ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ, പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ നിന്ന് അല്പദൂരം വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ് ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരി പ്രതിഷ്ഠ കഴിപ്പിച്ച ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, അദ്ദേഹത്തിന് ദർശനം നൽകിയ രൂപത്തിലുള്ള ശ്രീകൃഷ്ണഭഗവാനാണ്. കൂടാതെ ഉപദേവതകളായി ഗണപതി, പൂർണ്ണാ-പുഷ്കലാസമേതനായ ശാസ്താവ്, ദുർഗ്ഗ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, കുംഭമാസത്തിലെ പൂന്താനം ദിനം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഭക്തജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഐതിഹ്യം
തിരുത്തുകജ്ഞാനപ്പാന, ഘനസംഘം തുടങ്ങി നിരവധി കൃതികളുടെ കർത്താവായിരുന്ന പൂന്താനം നമ്പൂതിരി, ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്നു. എല്ലാ മാസവും മുടങ്ങാതെ കീഴാറ്റൂരുള്ള ഇല്ലത്തുനിന്ന് ഏറെ ദൂരെയുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ പോയിത്തൊഴുതുവരുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. പ്രായമേറെയായപ്പോൾ അങ്ങോട്ടുള്ള യാത്ര അസാധ്യമാകുമെന്ന് മനസ്സിലാക്കിയ അദ്ദേഹം, അവസാനത്തെ ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിവരുന്ന സമയത്ത്, ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തെത്തിയപ്പോൾ ക്ഷീണം കാരണം അല്പസമയം വിശ്രമിയ്ക്കുമ്പോൾ ഇനി എന്നെ കാണാൻ ഗുരുവായൂർക്ക് വരണ്ട. ഞാൻ അങ്ങയുടെ ഇടത്തുപുറത്തുണ്ട് എന്നൊരു അശരീരി കേൾക്കാനിടയായി. ശബ്ദം കേട്ട് ഇടത്തോട്ട് തിരിഞ്ഞുനോക്കിയ പൂന്താനം കണ്ടത്, ഓടക്കുഴൽ വായിച്ചുകൊണ്ടുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാനെയാണ്! ഭക്തിപരവശനായ പൂന്താനം അവിടെത്തന്നെ വീണു നമസ്കരിച്ചു. ഈ ദർശനത്തിന്റെ ഓർമ്മയ്ക്കായി പിന്നീട് ഇവിടെ പണികഴിപ്പിച്ച ക്ഷേത്രമാണ് ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഇതുകൂടാതെ സ്വന്തം കുടുംബക്ഷേത്രമായ പൂന്താനം വിഷ്ണുക്ഷേത്രത്തിലും അദ്ദേഹം ശ്രീകൃഷ്ണപ്രതിഷ്ഠ നടത്തി. ഇരു സ്ഥലങ്ങളിലും മാറിമാറി ദർശനം നടത്തി അദ്ദേഹം 93-ആമത്തെ വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകിയെന്നാണ് കഥ.