഗ് ഓഫീസറോ ഒന്നാം പോളിംഗ് ഓഫീസറോ ആണ് നിയന്ത്രിക്കുന്നത്.ഇതിന്റെ ഭാഗങ്ങൾ ചുവടെ പ്രതിപാദിക്കുന്നു

 
ഡിസ്പ്ലേ വിഭാഗത്തിന്റെ ചിത്രം
 
നിയന്ത്രണ യൂണിറ്റ് സീൽ ചെയ്യുന്നു

ഡിസ്‌ പ്ലെ വിഭാഗം

തിരുത്തുക

ഇത് പ്രധാനമായി ഇരുപത്തിനാലക്ക ഡിസ്‌ പ്ലെ പാനൽ ഉൾപ്പെട്ട ഭാഗമാണ്.ഇതിന് മുകളിലായി ചുവന്നതും പച്ച നിറത്തിലുള്ളതുമായ ഓരോ ബൾബുകളും ഉണ്ട്.

ബാറ്ററി വിഭാഗം

തിരുത്തുക

ഈ ഭാഗത്ത് ഒരു പുറം മൂടി കാണാവുന്നതാണ്.ഈ പുറം മൂടി തുറന്നാൽ ബാറ്ററി ഘടിപ്പിക്കുന്ന ഭാഗം കാണാം 7.5 വോൾട്ട് -2 ആമ്പിയർ ബാറ്ററിയാണ് വോട്ടിംഗ് യന്ത്രത്തിന്റെ പ്രധാന ഊർജ്ജ ശ്രോതസ്സ്.ഇവിടെ രണ്ടുപിന്നുകൾ കാണുന്ന ഭാഗത്ത് ബാറ്ററി ഉറപ്പിക്കാവുന്നതാണ്.ബാറ്ററിയോട് തൊട്ടടുത്തായി കാണുന്ന "Cand Set" എന്ന ബട്ടൺ സ്ഥാനാർത്ഥികളുടെ എണ്ണം സെറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്നു. "Cand Set" യൂണിറ്റിനും ബാറ്ററി യൂണിറ്റിനും ഉള്ള പുറം മൂടികൾ മുദ്രവെച്ച് ബന്ധിക്കുന്നതിന് മൂടികളോടനുബന്ധിച്ച് സുഷിരങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

 
ബാറ്ററി യൂണിറ്റിന്റെ ചിത്രം

റിസൾട്ട് വിഭാഗം

തിരുത്തുക

ഈ വിഭാഗവും രണ്ട് ഭാഗങ്ങളിലായി മൂടികളാൽ ബന്ധിച്ചിരിക്കുന്നു.മൂടികൾ തുറന്നു കഴിഞ്ഞാൽ മൂന്നു ബട്ടണുകൾ കാണാം .ഇതിൽ " Close" എന്ന കറുത്ത ബട്ടൺ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുശേഷം വോട്ടിംഗ് ക്ലോസ് ചെയ്യുവാൻ ഉപയോഗിക്കുന്നു. തുടർന്നു കാണുന്ന "Result" എന്ന ബട്ടൺ തിരഞ്ഞെടുപ്പു ഫലം അറിയുന്നതിനും ,"Print" എന്ന ബട്ടൺ തിരഞ്ഞെടുപ്പു ഫലത്തിന്റെ പ്രിന്റ് എടുക്കുന്നതിനും ഉപയോഗിക്കുന്നു. നിയന്ത്രണ യൂണിറ്റിലെ ബാലറ്റ് വിഭാഗം ഈ ഭാഗത്തായി " Total" എന്നും "Ballot" എന്നും എഴുതിയ രണ്ടു ബട്ടണുകളും ബസ്സർ ദ്വാരങ്ങലും കാണാവുന്നതാണ്.ആകെ പോൾ ചെയ്ത വോട്ട് അറിയുന്നതിന് " Total" എന്ന ബട്ടൺ അമർത്തിയാൽ മതിയാകും. ഒരു വ്യക്തി വോട്ട് ചെയ്തു കഴിഞ്ഞാൽ തുടന്ന് വോട്ട് ചെയ്യണമെങ്കിൽ ‌"Ballot" ബട്ടൺ അമർത്തിയാൽ മാത്രമേ സാധിക്കൂ. ഇതു കൂടാതെതന്നെ നിയന്ത്രണ യൂണിറ്റിന്റെ പിൻഭാഗത്ത് മുകളിലായി കാണുന്നഭാഗത്തുള്ള മൂടി തുറന്നു കഴിഞ്ഞാൽ ഒരു പവ്വർ സ്വിച്ചും ബാലറ്റ് യൂണിറ്റ് ഘടിപ്പിക്കുന്ന് സോക്കറ്റും കാണാവുന്നതാണ്.

ഓൺ ലാമ്പ്

തിരുത്തുക

പവ്വർ സ്വിച്ച് ഓൺ ആക്കുമ്പോൾ കൺട്രോൾ യൂണിറ്റിൽ തെളിയുന്ന പച്ച നിറത്തിലുള്ള ബൾബാണിത്.ഇത് യന്ത്രം പ്രവർത്തനക്ഷമമാണെന്നുള്ളതിനുള്ള അടയാളമാണ്.

ബിസ്സി ലാമ്പ്

തിരുത്തുക

കൺട്രോൾ യൂണിറ്റിന്റെ മുകളിൽ വലത്തുവശത്തായി കാണുന്ന ചുവപ്പ് നിറത്തിലുള്ള ബൾബാണിത്. ഇത് പ്രിസൈഡിംഗ് ഓഫീസർ ബാലറ്റ് ബട്ടൺ അമർത്തുമ്പോൾ ബീപ് ശബ്ദത്തോടെ അണയുന്നതുമാണ്.

2.ബാലറ്റിംഗ് യൂണിറ്റ്.

തിരുത്തുക

സമ്മതിദായകർ വോട്ട് രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഭാഗമാണിത്.ഇതിന്റെ പ്രധാന ഭാഗങ്ങൾ ചുവടേ ചേർക്കുന്നു

ബാലറ്റ് പേപ്പർ സ്ക്രീൻ

തിരുത്തുക

ബാലറ്റ് പേപ്പർ സ്ക്രീനിന്റെ അടിയിലായാണ് സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ സ്ഥാപിക്കുന്നത്.

സ്ലൈഡ് സ്വിച്ച്

തിരുത്തുക

ബാലറ്റ് യൂണിറ്റിന്റെ പുറം മൂടി തുറന്നു കഴിയുമ്പോൾ‌ വലത്തുവശത്ത് മുകളിലായി സ്ലൈഡ് സ്വിച്ച് കാണാവുന്നതാണ്. ഈ സ്വിച്ച് 1,2.3,4 എന്നിങ്ങനെ 4 പൊസിഷനിൽ ക്രമീകരിക്കാവുന്നതാണ്.ഏത് അക്കത്തിനു നേരെയാണോ സ്ലൈഡ് സ്വിച്ചിന്റെ സ്ഥാനം , അത്രയും ബാലറ്റ് യൂണിറ്റുകൾ‌ നിയന്ത്രണ യൂണിറ്റുമായി ഘടിപ്പിക്കാവുന്നതാണ്.

സ്ഥാനാർത്ഥിബട്ടണുകളും പുറം മൂടികളും

തിരുത്തുക

ഒരു ബാലറ്റിംഗ് യൂണിറ്റിൽ 16 സ്ഥാനാർത്ഥികൾക്കായുള്ള ബട്ടണുകൾ ഉണ്ട്.എത്ര സ്ഥാനാർത്ഥികൾ ഉണ്ടോ അത്രയും ബട്ടണുകളുടെ പുറം മൂടികൾ മാറ്റി ബട്ടണുകൾ പ്രവർത്തനക്ഷമമാക്കാവുന്നതാണ്.

ചരിത്രം (ഭാരതം)

തിരുത്തുക

1982 - ൽ ഇന്ത്യയിൽ ആദ്യമായി എറണാകുളം ജില്ലയിലെ പറവൂർ ഉപതിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത്. അവിടെ 50 ബൂത്തുകളിൽ മാത്രമാണ് അന്ന് യന്ത്രം ഉപയോഗിച്ചത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് പിന്നീട് കേസുകളിൽ അകപ്പെടുകയും വീണ്ടും ബാലറ്റ് പേപ്പർ ഉപയോഗിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്തുകയും ഉണ്ടായി. 1951 - ലെ റപ്രസന്റേഷൻ ഓഫ് പീപ്പിൾ ആക്ട് (ജന പ്രാതിനിധ്യ നിയമം-1951) ഭേദഗതി ചെയ്ത് 1989 - ൽ ഇന്ത്യൻ പാർലമെന്റ് ,തിരഞ്ഞെടുപ്പിൽ വോട്ടിങ്ങ് യന്ത്രത്തിന്റെ ഉപയോഗം നിയമ പ്രാബല്യത്തിലാക്കി. 2001 - ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 140 മണ്ഡലങ്ങളിൽ യന്ത്രം ഉപയോഗിച്ചു. 2004 - ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ വ്യാപകമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ ഇലക്ടോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ്, ബാഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്സ് എന്നീ സ്ഥാപങ്ങളാണ് വോട്ടിങ് യന്ത്രം തയ്യാറാക്കുന്നത്.

പ്രവർത്തനം

തിരുത്തുക

ബാലറ്റ് യൂണിറ്റിലെ ഏതെങ്കിലും ഒരു സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരേയുള്ള നീല ബട്ടണിൽ വിരൽ അമർത്തിയാണ് സമ്മതിദാനം രേഖപ്പെടുത്തേണ്ടത്.ഈ സമയത്ത് ചിഹ്നത്തിനു നേരേയുള്ള ചെറിയ ചുവപ്പ് ലൈറ്റ് തെളിയുകയും അതോടൊപ്പം നീണ്ടുനിൽക്കുന്ന ഒരു ബീപ്പ് ശബ്ദം കേൾക്കുകയും ചെയ്യും. ഒരു തവണ സമ്മതിദാനം രേഖപ്പെടുത്തിക്കഴിഞ്ഞ് വീണ്ടും എത്ര തവണ ശ്രമിച്ചാലും ഒന്നിലേറെ വോട്ട് രേഖപ്പെടുത്താൻ കഴിയില്ല. കൺ ട്രോൾ യൂണിറ്റ് മുഖേന നൽകുന്ന അനുവാദത്തോടെ മാത്രമേ ബാലറ്റ് യൂണിറ്റ് ഓരോ തവണയും പ്രവർത്തന സജ്ജമാകൂ എന്നതിനാലാണിത്. ഒരേ സമയം ഒന്നിലേറെ സ്ഥാനാർഥികളുടെ പേരിനു നേരേയുള്ള ബട്ടണുകൾ അമർത്തിയാലും മതിയായ ബലം ആദ്യമായി പ്രയോഗിക്കപ്പെട്ട ഒരു ബട്ടൺ മാത്രമേ പ്രവർത്തനക്ഷമം ആകൂ എന്നതിനാൽ അതിലൂടെയുള്ള വോട്ട് മാത്രം രേഖപ്പെടുത്തപ്പെടുന്നു, ഇതു മൂലം അസാധു ഉണ്ടാകുന്നില്ല.

 
വോട്ടിങ്ങിനിടയിൽ യന്ത്രം തകരാറിലായത്തിന്റെ സൂചന

വോട്ടിങ്ങിനിടെ എന്തെങ്കിലും യന്ത്രത്തകരാറുണ്ടായാലും അതു വരെ ചെയ്തിട്ടുള്ള വോട്ടുകൽ സുരക്ഷിതമായിരിക്കും.വോട്ടെണ്ണുന്നതിന് കൺട്രോൽ യൂണിറ്റ് മാത്രമേ ആവശ്യമുള്ളു. വ്വോട്ടെണ്ണൽ സമയത്തു മാത്രം റിസൾട്ട് എന്ന ബട്ടൻ പ്രവർത്തിപ്പിക്കാൻ കഴിയൂ എന്ന് ഉറപ്പാക്കുന്ന വിധം അതിനുള്ള ഭാഗം മുദ്ര വച്ചിട്ടാണു് വോട്ടെടുപ്പ് നടപടികൽ തുടങ്ങുന്നത്. വോട്ടെണ്ണൽ കഴിഞ്ഞ് ബാറ്ററി വേർപെടുത്തിയാണ് കൺ ട്രോൾ യൂണിറ്റ് സൂക്ഷിക്കുന്നത്. ഈ അവസ്ഥയിലും 10 വർഷം വരെ യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടിന്റെ വിവരങ്ങൾ ലഭ്യമാകും. കണ്ട്രോൾ യൂണിറ്റിനോട് ഘടിപ്പിക്കാവുന്ന ഒരു പ്രിന്റർ ഉപയോഗിച്ച് വോട്ടെടുപ്പിന്റെ ഫലം അച്ചടിച്ച് ലഭിക്കുന്ന വിധം സംവിധാനം ചെയ്ത യന്ത്രമാണ് 2011-ലെ തെരഞ്ഞെടുപ്പ് മുതൽ ഉപയോഗിക്കുന്നത്. 3840 വോട്ട് വരെ ഒരു യന്ത്രം ഉപയോഗിച്ച് ചെയ്യാൻ കഴിയുമെങ്കിലും പരമാവധി 1500-ൽ കൂടുതൽ സമ്മതിദായകർ ഉണ്ടാകാത്ത വിധമാണ് പോളിങ്ങ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത് എന്നതിനാൽ ഈ അർത്ഥത്തിൽ വോട്ടിങ്ങ് യന്ത്രത്തിനു പരിമിതിയില്ല. എന്നാൽ ഒരു ബാലറ്റ് യൂണിറ്റ്റിനു് ഉൾക്കൊള്ളൻ കഴിയുന്നത് 16 സ്ഥാനാർഥികൾ വരെ ആയതുകൊണ്ടും, അപ്രകാരമുള്ള 4 ബാലറ്റ് യൂണിറ്റുകൾ വരെ മാത്രമേ ഒരു കൺട്രോൾ യൂണിറ്റ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയൂ എന്നതു കൊണ്ടും 64-ൽ അധികം സ്ഥാനാർഥികൾ ഉള്ള പക്ഷം വോട്ടിങ് യന്ത്രം ഉപയോഗിക്കാൻ കഴിയില്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുന്ന പക്ഷം മുൻ കാലങ്ങളിലേതു പോലെ ബാലറ്റ് പേപ്പറും ബാലറ്റ് പെട്ടിയും ഉപയോഗിക്കേണ്ടി വരും. ഒരേ സമയം ലോക് സഭയിലേക്കും അസ്സംബ്ലിയിലേക്കും തെരഞ്ഞെടുപ്പു നടക്കുമ്പോഴും ഒരു[അവലംബം ആവശ്യമാണ്] യന്ത്രം കൊണ്ടു തന്നെ വോട്ടെടുപ്പ് നടത്താൻ കഴിയും. അന്ധരായ സമ്മതിദായകർക്ക് പരസഹായം കൂടാതെ സമ്മതിദാനം രേഖപ്പെടുത്താനുള്ള സംവിധാനം ഇപ്പോൾ ഉപയോഗിക്കുന്ന വോട്ടിങ്ങ് യന്ത്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടു രേഖപ്പെടുത്താൻ ഉപയോഗിക്കേണ്ട നീല ബട്ടണുകൽക്കു നേരേ 1 മുതൽ 16 വരെയുള്ള അക്കങ്ങൾ(ക്രമ നമ്പരുകൾ) ബ്രെയിലി ലിപിയിൽ ക്രമീകരിച്ചിട്ടുള്ളതിനാൽ സ്ഥാനാർത്ഥിയുടെ ക്രമ നമ്പർ അറിയാവുന്ന പക്ഷം അന്ധനായ ആൾക്ക് സ്ഥാനാർത്ഥിയുടെ പേരിനു നേരേയുള്ള ബട്ടൺ അമർത്തി അനായാസം വോട്ടു രേഖപ്പെടുത്താം

ഒരു സ്ഥാനാർഥിക്കും വോട്ടു ചെയ്യുന്നില്ല എന്നു രേഖപ്പെടുത്തുന്നതിനുള്ള ബട്ടൺ (നോട്ട)

തിരുത്തുക
പ്രധാന ലേഖനം: നോട്ട

ഒരു സ്ഥാനാർഥിക്കും വോട്ടു ചെയ്യുന്നില്ല എന്നു രേഖപ്പെടുത്തുന്നതിനുള്ള ബട്ടൺ കൂടി വോട്ടിങ്ങ് മഷീനിൽ ഏർപ്പെടുത്തണമെന്നുള്ള 2013 സെപ്റ്റംബർ 27 ലെ സുപ്രീം കോടതി വിധി അനുസരിച്ച്, ഏതൊരാൾക്കും, ഒരു ഒരു സ്ഥാനാർഥിക്കും വോട്ടു ചെയ്യുന്നില്ല എന്നു രേഖപ്പെടുത്തുന്നതിനുള്ള നോട്ട എന്ന ഒരു ബട്ടൺ (NOTA-None Of The Above) കൂടി വോട്ടിങ് മഷീനിൽ പുതുതായി ചേർത്തു.എന്നാൽ ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം സ്ഥാനാർഥികൾക്കു കിട്ടുന്ന വോട്ടുകളെക്കാൾ കൂടുതൽ ആയാൽ പോലും,ഏറ്റവും അധികം വോട്ടു കിട്ടുന്ന സ്ഥാനാർഥി തന്നെ വിജയി ആയിരിക്കുന്നതാണ്. 2013 ഡിസംബർ മാസത്തിൽ ഡൽഹി ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമ സഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിൽ ഈ രീതി പ്രാബല്യത്തിലായി.

വോട്ടിങ്ങ് യന്ത്രവും വിവാദങ്ങളും

തിരുത്തുക

ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം പൂർണ്ണമായും വിശ്വസനീയവും കുറ്റമറ്റതും ആണെന്ന ഇൻഡ്യൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ അവകാശവാദം നില നിൽക്കുമ്പോഴും ഒരു ഇലക്ട്രോണിക് യന്ത്രമെന്ന നിലയിൽ, ഈ യന്ത്രം സംശയാതീതമാണെന്നു പറയാൻ കഴിയില്ലെന്നുള്ള വാദവും തുടക്കം മുതൽ തന്നെയുണ്ടായിരുന്നു. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ഏറെ മുൻപന്തിയിലുള്ള പല യൂറോപ്യൻ രാജ്യങ്ങളും തെരഞ്ഞെടുപ്പിന് വോട്ടിങ്ങ് യന്ത്രം ഉപയോഗിക്കാതിരിക്കുകയോ,പേപ്പർ ബാലറ്റിലേയ്ക്ക് മടങ്ങുകയോ ചെയ്തിട്ടുള്ളതും, അമേരിക്കൻ ഐക്യനാടുകളിൽപ്പോലും പൂർണ്ണമായും ഇലക്ട്രോണിക് രീതി പിന്തുടരുന്നില്ല- ബാലറ്റിൽ,സ്ഥാനാർത്ഥിയുടെ പേരിനു നേരേ "പഞ്ചിങ്ങ്" നടത്തുകയാണു ചെയ്യുന്നത് എന്നതും ഈ വാദങ്ങൾക്ക് പിൻബലം ആയിട്ടുണ്ട്. അതുപോലെതന്നെ ജർമ്മനി ഫ്രാൻസ്, ഇറ്റലി, ഇംഗ്ലണ്ട്, ജപ്പാൻ, നെതർലാൻഡ്സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളോടു വിടപറഞ്ഞ് പേപ്പർ ബാലറ്റിലേയ്ക്കു തിരിച്ചുവരുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ പോലും വോട്ടിങ്ങ് മഷീനിൽ കൃത്രിമം കാണിക്കാൻ കഴിയില്ല എന്നത് അവകാശ വാദങ്ങൾക്കപ്പുറം പരസ്യമായി തെളിയിക്കപ്പെടേണ്ടതാണെന്നുള്ള രാജ്യത്തെ പല പ്രധാന രാഷ്ട്രീയ കക്ഷികളുടെയും ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുത്തില്ല. ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങൾക്കായി ഒരു വോട്ടിങ്ങ് യന്ത്രം വിട്ടുകൊടുക്കണമെന്നുള്ള ഒരു ഗവേഷകന്റെ ആവശ്യവും തെരഞ്ഞെടുപ്പു കമ്മീഷൻ നിരാകരിച്ചു. എന്നാൽ ഒരു സമ്മതി ദായകന്, താൻ ചെയ്ത വോട്ട് ,താൻ ഉദ്ദേശിച്ച സഥാനാർത്ഥിക്കു തന്നെയാണു നൽകപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്ന സംവിധാനം വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കമ്മീഷൻ. ഇതിനായി രണ്ടു തരം പ്രവർത്തന രീതിയാണ് തയ്യാറായിട്ടുള്ളത്.- Voter Verifiable Paper Audit Trail (VVPAT)- വോട്ടു ചെയ്യപ്പെട്ട സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും അച്ചടിച്ച ചെറിയ കടലാസ് സമ്മതിദായകനു ലഭിക്കുന്ന വിധവും, അങ്ങനെ കയ്യിൽ ലഭിക്കാതെ അച്ചടിച്ച കടലാസ് ഒരു നിശ്ചിത നേരം കാണാൻ കഴിയുകയും അത് പിന്നീട് യന്ത്രത്തിനുള്ളിലേയ്ക്ക് വീഴുന്ന വിധവും ഉള്ള അച്ചടി യന്ത്രങ്ങളാണ് ഇപ്രകാരം രൂപകല്പന ചെയ്തിട്ടുള്ളത്. ഇത് ജനങ്ങളുടെ ഇടയിൽ പരീക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് (വിവിധ കാലവസ്ഥയിലുള്ള 5 സംസ്ഥാനങ്ങളിലായി ) 5 വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ 2011 ജൂലൈ 23ന് വോട്ടെടുപ്പ് നടത്തുകയുണ്ടായി. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് നിയമ സഭാ മണ്ഡലത്തിലെ 36 ബൂത്തുകളിൽ ഇതു പ്രകാരം വോട്ടെടുപ്പ് നടന്നു. ഈ പരീക്ഷണത്തിന്റെയും, അതിനോടൊപ്പം ജനങ്ങളിൽ നിന്ന് ചോദ്യാവലിയിലൂടെ ശേഖരിച്ച വിവരങ്ങളുടെയും വിശകലനത്തിനും ശേഷം അച്ചടിച്ച കടലാസ് ഒരു നിശ്ചിത നേരം കാണാൻ കഴിയുകയും അത് പിന്നീട് യന്ത്രത്തിനുള്ളിലേയ്ക്ക് വീഴുന്ന വിധവും ഉള്ള വി.വി.പാറ്റ് യന്ത്രം സ്വീകരിക്കാൻ തീരുമാനമായി.

വി.വി.പാറ്റ് ( VVPAT )

സമതിദായകൻ ആർക്കാണോ വോട്ടു രേഖപ്പെടുത്തിയത്, ആ ആൾക്കു തന്നെയാണു ലഭിച്ചിട്ടുള്ളത് എന്ന് ഉറപ്പുവരുത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള ഉപകരണമാണു VVPAT ഏന്നത് . സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേരേയുള്ള ബട്ടൺ അമർത്തുമ്പോൾ അതിനു നേരേയുള്ള ലൈറ്റ് തെളിയുന്നതായിരുന്നു അതത് സ്ഥാനാർത്ഥിക്കുതന്നെ വോട്ടു ലഭിച്ചു എന്നതിന്റെ അടയാളമായി മുൻപ് ഉണ്ടായിരുന്നത്. ഇത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയ്ക്കായി സ്ഥാനാർഥിയുടെ പേരും ചിഹ്നവും രാഷ്ട്രീയപാർട്ടിയുടെ പേരും( ഉള്ള പക്ഷം) രേഖപ്പെടുത്തിയ ഒരു കടലാസ്സ് ഏഴു സെക്കൻഡ് നേരം കാണാൻ കഴിയുന്ന വിധത്തിൽ സജ്ജീകരിച്ചിരിക്കുന്ന സംവിധാനമാണ് VVPAT. ഈ കടലാസ്സ് കഷണം സമ്മതിദായകനു ലഭിക്കുന്നതല്ല. കയ്യിൽ ലഭിക്കാതെ നിശ്ചിത നേരം കാണാൻ കഴിയുകയും അത് പിന്നീട് യന്ത്രത്തിനുള്ളിലേയ്ക്ക് വീഴുകയും ചെയ്യുന്ന വിധമാണിതിന്റെ സംവിധാനം. ലോക് സഭയിലേക്കുള്ള 2019ലെ പൊതു തെരഞ്ഞെടുപ്പ് രാജ്യത്തെ എല്ലാ പോളിങ്ങ് ബൂത്തുകളിലും വി.വി.പാറ്റ് ഉപയോഗിച്ച ആദ്യ തെരഞ്ഞെടുപ്പാണ്. സുപ്രീം കോടതിയുടെ വിധിയനുസരിച്ച് ഓരോ ലോക് സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നഎല്ലാ അസ്സംബ്ലി മണ്ഡലങ്ങളിലേയും 5 വീതം ബൂത്തുകളിലെ വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണി വോട്ടിങ്ങ് യന്ത്രത്തിലെ ഫലവുമായി താരതമ്യം ചെയ്ത് ഫലത്തിന്റെ വിശ്വസനീയത ഉറപ്പാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. പ്രകാശ സംവേദനക്ഷമത കൂടിയ(Light sensitive) രൂപകല്പന ആയതിനാൽ വൈദ്യുത ഉപകരണങ്ങളിൽ നിന്നുള്ള വെളീച്ചമോ, സൂര്യപ്രകാശമോ നേരിട്ട് ഏൽക്കാത്ത വിധത്തിൽ മാത്രം വച്ച് ഉപയോഗിക്കേണ്ട ഉപകരണമാണിത്.

  1. "How to Vote in Malayalam".
  2. ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന "ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഘടനയും ഉപയോഗക്രമവും " എന്ന ലഘുലേഖയിൽ നിന്നും

പുറം കണ്ണികൾ

തിരുത്തുക

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് താൾ.

"https://ml.wikipedia.org/w/index.php?title=വോട്ടിംഗ്_യന്ത്രം&oldid=3542614" എന്ന താളിൽനിന്ന് ശേഖരിച്ചത്