ഇന്ത്യൻ ഇൻകുനാബുല
ഇന്ത്യയിൽ അച്ചടി തുടങ്ങിയതുമുതൽ ഏകദേശം 1867 വരെയുള്ള കാലഘട്ടത്തിനുള്ളിൽ ഇന്ത്യയിൽ അച്ചടിച്ച പുസ്തകങ്ങളുടെ മൊത്തം സഞ്ചയത്തെയാണ് ഭാരതീയ ആദിമുദ്രിതഗ്രന്ഥങ്ങൾ അഥവാ ഇന്ത്യൻ ഇൻകുനാബുല എന്നു വിളിക്കുന്നത്. 1867-ൽ ബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെന്റ് പുതുതായി നടപ്പിലാക്കിയ പത്രപുസ്തകരജിസ്ട്രേഷൻ നിയമം ഇന്ത്യയിലെ അച്ചടിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു. ഈ നിയമത്തോടെ ഇന്ത്യയിൽ പത്രങ്ങളും പുസ്തകങ്ങളും അച്ചടിക്കുവാനും പ്രസിദ്ധീകരിക്കാനും വ്യാപകമായ നിയന്ത്രണങ്ങളുണ്ടായി. ഇത്തരം നിയന്ത്രണങ്ങൾക്കു മുമ്പു തന്നെ വെളിച്ചം കണ്ട പുസ്തകങ്ങളെയാണ് ഇന്ത്യൻ ഇൻകുനാബുലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പശ്ചാത്തലം
തിരുത്തുകപത്തൊമ്പതാം ശതകത്തിന്റെ ഉത്തരാർദ്ധമാകുമ്പോഴേക്കും ഭാരതത്തിലും കേരളത്തിലും അച്ചടി ഒരു വ്യവസായമെന്ന നിലയിലേക്കു സാവധാനം ശക്തിപ്പെട്ടുവന്നിരുന്നു. അതുവരെ ഓലയിലും കടലാസ്സിലും രേഖപ്പെടുത്തിവെച്ചിരുന്ന പ്രാചീനഗ്രന്ഥങ്ങളും മറ്റും അച്ചടിച്ചു പ്രസിദ്ധീകരിക്കാൻ ഈ പുതിയ സാങ്കേതികവിദ്യ ഭാരതീയരെ സഹായിച്ചു. ക്രമേണ സമകാലീനരുടെ രചനകളും പുസ്തകരൂപത്തിൽ അച്ചടിച്ചു പുറത്തിറങ്ങാൻ തുടങ്ങി. വൃത്താന്തപത്രങ്ങളും ഇതോടൊപ്പം പുറത്തിറങ്ങാനാരംഭിച്ചു. ബംഗാളിലും മഹാരാഷ്ട്രയിലും മറ്റും ആശയസമരങ്ങൾക്കുള്ള തുറന്ന വേദി കൂടിയായി ഇത്തരം ആനുകാലികങ്ങളും വൃത്താന്തപത്രങ്ങളും.
'ഹിന്ദു'ക്കളുടെ ചിന്താമണ്ഡലത്തിൽ ദൃശ്യമായ നവചലനങ്ങൾ ഇംഗ്ലണ്ടിലും മറ്റുമുള്ള ബുദ്ധിജീവികളുടെ ശ്രദ്ധയിൽ പെടാാൻ തുടങ്ങി. പുതുതും വ്യത്യസ്തവുമായ പൗരസ്ത്യചിന്താധാരകൾ അവർക്കു കൗതുകമുണ്ടാക്കി. ലണ്ടനിലെ റോയൽ സൊസൈറ്റി ഇക്കാര്യത്തിൽ മുൻകയ്യെടുത്തു. ഭാരതീയ ഭാഷകളിലെ പ്രധാനപ്പെട്ട പുസ്തകങ്ങൾ അച്ചടിച്ചു കിട്ടാനും സാദ്ധ്യമാണെങ്കിൽ അവയുടെയെല്ലാം വിവരങ്ങൾ ക്രോഡീകരിച്ച് ഒരു കാറ്റലോഗ് നിർമ്മിക്കാനും അവർ ബ്രിട്ടീഷ് സർക്കാരിനോടാവശ്യപ്പെട്ടു.