ഹിന്ദു വിശ്വാസപ്രകാരം, അമാവാസിദിനത്തിൽ ആചരിക്കേണ്ട പുണ്യകർമങ്ങൾക്കുള്ള സാമാന്യമായ പേര് അമാവാസി വ്രതം അഥവാ അമാവാസ്യാവ്രതം അമാവാസിയുടെ സ്വാധീനം മനുഷ്യ ശരീരത്തിലും ചെലുത്തുന്നുണ്ട് എന്നാണ് ഹൈന്ദവ വിശ്വാസം. ഇതിൽ നിന്നുള്ള ദോഷവശങ്ങൾ ഒഴിവാക്കുന്നതിനായി അമാവാസിനാളുകളിൽ വ്രതം അനുഷ്ടിക്കുന്നത്. വ്രതാനുഷ്ടാനങ്ങളെ പൂർവികർ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായാണ് കരുതിയിരുന്നത്. ശാക്തേയ വിശ്വാസപ്രകാരം ഭദ്രകാളി, ദുർഗ്ഗ അഥവാ ഭഗവതി പരാശക്തിയുടെ ആരാധനയ്ക്ക് ഏറ്റവും പ്രധാനപെട്ട ദിവസമാണ് അമാവാസി അഥവാ കറുത്തവാവ്. കടുത്ത ദുരിതങ്ങളിൽ അകപ്പെട്ടിരിക്കുന്നവർ കുറച്ചു കാലം അമാവാസി ദിവസങ്ങളിൽ ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ അഭീഷ്ടസിദ്ധി ഉണ്ടാകും എന്നാണ് വിശ്വാസം. ഭഗവതി സ്തുതികൾ ജപിച്ചു തുടങ്ങാൻ ഏറ്റവും ഉത്തമ ദിവസം കൂടിയാണ് അമാവാസി. കൂടാതെ ചൊവ്വ, വെള്ളി, പൗർണമി, നവരാത്രി ദിവസങ്ങളും ഭദ്രകാളി പൂജയ്ക്ക് അനുയോജ്യമാണ്.

മറ്റൊന്ന് പിതൃപ്രീതിയ്ക്കായാണ് അമാവാസി വ്രതം നോറ്റിരുന്നത്. സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇതൊക്കെ ഫലമായി കണ്ടിരുന്നത്. സമുദ്രസ്നാനം, തിലതർപ്പണം, ഒരിക്കലൂണ് എന്നിവ അനുഷ്ഠിക്കുകയും നിഷിദ്ധങ്ങളായ കർമങ്ങൾ ചെയ്യാതിരിക്കുകയും അമാവാസ്യാവ്രതത്തിൽ ഉൾപ്പെടുന്നു. രാവിലെ പുണ്യതീർത്ഥസ്നാനശേഷം പിതൃബലി സമർപ്പണം, ഒരിക്കലൂണ് ഇവ വേണമെന്ന് അവർ അനുശാസിച്ചിരുന്നു. കർക്കിടകം, മകരം, കുംഭം, തുലാം ഈ മാസങ്ങളിലെ അമാവാസികൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു. കറുത്തവാവുന്നാൾ പിതൃക്കളുടെ തൃപ്തിക്കായി ദർശശ്രാദ്ധം എന്ന പിതൃകർമവും തിലതർപ്പണവും നടത്തുന്നത് അതീവ ശ്രേയസ്കരമാണ്.

ഒരു വംശത്തിൽ ജീവിച്ചിരിക്കുന്ന ഒരു പുത്രൻ അല്ലെങ്കിൽ പുത്രി, അവരുടെ മരിച്ചുപോയ പിതാവ്, പിതാമഹൻ, പ്രപിതാമഹൻ, മാതാവ്, മാതാമഹൻ, മാതൃപിതാമഹൻ, മാതൃപ്രപിതാമഹൻ, പിതാമഹി, പ്രപിതാമഹി, മാതാമഹി, മാതൃപിതാമഹി, മാതൃപ്രപിതാമഹി എന്നിവരെയെല്ലാം ഉദ്ദേശിച്ച് തിലതർപ്പണം ചെയ്തേ മതിയാവൂ. ആ വംശത്തിൽ വേറെയും പുത്രന്മാരോ പുത്രികളോ ഉണ്ടെങ്കിൽ അവരും ഈ വിധത്തിലുള്ള കർമങ്ങൾ അനുഷ്ഠിക്കണം. വംശത്തിന്റെ അഭിവൃദ്ധിക്ക് അമാവാസ്യാവ്രതം അവശ്യം അനുസരിക്കേണ്ടതാണെന്നും അതു ചെയ്യാത്തവരുടെ വംശത്തിന് ഹാനി സംഭവിക്കുമെന്നും സ്മൃതികളിൽ പറയുന്നു. ഉത്തരായനത്തിന്റെ ആരംഭം മകരമാസത്തിലും ദക്ഷിണായനത്തിന്റെ ആരംഭം കർക്കിടക മാസത്തിലും ആകയാൽ ആ മാസങ്ങളിലുള്ള അമാവാസ്യകൾക്കും വ്രതങ്ങൾക്കും പ്രാധാന്യം കല്പിച്ചിട്ടുണ്ട്. കേരളത്തിൽ നടപ്പുള്ള വാവുബലി, വാവൂട്ട് മുതലായവ അമാവാസ്യാവ്രതത്തിന്റെ ആചരണവിഷയകമായ പ്രചരണത്തിനു തെളിവാണ്.

"https://ml.wikipedia.org/w/index.php?title=അമാവാസി_വ്രതം&oldid=4118027" എന്ന താളിൽനിന്ന് ശേഖരിച്ചത്