അൽജീറിയൻ ദേശീയനേതാവായിരുന്നു അബ്ദുൽ ഖാദിർ അൽ-ജസാഇരി (അറബി: عبد القادر ابن محيي الدين). വടക്കു പടിഞ്ഞാറെ അൽജീറിയയിലെ മസ്കാറയ്ക്കടുത്ത ഖൈത്വമഃ എന്ന ഗ്രാമത്തിൽ 1808 സെപ്റ്റംബർ 6-ന് ഖാദിരി സൂഫി താരീഖത്തിന്റെ തലവനായിരുന്ന മൊഹിയുദ്ദീൻ മുഹമ്മദ് മുസ്തഫയുടെ മൂന്നാമത്തെ പുത്രനായി ഇദ്ദേഹം ജനിച്ചു. പ്രസിദ്ധ സൂഫി സന്യാസി ശൈഖ് അബ്ദുൽ ഖാദിർ ജീലാനി യുടെ വംശപരമ്പരയിൽ പെട്ടതാണ് കുടുംബം. ബാല്യകാലത്ത് പല വിഷമങ്ങളും നേരിട്ടതുകൊണ്ട് സാമാന്യ വിദ്യാഭ്യാസം മാത്രമേ ലഭിച്ചുള്ളു. പിതാവിനെ പോലെ സൂഫിസത്തിൽ തത്പരനായിരുന്നു. ഖാദിരിയ്യ , ദർഖാവിയ്യ സൂഫി സരണി ആയിരുന്നു ജസാഇരിയുടേത്. ആത്മീയ- മത കർമ്മ ശാസ്ത്രത്തിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം വഹ്‌റാൻ, അർസിയു എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തി. ഖുർആൻ മനഃപാഠമാക്കുകയും ഇൽമുൽകലാമിലും ഭാഷയിലും അവഗാഹം നേടുകയും കായികാഭ്യാസം വശമാക്കുകയും ചെയ്തു. മതാനുഷ്ഠാനനിഷ്ഠനായിരുന്ന ഇദ്ദേഹം പതിനെട്ടാമത്തെ വയസ്സിൽ ഹജ്ജ് ചെയ്തു.

അബ്ദുൽ ഖാദർ
ജനനം
Abd el-Kader ben Muhieddine

September 6 , 1808
മരണംമേയ് 26, 1883(1883-05-26) (പ്രായം 74)

ഭരണത്തിലേക്ക്

തിരുത്തുക

1830 വരെ മൂന്നു നൂറ്റാണ്ടു കാലം(1518-1830) അൾജീരിയ ഉസ്മാനിയ ഖിലാഫത്തിനു കീഴിലായിരുന്നു. 1830 ജൂൺ 14ന് അൾജീരിയയിലെത്തിയ ഫ്രഞ്ച് സൈന്യം തുർക്കി ഗവർണറുടെ സൈന്യത്തെ പരാജയപ്പെടുത്തുകയും രാജ്യം കൊള്ളയടിക്കുകയും ചെയ്തു . അൾജീരിയൻ വംശജർ കൂട്ടക്കൊല ചെയ്യപ്പെട്ടു, ആരാധനാലയങ്ങൾ തകർക്കപ്പെട്ടു . ഇതോടെ അധിനിവേശത്തിനെതിരെ സൂഫികൾ വിപ്ലവത്തിന് ആഹ്വാനം ചെയ്തു. ജസാഇരിയുടെ പിതാവായ മുഹ്‌യിദ്ദീൻ ഹസനിയുടേതായിരുന്നു. ഫ്രഞ്ചുകാർക്കെതിരെ ധർമയുദ്ധത്തിനിറങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു. 1832ൽ സമരത്തിന്റെ നേതൃത്വം മകൻ അബ്ദുൽ ഖാദിർ അൽ ജസാഇരിക്ക് കൈമാറി

ചെറുപ്പത്തിലേ രാഷ്ട്രീയ കാര്യങ്ങളിലുള്ള അറിവും താൽപര്യവും ആഫ്രിക്കൻ നാഗരികതയെക്കുറിച്ച് ജസാഇരിയെ ബോധവാനാക്കിയിരുന്നു. ഇസ്‌ലാമിക ലോകത്തെ ചലനങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്ന പിതാവിന്റെ കൂടെയുള്ള യാത്രകൾ ഈ ബോധത്തെ കൂടുതൽ സജീവമാക്കി.ചെയ്തു. പിതാവിൽ നിന്നും നേതൃത്വം ഏറ്റെടുത്ത ജസാഇരിക്ക് പിന്നിൽ .ജനങ്ങൾ സംഘടിച്ചു. 1832 ന് അൽ നവംബർ 22-ന് മസ്കാറയിലെ അമീറായി അബ്ദുൽ ഖാദർ തിരഞ്ഞെടുക്കപ്പെട്ടു. പതിനഞ്ച് വർഷത്തോളം നിരന്തര സമരമായിരുന്നു. ദർഖാവിയ്യ സൂഫി സരണിയുടെ വക്താവായിരുന്ന ജസാഇരി സമർത്ഥനായ നയതന്ത്രജ്ഞനും ധിഷണാശാലിയായ സൈനിക മേധാവിയുമായിരുന്നു. അദ്ദേഹം പ്രകടിപ്പിച്ച സ്ഥൈര്യവും പോരാട്ടവീര്യവും ഒരു നൂറ്റാണ്ട് നീണ്ടുനിന്ന സ്വാതന്ത്ര്യ സമരം ആവേശമുൾക്കൊണ്ടത് ഈ പോരാട്ടങ്ങളിൽ നിന്നായിരുന്നു.

യുദ്ധം -യുദ്ധാന്ത്യം

തിരുത്തുക

ജസാഇരി നയിച്ച ചെറുത്തുനിൽപ് രണ്ടു ഘട്ടങ്ങളായി വിഭജിക്കാവുന്നതാണ്. 1832 മുതൽ 1839 വരെയാണ് ഒന്നാം ഘട്ടം. തുടർച്ചയായ സമരങ്ങൾ വിജയം കണ്ട കാലമായിരുന്നു ഇത്. 1832 മുതൽ 1834 വരെ നടന്ന യുദ്ധത്തിൽ ഫ്രഞ്ചുകാർ പരാജിതരാവുകയും പശ്ചിമ അൽജീരിയയുടെ അധിക ഭാഗവും വിട്ടുതരാമെന്ന് ഒത്തുതീർപ്പിലെത്തുകയും ചെയ്തു. ആദ്യ യുദ്ധ വിജയത്തിന് ശേഷം തടവിലാക്കപ്പെട്ട ഫ്രഞ്ച് പടയാളികളെ സുരക്ഷിതമായി അവരുടെ നാടുകളിലെത്തിച്ചു കൊടുത്തു ജസാഇരി മാതൃക കാട്ടി .എന്നാൽ സന്ധിയുണ്ടാക്കി തൊട്ടടുത്ത വർഷം ഒത്തുതീർപ്പ് ലംഘിച്ച ഫ്രഞ്ച് ഭരണകൂടം അൾജീരിയയെ കോളനിയായി പ്രഖ്യാപിച്ചു. ജസാഇരി പരമാവധി ശക്തിസംഭരിച്ച് പോരാട്ടം തുടർന്നു. 1837 മെയ് 30ന് വീണ്ടും സന്ധിയാവുകയും തീരപ്രദേശമൊഴികെയുള്ള ഭാഗങ്ങൾ വിട്ടുകൊടുക്കാൻ ഫ്രാൻസ് തയ്യാറാവുകയും ചെയ്തു.ടാഫ്ന സന്ധി ലംഘിച്ചു 1839ൽ തുർക്കികളുടെ അവസാന ശക്തികേന്ദ്രമായ കോൺസ്റ്റന്റൈൻ ഫ്രഞ്ചുസേന പിടിച്ചടക്കിയതോടെ അന്തരീക്ഷം ഒന്നുകൂടി കലങ്ങി. ചെറുത്തു നിൽപിന്റെ രണ്ടാം ഘട്ടം ഇവിടെ ആരംഭിക്കുന്നു. അറബികളുടെയും, ബർബരികളുടെയും ഐക്യനിര കെട്ടിപ്പൊക്കിയ ജസാഇരി അന്തിമ യുദ്ധത്തിനിറങ്ങി. തുടർച്ചയായ സംഘട്ടനങ്ങൾക്കിടയിൽ 1844ൽ കിഴക്കൻ അൾജീരിയ ഏറെക്കുറെ ഫ്രഞ്ച് അധീനതയിലായി.

നിരവധി അൾജീരിയൻ ഗോത്രങ്ങൾ കൂറുമാറി ഫ്രഞ്ചുകാർക്കൊപ്പം ചേർന്നതോടെ ജസാഇരി മൊറോക്കോയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതനായി. സുരക്ഷിതമായ സ്ഥലത്തിരുന്ന് ശക്തി സംഭരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഫ്രഞ്ചു ഭീഷണിക്കു മുമ്പിൽ ചകിതനായ മൊറോക്കോ ഭരണാധികാരി മൗലായെ അബ്ദുറഹ്മാൻ അഭയം പിൻവലിച്ചു. തിരിച്ചെത്തിയ ജസാഇരി പോരാട്ടം തുടർന്നെങ്കിലും സായുധവും സംഘടിതവുമായ ഒരു സൈന്യത്തിനു മുന്നിൽ പിടിച്ചുനിൽക്കുക ദുഷ്‌കരമായിരുന്നു. ഒടുവിൽ തനിക്കും തന്നെ അനുഗമിക്കാൻ താൽപര്യമുള്ളവർക്കും ഏതെങ്കിലും കിഴക്കൻ പ്രദേശത്തേക്കു പോകാൻ അനുവാദം വേണമെന്ന വ്യവസ്ഥയിൽ 1847 ഡിസംബറിൽ ജസാഇരി കീഴടങ്ങി. കൂടെയുള്ളവർ കൂട്ടക്കൊല ചെയ്യപ്പെടുന്നതൊഴിവാക്കാനായിരുന്നു ഇത്. ഒത്തുതീർപ്പുവ്യവസ്ഥ ലംഘിച്ച ഫ്രാൻസ് അദ്ദേഹത്തെ തടവിലാക്കി. കുടുംബത്തിനും സംരക്ഷണം നൽകാമെന്ന് ഫ്രഞ്ചുകാർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവരെയും ബന്ധനസ്ഥനാക്കുകയാണുണ്ടായത്. ടൂളാൻ, പാഉ, അംബോയ് എന്നിവിടങ്ങളിലാണ് ജസാഇരി കാരാഗൃഹത്തിൽ കഴിഞ്ഞത്. വ്യവസ്ഥ ഒഴിവാക്കി ഫ്രാൻസിന് വഴങ്ങുകയാണെങ്കിൽ തടവിൽ നിന്ന് മോചിപ്പിച്ച് വിലപ്പെട്ട പാരിതോഷികങ്ങൾ നൽകാമെന്ന് ഫ്രഞ്ച് രാജാവിന്റെ വാഗ്ദാനമുണ്ടായിരുന്നു. അദ്ദേഹമത് നിരസിച്ചു.

ഫ്രാൻസിന്റെ സമ്പത്ത് മുഴുവൻ നൽകാമെന്ന് വാക്കുതന്നാലും എന്റെ മുന്നിലവ കൊണ്ട് വന്ന് വെച്ചാലും ഞാനത് സ്വീകരിക്കില്ല. തിരമാലകൾ ഗർജിക്കുന്ന സമുദ്രത്തിലേക്ക് എന്നെ പിടിച്ച് തള്ളുന്നതാണ് നിങ്ങൾ പരസ്യമായും ഔദ്യോഗികമായും എന്നോട് ചെയ്ത കരാർ ലംഘിക്കുന്നതിനേക്കാൾ എനിക്കിഷ്ടം. ഇവിടെ ഞാൻ നിങ്ങളുടെ അതിഥിയാണ്. എന്നെ എത്രകാലം വേണമെങ്കിലും നിങ്ങൾക്ക് തടവിലിടാം. അതിന്റെ അപമാനം എനിക്കല്ല; നിങ്ങൾക്കു തന്നെയാണ്. പോരാളിയുടെ ആയുധത്തെക്കാൾ പ്രഹരശേഷിയുള്ള ജസാഇരിയുടെ വാക്കുകൾ.

പ്രവാസവും മരണവും

തിരുത്തുക

1852ൽ ജയിൽ മോചിതനായ ജസാഇരി സുൽത്താൻ അബ്ദുൽ മജീദിന്റെ അതിഥിയായി ഇസ്തംബൂളിൽ നാലു വർഷം കഴിഞ്ഞു. പിന്നീട് ഡമസ്‌കസിൽ സ്ഥിരതാമസമാക്കി.ഡമാസ്കസിനെ ലക്ഷ്യമാക്കിയും ഫ്രഞ്ച് സേന നീക്കം തുടങ്ങി.ഫ്രഞ്ചുകാരുടെ സിറിയയിലെയും ലെബനോനിലെയും ഫ്രഞ്ച് ആക്രമണം കലാപങ്ങൾ ഉണ്ടാക്കുമെന്ന് ജസാഇരി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഫ്രഞ്ച് സൈന്യം ഇവിടം ആക്രമിക്കുകയും മുസ്ലിം ആരാധനാലയങ്ങൾ നശിപ്പിക്കുകയും ചെയ്തു ഇതോടെ നഗരങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു ജനക്കൂട്ടത്തിൽനിന്ന് 12,000 ക്രിസ്ത്യാനികളെ രക്ഷപ്പെടുത്തി ജസാഇരിയും കൂട്ടരും സംരക്ഷണം നൽകി .ഇതിന്റെ പേരിൽ നെപ്പോളിയൻ ഗ്രാന്റ് കോർഡൻ എന്ന സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു . നെപ്പോളിയൻ III-ന്റെ അൽജീറിയൻ നയത്തിൽ വ്യതിയാനം വരുത്തുവാൻ ശ്രമം നടത്തിയെങ്കിലും അതിൽ ഇദ്ദേഹം വിജയിച്ചില്ല.

. 1883 മേയ് 25-ന് ഡമാസ്കസിൽവച്ച് അബ്ദുൽഖാദർ നിര്യാതനായി. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം സൂഫി യോഗിയായിരുന്ന ഇബ്നു അറബി യുടെ ശവ കുടീരത്തിനു സമീപം തന്നെ ജസാഇരിയെയും മറമാടി. 1985ൽ ജസാഇരിയോടുള്ള ബഹുമാനസൂചകമായി അൾജീരിയൻ ഗവൺമെന്റ് കോൺസ്റ്റന്റൈൻ നഗരത്തിൽ ജംഇയ്യത്തുൽ അമീർ അബ്ദുൽ ഖാദിരിൽ ഇസ്‌ലാമിയ്യ എന്ന സർവകലാശാല സ്ഥാപിച്ചിട്ടുണ്ട്.

അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ആദ്യനാളുകളിൽ ഫ്രഞ്ച് സൈന്യത്തെ തടഞ്ഞുനിർത്താൻ ജസാഇരിക്കു സാധിച്ചിരുന്നുവെന്ന് പറഞ്ഞല്ലോ. അന്ന് വ്യവസ്ഥാപിതമായൊരു ഭരണകൂടം സ്ഥാപിച്ച് മാതൃക കാണിച്ചിട്ടുണ്ടദ്ദേഹം. തഖ്ദമഃ തലസ്ഥാനമാക്കി അധീനതയിലുള്ള പ്രവിശ്യകളിൽ പ്രാദേശിക സ്വാധീനമുള്ള നേതാക്കളെ ഭരണാധികാരിയായി നിശ്ചയിച്ചു. പ്രക്ഷുബ്ധമായ ചുറ്റുപാടിലും നികുതി പിരിവുകൾ ക്രമപ്രകാരം നടത്തുകയും ഖുർആൻ സൂക്തങ്ങൾ മുദ്രണം ചെയ്ത് അൽമുഹമ്മദിയ്യ എന്ന പേരിൽ നാണയങ്ങൾ അടിച്ചിറക്കുകയും ചെയ്തു. മുന്നൊരുക്കത്തിനു അവസരമൊക്കും മുമ്പെ യുദ്ധമുഖത്തേക്കെടുത്തെറിയപ്പെട്ടുവെങ്കിലും 8000 പേരുള്ള കാലാൾപ്പടയും 2000 പേരടങ്ങുന്ന കുതിരപ്പടയുമടക്കം മോശമല്ലാത്ത ഒരു സൈന്യവും സ്വന്തമായൊരു ആയുധ നിർമ്മാണശാലയും അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണപാടവം കൊണ്ടാവണം, സുൽത്വാനുൽ അറബ് (അറബികളുടെ സുൽത്താൻ ) എന്ന സ്ഥാനം ജനങ്ങളദ്ദേഹത്തിനു കൽപിച്ച് കൊടുക്കുകയും അമീറുൽ മുഅ്മിനീൻ (വിശ്വാസ്സികളുടെ നേതാവ് ) എന്ന് സംബോധന ചെയ്യുകയും ചെയ്തത്.

ഫ്രഞ്ച് സൈന്യത്തിന്റെ തടവിൽ കഴിയുന്ന കാലത്ത് അൽമവാഖിഫ് എന്ന മൂന്ന് വാള്യങ്ങളുള്ള സൂഫി തസവ്വുഫ് (ആത്മീയ സംസ്കരണം ) സംബന്ധമായ ഒരു ഗ്രന്ഥവും ‘ദിക്‌റുൽ ആഖിൽ’ എന്ന ചെറുഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഒരു കവിതാ സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്. കടുത്ത എതിരാളിയായ മാർഷൽ ജഗീദിന് ജയിലിൽ വെച്ച് അദ്ദേഹമെഴുതിയ കത്തുകൾ പ്രസിദ്ധമാണ്. ഖുർആനും പ്രവാചക വചനങ്ങളും ഉച്ചരിച്ചുകൊണ്ടായിരുന്നു അവയിലേറെയും.

പ്രത്യുൽപന്നമതിയായ ശത്രുവാണ് അദ്ദേഹം. തന്റെ ധൈഷണിക പ്രഭാവത്തിനും താൻ ഏറ്റെടുത്ത മഹാ കർത്തവ്യത്തിനും അറബ് ജനത നൽകിയ ആദരവും അംഗീകാരവും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിൽ അദ്ദേഹം പൂർണമായും വിജയിച്ചു. അധികാരമോഹിയല്ല അബ്ദുൽ ഖാദിർ; ഒരു തരം പ്രവാചകനാണ്. മാർഷൽ ബുഗീദിന്റെ സാക്ഷ്യപ്പെടുത്തൽ.

ഇതുകൂടികാണുക

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ ഖാദർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_ഖാദർ_അൽ-ജസാഇരി&oldid=3623309" എന്ന താളിൽനിന്ന് ശേഖരിച്ചത്