കേരളത്തിലെ പ്രമുഖനായ സംസ്കൃതപണ്ഡിതനും സംസ്കൃതഭാഷാശാസ്ത്രജ്ഞനുമായിരുന്നു അശോകൻ പുറനാട്ടുകര(1952 ഡിസംബർ 10 - 2014 മേയ് 9)[1]. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സംസ്കൃതമാസികയായ 'ഭാരതമുദ്ര'യുടെ സ്ഥാപകനും ദീർഘകാലപത്രാധിപരും ആയിരുന്നു അദ്ദേഹം.

അശോകൻ പുറണാട്ടുകര

ജീവചരിത്രം

തിരുത്തുക

തൃശ്ശൂരിനടുത്ത പുറനാട്ടുകര ഗ്രാമത്തിൽ എ. രാമകൃഷ്ണമേനോൻ, കെ. മീനാക്ഷിക്കുട്ടിയമ്മ എന്നീ ദമ്പതികളുടെ പുത്രനായി 1952 ഡിസംബർ 10നാണു് അശോകൻ ജനിച്ചതു്. പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുലവിദ്യാമന്ദിരം, തൃശ്ശൂർ ശ്രീകേരളവർമ്മ കോളേജ്, പട്ടാമ്പി സംസ്കൃതകോളേജ്, തൃശ്ശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഡ്യുക്കേഷൻ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 2014 മേയ് 9-ാം ൹ തൃശ്ശൂരിൽ വെച്ച് അദ്ദേഹം ചരമമടഞ്ഞു.

സംഭാവനകൾ

തിരുത്തുക

വിദ്യാഭ്യാസം, സാഹിത്യം, സാംസ്കാരികസാമൂഹ്യകലാരംഗങ്ങൾ, പരിസ്ഥിതി തുടങ്ങിയ വിവിധ തുറകളിൽ അശോകൻ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു.

പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആശിസ്സുകളോടെ, എന്നാൽ ഏറെക്കുറെ ഒരു ഒറ്റയാൾ ദൗത്യമെന്ന നിലയിൽതന്നെ അദ്ദേഹം 1980-ൽ കേരളത്തിൽ ആദ്യമായി ഭാരതമുദ്ര എന്ന പേരിൽ ഒരു സമ്പൂർണ്ണസംസ്കൃതമാസിക ആരംഭിച്ചു[2]. പുരാതനവും ആധുനികവുമായ വിവിധവിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ, വാർത്തകൾ, ചെറുകഥകൾ, കവിതകൾ തുടങ്ങി വൈവിദ്ധ്യമായ ഉള്ളടക്കത്തിൽ പുറത്തിറങ്ങുന്ന ഭാരതമുദ്ര ദേവനാഗരി ലിപിയിൽ തന്നെ, എന്നാൽ തികച്ചും ലളിതമായ ശൈലിയിലാണു് തയ്യാറാക്കപ്പെടുന്നതു്[3]. ഭാരതമുദ്രയ്ക്കു പുറമേ, വാർത്തകൾക്കു കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടു് ഭുവനമുദ്ര എന്ന പേരിൽ ഒരു ദ്വൈവാരികാസംസ്കൃതപത്രവും അദ്ദേഹം ആരംഭിക്കുകയുണ്ടായി.

അനാമിക എന്ന സംസ്കൃതകഥാസമാഹാരമാണു് അശോകൻ പുറനാട്ടുകരയുടെ മുഖ്യ സ്വതന്ത്രസാഹിത്യ കൃതി. സംസ്കൃതവ്യാകരണസംബന്ധിയായി അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. മാടമ്പ് കുഞ്ഞുകുട്ടന്റെ ''മഹാപ്രസ്ഥാനം'' ഉൾപ്പെടെ അനേകം മലയാളകൃതികൾ അദ്ദേഹം സംസ്കൃതത്തിലേക്കു തർജ്ജമ ചെയ്യുകയുണ്ടായി. അറിയപ്പെടുന്ന ഒരു സംസ്കൃതപ്രഭാഷകൻ കൂടിയായിരുന്നു അദ്ദേഹം.

പുറനാട്ടുകരയ്ക്കു സമീപമുള്ള വിലങ്ങൻ കുന്നു് സർക്കാർ അധീനതയിൽനിന്നു കൈവിട്ടുപോകാതെ ഒരു പൊതുസ്വത്തായി നിലനിർത്താൻ അദ്ദേഹം തുടങ്ങിവെച്ച സമരം ഒട്ടേറെ ജനശ്രദ്ധയാകർഷിച്ചു. ഇതേത്തുടർന്നു് വിലങ്ങൻകുന്നു് തൃശ്ശൂർ നഗരത്തിനു സമീപമുള്ള പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രവും പരിസ്ഥിതിസൗഹൃദപ്രദേശവുമായി പ്രഖ്യാപിക്കപ്പെട്ടു. ഇതിനോടനുബന്ധിച്ച് അദ്ദേഹം വിലങ്ങൻ സംരക്ഷണസമിതി, വിലങ്ങൻ ട്രക്കേഴ്സ് ക്ലബ്ബ് എന്നീ സംഘടനകൾ സ്ഥാപിക്കുകയും അവയുടെ നേതൃത്വം വഹിക്കുകയുമുണ്ടായി.

കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ, അഖിലഭാരതസംസ്കൃതപത്രകാരികസംഘം, വിവിധ അദ്ധ്യാപകസംഘടനകൾ എന്നിവയുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ടു്.

പുരസ്കാരങ്ങൾ

തിരുത്തുക

ന്യൂഡെൽഹിയിലെ വിശ്വസംസ്കൃതപ്രതിഷ്ഠാനിന്റെ സംസ്കൃതപത്രപ്രവർത്തനത്തിനുള്ള പുരസ്കാരം, കേരള സാഹിത്യ അക്കാദമി വക തുഞ്ചൻ സ്മാരകപ്രബന്ധപുരസ്കാരം, മികച്ച അദ്ധ്യാപകനുള്ള ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ സ്മാരകപുരസ്കാരം, ഗുരുവായൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളുടെ പുരസ്കാരങ്ങൾ തുടങ്ങിയവയാണു് അദ്ദേഹത്തിനു ലഭിച്ച പ്രധാനപ്പെട്ട അംഗീകാരങ്ങൾ. വി. കൃഷ്ണ ശർമ്മയുടെ പേരിലുള്ള " ശർമ്മാജി ;"പുരസ്ക്കാരം

അശോകൻ പുറനാട്ടുകര-ഭാരതമുദ്ര അവാർഡ്

തിരുത്തുക

അശോകൻ പുറനാട്ടുകരയുടെ സ്മരണാർത്ഥം 2015 മുതൽ അശോകൻ പുറനാട്ടുകര-ഭാരതമുദ്ര എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തി. സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായ കെ.കെ. യതീന്ദ്രൻ ആണു് ഈ അവാർഡിന്റെ പ്രഥമ ലക്കത്തിനു് അർഹനായതു്. 2016-ലെ അവാർഡിനു അർഹനായത് നാടക-സാംസ്കാരിക പ്രവർത്തകനായ ഇ.ടി. വർഗ്ഗീസ് ആണ്.

ഭാരതമുദ്ര പുരസ്കാരം ലഭിച്ചവരുടെ പട്ടിക:

വർഷം പുരസ്കാരജേതാവ്
2015 കെ.കെ. യതീന്ദ്രൻ
2016 ഇ.ടി. വർഗ്ഗീസ്
2017 കെ. അരവിന്ദാക്ഷൻ[4]
2018 ഡോ.ഹരേകൃഷ്ണ മെഹർ[5]
2019 പി.ഭാനുമതി ടീച്ചർ[6]
2020
2021
2022 ബോബി ജോസ് കപ്പൂച്ചിൻ[7]
2023 സ്വാമി സ്വപ്രഭാനന്ദ[8]

കുടുംബം

തിരുത്തുക

പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുലം വിദ്യാമന്ദിർ ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പാൾ അംബികയാണു് അശോകൻ പുറനാട്ടുകരയുടെ സഹധർമ്മിണി. ഈ ദമ്പതികൾക്കു് ശങ്കർ, രാമദാസ് എന്നീ രണ്ടു പുത്രന്മാർ ഉണ്ടു്.

  1. "Sanskrit scholar dead". Retrieved 2016 May 9. {{cite web}}: Check date values in: |access-date= (help)
  2. M, Jayasree (2010). A study of informal education of Sanskrit in Kerala with special reference to Ayurveda. Kaladi: Sree Sankaracharya University of Sanskrit. pp. 255, 265, 333.
  3. ഉണ്ണി, പ്രൊഫ. (ഡോ.) എൻ.പി. Sanskrit Studies In India (Kerala) (PDF). ന്യൂ ഡെൽഹി: Rashtriya Sanskrit Sansthan. pp. 172, 173.
  4. http://suprabhaatham.com/അശോകൻ-പുറനാട്ടുകര-ഭാരത/. {{cite web}}: Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. http://hkmeher.blogspot.com/2007/07/my-biodata.html
  6. https://www.madhyamam.com/local-news/thrissur/609104
  7. https://www.youtube.com/watch?v=A8JGtmYjHrQ
  8. https://www.janmabhumi.in/news/kerala/the-bharatamudra-award-was-dedicated-to-swami-swaprabhananda

5. സ്മരണിക - ഭാരതി _ വിശ്വാസംസ്കൃത പ്രതിഷ്ഠാനം - 2007

"https://ml.wikipedia.org/w/index.php?title=അശോകൻ_പുറനാട്ടുകര&oldid=4142745" എന്ന താളിൽനിന്ന് ശേഖരിച്ചത്