അൽജീറിയൻ ദേശീയനേതാവായിരുന്നു അബ്ബാസ് ഫെർഹത്. കോൺസ്റ്റന്റീൻ പ്രവിശ്യയിലെ ജിജെല്ലിക്കടുത്തുള്ള ഗ്രാമത്തിൽ ഒരു മുസ്ലിം ഗോത്രത്തലവന്റെ മകനായി 1899-ൽ ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം നടത്തിയത് ഫിലിപ്പെവില്ലെയിലായിരുന്നു. തുടർന്ന് അൽജിയേഴ്സ് സർവകലാശാലയിൽ ഉപരിവിദ്യാഭ്യാസം നടത്തി. അതിനുശേഷം രണ്ടുവർഷം ഫ്രഞ്ചുപട്ടാളത്തിൽ സേവനം അനുഷ്ഠിച്ചു. പിന്നീട് സേതിഫിൽ ഒരു ഔഷധവ്യാപാരിയായിത്തീർന്നു. അൽജീറിയൻ മുസ്ലീങ്ങളെ യഥാർഥ ഫ്രഞ്ചുപൌരന്മാരാക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാലയത്നം. രണ്ടാംലോകയുദ്ധകാലത്ത് ഒരു സന്നദ്ധഭടനായി ഇദ്ദേഹം ഫ്രഞ്ചുസേനയിൽ പ്രവർത്തിച്ചു. 1943 ഫെബ്രുവരി 10-ന് അബ്ബാസ് തന്റെ ചരിത്രപ്രസിദ്ധമായ അൽജീറിയൻ മാനിഫെസ്റ്റോ ഫ്രഞ്ചുകാർക്ക് സമർപ്പിച്ചു. ഇതനുസരിച്ച് യുദ്ധാനന്തരം അൽജീറിയ സ്വന്തം ഭരണഘടനയുള്ള ഒരു സ്റ്റേറ്റായിത്തീരുമെന്ന് പ്രഖ്യാപിച്ചിരുന്നു. യൂണിയൻ ഡെമോക്രാറ്റിക്ക് ദു മാനിഫെസ്റ്റെ അൽജീറിയന്റെ (Union Democratique Du Manifeste Algerien)[1] നേതാവും ഫ്രഞ്ചു ഭരണഘടനാനിർമ്മാണസഭാംഗവും ആയി സേവനം അനുഷ്ഠിക്കുമ്പോൾ അബ്ബാസ് അൽജീറിയയ്ക്ക് ഒരു ഫെഡറേറ്റഡ് സ്റ്റേറ്റ് പദവി നേടാൻ ശ്രമം നടത്തി. ഇതിനുവേണ്ടി ഫ്രഞ്ച് അസംബ്ലിയിൽ ഇദ്ദേഹം സമർപ്പിച്ച അപേക്ഷ തിരസ്കൃതമായി.

അബ്ബാസ് ഫെർഹത്

2nd President of the GPRA
പദവിയിൽ
September 25, 1962 – September 15, 1963
മുൻഗാമി Abdur Rahman Farès
പിൻഗാമി Benyoucef Ben Khedda

ജനനം (1899-10-24)24 ഒക്ടോബർ 1899
Bouafroune, Jijel Province, Algeria.
മരണം 23 ഡിസംബർ 1985(1985-12-23) (പ്രായം 86)
രാഷ്ട്രീയകക്ഷി FLN
മതം Sunni Islam

ലഹളയ്ക്കു ശേഷം

തിരുത്തുക

അൽജീറിയയിൽ 1954-ൽ പൊട്ടിപ്പുറപ്പെട്ട ലഹളയെ തുടർന്ന് ഇദ്ദേഹത്തിന് കെയ്റോയിൽ അഭയം പ്രാപിക്കേണ്ടിവന്നു. അവിടെവച്ച് 1956 ഏപ്രിലിൽ ഫ്രണ്ട് ഒഫ് നാഷനൽ ലിബറേഷനിൽ അംഗമായി. 1958 സെപ്റ്റംബർ 19-ന് കെയ്റോവിൽവച്ച് അൽജീറിയൻ റിപ്പബ്ളിക്കിനുവേണ്ടി ഒരു താത്കാലിക ഗവൺമെന്റ് അബ്ബാസിന്റെ നേതൃത്വത്തിൽ രൂപംപൂണ്ടു. ഇദ്ദേഹം വഹിച്ചിരുന്ന പ്രധാനമന്ത്രിപദം 1961-ൽ രാജിവച്ചു. തുടർന്ന് 1962 സെപ്റ്റബറിൽ അൽജീറിയ സ്വതന്ത്രമായപ്പോൾ അൽജീറിയൻ പാർലമെന്റിന്റെ പ്രസിഡന്റായി അബ്ബാസ് തെരഞ്ഞെടുക്കപ്പെട്ടു. ഒരു വർഷം കഴിഞ്ഞ് ആ പദവിയും ഇദ്ദേഹം ഉപേക്ഷിച്ചു. അഹമ്മദ് ബെൻബെല്ലയുടെ ഗവൺമെന്റിന്റെ നിശിത വിമർശകനായിരുന്ന അബ്ബാസിനെ 1964-ൽ വീട്ടുതടങ്കലിൽ പാർപ്പിച്ചു. 1965-ൽ കേണൽ ഹുവാരിബുമേദിൻ അൽജീറിയൻ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോൾ അബ്ബാസ് ഫെർഹതിനെ മോചിപ്പിച്ചു. പ്രസിഡന്റ് കേണൽ ഹുവാരി ബൌമെദിയന്നിനെ (Col Huare Boumedienne) എതിർക്കുന്ന ഒരു പ്രസ്താവനയിൽ ഒപ്പുവച്ചതിനാൽ 1976-79-ൽ ഇദ്ദേഹം വീണ്ടും വീട്ടുതടങ്കലിലാക്കപ്പെട്ടു. 1984-ൽ ദേശീയ ബഹുമതിയായ മെഡൽ ഒഫ് റെസിസ്റ്റൻസ് ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1985 ഡിസംബറിൽ അന്തരിച്ചു.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ബാസ് ഫെർഹത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ബാസ്_ഫെർഹത്&oldid=2280219" എന്ന താളിൽനിന്ന് ശേഖരിച്ചത്