എന്റമീബ ഹിസ്റ്റോലിറ്റിക്ക (ശാസ്ത്രീയ നാമം: Entamoeba histolytica) എന്ന പ്രോട്ടോസോവൻ പരജീവി മൂലം കുടലിനെ ബാധിക്കുന്ന അതിസാരമാണ് അമീബിക് അതിസാരം. അല്ലെങ്കിൽ അമീബിക് വയറുകടി മനുഷ്യരിൽ കാണാറുള്ള ആറുതരം അമീബകളിൽ എന്റമീബ ഹിസ്റ്റോലിറ്റിക്ക മാത്രമാണ് രോഗമുണ്ടാക്കുന്നത്.[1] ലോകമെമ്പാടുമായി പ്രതിവർഷം 70000 പേർ ഈ രോഗത്താൽ മരണപ്പെടുന്നതായി 98 ലെ ലോകാരോഗ്യ റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു.

അമീബിക് അതിസാരം
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

എന്റമീബ ഹിസ്റ്റോലിറ്റിക്കതിരുത്തുക

എന്റമീബ ഹിസ്റ്റോലിറ്റിക്ക രണ്ടു സ്ഥിതികളിൽ കാണാറുണ്ട്:

സ്വയമായി ചലിക്കാൻ കഴിവുള്ള കായികപ്രാവസ്ഥ ( Trophosoite )തിരുത്തുക

അമീബിക് അതിസാരമുള്ള രോഗിയുടെ മലം സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ചാൽ ഇവയെ കാണാൻ കഴിയും

സിസ്റ്റ് (Cyst )തിരുത്തുക

ഒരു ആവരണത്തിനുള്ളിൽ ഒതുങ്ങി ഏതാണ്ടൊരു സുഷുപ്താവസ്ഥയിൽ കഴിയുന്നവ. ഭക്ഷണത്തിലും കുടിവെള്ളത്തിലും ഈ സിസ്റ്റുകൾ കടന്നുകൂടി രോഗ വ്യാപനം ഉണ്ടാകുന്നു.

രോഗം കാണപ്പെടുന്ന സ്ഥലങ്ങൾതിരുത്തുക

ആഗോളവ്യാപകത്വമുള്ള ഈ രോഗം ഉഷ്ണമേഖലാപ്രദേശങ്ങളിൽ, പ്രത്യേകിച്ചും വൃത്തിഹീനമായ പരിസരങ്ങളിൽ, ആണ് അധികമായി കാണുന്നത്.

രോഗത്തിന്റെ സ്വഭാവംതിരുത്തുക

അമീബിക് അതിസാരം , ബാസില്ലറി അതിസാരം പോലെ പനിയോടുകൂടി പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഇത് സാവധാനമായി രോഗിയെ ബാധിച്ച് വിട്ടുമാറാതെ നില്ക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ആഴ്ചകൾക്കു ശേഷം മാത്രമേ ചിലപ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. രോഗത്തിന്റെ കാഠിന്യത്തിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകാം.രോഗം ബാധിച്ച 90 ശതമാനം പേരിൽ രോഗ ലക്ഷണം പ്രകടമാകാറില്ല(asymptomatic ). പക്ഷേ ,ഇവരിൽ പലരും രോഗം പരത്തുവാൻ കഴിവുള്ളവരായിരിക്കും

രോഗം പകരുന്ന വിധംതിരുത്തുക

ശുചിത്വം പാലിക്കാത്തതിനാൽ, ആഹാരത്തിനോടൊപ്പമോ കുടിക്കുന്ന ജലത്തിൽകൂടിയോ ഉള്ളിലെത്തുന്ന അമീബയുടെ സിസ്റ്റുകൾ രോഗബാധയുണ്ടാക്കുന്നു. ഇവ ചെറുകുടലിന്റെ അവസാനഭാഗത്തോ വൻകുടലിലോ വച്ച് നാല് അമീബകളായി മാറുന്നു. ഇവ വിഭജിച്ച് എണ്ണത്തിൽ പെരുകുന്നു. കുടലിനകത്തെ ശ്ലേഷ്മചർമം ദഹിപ്പിക്കാനുള്ള കഴിവ് അമീബയ്ക്കുണ്ട്. ഇതുമൂലം കുടലിൽ നിരവധി ചെറിയ വ്രണങ്ങൾ ഉണ്ടാകുന്നു. മലത്തിൽ ചോരയും പഴുപ്പും കാണാൻ ഇതാണ് കാരണം.

കുടലിൽനിന്നും സിരകൾവഴി അമീബ കരളിലെത്തുന്നു. രോഗബാധയുടെ ഫലമായി കരളിൽ വീക്കമോ വലിയ ഒരു പരു തന്നെയോ ഉണ്ടാകാം. ഇത് അമീബികാതിസാര ഫലമായി ഉണ്ടാകാവുന്ന ഒരു പ്രധാന രോഗം ആണ്. അപൂർവമായി കുടലിന്റെ ഭിത്തിയെ തുരന്ന് പെരിടൊണൈറ്റിസ് എന്ന ഗുരുതരമായ രോഗവും ഇതുമൂലം ഉണ്ടാകാം. ചിലപ്പോൾ രക്തക്കുഴലിന് കേടു വരിക നിമിത്തം കുടലിൽനിന്ന് കഠിനമായ രക്തസ്രാവം ഉണ്ടായേക്കാം. കുടലിന്റെ ചില ഭാഗങ്ങൾ കട്ടിപിടിച്ച് ഒരു ട്യൂമർ പോലെയും പ്രത്യക്ഷപ്പെടാറുണ്ട്. കുടലിലെ അർബുദരോഗത്തിൽനിന്ന് ഇതിനെ വേർതിരിച്ചറിയേണ്ടതായി വരും. വയറുവേദനയും ദിവസവും രണ്ടോ അതിലധികമോ പ്രാവശ്യം അയഞ്ഞ മലം പോകലുമാണ് സാധാരണ ലക്ഷണം. ഇടവിട്ട് വയറിളക്കവും മലബന്ധവും ഉണ്ടാകാം. മലം മിക്കപ്പോഴും കടുത്ത ദുർഗന്ധം ഉള്ളതായിരിക്കും. മലത്തിൽ ചളിയും, രക്തവും കാണുക പതിവാണ്.

രോഗനിർണ്ണയംതിരുത്തുക

അമീബിക് അതിസാരമുള്ള രോഗിയുടെ മലം ഉടൻതന്നെ സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ചാണ് രോഗനിർണയം ചെയ്യുന്നത്. കായികപ്രാവസ്ഥയിലുള്ള ഏകദേശം 30μ വ്യാസം വരുന്ന അമീബയെ മലത്തിൽ കാണാനാവും. രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാകാതിരിക്കുന്ന അവസ്ഥയിലും രോഗബാധയുള്ള ഒരാളിന്റെ മലത്തിൽ അമീബയുടെ സിസ്റ്റുകൾ കാണാൻ കഴിയും.

ചികിത്സതിരുത്തുക

ഈ രോഗത്തിന്റെ ചികിത്സയ്ക്കായി 3 മുതൽ 5 ദിവസം വരെ എമെറ്റിൻ ഹൈഡ്രോക്ലോറൈഡ് കുത്തിവയ്പും പിന്നീട് 12 ദിവസം എമെറ്റിൻ ബിസ്മത്ത് അയഡൈഡ് 200 മില്ലിഗ്രാം വീതം ഉള്ളിൽ കൊടുക്കുകയുമാണ് ചെയ്തിരുന്നത് . ഈ മരുന്നുകൾക്ക് ദോഷഫലങ്ങൾ ഉണ്ട്. കരളിൽ രോഗബാധയുണ്ടായിട്ടുണ്ടെങ്കിൽ അതിന് ദീർഘമായ ചികിത്സ വേണ്ടിവരും. ഇപ്പോൾ ഉപയോഗിക്കുന്നത് ഫ്ലാജിൽ (Flagyl : Metrondidazole ) എന്ന മരുന്നാണ്

രോഗ പ്രതിരോധംതിരുത്തുക

  1. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് ഒരു ശീലമാക്കുക.
  2. മല വിസർജനം കക്കൂസ്സുകളിൽ മാത്രം.
  3. അഞ്ചു മിനിട്ടെങ്കിലും വെള്ളം വെട്ടിതിളപ്പിച്ചതിനു ശേഷം മാത്രം കുടിക്കുക.
  4. വീട്ടീച്ച ആഹാരത്തിൽ സ്പർശിക്കരുത്
  5. ഭക്ഷണം ചൂടോടെ കഴിക്കുക .
  6. സസ്യങ്ങളും കിഴങ്ങുകളും വേവിച്ചതിനു ശേഷം കഴിക്കുക (മനുഷ്യ വിസർജ്യം വളമായി ഉപയോഗിക്കപ്പെടുന്നുണ്ട്)

അവലംബംതിരുത്തുക

  1. http://www.netdoctor.co.uk/travel/diseases/amoebic_dysentery.htm
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമീബിക് അതിസാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമീബിക്_അതിസാരം&oldid=3299087" എന്ന താളിൽനിന്ന് ശേഖരിച്ചത്