അബ്ദുൽ റസാഖ് സമർഖണ്ഡി
പേർഷ്യൻ ചരിത്രകാരനായിരുന്നു അബ്ദുൽ റസാക്ക് (1413–1482). പൂർണമായ പേര് അബ്ദുൽ റസാക്ക് കമാൽ അൽദീൻ ഇബ്നു ജലാൽ അൽദീൻ ഇസ്ഹാക്ക്അൽ സമർക്കന്തീ ( പേർഷ്യൻ: کمالالدین عبدالرزاق بن اسحاق سمرقندی), എന്നാണ്. പേർഷ്യൻ ചക്രവർത്തിയായിരുന്ന ഷാഹ്റൂഖിന്റെ നയതന്ത്രപ്രതിനിധിയായി 1443-ൽ സാമൂതിരിയുടെ കൊട്ടാരത്തിൽ എത്തി. 15-നൂറ്റാണ്ടിലെ കേരളത്തെ, പ്രത്യേകിച്ച് കോഴിക്കോടിനെ കുറിച്ച് ഇദ്ദേഹത്തിന്റെ വിവരണങ്ങളിൽനിന്ന് പലതും ഗ്രഹിക്കാം. സാമൂതിരി പേർഷ്യൻ ചക്രവർത്തിയുടെ അടുക്കലേക്ക് തന്റെ പ്രതിപുരുഷനെ അയച്ചിരുന്നു. അതിനുള്ള പ്രതിസന്ദർശനമായിരുന്നു ഇത്. ഇവിടത്തെ ഉത്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കാൻ ഒരു വലിയ കമ്പോളം കണ്ടെത്തുകയായിരുന്നു സാമൂതിരിയുടെ ലക്ഷ്യമെങ്കിൽ, സാമൂതിരിയെ ഇസ്ലാമിലേക്കു മതപരിവർത്തനം ചെയ്യിക്കലായിരുന്നു ഷാഹ്റൂഖിന്റെ ഉദ്ദേശ്യം.
ജനനം
തിരുത്തുകസുൽത്താൻ ഷാഹ്റൂഖിന്റെ കീഴിൽ ഖാസി (ജഡ്ജി) ആയിരുന്ന ജലാലുദ്ദീൻ ഇസ്ഹാഖിന്റെ മകനായി 1413 നവംബർ 6-ന് ഹീരേത്തിൽ (അഫ്ഗാനിസ്താൻ) അബ്ദുൽ റസാക്ക് ജനിച്ചു. പിതാവിന്റെ സംരക്ഷണത്തിൽ വളർന്ന അബ്ദുൽ റസാക്ക് അക്കാലത്തെ ഉന്നതരായ ചില പണ്ഡിതൻമാരുടെ കീഴിൽ വിദ്യാഭ്യാസം നേടി. 1437-ൽ പിതാവ് മരിച്ചപ്പോൾ നിയമകാര്യങ്ങളിൽ വേണ്ടത്ര പാണ്ഡിത്യം സമ്പാദിച്ചിരുന്നതിനാൽ പിതാവിന്റെ ഉദ്യോഗം ഇദ്ദേഹത്തിന് ലഭിച്ചു. അബ്ദുൽ റസാക്കിന്റെ കഴിവുകളിൽ സുൽത്താന് വലിയ മതിപ്പായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയിലേക്കു നയതന്ത്രപ്രതിനിധിയായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
ഇന്ത്യാ യാത്ര
തിരുത്തുക1441 ജനുവരിയിൽ അബ്ദുൽ റസാക്ക് ഹിറാത്തിൽനിന്ന് യാത്ര ആരംഭിച്ച് 1445-ൽ കോഴിക്കോട്ടെത്തി. കോവിലകത്തുപോയി സാമൂതിരിയെ സന്ദർശിച്ച് അധികാരപത്രം സമർപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതിനുശേഷം അഞ്ചുമാസത്തോളം ഇദ്ദേഹം കോഴിക്കോട്ടു താമസിച്ചു. ഇതിനിടയ്ക്ക് പല പ്രാവശ്യം സാമൂതിരിയെ സന്ദർശിച്ച് തന്റെ യാത്രോദ്ദേശ്യം വ്യക്തമാക്കി. മതം മാറുകയില്ലെന്ന അഭിപ്രായത്തിൽ സാമൂതിരി ഉറച്ചുനിന്നു. ഈ അവസരത്തിലാണ് വിജയനഗറിലെ രാജാവിൽനിന്ന് ഒരു ക്ഷണം അബ്ദുൽ റസാക്കിന് ലഭിച്ചത്. ഉടനടി ആ ക്ഷണം സ്വീകരിച്ച്, കടൽമാർഗം കോഴിക്കോട്ടുനിന്ന് മംഗലാപുരത്തേക്കു പോയി; അവിടെനിന്ന് പതിനഞ്ചു ദിവസംകൊണ്ട് വിജയനഗരത്തിലെത്തി. ഹൃദ്യമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. രാജകീയാതിഥിയായി ഏതാനുംനാൾ അവിടെ താമസിച്ചതിനുശേഷം സ്വദേശത്തേക്കു തിരിച്ചു. ഇന്ത്യയിൽനിന്നും മടങ്ങിയെത്തിയ അബ്ദുൽ റസാക്കിനെ മറ്റു പല വിദേശരാജ്യങ്ങളിലേക്കും അയച്ചു. ഷാഹ്റൂഖിന്റെ നിര്യാണാനന്തരം അദ്ദേഹത്തിന്റെ പിൻഗാമികളുടെ കീഴിൽ പല ഉദ്യോഗങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1463 ജനുവരിയിൽ ഇദ്ദേഹം ഗവർണറായി നിയമിതനായി. ആ പദവിയിലിരിക്കേ 1482 ആഗസ്റ്റിൽ നിര്യാതനായി.
യാത്രാവിവരണം
തിരുത്തുകഇദ്ദേഹത്തിന്റെ മത്തലാ-എ-സദൈൻ വമജ്മാ-എ-ബഹ്റേൻ എന്ന ഗ്രന്ഥത്തിൽ യാത്രാനുഭവങ്ങളും കാലഘട്ടത്തിന്റെ ചരിത്രവും പ്രതിപാദിച്ചിട്ടുണ്ട്. ആ ഗ്രന്ഥത്തിൽ കേരളത്തിന് സമുചിതമായ സ്ഥാനം നൽകിയിട്ടുണ്ട്. കറുത്ത മനുഷ്യരെ ഇദ്ദേഹം ആദ്യമായി കാണുന്നത് കോഴിക്കോട്ടുവച്ചാണ്. ഇദ്ദേഹത്തെ കൂടുതൽ അത്ഭുതപ്പെടുത്തിയത് അവരുടെ വസ്ത്രധാരണരീതി ആയിരുന്നു.
ഇദ്ദേഹത്തിന്റെ വിവരണത്തിലെ ചില പ്രസക്തമായ ഭാഗങ്ങൾ ഇപ്രകാരമാണ്:
“ | എന്റെ പ്രതീക്ഷകളെ തകർത്ത ഈ കറുത്തവർഗക്കാർ സ്ത്രീപുരുഷഭേദമെന്യേ മിക്കവാറും നഗ്നരാണ്. നാഭിമുതൽ കാൽമുട്ടുവരെ മറയ്ക്കുന്ന ഒരു തുണിക്കഷണമാണ് വസ്ത്രമായി അവരുടെ ശരീരത്തിൽ ആകെയുള്ളത്. പുരുഷൻമാർ ഒരു കൈയിൽ വാളും മറുകൈയിൽ തോൽകൊണ്ട് ആവരണം ചെയ്തിട്ടുള്ള പരിചയുമായിട്ടാണ് നടക്കുക. സാധാരണക്കാർ മുതൽ രാജാക്കൻമാർ അടക്കമുള്ളവരുടെ വേഷമിതാണ്. എന്നാൽ മുസ്ലീങ്ങളുടെ വേഷവിധാനം ഇതിൽ നിന്ന് ഭിന്നമാണ്. അറബികളെപ്പോലെ വിലയേറിയ വസ്ത്രങ്ങളും ആഡംബരസാധനങ്ങളും അവർ ലോഭമില്ലാതെ ഉപയോഗിക്കുന്നു.
കോഴിക്കോട്ടു കപ്പലിറങ്ങിയപ്പോൾ ഏതാനും മുസ്ലീങ്ങളും ഒരുകൂട്ടം ഹിന്ദുക്കളും എന്നെ സ്വീകരിക്കാൻ എത്തി. എനിക്കു താമസിക്കുവാനായി സൌകര്യപ്രദമായ ഒരു ഭവനം അവർ ഏർപ്പാടു ചെയ്തുതന്നു. ഭക്ഷണത്തിനുവേണ്ട എല്ലാ സാധനങ്ങളും അവിടെ തയ്യാറുണ്ടായിരുന്നു. കോഴിക്കോട്ട് എത്തിയതിന്റെ മൂന്നാംദിവസം അവിടത്തെ രാജാവിന്റെ സവിധത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. വസ്ത്രധാരണ രീതിയിലോ ശരീരപ്രകൃതിയിലോ അദ്ദേഹത്തിന് (സാമൂതിരി) മറ്റു ഹിന്ദുക്കളിൽനിന്ന് യാതൊരു പ്രത്യേകതയുമില്ല. എല്ലാ ഹിന്ദുക്കളേയുംപോലെ അദ്ദേഹവും അർധനഗ്നനാണ്. രാജാവിനെ സാമൂതിരി എന്നാണ് നാട്ടുകാർ വിളിക്കുന്നത്. രാജാവു മരിച്ചാൽ രാജാധികാരം ലഭിക്കുക മക്കൾക്കോ മറ്റു ബന്ധുക്കൾക്കോ അല്ല, മരുമക്കൾക്കാണ്. അധികാരമോ ആയുധമോ ഉപയോഗപ്പെടുത്തി അനന്തരാവകാശം പിടിച്ചുപറ്റാൻ ആരും ശ്രമിക്കാറില്ല. ബ്രാഹ്മണർ, യോഗികൾ തുടങ്ങി ഒട്ടേറെ ജാതിക്കാർ ഉണ്ട് ഹിന്ദുക്കളുടെ ഇടയിൽ. ഓരോ ജാതിയുടെയും ആചാരസമ്പ്രദായങ്ങൾ ഭിന്നങ്ങളാണ്. സ്ത്രീകൾക്ക് ബഹുഭർത്തൃത്വം അനുവദിച്ചിട്ടുള്ള ഒരു ജാതിക്കാരും ഇവരുടെ ഇടയിലുണ്ട്. ഒരു സ്ത്രീക്ക് രണ്ടോ നാലോ അതിലധികമോ ഭർത്താക്കൻമാരുണ്ടാകാം. കോവിലകത്തുപോയി സാമൂതിരിയെ സന്ദർശിച്ച അവസരത്തിൽ ആയുധധാരികളായ വളരെയേറെ ഹിന്ദുക്കൾ അവിടെ ഹാജരുണ്ടായിരുന്നു. സാമൂതിരിയുടെ പ്രധാന കാര്യക്കാരൻ ആയിരുന്ന ഒരു മുസ്ലിമും സന്നിഹിതനായിരുന്നു. രാജാവിന് അഭിവാദനങ്ങൾ അർപ്പിച്ചതിനുശേഷം അവർ നിർദ്ദേശിച്ച സ്ഥാനത്ത് ഞാനിരുന്നു. പിന്നീട് സുൽത്താന്റെ അധികാരപത്രം വായിച്ച് സമർപ്പിക്കുകയും തിരുമുൽക്കാഴ്ച പ്രദർശിപ്പിക്കുകയും ചെയ്തു. അതിരറ്റ ബഹുമാനത്തോടും ആദരവോടുംകൂടി പല വിവരങ്ങളും എന്നോട് അദ്ദേഹം ചോദിച്ചറിഞ്ഞു. എന്നാൽ എന്റെ പ്രധാന ദൌത്യത്തിൽമാത്രം അദ്ദേഹം വേണ്ടത്ര താത്പര്യം കാണിച്ചില്ല. വളരെയേറെ ജനങ്ങൾ താമസിക്കുന്ന ഒട്ടേറെ കെട്ടിടങ്ങളുള്ള ഒരു വലിയ തുറമുഖമാണ് കോഴിക്കോട്. അബിസിനിയ, സഞ്ചുബാർ, സേർബാദ് ഇന്ത്യാസമുദ്രത്തിലെ തെക്കും വടക്കുമുള്ള ദ്വീപുകൾക്ക് പേർഷ്യാക്കാർ പറയുന്ന പേരാണ് സേർബാദ്) മലാക്ക, മക്ക, ഹിജാസ് എന്നിവിടങ്ങളിൽനിന്നുള്ള അസംഖ്യം വ്യാപാരികൾ അവിടെ പാർക്കുന്നുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും നല്ല സാധനങ്ങൾ അവിടെ വില്ക്കപ്പെടുന്നു. ജനസംഖ്യയിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷം. ഹിന്ദുക്കൾ കഴിഞ്ഞാൽ മുസ്ലിങ്ങളാണ് എണ്ണത്തിൽ കൂടുതൽ. മുസ്ലിങ്ങൾ സാമൂതിരിയുടെ സമ്മതത്തോടുകൂടി രണ്ടു വലിയ പള്ളികൾ അവിടെ പണികഴിപ്പിച്ചിട്ടുണ്ട്. അവയിൽ ബാങ്കും നിസ്കാരവും കൃത്യമായി നടക്കുന്നു. പള്ളികളിൽ ഖാസിമാരെ നിയമിച്ചുകൊടുത്തിട്ടുള്ളത് സാമൂതിരിയാണ്. നഗരത്തിൽ എല്ലാവിധത്തിലും നിയമവും സമാധാനവും നിലനിന്നുവരുന്നു. വ്യാപാരികൾ തങ്ങളുടെ ചരക്കുകൾ കപ്പലുകളിൽനിന്നിറക്കി അങ്ങാടികളിൽ വയ്ക്കുന്നു. ചരക്കുകൾ അങ്ങാടിയിൽ എത്തിച്ചുകഴിഞ്ഞാൽ പിന്നീടതു സൂക്ഷിക്കേണ്ട ചുമതല സർക്കാരിന്റേതാണ്. അതിൽ അണു അളവും വ്യത്യാസമുണ്ടായിരിക്കുകയില്ല. മുഴുവൻ ചരക്കും വിറ്റഴിഞ്ഞാൽ നാല്പതിൽ ഒരു ഭാഗം നികുതിയായി വസൂലാക്കും. അതല്ലാതെ മറ്റു നികുതികളൊന്നും ഈടാക്കുന്നതല്ല. ഏതെങ്കിലും ഒരു വ്യാപാരി മരണപ്പെടുകയോ ഏതെങ്കിലും കപ്പൽ പൊളിഞ്ഞ് അതിലെ ചരക്കുകൾ തുറമുഖത്ത് അടുക്കുകയോ ചെയ്യുകയാണെങ്കിൽ യാതൊരു കുറവുംകൂടാതെ, അവയുടെ അവകാശികൾ വരുമ്പോൾ ഏല്പിക്കും. കോഴിക്കോട്ടുനിന്ന് അറബ്, അദൻ മുതലായ രാജ്യങ്ങളിലേക്ക് പോകുന്ന കപ്പലുകളിൽ സാധാരണയായി കുരുമുളകാണ് കയറ്റിക്കൊണ്ടുപോകാറുള്ളത്. കോഴിക്കോട്ടുകാർ സമുദ്രവ്യാപാരത്തിൽ വളരെ സമർഥൻമാരും ധീരൻമാരുമാണ്. അക്കാരണത്താൽ അവരെ ചീനക്കുട്ടികൾ എന്നു വിളിക്കുന്നു. ഇന്ത്യൻ സമുദ്ര തീരങ്ങളിൽ പൊതുവേ കള്ളൻമാരുടെ ശല്യമുണ്ടെങ്കിലും കോഴിക്കോട്ടു തുറമുഖം ലക്ഷ്യമാക്കി വരുന്ന കപ്പലുകളെ കടൽകൊള്ളക്കാർ ഉപദ്രവിക്കാറില്ല. ഹിന്ദുക്കൾ പശുവിനെ കൊല്ലുകയോ പശുവിന്റെ മാംസം ഭക്ഷിക്കുകയോ ചെയ്യുന്നില്ല. ഗോഹത്യ മഹാപാപമാണത്രെ. പശുവിനെ പുണ്യമൃഗമായി അവർ കരുതുന്നു. പശുവിന്റെ ചാണകം കരിച്ചുണ്ടാക്കുന്ന ഭസ്മം ആരാധനാ സമയങ്ങളിൽ നെറ്റിയിലും മറ്റും പൂശുന്നു. |
” |
അവലംബം
തിരുത്തുക- http://www.enotes.com/topic/Abdur_Razzaq_%28traveller%29
- http://hampionline.com/history/abdurrazzak.php
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്ദുൽ റസാക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |