അഹമ്മദ് കത്രാദ
ദക്ഷിണാഫ്രിക്കയിലെ ഒരു രാഷ്ട്രീയനേതാവും, വർണ്ണവിവേചനത്തിനെതിരേ സമരം നയിച്ച നേതാവുമാണ് കാത്തി എന്നറിയപ്പെട്ടിരുന്ന അഹമ്മദ് കത്രാദ(ജനനം - 21 ഓഗസ്റ്റ് 1929).[1] ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെയാണ് കത്രാദ വർണ്ണവിവേചനത്തിനെതിരേയുള്ള തന്റെ സമരം ആരംഭിക്കുന്നത്. കുപ്രസിദ്ധമായ റിവോണ വിചാരണയിലൂടെ ശിക്ഷിക്കപ്പെട്ട് റോബൻ ദ്വീപിലുള്ള പോൾസ്മോർ ജയിലിൽ തടവിൽ കഴിഞ്ഞു. 1990 ൽ ജയിൽ വിമോചിതനാക്കപ്പെട്ടു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച് പാർലമെന്റംഗമായി.
അഹമ്മദ് കത്രാദ | |
---|---|
ദക്ഷിണാഫ്രിക്കൻ പാർലമെന്റംഗം | |
ഓഫീസിൽ 1994–1999 | |
മണ്ഡലം | ലെനാസിയ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അഹമ്മദ് മുഹമ്മദ് കത്രാദ 21 ഓഗസ്റ്റ് 1929 ട്രാൻസ്വാൾ പ്രവിശ്യ, ദക്ഷിണാഫ്രിക്ക |
രാഷ്ട്രീയ കക്ഷി | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി |
പങ്കാളി | ബാർബറ ഹോഗൻ |
അൽമ മേറ്റർ | ബി.എ.(ഹിസ്റ്ററി & ക്രിമിനോളജി) ബി.എ.(ഹിസ്റ്ററി) ബി.എ.(ആഫ്രിക്കൻ പൊളിറ്റിക്സ്) |
ആദ്യകാല ജീവിതം
തിരുത്തുകദക്ഷിണാഫ്രിക്കയിലെ പശ്ചിമ ട്രാൻസ്വാളിലുള്ള, ഷ്വീസർ-റെനേക്കെ എന്ന കൊച്ചു ഗ്രാമത്തിലാണ് അഹമ്മദ് ജനിച്ചത്. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നസ്ബർഗിൽ നിന്നും 200 മൈൽ അകലെയായിരുന്നു ഈ ഗ്രാമം. ഗുജറാത്തിലെ സൂറത്തിൽ നിന്നും വർഷങ്ങൾക്കു മുമ്പ് ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയ ഒരു മുസ്ലിം കുടുംബത്തിലെ ആറു മക്കളിൽ നാലാമനായിരുന്നു അഹമ്മദ്.
വർണ്ണവിവേചനം മൂലമുള്ള കടുത്ത നിയമങ്ങൾ മൂലം, പരിസരത്തുള്ള ഒരു സ്കൂളിൽ പോലും പഠിക്കാൻ അഹമ്മദിനു സാധിച്ചിരുന്നില്ല. വിദ്യാഭ്യാസം നേടുന്നതിനായി ഏറ്റവും അടുത്തുള്ള നഗരമായ ജോഹന്നസ്ബർഗിലേക്ക് അഹമ്മദിനു പോവേണ്ടി വന്നു. ജോഹന്നസ്ബർഗിലെ കാലഘട്ടത്തിലാണ് ട്രാൻസ്വാൾ ഇന്ത്യൻ കോൺഗ്രസ്സിൽ അഹമ്മദ് ആകൃഷ്ടനായി. ട്രാൻസ്വാൾ ഇന്ത്യൻ കോൺഗ്രസ്സിന്റെ നേതാക്കളായ ഡോക്ടർ.യൂസഫ് ഡാഡൂ, ഐ.സി.മീർ, മൗലവി, യൂസഫ് ചാചാലിയ, ജെ.എൻ.സിങ് എന്നിവർ അഹമ്മദിൽ സ്വാധീനം ചെലുത്തി. തന്റെ 12 ആമത്തെ വയസ്സിൽ അഹമ്മദ് രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങി. യങ് കമ്മ്യൂണിസ്റ്റ് ലീഗിലാണ് അഹമ്മദ് ആദ്യം അംഗമായി ചേരുന്നത്. ലഘുലേഖകൾ കൈമാറുക, ചെറിയ രീതിയിലുള്ള സന്നദ്ധപ്രവർത്തനം എന്നിവയായിരുന്നു ആദ്യകാലഘട്ടത്തിലെ രാഷ്ട്രീയ പ്രവർത്തനം. രണ്ടാം ലോകമഹായുദ്ധ കാലത്ത് യൂറോപ്യൻ യൂണിയനെതിരേ ദക്ഷിണാഫ്രിക്കയിൽ നടന്ന യുദ്ധവിരുദ്ധ പോരാട്ടത്തിൽ പങ്കാളിയായി.
രാഷ്ട്രീയപ്രവർത്തനം
തിരുത്തുകഅഹമ്മദ് തന്റെ പതിനേഴാമത്തെ വയസ്സിൽ വിദ്യാഭ്യാസമുപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്കിറങ്ങി. ഏഷ്യാറ്റിക്ക് ലാന്റ് ടെന്യൂർ ആന്റ് ഇന്ത്യൻ റെപ്രസന്റേഷൻ ആക്ട് നടപ്പിലാക്കുന്നതിനെതിരേയുള്ള സമരത്തിലാണ് അഹമ്മദ് ആദ്യമായി പങ്കെടുക്കുന്നത്. ഇന്ത്യൻ വംശജർക്ക് പരിമിതമായ അധികാരങ്ങൾ മാത്രം നൽകുന്നതും, അവർ എവിടെ താമസിക്കണം എന്നുമൊക്കെ തീരുമാനിക്കുന്നതിനുവേണ്ടിയുള്ള ഒരു നിയമമായിരുന്നു അത്. ഈ സമരത്തിൽ പങ്കെടുത്ത രണ്ടായിരത്തോളം വരുന്ന സന്നദ്ധപ്രവർത്തകരിൽ ഒരാളായിരുന്നു അഹമ്മദ്, പ്രക്ഷോഭത്തെത്തുടർന്ന് സമരക്കാരെ അറസ്റ്റു ചെയ്യുകയും, ഡർബൻ ജയിലിലടക്കുകയും ചെയ്തു. ഒരു മാസത്തോളം അഹമ്മദ് ഈ ജയിലിൽ തടവുശിക്ഷയനുഭവിച്ചു.[2] പോലീസിന്റെ പക്കൽ അഹമ്മദ് തന്റെ ജനനതീയതി തെറ്റായി ആണ് പറഞ്ഞിരുന്നത്, തന്നെ പ്രായപൂർത്തിയാവാത്തവരുടെ കൂടെ ചേർക്കാതിരിക്കാനായിരുന്നു ഇത്. ജയിൽ ശിക്ഷക്കുശേഷം പുറത്തു വന്ന അഹമ്മദ് മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായി മാറുകയും, പിന്നീട് ട്രാൻസ്വാൾ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വിറ്റ്വാട്ടർസാൻഡ് സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കേ, ബെർലിനിൽ വെച്ചു നടന്ന വേൾഡ് യൂത്ത് കോൺഗ്രസ്സിൽ ട്രാൻസ്വാൾ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് അഹമ്മദ് പങ്കെടുക്കുകയുണ്ടായി.[3] ഈ കോൺഗ്രസ്സിൽ ദക്ഷിണാഫ്രിക്കൻ സംഘത്തെ നയിച്ചത് അഹമ്മദായിരുന്നു. പിന്നീട് ഏതാണ്ട് ഒമ്പതു മാസക്കാലം, അഹമ്മദ് ബുഡാപെസ്റ്റിലുള്ള വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക്ക് യൂത്ത് എന്ന സംഘടനയിൽ പ്രവർത്തിച്ചു.
1950കളിൽ അഹമ്മദ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാക്കളായ നെൽസൺ മണ്ടേല, വാൾട്ടർ സിസുലു തുടങ്ങിയവരുമായി കൂടിച്ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. ട്രീസൺ വിചാരണയിൽപ്പെട്ട് ശിക്ഷ അനുഭവിക്കേണ്ടി വന്ന 156 പേരിൽ ഒരാളായിരുന്നു അഹമ്മദ് കത്രാദ. 1956 മുതൽ 1961 വരെ ജയിൽ ശിക്ഷ അനുഭവിച്ചുവെങ്കിലും, പിന്നീട് ഇവർ കുറ്റക്കാരല്ലെന്നു കണ്ട് കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. 1960 ൽ വർണ്ണവിവേചനത്തിനെതിരേയുള്ള എല്ലാ മുന്നേറ്റങ്ങളും നിരോധിച്ചപ്പോൾ, അഹമ്മദ് തന്റെ പ്രവർത്തനങ്ങൾ തുടർന്നുവെങ്കിലും, അത് പിന്നീട് വീട്ടു തടങ്കലിലേക്കെത്തുകയായിരുന്നു. 1963 ൽ അദ്ദേഹം ഒളിവിൽപോവുകയും, അവിടെയിരുന്നാണ് തന്റെ രാഷ്ട്രീയപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടു പോയത്.
റിവോണിയ വിചാരണ
തിരുത്തുകആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സൈനിക വിഭാഗത്തിന്റെ ഉയർന്ന കാര്യാലയത്തിൽ നിന്നും 1963 ജൂലൈ 11 ന് അഹമ്മദിനെ ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു. ഉംഖോണ്ടോ വി സിസ്വെ എന്ന ഈ സൈനിക വിഭാഗത്തിൽ അംഗമല്ലാതായിരുന്നിട്ടും, അഹമ്മദിനേയും ഈ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നിറുത്തുകയായിരുന്നു. രാജ്യത്തെ തകർക്കാനുള്ള വിധ്വംസനപ്രവർത്തനത്തിൽ ഏർപ്പെട്ടതിനും, ഉത്തരവാദിത്തപ്പെട്ട ഭരണത്തെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയതിനുമായിരുന്നു അഹമ്മദ് പ്രതിയാക്കപ്പെട്ടത്. 1963 ൽ ആരംഭിച്ച വിചാരണ അവസാനിച്ചത് 1964 ൽ ആയിരുന്നു. അഹമ്മദിനെ കൂടാതെ നെൽസൺ മണ്ടേല, വാൾട്ടർ സിസുലു, ഗോവൻ മ്‌ബേകി, ആൻഡ്രൂ മ്‌ളാങ്ങേനി, റയ്‌മണ്ട് മ്‌ലാബ, എലിയാസ് മൊട്‌സൊഅലേദി, വാൾട്ടർ മ്‌ക്വായി, ആർതർ ഗോൾഡ്‌റൈയ്ച്, ഡെന്നീസ് ഗോൽഡ്ബർഗ്, ലയണൽ ബേൺസ്‌റ്റീൻ എന്നിവർ കൂടി പ്രതിയായിരുന്ന കേസിൽ ഇവർക്കെല്ലാം ജീവപര്യന്തം തടവു ശിക്ഷയാണ് കോടതി വിധിച്ചത്.[4][5]
ജയിൽ ജീവിതം
തിരുത്തുകതടവുശിക്ഷയുടെ ആദ്യത്തെ പതിനെട്ടു കൊല്ലക്കാലം, എല്ലാവരേയും റോബൻ ദ്വീപിലെ കടുത്ത സുരക്ഷയുള്ള ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. 1982 ൽ അഹമ്മദിനെ കേപ് ടൗണിനടുത്തുള്ള പോൾസ്മൂർ ജയിലിലേക്കു മാറ്റി. ഇതിനു മുമ്പു തന്നെ മണ്ടേലയേയും, സിസുലുവിനേയുമെല്ലാം പോൾസ്മൂർ ജയിലിലേക്കു മാറ്റിയിരുന്നു. ജയിൽ ജീവിതത്തിൽ വെച്ച് തന്റെ വിദ്യാഭ്യാസം പുനരാരംഭിക്കാനാണ് അഹമ്മദ് ശ്രമിച്ചത്. ദക്ഷിണാഫ്രിക്കൻ സർവ്വകലാശാലയുടെ കീഴിൽ നിന്നും മൂന്നു വിഷയങ്ങളിൽ അഹമ്മദ് ബിരുദം കരസ്ഥമാക്കി. ബിരുദാനന്തരബിരുദത്തിനായി ശ്രമിക്കാൻ സഹതടവുകാർ നിർബന്ധിച്ചെങ്കിലും, ജയിലധികൃതർ അഹമ്മദിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.
1989 ഒക്ടോബർ 15 ന് മറ്റു ഏതാനും തടവുകാരോടൊപ്പം, അഹമ്മദ് കത്രാദയും ജയിൽ നിന്നും ശിക്ഷ കഴിഞ്ഞ് സ്വതന്ത്രനാക്കപ്പെട്ടു. 26 വർഷവും, മൂന്നു മാസവുമാണ് അഹമ്മദ് ജയിൽ ശിക്ഷ അനുഭവിച്ചത്. തന്റെ അറുപതാമത്തെ വയസ്സിലാണ് അദ്ദേഹം ജയിൽ മോചിതനായത്.[5]
ശേഷം കാലം
തിരുത്തുക1989ൽ ജയിൽ മോചിതനായശേഷം അഹമ്മദ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി. അദ്ദേഹം, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ വിവിധ ചുമതലകൾ വഹിക്കുകയുണ്ടായി. 1994 നടന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ച് അഹമ്മദ് പാർലമെന്റംഗമായി. പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ രാഷ്ട്രീയ ഉപദേശകരിലൊരാളായി പുതുതായി സൃഷ്ടിക്കപ്പെട്ട പാർലിമെന്ററി കൗൺസിൽ എന്ന സ്ഥാനം ഏറ്റെടുത്തു. 1994 ലും 1995 ലും റോബൻ ദ്വീപ് കൗൺസിലിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1999 ൽ പാർലിമെന്ററി രാഷ്ട്രീയത്തോട് അദ്ദേഹം വിടപറഞ്ഞു.
1992 ൽ അദ്ദേഹം ഹജ്ജ് നിർവ്വഹിക്കുന്നതിനായി സൗദി അറേബ്യയിലെ മക്കയിലേക്ക് തീർത്ഥാടനം നടത്തിയിരുന്നു.
ബഹുമതികൾ
തിരുത്തുക- ഓണററി ഡോക്ടറേറ്റ്, മിസ്സൗറി സർവ്വകലാശാല.
- ഓണററി ഡോക്ടറേറ്റ്, മിഷിഗൺ സ്റ്റേറ്റ് സർവ്വകലാശാല.
- ഓണററി ഡോക്ടറേറ്റ്, കെന്റക്കി സർവ്വകലാശാല.[6]
- മികച്ച 100 ദക്ഷിണാഫ്രിക്കക്കാരെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ 46ആം സ്ഥാനം.
- പ്രവാസി ഭാരതീയ സമ്മാൻ, ഭാരത സർക്കാർ.[7][8]
അവലംബം
തിരുത്തുകഅഹമ്മദ്, കത്രാദ (2005). മെമ്മോയേഴ്സ്. സ്ട്രൂയിക്ക്. ISBN 978-1868729180.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മെമ്മോയേഴ്സ് - കത്രാദ പുറം 373
- ↑ മെമ്മോയേഴ്സ് - കത്രാദ പുറം 373
- ↑ മെമ്മോയേഴ്സ് - കത്രാദ പുറം 374
- ↑ "റിവോണിയ വിചാരണയിലെ പ്രതികൾ". സൗത്ത്ആഫ്രിക്കൻ ഹിസ്റ്ററി. Archived from the original on 2014-07-01. Retrieved 01 ജൂലൈ 2014.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ 5.0 5.1 "അഹമ്മദ് കത്രാദ". സൗത്ത്ആഫ്രിക്കൻ ഹിസ്റ്ററി. Archived from the original on 2014-07-01. Retrieved 01 ജൂലൈ 2014.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "കോൺവോക്കേഷൻ സെറിമണി". കെന്റക്കി സർവ്വകലാശാല. Archived from the original on 2014-07-02. Retrieved 02 ജൂലൈ 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഇന്ത്യ ഗീവ്സ് $200,000 ടു എ എസ്.എ സ്ട്രഗ്ഗിൾ വെട്രൻസ് ഔട്ട്ഫിറ്റ്". മനോരമഓൺലൈൻ (ഇംഗ്ലീഷ്). Archived from the original on 2014-07-02. Retrieved 02 ജൂലൈ 2014.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "അഹമ്മദ് കത്രാദ". ഇന്ത്യാടൈംസ്(സൗത്ത് ആഫ്രിക്ക). Archived from the original on 2014-07-02. Retrieved 02 ജൂലൈ 2014.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)