നടനകലയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പ്രാചീന സംസ്കൃതകൃതിയാണ് അഭിനയദർപ്പണം. ഇതിന്റെ കർത്താവാണെന്നു വിശ്വസിക്കപ്പെടുന്ന നന്ദികേശ്വരൻ, പുരാണപ്രസിദ്ധനായ ശിവപാർഷദനാണോ നാട്യശാസ്ത്രത്തിൽ പ്രാഗല്ഭ്യമുള്ള ഒരു ഭാരതീയ പണ്ഡിതനാണോ എന്ന് ഇതുവരെ നിർണയിക്കപ്പെട്ടിട്ടില്ല. നടരാജനായ ശിവൻ ബ്രഹ്മാവിന് വിവരിച്ചുകൊടുത്ത കാവ്യമീമാംസാലങ്കാരസിദ്ധാന്തങ്ങൾ പിന്നീട് പതിനെട്ട് ശാഖകളായി വിഭജിക്കപ്പെട്ടുവെന്നും അതിൽ നന്ദികേശ്വരൻ രസാധികാരത്തിന്റെ ആചാര്യനായിത്തീർന്നുവെന്നും ചില പുരാണപരാമർശങ്ങൾ ഉണ്ട്. ഭരതൻ നാട്യശാസ്ത്രം (എ.ഡി. 4-5 ശ.) രചിച്ചതിനുശേഷമാണ് അഭിനയദർപ്പണത്തിന്റെ ആവിർഭാവമെന്ന് ചില പണ്ഡിതന്മാർ കരുതുന്നു. നാട്യശാസ്ത്രത്തിന്റെ അവസാനത്തിൽ തന്റെ നാമം നന്ദിഭരതൻ എന്നാണെന്ന് രചയിതാവുതന്നെ വ്യക്തമാക്കിയിരിക്കുകയാൽ, രണ്ടു പുസ്തകങ്ങളുടെയും കർത്താക്കൾ ഒരാളാണെന്ന് കരുതുന്നവരും ഇല്ലാതില്ല. നന്ദിഭരതന്റെ പേരിൽ നീതാലങ്കാരം എന്ന ഒരു സംഗീതശാസ്ത്രഗ്രന്ഥവും പ്രചാരത്തിലിരിക്കുന്നു.

കലകളെച്ചുള്ള പ്രാചീന സങ്കല്പളെ വിവരിക്കുന്ന ഗ്രന്ഥം

തിരുത്തുക

നാടകം, നൃത്തം, നൃത്യം എന്നിവയെക്കുറിച്ചുള്ള പ്രാചീന ഭാരതീയ സങ്കല്പങ്ങളെ വിവരിക്കുന്ന പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നാണ് അഭിനയദർപ്പണം. നൃത്തനൃത്യങ്ങളെ വേർതിരിച്ച് നിർവചിക്കുന്ന ഇതിലെ കാരികാപദ്യം ആധുനിക കാലത്തും സാധുവായി നിലകൊള്ളുന്നു.

ഭാവാർഥാഭിനയവിധങ്ങളെയും മറ്റും പറ്റി നിഷ്കൃഷ്ടമായ വ്യവസ്ഥകൾ ഈ ഗ്രന്ഥം നിർദ്ദേശിക്കുന്നുണ്ട്.

കഥകളിയിലെ മുദ്രാഭിനയത്തെക്കുറിച്ച് വിവരിക്കുന്ന ഹസ്തലക്ഷണദീപിക എന്ന കേരളീയ ഗ്രന്ഥത്തിൽ നിർദ്ദേശിച്ചിട്ടുള്ള മുദ്രക്കൈകൾകൊണ്ട് എല്ലാ ശബ്ദങ്ങളെയും പ്രതിനിധാനം ചെയ്യാൻ നിർവാഹമില്ലാത്തതിനാൽ കഥകളിക്കാർ അഭിനയദർപ്പണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ധാരാളം മുദ്രകൾ സ്വീകരിച്ചുവരുന്നു. ഹസ്തലക്ഷണദീപിക തന്നെ ഭരതന്റെ നാട്യശാസ്ത്രത്തെയും അഭിനയദർപ്പണത്തെയും നല്ലവണ്ണം ഉപജീവിച്ചുകൊണ്ട് എഴുതപ്പെട്ടിട്ടുള്ള ഒരു പാഠ്യഗ്രന്ഥമാണ്.

അഭിനയദർപ്പണത്തിന് ആനന്ദകുമാരസ്വാമി മിറർ ഒഫ് ജെസ്ചേഴ്സ് (Mirror of Gestures) എന്ന പേരിൽ ഒരു വിവർത്തനം തയ്യാറാക്കി ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട് (1936). നടനമാണ്, നടന്മാരല്ല, നാടകകലയ്ക്ക് ആവശ്യമായിട്ടുള്ളത് എന്ന് അതിന്റെ ആമുഖത്തിൽ ഇദ്ദേഹം പ്രസ്താവിച്ചിരിക്കുന്നതിൽ, ഭാരതീയാഭിനയ സിദ്ധാന്തത്തെക്കുറിച്ചുള്ള അഭിനയദർപ്പണസങ്കല്പം പ്രതിഫലിച്ചിരിക്കുന്നത് കാണാം.

അഭിനയദർപ്പണത്തിന് മറ്റൊരു ഇംഗ്ളീഷ് പരിഭാഷ എം. ഘോഷ് (കൊല്ക്കത്ത, 1957) രചിച്ചിട്ടുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിനയദർപ്പണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിനയദർപ്പണം&oldid=3623357" എന്ന താളിൽനിന്ന് ശേഖരിച്ചത്