ഇബ്ൻ അറബി

(ഇബ്നു അറബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സുപ്രസിദ്ധ സൂഫി ചിന്തകനും ധാരാളം ഗ്രന്ഥങ്ങളുടെ കർത്താവുമാണ് മുഹ്‌യദ്ദീൻ മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ അറബി അൽ ഹാത്തമി എന്ന ഇബ്ൻ അറബി (Arabic: ابن عربي‎). ഇസ്ലാമിക ചരിത്രത്തിൽ ഇബ്ൻ അറബി എന്ന പേരിൽ ഒട്ടേറേപേർ അറിയപ്പെടുന്നുവെങ്കിലും സൂഫികളിൽ ഇദ്ദേഹമാണ് ഏറ്റവും പ്രശസ്തൻ. ജനനം ജൂലൈ 25, 1165 സ്പെയിനിലെമുർസിയ്യയിൽ .നവംബർ 10, 1240 ഡമസ്കസിൽ വച്ച് അന്തരിച്ചു. സൂഫി ലോകത്ത് ശൈഖുൽ അക്ബർ (അത്യുന്നതനായ ആത്മീയ മാർഗ ദർശി/വിഖ്യാതഗുരു) എന്ന പേരിലാണ് ഇബ്നു അറബി അറിയപ്പെടുന്നത്.[1]

ഇബ്ൻ അറബി
ജനനംജൂലായ് 25, 1165 CE
മുർസിയ്യ, സ്പെയിൻ
മരണംനവംബർ 10, 1240 CE
ഖാസിയൂൻ മല, സലീഹിയ്യ, ദമാസ്കസ്
കാലഘട്ടംഇസ്‌ലാമിക സുവർണ്ണ കാലഘട്ടം
ചിന്താധാരസൂഫിസം
പ്രധാന താത്പര്യങ്ങൾആധ്യാത്മികം അതിഭൗതികം, കവിത
ശ്രദ്ധേയമായ ആശയങ്ങൾവഹ്ദത്തുൽ വുജൂദ്
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

വ്യക്തി ജീവിതം

തിരുത്തുക

സ്പെയിനിലെ ഒരു പണ്ഡിത കുടുബത്തിലാണ് ജനനം. ഹദീസ്, കർമ്മശാസ്ത്ര പണ്ഡിതനായിരുന്നു പിതാവ് അലി ബിൻ മുഹമ്മദ്. മുത്തച്ഛൻ സ്പെയിനിലെ ന്യായാധിപന്മാരിൽ ഒരാളുമായിരുന്നു.ആത്മീയതയിലും വിജ്ഞാനസമ്പാധനത്തിലുമൂന്നിയ കുട്ടിക്കാലം.പ്രാഥമിക പഠനം പിതാവിലൂടെ കരഗതമാക്കി. ഉപരി പഠനത്തോടൊപ്പം ആയോധന മുറകളും, സൈനിക പരിശീലനവും സ്വായത്തമാക്കി, സെവില്ല ഗവർണ്ണറുടെ കാര്യസ്ഥനായി ജോലി നോക്കി. പലയിടങ്ങളിൽ നിന്നുള്ള വിശ്വ ഗുരുക്കന്മാരിൽ നിന്നും മുപ്പത് വർഷകാലം ജ്ഞാനസമ്പാദനം. ദേശാടനത്തിലൂടെ കഴിവാർജ്ജിച്ച സൂഫി സന്യാസികളിൽ നിന്നും മാർഗ്ഗം സ്വീകരിക്കുകയും ആധ്യാത്മിക മേഖലയിൽ അത്യുന്നത സ്ഥാനം കരഗതമാക്കുകയും തൻറെതായ സ്ഥാനമുറപ്പിക്കുകയും ചെയ്തു. [2] ഇസ്ലാമിക തത്വ ശാസ്ത്രത്തിലെ കവച്ചു വെക്കാനാവാത്ത പണ്ഡിത ശ്രേഷ്ഠനായി ഉയർന്ന ഇബ്ൻ അറബി പ്രബഞ്ചത്തെ കുറിച്ചും ഈശ്വരനെ കുറിച്ചും സ്നേഹത്തെ കുറിച്ചും വിശാലമായ രീതിയിൽ സംവാദിച്ചു. സാധക വഴി അക്ബരിയ്യ എന്നറിയപ്പെട്ടു. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്ന ഇബ്നു ഹജറുൽ ഹൈതമി ഇദ്ദേഹത്തെ വിശേഷിപ്പിച്ചത് കാലത്തിൻറെ അതുല്യ പണ്ഡിതൻ (أعلم الزمان ) എന്നാണ്.

നീണ്ട ദേശാടനങ്ങളിലൂടെ ടുണീഷ്യ, മെക്ക, ഈജിപ്ത്, ആഫ്രിക്ക, ആലപ്പോ, തുർക്കി തുടങ്ങിയ ഭൂഭാഗങ്ങളിൽ സാന്നിധ്യമറിയിച്ച ഇബ്ൻ അറബി അവിടങ്ങളിൽ മതാത്മീയ, സാമൂഹിക, രാഷ്ട്രീയ ഇടപെടലുകൾ നടത്തി. കോന്യ സുൽത്താൻ കേ കൗ, സലാഹുദ്ധീൻറെ മകനും അയ്യൂബിദ് സുൽത്താനുമായ മാലിക് അസ്സാഹിർ, മുളഫർ അൽ ദീൻ എന്നിവരുമായി അദ്ധ്യാത്മ ബന്ധം സൃഷ്ടിക്കുകയും, ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. [3] ഓട്ടോമൻ സാമ്രാജ്യത്തിന് ശില പാകിയ സുലൈമാൻ ഷാ, എർതൂറുൽ ബേ എന്നിവരുടെ പിറകിലെ ചാലകശക്തിയും ഈ സ്വാതികനാണ്. നിരവധി അത്ഭുത പ്രവർത്തനങ്ങൾക്ക് ഉടമയായ ഇദ്ദേഹം നടത്തിയ പ്രവചനങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെട്ടു എന്ന് കരുതപ്പെടുന്നു. [4]

സൂഫിസം, ചരിത്രം, ഖുർ ആൻ വ്യാഖ്യാനം എന്നീ വിഷയങ്ങളിൽ ഓട്ടേറെ ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിടുണ്ട്. അഞ്ഞൂറോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചതായി അബ്ദുറഹ്മാൻ ജാമി "നഫഹാത്തുൽ ഉൻസി"ൽ രേഖപ്പെടുത്തിയിരിക്കുന്നു.എന്നാൽ എണ്ണൂറോളം കനപ്പെട്ട ഗ്രന്ഥങ്ങൾ ഇദ്ദേഹത്താൽ രചയിതമായിട്ടുണ്ടെന്നും അതിൽ നാനൂറെണ്ണം ഇന്നും ലഭ്യമാണെന്നും ആധുനിക പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[5] അവയിൽ ഏറ്റവും പ്രശസ്തമായത് "ഫുത്തൂഹാത്തുൽ മക്കിയ്യ" എന്ന ഇസ്ലാമിക ചരിത്ര ഗ്രന്ഥമാണ്.

ഇബ്നു അറബിയുടെ ബൃഹത്തായ മറ്റൊരു കൃതിയാണ് 96 വാള്യങ്ങൾ ഉള്ള ഖുർ ആൻ വ്യാഖ്യാനം.സൂറത്തുൽ കഹ്ഫ് വരെ എത്തിയപ്പോൾ പൂർത്തീകരിക്കപ്പെടാതെ അദ്ദേഹം മരണപ്പെടുകയാണ് ചെയ്തത്. ഫുസൂലുൽ ഹിഖം മറ്റൊരു ആത്യാത്മിക ഗ്രന്ഥമാണ്.സൂഫി ആത്മീയതയിൽ അവഗാഹവും ഗവേഷണവും നടത്തുന്നവരാണ് കൂടുതലും ഇബ്ൻ അറബിയുടെ പുസ്തകങ്ങളുടെ വായനക്കാർ.എഴുത്തിലും ഇതര ഗ്രന്ഥകർത്താക്കളെ അപേക്ഷിച്ച് വ്യത്യസ്തനായിരുന്നു ഇബ്ൻ അറബിയുടെ രചനകൾ.നിഗൂഡാന്തരികാർത്ഥങ്ങളും ക്ഷിപ്രഗാഹ്യവുമല്ലാത്ത ഇദ്ദേഹത്തിൻറെ രചനകളുടെ ഉൾക്കാമ്പ് ഗ്രഹിക്കുക സൂഫിസത്തിൽ ജ്ഞാനോന്നതി പ്രാപിച്ച ശ്രേഷ്‌ഠർക്ക് മാത്രമേ സാധ്യമാകുവെന്നതിനാൽ ഇസ്‌ലാമിക മതാത്മീയ പണ്ഡിതർ തങ്ങളുടെ ശിഷ്യഗണങ്ങളെ ഇദ്ദേഹത്തിൻറെ ഗ്രന്ഥപാരായണത്തിൽ നിന്നും തടയാറുണ്ട്. നിഗൂഡമായ വൈരുധ്യവും, അതിനിഗൂഡമായ വിരോധാഭാസവും ഇഴ പിരിയുന്ന രചനകൾ പ്രത്യേകിച്ചും ഉന്മാദ അവസ്ഥയിൽ രചിച്ചവ ആത്മീയ സാനുക്കളിൽ ഉന്നതി പ്രാപിക്കാത്തവർ വായിക്കുന്നത് നിഷിദ്ധമാണെന്ന് സൂഫികൾ വിധി നൽകുന്നു. [6]

എല്ലാ കാലഘട്ടത്തിലും പണ്ഡിതർക്കിടയിലെ വിവാദ പുരുഷനായിരുന്നു ഇബ്നു അറബി. അദ്ദേഹത്തിൻറെ വഹ്ദത്തുൽ വുജൂദ് എന്ന സിദ്ധാന്തം ഏറെ സംവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു.[7] മൊഴികളുടെ പൊരുളുകൾ ഗ്രഹിക്കാനാകാത്തതാണ് വിമർശനത്തിലേക്ക് നയിക്കുന്നതെന്ന് സൂഫി പക്ഷം .

പ്രധാന രചനകൾ

തിരുത്തുക
  • ഫുതൂഹാതുൽ മക്കിയ
  • ഫുസൂസുൽ ഹികം
  • തർജുമാനുൽ അഷ്‌വാഖ്
  • റൂഹ് അൽ ഖുദ്സ്
  • മിശ്കാത് അൽ അൻവർ
  • മശാഹിദ്‌ അൽ അസ്‌റർ
  • അൽ ഫന ഫിൽ മുശാഹദ
  • മവാഖി ഉന്നുജൂം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-15. Retrieved 2021-08-11.
  2. Chittick, William C. (April 2007). Ibn 'Arabi: Heir to the Prophets. Oxford: Oneworld Publications. pp 4-6
  3. Ibn 'Arabi: Heir to the Prophets p 6
  4. Chodkiewicz, M. (1993) Seal of the Saints - Prophethood and Sainthood in the Doctrine of Ibn 'Arabi, trans. L. Sherrard, Cambridge: Islamic Texts Society
  5. Ibn 'Arabi: Heir to the Prophets p 7
  6. “ഒരു പ്രത്യേക വിഭാഗമായ ഞങ്ങളുടെ സാങ്കേതികതകൾ അറിയാത്തവർക്ക് ‌ ഞങ്ങളുടെ ഗ്രന്ഥം നിർദ്ദേശിക്കുന്നത് നിഷിദ്ധമാണ് (نحن قوم تحرم المطالعة في كتبنا إلا لعارف بااصطلاحاتنا) ”എന്ന ഇബ്ൻ അറബിയുടെ വാചകം ഉദ്ധരിച്ചു കൊണ്ട് സുപ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതൻ ‘അല്ലാമാ ഇബ്നു ഹജറുൽ ഹൈത്തമി’ ഫതാവൽ ഹദീസിയ്യ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു “വാചകങ്ങളുടെ സാങ്കേതിക അർഥങ്ങൾ പലതും നമുക്ക് ഗ്രാഹ്യമല്ലാത്തതിനാൽ അവ വായിക്കാതിരിക്കുകയാണ് ഉചിതം. പലപ്പോഴും അത്തരം വായനകൾ തടയൽ നിർബന്ധമാക്കുന്നത് ശൈഖ് ഇബ്നു അറബിയുടെ ഗ്രന്ഥത്തിൻറെ ന്യൂനത കൊണ്ടല്ല. മറിച്ച് അത് വായിക്കുന്നവർക്കുള്ള ‌ന്യൂനതകൾ മൂലമാണ് ”
  7. വാഹ്ദത്തുൽ വുജൂദിനെ കുറിച്ച് ബിലാൽ ഫിലിപ്പ്സിന്റെ പ്രഭാഷണം
"https://ml.wikipedia.org/w/index.php?title=ഇബ്ൻ_അറബി&oldid=3757999" എന്ന താളിൽനിന്ന് ശേഖരിച്ചത്