അമൂൽ
ഇന്ത്യയിലെ ഒരു ക്ഷീരോൽപാദക സഹകരണസംഘ പ്രസ്ഥാനമാണ് അമൂൽ (AMUL-Anand Milk Union Limited).1946 ൽ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്റെ ഉന്നതാധികാര സഹകരണ സംഘടനയായ ഗുജറാത്ത് കോപറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (GCMMF) ഗുജറാത്തിലെ 2.6 മില്ല്യൻ വരുന്ന ക്ഷീരോൽപാദകരുടെ കൂട്ടുസംരംഭമാണ് .ഈ സംഘടനയുടെ വ്യാപാരനാമമാണ് വാസ്തവത്തിൽ അമൂൽ.ഗുജറാത്തിലെ ആനന്ദിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം ദീർഘകാലമായി നേട്ടമുണ്ടാകുന്ന ഒരു സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥക്കുദാഹരണമാണ്.വികസ്വര രാജ്യങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ഏറ്റവും നല്ല ഉദാഹരണമായും അമൂൽ വിലയിരുത്തപ്പെടുന്നു. ഗ്രാമീണ വികസനത്തിന്റെ മാതൃകയായും അമൂൽ പാറ്റേൺ സ്വീകരിക്കപ്പെട്ടു.ഇന്ത്യയിലെ ധവള വിപ്ലവത്തിനെ ത്വരിതപ്പെടുത്തിയതും അമൂൽ ആയിരുന്നു. അമൂലിന്റെ വിജയ ശില്പി GCMMF ന്റെ മുൻ അധ്യക്ഷൻ വർഗീസ് കുര്യനാണ് .
സംസ്ഥാന സർക്കാർ സഹകരണ സംഘം | |
വ്യവസായം | |
സ്ഥാപിതം | 1946 |
സ്ഥാപകൻ | ത്രിഭുവൻദാസ് പട്ടേൽ |
ആസ്ഥാനം | ആനന്ദ്, ഗുജറാത്ത്, ഇന്ത്യ |
സേവന മേഖല(കൾ) | ലോകമെമ്പാടും |
പ്രധാന വ്യക്തി | ആർ എസ് സോധി (മാനേജിംഗ് ഡയറക്ടർ)[1] |
ഉത്പന്നങ്ങൾ | പാലുല്പന്നങ്ങള് |
വരുമാനം | ₹52,000 കോടി (US$8.1 billion)[2] (2022) |
ഉടമസ്ഥൻ | ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ, ഗുജറാത്ത് സർക്കാർ, സഹകരണ മന്ത്രാലയം, ഗുജറാത്ത് സർക്കാർ |
ജീവനക്കാരുടെ എണ്ണം | 1,000 (മാർക്കറ്റിംഗ് ടീം) 3.6 million (3.6 million) (പാൽ ഉത്പാദിപ്പിക്കുന്ന അംഗങ്ങൾ)[2] |
ഡിവിഷനുകൾ |
|
വെബ്സൈറ്റ് | amul.com |
ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക നിർമ്മാണ സ്ഥാപനമായ അമൂലിന്റെ 2006-07 കാലയളവിലെ വിറ്റുവരവ് 1050 മില്ല്യൻ അമേരിക്കൻ ഡോളറാണ്. ശരാശരി ഒരു ദിവസം 10.6 മില്ല്യൻ ലിറ്റർ പാൽ ശേഖരണം നടത്തുന്ന 2.6 മില്ല്യൻ പാലുൽപാദകർ ഉൾകൊള്ളുന്നതാണ് അമൂൽ സഹകരണ സ്ഥാപനം.ഇന്ത്യക്ക് പുറത്ത് മൗറീഷ്യസ്,യു.എ.ഇ,അമേരിക്ക,ബംഗ്ലാദേശ്,ഓസ്ട്രേലിയ,ചൈന,സിംഗപൂർ, ഹോങ്കോങ്,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും അമൂൽ അതിന്റെ വിപണി കണ്ടെത്തീട്ടുണ്ട്. 2009 ൽ സ്റ്റോക്ഹോമിൽ നടന്ന 10-)മത് International Farm Comparison Network (IFCN) കോൺഫറസിൽ അവതരിപ്പിച്ച റിപ്പോർട്ടു പ്രകാരം ലോകത്തിലെ ഏറ്റവും 21 വലിയ ക്ഷീരവ്യവസായങ്ങളുടെ പട്ടികയിൽ അമുലും സ്ഥാനം പിടിച്ചിട്ടുൺറ്റ്.
ആനന്ദിലെ കർഷകരുടെ അവസ്ഥ
തിരുത്തുകഅഞ്ച് ദശാബ്ദങ്ങൾക്കപ്പുറം ഇവിടുത്തെ കർഷകരുടെ അവസ്ഥ ഇന്ത്യയിലെ മറ്റേത് കർഷകരുടെതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. ആനന്ദിലെ അക്കാലത്തെ ഏക ക്ഷീര സംഭരണ സ്ഥാപനം ‘’പോൾസൺ ഡൈറി’’ ആയിരുന്നു. പാൽ സംഭരണത്തിന്റെ കുത്തക പോൾസൺ ഡൈറിക്കാണന്ന് പറയാം. ക്ഷീര കർഷകർ വളരെയധികം ദൂരം സഞ്ചരിച്ച് വേണം തങ്ങളുടെ പാൽ ഇവിടയെത്തിക്കാൻ.അതും ഒരോർത്തരും തങ്ങളുടെതായ പാത്രത്തിൽ ഒറ്റക്കൊറ്റക്കായിരുന്നു കൊണ്ടുവന്നിരുന്നത്. ഇവിടെ എത്തുമ്പോഴേക്കും ഒരു പക്ഷേ പാൽ കേടു വന്നിരിക്കും.ഇടനിലക്കാരാണ് വിലയും മറ്റും നിർണ്ണയിച്ചിരുന്നത്.പാൽ കേടുവരും എന്ന ഭയത്താൽ വളരേ നാമ മാത്രമായ വിലയ്ക്ക് പാൽ വിൽകേണ്ടി വരുന്ന അവസ്ഥയും കർഷകർ നേരിട്ടു.മറ്റൊരു പ്രശ്നം ശൈത്യകാലമാകുമ്പോൾ പാലുൽപാദനം ഇരട്ടിയാവും ഇത് പാലിന്റെ വിലയിടിയാനും കാരണമാകുന്നു. പോൾസൺ ഡയറിയുടെ ഉത്പന്നങ്ങൾ ഗുണനിലവാരം ഉള്ളതായിരുന്നുവെങ്കിലും ക്ഷീര കർഷകരെ അവർ വൻതോതിൽ ചൂഷണം ചെയ്യുന്നുണ്ടെന്ന് കുര്യൻ മനസിലാക്കി. ആ സമയത്താണ് തൃഭുവൻദാസ് പട്ടേൽ എന്ന നേതാവ് സഹകരണ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ കുര്യൻ ആകൃഷ്ടനാകുന്നത്. തുടർന്ന് ഖേദ ജില്ലയിൽ അദ്ദേഹം ക്ഷീരകർഷകരുടെ സഹകരണ സംഘത്തിന് തുടക്കംകുറിച്ചു.പിന്നീട് അമുലിന്റെ രൂപവത്കരണത്തിന് വഴിതെളിച്ചത് ഈ സഹകരണ സംഘമാണ്.
സർദാർ വല്ലഭായി പട്ടേൽ,മൊറാർജി ദേശായി,ത്രിഭോവൻദാസ് പട്ടേൽ എന്നീ ദേശീയ നേതാക്കളുടെ പ്രചോദനത്തിൽ നിന്ന് ആവേശമുൾകൊണ്ട് തങ്ങളുടെ ഉൽപന്നങ്ങൾ തങ്ങൾ തന്നെ വിപണനം ചെയ്താലേ രക്ഷ്യുള്ളൂ എന്ന് കർഷകർ ക്രമേണ തിരിച്ചറിഞ്ഞ്തിന്റെ ഫലമാണ് അമൂൽ എന്ന സ്ഥാപനം രൂപം കൊള്ളുന്നത്.
അമൂൽ എന്ന പേര്
തിരുത്തുകകെയ്റ ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് എന്ന പേരിലായിരുന്നു ആദ്യം സഹകരണ സംഘം അറിയപ്പെട്ടിരുന്നത്. [3]എന്നാൽ സഹകരണ സംഘം വളർന്നു തുടങ്ങിയതോടെ അതിന്റെ പേര് അനായാസം പറയാനും ഓർത്തിരിക്കാനും കഴിയുന്നതാകണമെന്നും എങ്കിൽ മാത്രമെ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പേര് സഹായകമാകൂവെന്നും കുര്യന് തോന്നി.[3] സഹകരണ സംഘത്തിന് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ അദ്ദേഹം ക്ഷീര കർഷകരോടും ജീവനക്കാരോടും ആവശ്യപ്പെട്ടു. സഹകരണ സംഘത്തിലെ ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസറാണ് സംസ്‌കൃതത്തിലുള്ള അമൂല്യ എന്ന പേര് നിർദ്ദേശിച്ചത്.[3] വിലമതിക്കാനാവാത്തത് എന്നാണ് ഈ വാക്കിന്റെ അർഥം. അമൂല്യയാണ് പിന്നീട് അമുൽ എന്ന് ചുരുങ്ങിയത്. ആനന്ദ് മിൽക് യൂനിയൻ ലിമിറ്റഡ് (Anand Milk Union Limited)എന്നതിലെ വാക്കുകളുടെ ആദ്യക്ഷരങ്ങളുമായി ഒത്തുവന്നതിനാൽ ഈ പേര് സ്വീകരിക്കപ്പെടുകയായിരുന്നു. ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് എന്നതിന്റെ ചുരുക്കരൂപമായും അമുൽ മാറി.
എരുമപ്പാലിൽനിന്ന് പാൽപ്പൊടി
തിരുത്തുകഎരുമപ്പാലിൽനിന്ന് പാൽപ്പൊടി തയ്യാറാക്കുന്നതിലും വിജയംവരിച്ചതോടെ അമുലിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു.[3] നിരവധി ഗ്രാമങ്ങളിലേക്ക് സഹകരണ സംഘങ്ങൾ പടർന്നു പന്തലിച്ചു. ഗ്രാമത്തിലെ ക്ഷീര കർഷകരിൽനിന്ന് ദിവസത്തിൽ രണ്ടു തവണ പാൽ സംഭരിക്കുക എന്നതായിരുന്നു ഓരോ സഹകരണ സംഘങ്ങളുടെയും ദൗത്യം. പാലിന്റെ ഗുണനിലവാരവും കൊഴുപ്പും ക്ഷീര കർഷകർക്ക് ലഭിക്കുന്ന പ്രതിഫലത്തെ ബാധിക്കുന്ന മുഖ്യഘടകങ്ങളായി മാറി. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികൾ, സഹകരണ സംഘങ്ങളിൽ മിന്നൽ പരിശോധനകൾ എന്നിവ നടത്തി അഴിമതിയും തെറ്റായ പ്രവണതകളും ഇല്ലാതാക്കുന്നതിൽ അമുൽ വിജയിച്ചു. അതേസമയം തന്നെ പ്രതിദിനം പാൽ സംഭരിക്കുന്നതിനുള്ള ക്യാനുകൾ ശീതികരണ സംവിധാനമുള്ള മിൽക്ക് ചില്ലർ യൂണിറ്റുകൾക്ക് വഴിമാറി. പാൽ സംഭരിച്ച് മണിക്കൂറുകൾക്കകം തന്നെ പാസ്ചറൈസേഷനും ശീതീകരണവും പായ്ക്കിങ്ങും ഉറപ്പാക്കി. പായ്ക്കുചെയ്ത പാൽ മൊത്ത വിതരണക്കാരിലേക്കും പിന്നീട് ചില്ലറ വിൽപ്പനക്കാരിലേക്കും അവിടെനിന്ന് ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതിനുള്ള കൃത്യമായ സംവിധാനമുണ്ടാക്കി.[3]
അമൂൽ മാതൃകയാവുന്നു
തിരുത്തുകഅമുലിന്റെ കാലിത്തീറ്റ ഉത്പാദന പ്ലാന്റ് ഉദ്ഘാടനം ചെയ്യാൻ 1964 ൽ അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ആനന്ദിലെത്തി. [3]അമുലിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം സമാനമായ പദ്ധതി രാജ്യം മുഴുവൻ നടപ്പാക്കാൻ വർഗീസ് കുര്യനോട് ആവശ്യപ്പെട്ടു. [3]രാജ്യത്തെ കർഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ പദ്ധതി ഉതകുമെന്ന് ശാസ്ത്രി കണക്കുകൂട്ടി. ഈ ലക്ഷ്യം മുന്നിൽക്കണ്ട് 1965 ൽ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് രൂപവത്കരിക്കുകയും ഡോ. കുര്യനെ അതിന്റെ തലപ്പത്ത് നിയമിക്കുകയും ചെയ്തു. ഈ സമയത്ത് രാജ്യത്ത് പാലിന് ആവശ്യക്കാർ വർദ്ധിച്ചു വരുന്നുണ്ടായിരുന്നു. എന്നാൽ ക്ഷീരവികസന പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി കടുത്ത തടസ്സമായി മാറി. ഇതോടെ ദേശീയ ക്ഷീരവികസന ബോർഡ് വായ്പയ്ക്കായി വിവിധ ബാങ്കുകളുടെ വാതിലിൽ മുട്ടി. വ്യവസ്ഥകളൊന്നും കൂടാതെ വായ്പ ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. അതിനിടെയാണ് 1969 ൽ ലോകബാങ്ക് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്. രാജ്യത്തെ ക്ഷീര വികസന പദ്ധതിക്ക് വായ്പ അനുവദിക്കണമെന്നും എന്നാൽ അതിനുശേഷം അതേപ്പറ്റി മറന്നേക്കണമെന്നും ലോകബാങ്ക് പ്രസിഡന്റിനോട് ഡോ. കുര്യൻ അഭ്യർഥിച്ചു. ദിവസങ്ങൾക്കകം തന്നെ വ്യവസ്ഥകളൊന്നും കൂടാതെ ലോകബാങ്ക് അനുവദിച്ച വായ്പയാണ് രാജ്യത്തെ ധവള വിപ്ലവത്തിന് അടിസ്ഥാനശില പാകിയത്. ആനന്ദിൽ കുര്യൻ നടപ്പാക്കിയ പദ്ധതി രാജ്യം മുഴുവൻ വ്യാപിപ്പിക്കുക എന്നതായിരുന്നു ധവള വിപ്ലവംകൊണ്ട് ഉദ്ദേശിച്ചിരുന്നത്. [3]മൂന്ന് ഘട്ടങ്ങളായാണ് രാജ്യത്ത് ഇത് നടപ്പാക്കിയത്. അമുലിന്റെ വിജയം മാതൃകയാക്കി ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും സഹകരണ രംഗത്ത് ക്ഷീരോല്പാദന സഹകരണ സംഘടനകൾക്ക് രൂപം നൽകി.ഇവയിൽ പലതും വിജയകരവുമായിരുന്നു.കേരളത്തിലെ മിൽമ,ആന്ധ്രാപ്രദേശിലെ വിജയ,തമിഴ്‌നാട്ടിലെ ആവിൻ,കർണാടകത്തിലെ കെ.എം.എഫ്(നന്ദിനി) ബീഹാറിലെ സുധ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
അമൂൽ ബേബി
തിരുത്തുകഅമുലിന്റെ പരസ്യങ്ങളിൽ ഭാഗ്യചിഹ്നമായി കുസൃതിക്കാരിയായ പെൺകുട്ടിയുടെ ചിത്രം ഉപയോഗിക്കാൻ നിർദ്ദേശിച്ചതും ഡോ. വർഗീസ് കുര്യൻ തന്നെയായിരുന്നു. പരസ്യങ്ങൾ കൈകൊണ്ട് വരച്ചിരുന്ന കാലത്ത് എളുപ്പത്തിൽ വരയ്ക്കാൻ കഴിയുന്നതും എന്നാൽ ജനമനസിൽ നിലനിൽക്കുന്നതുമായ കാർട്ടൂൺ കഥാപാത്രം തയ്യാറാക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയായിരുന്നു. ടെലിവിഷൻ, റേഡിയോ പരസ്യങ്ങൾക്ക് വൻതുക ചെലവഴിക്കേണ്ടിവരുന്ന കാലത്തായിരുന്നു ഡോ. കുര്യന്റെ പരീക്ഷണം. പരസ്യങ്ങളിലൂടെ അമുലിന്റെ സ്വീകാര്യത വർധിപ്പിക്കാൻ 1966-ലാണ് അവർ തീരുമാനമെടുക്കുന്നത്. [3]1966-ലാണ് അമുൽ ബട്ടറിനായി ഒരു പരസ്യ കാമ്പെയ്ൻ തുടങ്ങാൻ അമുൽ തീരുമാനിച്ചത്. ഇതിനായി കമ്പനി ഒരു പരസ്യ ഏജൻസിയുടെ മാനേജിംഗ് ഡയറക്ടറായ സിൽവസ്റ്റർ ഡ കുൻഹയെ സമീപിച്ചു. പരസ്യം ചെയ്യാൻ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. എന്നാൽ പരസ്യത്തിൽ ആരെയാണ് മോഡലാക്കേണ്ടതെന്ന ആശങ്കയിവലായിരുന്നു കുൻഹ. ഏത് തരത്തിലുള്ള പരസ്യമായിരിക്കണം എന്നതിനെക്കുറിച്ചും കുൻഹ ചിന്തിച്ചു. പരസ്യം കുട്ടികളുമായി ബന്ധപ്പെട്ടതായിരിക്കണമെന്ന തീരുമാനത്തിലാണ് ഒടുവിൽ എത്തിയത്. [4] അമൂലിന്റെ ഉൽപ്പന്നങ്ങൾ പോലെ അമൂലിന്റെ ലോഗോയും ഇന്ത്യയിൽ വളരെ പ്രസിദ്ധമാണ്. അമൂൽ ഗേൾ എന്നറിയപ്പെടുന്ന പോൾക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയുള്ള പോണിയും ധരിച്ച ഒരു പെൺകുട്ടിയാണ് അമൂലിന്റെ ലോഗോയിൽ ഉള്ളത്. അമുലിന്റെ' എതിരാളി ബ്രാൻഡായ പോൾസണിന്റെ ബട്ടർ-ഗേളിന് എതിരായാണ് അമൂൽ ഗേളിനെ സൃഷ്ടിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളുടെ ചിത്രങ്ങൾ പരസ്യത്തിനായി ക്ഷണിച്ചിരുന്നു.[4] 700-ലധികം ചിത്രങ്ങൾ ലഭിച്ചെങ്കിലും ഈ കുട്ടികളുടെ ചിത്രങ്ങളൊന്നും പരസ്യത്തിനായി തിരഞ്ഞെടുത്തില്ല. സിൽവസ്റ്റർ ഡ കുൻഹ നിരാശയിലായി. [4]അതിനിടയിൽ ആണ് തന്റെ സുഹൃത്ത് ചന്ദ്രൻ തരൂരിന് കേരളത്തിൽ 2 സുന്ദരികളായ പെൺമക്കളും ഒരു മകനുമുണ്ടെന്ന് അദ്ദേഹം ഓർത്തത്. സിൽവസ്റ്റർ സുഹൃത്ത് ചന്ദ്രനെ വിളിച്ച് അമൂലിന്റെ പരസ്യത്തിൽ മൂത്തമകൾ ശോഭയെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞു. ചന്ദ്രൻ ആദ്യം അമ്പരന്നെങ്കിലും സമ്മതിച്ചു.[4]സിൽവസ്റ്റർ ഡ കുൻഹ തന്റെ സുഹൃത്ത് ചന്ദ്രൻ തരൂരിനോട് ശോഭയുടെ കുറച്ച് ചിത്രങ്ങൾ എത്രയും വേഗം അയയ്ക്കാൻ ആവശ്യപ്പെട്ടു. 712 കുട്ടികളുടെ ചിത്രങ്ങളിൽ നിന്ന് ശോഭയുടെ ചിത്രം സിൽവസ്റ്റർ ഈ പരസ്യത്തിനായി തിരഞ്ഞെടുത്തതോടെ ശോഭ അമൂലിന്റെ മുഖമായി മാറി. ചന്ദ്രൻ തരൂരിന്റെ മൂത്ത മകളുടെ പേര് ശോഭ എന്നും രണ്ടാമത്തെ മകളുടെ പേര് സ്മിത എന്നും മകന്റെ പേര് ശശി എന്നും ആയിരുന്നു. ആ ശശിയാണ് ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ശശി തരൂർ. തരൂർ കുടുംബവുമായുള്ള അമൂലിന്റെ ബന്ധം അവിടംകൊണ്ട് അവസാനിച്ചില്ല. കമ്പനി വർണ്ണാഭമായ പരസ്യങ്ങൾ പുറത്തിറക്കിയപ്പോൾ. ചന്ദ്രൻ തരൂരിന്റെ ഇളയ മകൾ സ്മിത ആണ് അമൂൽ ഈ പരസ്യങ്ങളിലെത്തിയത്. സ്മിതയായിരുന്നു ആദ്യത്തെ കളർഫുൾ അമുൽ ബേബി.[4]
അതിന്റെ ടാഗ് ലൈൻ "അട്ടേർലി ബട്ടർലി ഡെലീഷ്യസ് അമൂൽ" എന്നതായിരുന്നു. ഇന്നും ആ പരസ്യത്തിന്റെ സ്വീകാര്യത നഷ്ടപ്പെട്ടിട്ടില്ല. മാർക്കറ്റിങ്, ബ്രാൻഡിങ്, മാർക്കറ്റ് റിസർച്ച്, കസ്റ്റമർ കെയർ എന്നീ മേഖലകളിലെ പുതിയ കാര്യങ്ങളെല്ലാം അമുലിന്റെ വളർച്ചയ്ക്കുവേണ്ടി ഡോ. കുര്യൻ പ്രയോജനപ്പെടുത്തി. അദ്ദേഹം മരിച്ച സമയത്ത് അമുലിന്റെ പരസ്യത്തിൽ പെൺകുട്ടി നിറകണ്ണുകളോടെ പ്രത്യക്ഷപ്പെട്ടിരുന്നു.[3]
നിലവിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട് അമുൽ .
സാംസ്കാരിക രംഗത്ത്
തിരുത്തുകധവള വിപ്ലവത്തെക്കുറിച്ചും ഗുജറാത്തിലെ അമുൽ ബ്രാണ്ടിനെക്കുറിച്ചും വിഖ്യാത സംവിധായകൻ ശ്യാം ബനഗൽ സംവിധാനംചെയ്ത സിനിമയാണ് മന്ഥൻ. സംവിധായകൻ ശ്യാം ബെനഗലിനെ ധവള വിപ്ലവത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഡോ. വർഗീസ് കുര്യൻ തന്നെ സമീപിച്ച് ഗുജറാത്തിലെ ക്ഷീര കർഷക സഹകരണ സംഘങ്ങളെപ്പറ്റി ഒരു സിനിമ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.[3] സിനിമ നിർമിക്കാൻ 10 മുതൽ 12 ലക്ഷംവരെ ചെലവ് വരുമെന്ന് ശ്യാം ബെനഗൽ അറിയിച്ചു. അതോടെ തുക കണ്ടെത്താൻ ക്ഷീര കർഷകരെത്തന്നെ സമീപിക്കാൻ ഡോ. കുര്യൻ തീരുമാനിക്കുകയായിരുന്നു. ഓരോ പായ്ക്കറ്റ് പാലിനും ആറ് രൂപവച്ച് വാങ്ങുന്നതിന് പകരം എട്ട് രൂപവച്ച് വാങ്ങാൻ ഡോ. കുര്യൻ അന്ന് ക്ഷീര കർഷകരോട് നിർദ്ദേശിച്ചു. ഇത്തരത്തിൽ അധികം ലഭിച്ച രണ്ട് രൂപവീതം അഞ്ച് ലക്ഷം ക്ഷീര കർഷകർ സമാഹരിച്ചാണ് സിനിമ നിർമിച്ചത്.[3] ഗുജറാത്തിലെ ആനന്ദിൽ വർഗീസ് കുര്യൻ നടത്തിയ പ്രവർത്തനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് സിനിമയുടെ ഇതിവൃത്തം. സിനിമ നിർമിക്കാൻ ഒരുങ്ങിയപ്പോൾ സ്‌പോൺസർഷിപ്പുമായി പലരും രംഗത്തെത്തിയിരുന്നു. എന്നാൽ അവയെല്ലാം വേണ്ടെന്നുവച്ചാണ് കർഷകരിൽനിന്ന് സ്വരൂപിക്കുന്ന പണംകൊണ്ട് സിനിമ നിർമ്മിക്കാൻ തീരുമാനിച്ചത്. ഗിരീഷ് കർണാടും സ്മിത പാട്ടീലും അഭിനയിച്ച സിനിമ ലോകശ്രദ്ധനേടി. 1977 ൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡും മന്ഥൻ സ്വന്തമാക്കിയിരുന്നു. [3]
'തങ്ങളുടെ' ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ഇതേ കർഷകർ ട്രക്കുകളിൽ ഒരു മിച്ച് പോയി ചിത്രം കണ്ട് അതിന്റെ വാണിജ്യവിജയത്തേയും സഹായിച്ചു.
അവലംബം
തിരുത്തുക- ↑ "Shri Amit Vyas – NDDB Foundation for Nutrition". nfn.org.in. Archived from the original on 2019-03-30. Retrieved 30 March 2019.
- ↑ മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 "Gujarat Co-operative Milk Marketing Federation (AMUL) achieves turnover of Rs. 52000 crore 7billion croreswith 17% growth" (PDF). Amul. Retrieved 1 April 2020.
- ↑ മുകളിൽ ഇവിടേയ്ക്ക്: 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 "പാൽ കുടിക്കാത്ത കുര്യൻ പാൽ കുടിപ്പിച്ചു; കർഷകർ കൈകോർത്തപ്പോൾ രാജ്യം ഒന്നാമതെത്തി" (in ഇംഗ്ലീഷ്). Retrieved 2022-12-07.
- ↑ മുകളിൽ ഇവിടേയ്ക്ക്: 4.0 4.1 4.2 4.3 4.4 "അമൂൽ ലോഗോ". Retrieved 07 ഡിസംബർ 2022.
{{cite web}}
: Check date values in:|access-date=
(help)