അരാവമുദൻ
രാമഭദ്രൻ അരാവമുദൻ (7 ഒക്ടോബർ 1936 - 4 ഓഗസ്റ്റ് 2021) (ആർ. അരാവമുദൻ) [1] ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും എഞ്ചിനീയറുമായിരുന്നു, അദ്ദേഹം 1962 ലെ ആദ്യ ദിനങ്ങൾ മുതൽ തന്നെ ഇന്ത്യൻ ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നു. തന്റെ കരിയറിൽ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ, സതീഷ് ധവാൻ സ്പേസ് സെന്റർ, ഐഎസ്ആർഒ സാറ്റലൈറ്റ് സെന്റർ എന്നിവയുടെ ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 2009-ലെ ആര്യഭട്ട അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ആർ. അരാവമുദൻ | |
---|---|
ജനനം | |
മരണം | 4 ഓഗസ്റ്റ് 2021 | (പ്രായം 84)
തൊഴിൽ | എഞ്ചിനീയർ, ബഹിരാകാശ ശാസ്ത്രജ്ഞൻ |
മുൻകാലജീവിതം
തിരുത്തുകഅന്നത്തെ അവിഭക്ത ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസിലെ ഒരു ഇടത്തരം കുടുംബത്തിലാണ് അരാവമുദൻ ജനിച്ചത്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ഒന്നാം റാങ്കോടെ അദ്ദേഹം ബിരുദം കരസ്ഥമാക്കി. [2]
ഔദ്യോഗിക ജീവിതം
തിരുത്തുകട്രോംബെ റിയാക്ടർ കൺട്രോൾ ഡിവിഷനിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജിയിൽ (ഡിഎഇ) അരവമുദൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. [3]
ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസർച്ച് (INCOSPAR) എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO) ചേർന്ന ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. ഐ.എസ്.ആർ.ഒ. യിലെ സുഹൃത്തുക്കൾ 'ദാൻ' എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന അരാവമുദൻ സാരാഭായിയുടെ സംഘത്തിലെത്തുന്നത് 1962 ലാണ്. [4] രണ്ടുവർഷമായി പതിവ് ജോലികൾ ചെയ്യുന്നതിന്റെ മുഷിപ്പ് പിടികൂടിയ സമയത്താണ്, തെക്കൻ കേരളത്തിൽ ആരംഭിക്കുന്ന റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലേക്ക് ഡോ. വിക്രം സാരാഭായി ചെറുപ്പക്കാരായ എഞ്ചിനിയർമാരെ തേടുന്ന കാര്യം അറിയുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാസയിൽ പരിശീലനം നൽകും, അതുകഴിഞ്ഞ് വോളണ്ടിയറായി തിരുവനന്തപുരത്ത് ജോലിചെയ്യേണ്ടി വരും എന്നതായിരുന്നു വ്യവസ്ഥ. നാസയിലെ പരിശീലനം അരാവമുദന് പ്രധാന ആകർഷണമായി തോന്നി . മാത്രമല്ല, ആണവോർജ വകുപ്പിന് കീഴിലാണ് സ്പേസ് പ്രോഗ്രാം എന്നതിനാൽ ശമ്പളം മുടങ്ങില്ല എന്നും മനസ്സിലായി. അരാവമുദൻ നേരെ അഹമ്മദാബാദിലെത്തി സാരാഭായിയെ കണ്ടു. അരവമുദാനെ സാരാഭായ് തിരഞ്ഞെടുത്തു. [5] ജോലിയുടെ ഭാഗമായി, ഇന്ത്യയിൽ നിന്നുള്ള ചെറിയൊരു സംഘത്തിന്റെ ഭാഗമായി അമേരിക്കയിൽ നാസയുടെ ഗോദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്ററിൽ ചെന്ന് ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള ചെറിയ റോക്കറ്റുകൾ കൂട്ടിച്ചേർക്കുന്നതിനും വിക്ഷേപിക്കുന്നതിനും അരാവമുദൻ പരിശീലനം നേടി. നാസയിലെ പരിശീലനം കഴിഞ്ഞ് 1963 ഡിസംബറിൽ അരവമുദാൻ തിരുവനന്തപുരത്ത് എത്തി.
പിൽക്കാലത്ത് വൈറൽ ആയ ഫോട്ടോഗ്രാഫ്
തിരുത്തുകഅരാവമുദൻ തുമ്പയിലെ ഐഎസ്ആർഒയുടെ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ, ഗാന്ധിജിയുടെ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ-ബ്രെസൺ 1966ൽ തിരുവനന്തപുരത്ത് തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം സന്ദർശിച്ചു. ഇന്ത്യൻ സ്പേസ് പ്രോഗ്രാമിന്റെ മേധാവി വിക്രം സാരാഭായിയാണ് തന്റെ സുഹൃത്തായ ആ വിഖ്യാത ഫോട്ടോഗ്രാഫറെ തുമ്പയിലേക്ക് ക്ഷണിച്ചത്. റോക്കറ്റ് വിക്ഷേപണത്തിന്റെ ഏറെ ചരിത്രപ്രാധാന്യമുള്ള ദൃശ്യങ്ങൾ ബ്രസ്സൻ അന്ന് പകർത്തി. അക്കൂട്ടത്തിൽ പിൽക്കാലത്ത് വൈറലാകാൻ വിധിക്കപ്പെട്ട ഒരു ചിത്രം ഉണ്ടായിരുന്നു. തുമ്പയിൽ മേരി മഗ്ലേന പള്ളിയുടെ അൽത്താരയ്ക്ക് മുന്നിൽ രണ്ട് ചെറുപ്പക്കാർ കുത്തിയിരുന്ന് റോക്കറ്റ് ടൈമർ ശരിയാക്കാൻ വ്യഗ്രതയോടെ ശ്രമിക്കുന്നതിന്റെ ദൃശ്യമായിരുന്നു അത്. [6]കഠിനമായ ഉഷ്ണമുള്ള ദിവസം, ഫാനില്ലാത്തതുകൊണ്ട് ചെറുപ്പക്കാരിലൊരാൾ ഷർട്ട് അഴിച്ചുമാറ്റിയിരുന്നു. കൂടെയുള്ള ചെറുപ്പക്കാരന്റെ മുഖത്തെ ഉത്ക്കണ്ഠ വായിച്ചെടുക്കാനാകും. ബ്രസ്സന്റെ ക്യാമറ തങ്ങളുടെ ദൃശ്യം പകർത്തിയ കാര്യം ആ ചെറുപ്പക്കാർ ശ്രദ്ധിച്ചതേയില്ല. [7]ഡോ.എ.പി.ജെ.അബ്ദുൾ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റപ്പോൾ ലോകംമുഴുവൻ ശ്രദ്ധിച്ച ഒരു ചിത്രമായി പിൽക്കാലത്ത് ആ ചിത്രം മാറി . കാരണം ആ ചിത്രത്തിലെ ഉടുപ്പിട്ട ചെറുപ്പക്കാരൻ അബ്ദുൾ കലാം ആയിരുന്നു; കൂടെയുള്ളത് അരാവമുദൻ ആയിരുന്നു. [8]
സേവനങ്ങൾ
തിരുത്തുക1970-കളുടെ തുടക്കത്തിൽ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന്റെ ഡയറക്ടറായി അരാവമുദൻ സേവനമനുഷ്ഠിച്ചു. [9] 1980-കളിൽ അദ്ദേഹം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായി. 1989-ൽ സതീഷ് ധവാൻ സ്‌പേസ് സെന്ററിന്റെ ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം 1994-ൽ ഐഎസ്ആർഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായി ബാംഗ്ലൂരിലേക്ക് മാറി. [10] 1997 ൽ അദ്ദേഹം ഐഎസ്ആർഒയിൽ നിന്ന് വിരമിച്ചു.
2009-ൽ ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആര്യഭട്ട അവാർഡും 2010-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ മികച്ച നേട്ടത്തിനുള്ള പുരസ്കാരവും അരാവമുദൻ നേടിയിട്ടുണ്ട് [11] .
പുസ്തകത്തിൽ നിന്ന്
തിരുത്തുകപിൽക്കാലത്ത് തന്റെ ഭാര്യ ഗീത അരവമുദനുമായി ചേർന്ന് എഴുതിയ ഐഎസ്ആർഒ: എ പേഴ്സണൽ ഹിസ്റ്ററി എന്ന പുസ്തകത്തിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ ആദ്യ നാളുകൾ ആരവമുദൻ രേഖപ്പെടുത്തി. ലോഞ്ച് സൈറ്റിന്റെ തിരഞ്ഞെടുപ്പ്, ടെലിമെട്രി സംവിധാനങ്ങൾ, അന്താരാഷ്ട്ര ഉപരോധങ്ങളും ഉപരോധങ്ങളും കാരണം ഓർഗനൈസേഷൻ തുച്ഛമായ വിഭവങ്ങളിൽ എങ്ങനെ പ്രവർത്തിച്ചു എന്നതുൾപ്പെടെ പ്രോഗ്രാമിന്റെ ആശയവൽക്കരണത്തെക്കുറിച്ചും പുസ്തകത്തിൽ അദ്ദേഹം എഴുതുന്നു. [12]
സാങ്കേതികത്വത്തിന്റെ ഭാരമില്ലാതെയാണ് ഐ.എസ്.ആർ.ഒ.യുടെ ചരിത്രം അരാവമുദൻ വിവരിക്കുന്നത്. മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിനെപ്പോലുള്ള വി.ഐ.പി.കൾ തുമ്പയിലെ റോക്കറ്റ് വിക്ഷേപണം കാണാൻ എത്തിയതിന്റെ വിവരണവും, ലോകമെങ്ങുമുള്ള വിക്ഷേപണകേന്ദ്രങ്ങളിലേക്ക് സാരാഭായിയുടെ നിർദ്ദേശപ്രകാരം തങ്ങൾ നടത്തിയ പര്യടനവും, സാരാഭായിയുടെ രീതികളെക്കുറിച്ചുള്ള ഹൃദ്യമായ വിവരങ്ങളും, രഹസ്യങ്ങൾ ചോർത്തിയെന്ന പേരിൽ നമ്പി നാരായണന് നേരിടേണ്ടി വന്ന ദുരന്താനുഭവങ്ങളുമെല്ലാം അരവമുദാന്റെ സ്മരണകളായി പുറത്തുവരുന്നുണ്ട്. തീർച്ചയായും ജേർണലിസ്റ്റായ ഗീതയുടെ കൈമുദ്ര എഴുത്തിലുടനീളം പതിഞ്ഞു കിടപ്പുണ്ട്. [13] ഇന്ത്യൻ സ്പേസ് പ്രോഗ്രാം ആരംഭിച്ച സംഘത്തിലെ അംഗമെന്ന നിലയിൽ വളരെ ഊഷ്മളമായ വിവരണമാണ് അരാവമുദന്റെ ഗ്രന്ഥത്തിൽ കാണാൻ കഴിയുക. 'ഉറക്കംതൂങ്ങി പട്ടണ'മായ തിരുവനന്തപുരത്തിന് ഒരു 'കൾച്ചറൽ ഷോക്കാ'യിരുന്നു തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന്റെ വരവെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുള്ള അവിവാഹിതരായ യുവ എഞ്ചിനിയർമാരുടെ താവളമായി തിരുവനന്തപുരം പെട്ടന്ന് മാറി. രാമേശ്വരം സ്വദേശിയായ അബ്ദുൾ കലാം അവധിദിനങ്ങളിൽ കോവളത്തോ ശംഖുംമുഖത്തോ കടലിൽ നീന്താൻ പോകുമ്പോൾ അനുഗമിച്ചിരുന്നത് ഉറ്റസുഹൃത്തായ അരവമുദാനാണ്. ഇരുവരും വെജിറ്റേറിയൻ ആയിരുന്നെങ്കിലും, അബ്ദുൾ കലാമിന് മുട്ട മസാലയും പെറോട്ടയും ഏറെ ഇഷ്ടമായിരുന്നു. അത് കഴിക്കാൻ ഇടയ്ക്കിടെ ഇരുവരും തിരുവനന്തപുരം സെക്രട്ടറിയേറ്റിനടുത്തുള്ള സേവ്യേഴ്സ് ഹോട്ടലിൽ പോകും. [14]
1970ൽ ജേർണലിസ്റ്റായ ഗീതയെ അരവമുദാൻ വിവാഹം കഴിച്ച് വഴുതക്കാട്ടുള്ള ഒരു വീട് വാടകയ്ക്കെടുത്ത് താമസമാക്കിയപ്പോൾ, ഇടയ്ക്കിടെ ഭക്ഷണം കഴിക്കാൻ അബ്ദുൾ കലാം അവിടെ എത്തുമായിരുന്നു. അക്കാലത്ത് അരവമുദാന്റെയും ഗീതയുടെയും ഇഷ്ടവിനോദം അബ്ദുൾ കലാമിന് പറ്റിയ ഒരു പെൺകുട്ടിയെ കണ്ടുപിടിക്കലായിരുന്നു. [15]വലിയൊരു ബസ്സ് വാടകയ്ക്കെടുത്ത് രാമേശ്വരത്ത് കലാമിന്റെ വിവാഹത്തിന് എല്ലാവരും പോകുന്നത് പോലും അവർ പ്ലാൻചെയ്തു! പക്ഷേ, എന്തുകൊണ്ടോ അബ്ദുൾ കലാമിന്റെ വിവാഹം മാത്രം നടന്നില്ല. അബ്ദുൾ കലാം പിന്നീട് ഐ.എസ്.ആർ.ഒ. വിട്ട് 'ഡിഫെൻസ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷനി'ലേക്ക് (ഡി.ആർ.ഡി.ഒ) മാറി. അരവമുദാൻ ശ്രീഹരിക്കോട്ടയുടെയും പിന്നീട് ഐ.എസ്.ആർ.ഒ. ബാംഗ്ലൂർ കേന്ദ്രത്തിന്റെയും മേധാവിയായി. [16]
സ്വകാര്യ ജീവിതം
തിരുത്തുകമാധ്യമപ്രവർത്തകയായ ഗീതയെ ആണ് അരാവമുദൻ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. [17]
അരാവമുദൻ 2021 ഓഗസ്റ്റ് 4-ന് ബാംഗ്ലൂരിലെ വീട്ടിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. [18] അതിന് ഒരു വർഷം മുമ്പാണ് അദ്ദേഹത്തിന് വൃക്ക തകരാറിലായതായി കണ്ടെത്തിയത്. </ref>
പുസ്തകങ്ങൾ
തിരുത്തുക- ഐഎസ്ആർഒ: എ പേഴ്സണൽ ഹിസ്റ്ററി [19] അദ്ദേഹത്തിന്റെ ഭാര്യ ഗീതയ്‌ക്കൊപ്പം രചിച്ചതാണ്ISBN 978-9-3526-4363-9
അവാർഡുകൾ
തിരുത്തുകറഫറൻസുകൾ
തിരുത്തുക- ↑ R. Aravamudan, one of ISRO's early pioneers, no more
- ↑ https://www.wionews.com/india-news/r-aravamudan-one-of-isros-early-pioneers-and-tracking-telemetry-expert-no-more-403198
- ↑ https://www.wionews.com/india-news/r-aravamudan-one-of-isros-early-pioneers-and-tracking-telemetry-expert-no-more-403198
- ↑ https://www.mathrubhumi.com/science/features/isro-terls-indian-space-programme-thumpa-equatorial-rocket-launching-station-1.8066521

- ↑ https://www.isac.gov.in/directors/aravamudan.jsp
- ↑ https://www.wionews.com/india-news/r-aravamudan-one-of-isros-early-pioneers-and-tracking-telemetry-expert-no-more-403198
- ↑ https://www.ursc.gov.in/directors/aravamudan.jsp
- ↑ https://www.firstpost.com/india/isro-a-look-at-the-history-of-indias-space-agency-by-one-of-its-first-rocket-scientists-3283980.html
- ↑ https://www.mathrubhumi.com/science/features/isro-terls-indian-space-programme-thumpa-equatorial-rocket-launching-station-1.8066521
- ↑ https://www.mathrubhumi.com/science/features/isro-terls-indian-space-programme-thumpa-equatorial-rocket-launching-station-1.8066521
- ↑ https://www.mathrubhumi.com/science/features/isro-terls-indian-space-programme-thumpa-equatorial-rocket-launching-station-1.8066521
- ↑ https://www.mathrubhumi.com/science/features/isro-terls-indian-space-programme-thumpa-equatorial-rocket-launching-station-1.8066521
- ↑ https://www.wionews.com/india-news/r-aravamudan-one-of-isros-early-pioneers-and-tracking-telemetry-expert-no-more-403198
- ↑ https://www.wionews.com/india-news/r-aravamudan-one-of-isros-early-pioneers-and-tracking-telemetry-expert-no-more-403198
- ↑ https://www.firstpost.com/india/amid-chandrayaan-2-mission-a-reminder-of-how-isro-grappled-with-setbacks-to-create-success-stories-7081281.html
- ↑ https://www.ursc.gov.in/directors/aravamudan.jsp
- ↑ https://www.isac.gov.in/directors/aravamudan.jsp