മധ്യപൂർവ ദേശത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്ന രാജ്യത്തിന്റെ ഏഴ് അംഗരാഷ്ട്രങ്ങളിലൊന്നാണു അബുദാബി എമിറേറ്റ് (അറബി: إمارة أبو ظبيّ‎). മറ്റു ആറ് എമിറേറ്റുകളുടേയും മൊത്തം വിസ്തീർണത്തിന്റെ ആറുമടങ്ങു വ്യാപ്തിയുള്ള അബുദാബി പേർഷ്യൻ ഉൾക്കടലിന്റെ തെക്കേ തീരത്ത്, ഖത്തർ ഉപദ്വീപിനും ഹോർമൂസ് കടലിനുമിടയ്ക്കാണു സ്ഥിതി ചെയ്യുന്നത്. തെക്കും പടിഞ്ഞാറും അതിർത്തികൾ സൗദി അറേബ്യയുമായും കിഴക്കേ അതിർത്തി ഒമാനുമായും വടക്കു കിഴക്ക് അതിർത്തി ദുബൈയുമായും പങ്കിടുന്നു. രാഷ്ട്രഭാഷ അറബിയാണ്, എങ്കിലും പല രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾ ഇവിടെ വസിക്കുന്നതിനാൽ ഇംഗ്ലീഷ്, ഹിന്ദി, ഉർദു, മലയാളം, തമിഴ്, തഗാലൊഗ്, ബംഗാളി എന്നീ ഭാഷകൾ പൊതുവെ ഉപയോഗിച്ചു വരാറുണ്ട്. ജൂതമതം ഒഴികെ മറ്റെല്ലാ പ്രധാന മതങ്ങൾ‍ക്കും പ്രവർത്തന സ്വാതന്ത്ര്യവും, ആരാധനാലയങ്ങളും ഉണ്ട്.

അബുദാബി

أبو ظبي
അബുദാബി എമിറേറ്റ്
Flag of അബുദാബി
Flag
ദേശീയ ഗാനം: ഇഷി ബിലാദി (عيشي بلادي)
Location of അബുദാബി
തലസ്ഥാനംഅബുദാബി
ഔദ്യോഗിക ഭാഷകൾഅറബി [1]
മതം
ഇസ്ലാം
ഭരണസമ്പ്രദായംഭാഗിക ജനാധിപത്യം [2]
• അമീർ
ഖാലിഫ ബിൻ സയ്യിദ് അൽ നഹ്യാൻ
Establishment
• ഇംഗ്ലണ്ടിൽ നിന്നും സ്വാതന്ത്ര്യം നേടി
2 ഡിസംബർ 1971
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
67,340 km2 (26,000 sq mi)
ജനസംഖ്യ
• 2011 പകുതി estimate
2.12 മില്ല്യൺ
ജി.ഡി.പി. (നോമിനൽ)estimate
• ആകെ
286,000 (AED)
നാണയവ്യവസ്ഥയു.എ.ഇ.ദിർഹം (AED)
സമയമേഖലഎ.എസ്.റ്റി.
• Summer (DST)
UTC +4
ഡ്രൈവിങ് രീതിവലതുവശം
കോളിംഗ് കോഡ്+971
ഇൻ്റർനെറ്റ് ഡൊമൈൻ.ae

അബുദാബി എമിറേറ്റിലെ ഏറ്റവും വലിയ അധിവാസകേന്ദ്രം അബുദാബി എന്നു തന്നെ പേരുള്ള തുറമുഖനഗരമാണ്. 1971-ൽ യു.എ.ഇ. പിറവിയെടുത്തതു മുതൽ രാജ്യതലസ്ഥാനമായി വർത്തിക്കുന്ന അബുദാബി നഗരത്തോടനുബന്ധിച്ചുള്ള സുസജ്ജവും അത്യാധുനികവുമായ തുറമുഖം പൂർണമായും മനുഷ്യനിർമിതമാണ്. ഉൾക്കടൽ തീരത്ത് ആഴംകുറഞ്ഞ് വിസ്തൃതമായ തിട്ടുകളും ചെറുദ്വീപുകളുടെ സമൂഹങ്ങളും അവിടവിടെയായി കാണാം. യു.എ.ഇ.യിലെ അംഗരാജ്യങ്ങൾക്കിടയിൽ പെട്രോളിയം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത് അബുദാബി എമിറേറ്റിലാണ്. ദേശീയവരുമാനത്തിലെ മുക്കാൽ പങ്കും നേടിക്കൊടുക്കുന്ന അബുദാബി ജനസംഖ്യയിൽ രണ്ടാം സ്ഥാനത്താണ്.

ചരിത്രം

തിരുത്തുക

അബുദാബിയുടെ ചില ഭാഗങ്ങൾ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് സ്ഥിരതാമസമാക്കിയിരുന്നു, അതിന്റെ ആദ്യകാല ചരിത്രം വിശാലമായ പ്രദേശത്തിന്റെ സാധാരണ നാടോടികളായ ആട്ടിൻകൂട്ടത്തിനും മത്സ്യബന്ധന രീതിക്കും അനുയോജ്യമാണ്. എമിറേറ്റ് ചരിത്രപരമായ പ്രദേശമായ അൽ-ബുറൈമി അല്ലെങ്കിൽ തവാം (ഇതിൽ ആധുനിക അൽ ഐൻ ഉൾപ്പെടുന്നു) ഒമാനുമായി പങ്കിടുന്നു, കൂടാതെ 7000 വർഷത്തിലേറെയായി ജനവാസമുണ്ടായിരുന്നതായി തെളിയിക്കപ്പെടുന്നു.ആധുനിക അബുദാബിയുടെ ഉത്ഭവം 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ദുബായിയുടെ നിയന്ത്രണവും ഏറ്റെടുത്ത ബനി യാസ് എന്ന സുപ്രധാന ഗോത്രവർഗ കോൺഫെഡറേഷന്റെ ഉദയത്തിൽ നിന്നാണ്. 19-ാം നൂറ്റാണ്ടിൽ ദുബായ്, അബുദാബി ശാഖകൾ വേർപിരിഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, അബുദാബിയുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ഒട്ടകത്തെ വളർത്തൽ, അൽ-ഐൻ, ലിവ എന്നിവിടങ്ങളിലെ ഉൾനാടൻ മരുപ്പച്ചകളിൽ ഈന്തപ്പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനം, അബുദാബി നഗരത്തിന്റെ തീരത്ത് മത്സ്യബന്ധനം, മുത്ത് ഡൈവിംഗ് എന്നിവയിലൂടെ തുടർന്നു. ഇത് പ്രധാനമായും വേനൽക്കാല മാസങ്ങളിൽ അധിനിവേശമായിരുന്നു. അബുദാബി നഗരത്തിലെ ഒട്ടുമിക്ക വാസസ്ഥലങ്ങളും അക്കാലത്ത് ഈന്തപ്പനയോലകളാൽ (ബരാസ്തി) നിർമ്മിച്ചവയായിരുന്നു, സമ്പന്ന കുടുംബങ്ങൾ ചെളിക്കുടിലുകളായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സംസ്ക്കരിച്ച മുത്ത് വ്യവസായത്തിന്റെ വളർച്ച അബുദാബി നിവാസികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു, കാരണം മുത്തുകൾ ഏറ്റവും വലിയ കയറ്റുമതിയും പണ വരുമാനത്തിന്റെ പ്രധാന ഉറവിടവും പ്രതിനിധീകരിക്കുന്നു.

1939-ൽ, ഷെയ്ഖ് ഷാഖ്ബുത് ബിൻ-സുൽത്താൻ അൽ നഹ്യാൻ പെട്രോളിയം ഇളവുകൾ അനുവദിച്ചു, 1958-ലാണ് ആദ്യമായി എണ്ണ കണ്ടെത്തിയത്. ആദ്യം എണ്ണപ്പണത്തിന് നാമമാത്രമായ സ്വാധീനം ഉണ്ടായിരുന്നു. കുറച്ച് ഉയരമുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു, 1961-ൽ ആദ്യത്തെ നടപ്പാത പൂർത്തീകരിച്ചു, എന്നാൽ പുതിയ ഓയിൽ റോയൽറ്റി നിലനിൽക്കുമോ എന്ന് ഉറപ്പില്ലാത്ത ഷെയ്ഖ് ഷക്ബുത്, വികസനത്തിൽ നിക്ഷേപിക്കുന്നതിനുപകരം വരുമാനം ലാഭിക്കാൻ മുൻകൈയെടുത്ത് ജാഗ്രതയോടെ ഒരു സമീപനം സ്വീകരിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എണ്ണ സമ്പത്തിന് അബുദാബിയെ മാറ്റാൻ കഴിയുമെന്ന് കണ്ടു. ഭരിക്കുന്ന നഹ്യാൻ കുടുംബം, ഷെയ്ഖ് സായിദ് തന്റെ സഹോദരനെ ഭരണാധികാരിയാക്കണമെന്നും രാജ്യത്തിന്റെ വികസനം എന്ന തന്റെ കാഴ്ചപ്പാട് നടപ്പിലാക്കണമെന്നും തീരുമാനിച്ചു. 1966 ഓഗസ്റ്റ് 6-ന് ബ്രിട്ടീഷുകാരുടെ സഹായത്തോടെ സായിദ് പുതിയ ഭരണാധികാരിയായി.

1971-ഓടെ പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്ന് പിന്മാറുമെന്ന് 1968-ൽ യുകെ പ്രഖ്യാപിച്ചതോടെ യു.എ.ഇ.യുടെ രൂപീകരണത്തിന് പിന്നിലെ പ്രധാന പ്രേരകശക്തിയായി ഷെയ്ഖ് സായിദ് മാറി. 1971-ൽ എമിറേറ്റ്‌സ് സ്വാതന്ത്ര്യം നേടിയതിനുശേഷം, എണ്ണ സമ്പത്ത് ഈ പ്രദേശത്തേക്ക് ഒഴുകുന്നത് തുടർന്നു, പരമ്പരാഗത മൺ-ഇഷ്ടിക കുടിലുകൾ ബാങ്കുകൾ, ബോട്ടിക്കുകൾ, ആധുനിക ഉയരങ്ങൾ എന്നിവ ഉപയോഗിച്ച് അതിവേഗം മാറ്റിസ്ഥാപിച്ചു.

ഭൂപ്രകൃതി

തിരുത്തുക

ഉപ്പളങ്ങളും ചതുപ്പുകളും നിറഞ്ഞ തീരസമതലം ഉള്ളിലേക്കു നീങ്ങുന്തോറും പൊടുന്നനെ വരണ്ട മരുഭൂമിയായി മാറുന്ന, പൊതുവെ സമതലമായ ഭൂപ്രകൃതിയാണ് അബുദാബിയിയുടേത്. കടലോരമേഖലയിൽ കടുത്തചൂടും ഉയർന്ന ആർദ്രതയും ഉള്ള ഉഷ്ണകാലാവസ്ഥയാണ്. ഉള്ളിലേക്കു നീങ്ങുന്തോറും ആർദ്രത കുറഞ്ഞ് വരൾച്ച അനുഭവപ്പെടുന്നു. ഉഷ്ണകാലത്ത് ഉൾപ്രദേശങ്ങളിലെ താപനില 49 °C ആയി വർദ്ധിക്കുന്നത് സാധാരണമാണ്. 10 സെ.മീ.ൽ താഴെ മാത്രമുള്ള വർഷപാതം തീർത്തും ക്രമരഹിതമാണ്; വർഷങ്ങളോളം മഴയില്ലാതിരിക്കുന്നതും അപൂർവമല്ല. ശൈത്യകാലാന്ത്യം മുതൽ ഉഷ്ണകാലത്തിന്റെ മധ്യത്തോളവും അതിശക്തമായ മണൽക്കാറ്റുകൾ ഉണ്ടാവാറുണ്ട്. ഷാമാൽ എന്നു വിളിക്കപ്പെടുന്ന ഇവ നന്നെ വിനാശകരങ്ങളാണ്. പ്രതികൂല കാലാവസ്ഥയും മണ്ണിലെ വളക്കുറവും സസ്യവളർച്ചയെ പോഷിപ്പിക്കുന്നില്ല. എമിറേറ്റിന്റെ ഉൾപ്രദേശങ്ങൾ പൊതുവെ മരുസ്ഥലങ്ങളാണ്. എന്നാൽ ഇടയ്ക്കിടെയുള്ള സസ്യസമൃദ്ധങ്ങളായ മരുപ്പച്ചക (oasis)ളിൽ, ഈന്തപ്പനയും കാലികളുടെ പ്രിയഭോജ്യമായ "അൽഫാൽഫാ" പുല്ലും ഇടതൂർന്നു വളരുന്നു. ഫലവൃക്ഷങ്ങൾ ലാഭകരമായി വിളയിക്കുവാനുള്ള സൗകര്യങ്ങളും ഉണ്ട്. സാമാന്യം വ്യാപ്തിയുള്ള അൽ അയ്ൻ മരുപ്പച്ച അധിവാസകേന്ദ്രവും കാർഷിക മേഖലയുമായി വികസിച്ചിരിക്കുന്നു.

നാടോടികളായ ഇടയന്മാർ മിക്ക മരുപ്പച്ചകളും മേച്ചിൽപ്പുറങ്ങളായാണ് ഉപയോഗിച്ചിരുന്നത്. അടുത്ത കാലത്തായി, ഇക്കൂട്ടരെ സ്ഥിരപാർപ്പുകാരാക്കി മാറ്റുന്നതിനും കൃഷിയും കാലിവളർത്തലും വികസിപ്പിക്കുന്നതിനുമുള്ള ബഹുമുഖപരിപാടികൾ പ്രാവർത്തികമായി വരുന്നു. അൽ അയ്ൻ മരുപ്പച്ചയിൽ ഫലവർഗങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടുത്തെ മാമ്പഴം വിശ്വപ്രശസ്തി ആർജിച്ചിരിക്കുന്നു. കടലോരമേഖലയിലും കാർഷികവികസനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആട്, ഒട്ടകം, കന്നുകാലികൾ എന്നിവയാണ് പ്രധാന വളർത്തുമൃഗങ്ങൾ. അൽ അയ്ൻ മേഖലയിൽ ജനവാസം വർദ്ധിച്ചതോടെ കോഴിവളർത്തൽ ഗണ്യമായ തോതിൽ പുരോഗമിച്ചിരിക്കുന്നു. തീരക്കടലുകൾ മത്തി, ചൂര, പോർജി (porgy), ഗ്രൂപ്പര്‍, സ്രാവ് തുടങ്ങിയവയുടെ കലവറയാണ്; ഇടയ്ക്കിടെയുള്ള തിട്ടുകൾ മത്സ്യപ്രജനനത്തിന് ആനുകൂല്യമൊരുക്കുന്നു. ഉൾക്കടലോരങ്ങളിൽ തിമിംഗിലങ്ങൾ എത്തിപ്പെടുന്നത് അസാധാരണമല്ല. ആഴക്കടൽ മീൻപിടുത്തവും മത്സ്യസംസ്കരണവും വികസിച്ചുവരുന്നു.

അബുദാബിയിലെ ജനങ്ങളിൽ കേവലം 20 ശതമാനം മാത്രമാണ് തദ്ദേശീയരായുള്ളത്. ഇറാൻ ഉൾപ്പെടെയുള്ള ഇതര മുസ്ലിം രാജ്യങ്ങളിൽ നിന്നു ചേക്കേറിയവർ 10 ശതമാനത്തോളം വരും. തൊഴിൽ സമ്പാദനത്തിനായി കുടിയേറിയിട്ടുള്ള വിദേശീയർക്കാണ് ഭൂരിപക്ഷമുള്ളത്. ഇന്ത്യ,പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ അംഗബലം മൊത്തം ജനസംഖ്യയുടെ പകുതിയിലേറെയാണ്. ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരും കുറവല്ല. ഏഷ്യൻ വംശജരുമായി തട്ടിച്ചുനോക്കുമ്പോൾ യൂറോപ്യർ തുലോം ന്യൂനപക്ഷമാണ്. തൊഴിലുടമാവകാശം തദ്ദേശീയർക്കുമാത്രമായി നിഷ്കർഷിച്ചുകൊണ്ട് അവരുടെ ജീവിതനിലവാരവും നാടിന്റെ സാമ്പത്തിക അടിസ്ഥാനവും സുസ്ഥിരമാക്കുന്ന തൊഴിൽ നയമാണ് യു.എ.ഇ. പിന്തുടരുന്നത്. തദ്ദേശീയരിൽ ഭൂരിപക്ഷവും സുന്നിവിഭാഗക്കാരായ മുസ്ളീങ്ങളാണ്. അറബി ഔദ്യോഗിക ഭാഷയാണ്.

എണ്ണ ഉത്പാദനം

തിരുത്തുക

1958-ലാണ് അബുദാബിയിൽ എണ്ണനിക്ഷേപം കണ്ടെത്തിയത്. യു.കെ., ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങൾക്കു കൂടി ഭാഗികമായി ഉടമാവകാശമുളള അഡ്മാ-ഓപ്കോ (അബുദാബി മറൈൻ ഓപ്പറേറ്റിങ് കമ്പനി : ADMA-OPCO) ആണ് എണ്ണ ഉത്പാദനത്തിന്റെ മുഖ്യപങ്കുനിർവഹിക്കുന്നത്. എമിറേറ്റിലെ എല്ലാ എണ്ണ ഉത്പാദകരുടേയും മേൽ ഭരണകൂടത്തിന് നിർണായകമായ നിയന്ത്രണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. തീരക്കടൽ നിക്ഷേപങ്ങളെയാണ് വിദേശീയ ഉടമയിലുള്ള സ്ഥാപനങ്ങൾ ഖനനം ചെയ്യുന്നത്; ഇവയിലെ പ്രമുഖ കേന്ദ്രങ്ങൾ ഉമ് അഷ് ഷെരീഫ്, അൽ മുബാറസ്, അൽ ബന്തൂക്ക് എന്നിവിടങ്ങളിലാണ്. അമേരിക്കൻ കമ്പനികൾ വ്യാപകമായ പര്യവേക്ഷണത്തിലൂടെ പുതിയ നിക്ഷേപങ്ങൾ കണ്ടെത്തി, ഖനനം ആരംഭിച്ചിട്ടുണ്ട്. അഡ്മാ-ഓപ്കോയുടെ നിയന്ത്രണത്തിലുള്ള അൽബന്തൂക്ക് എണ്ണക്കിണറുകളിൽ നിന്നുള്ള ഉത്പന്നങ്ങളും വരുമാനവും അയൽരാജ്യമായ ഖത്തറുമായി പങ്കിടുവാനുള്ള ധാരണ നിലനില്ക്കുന്നുണ്ട്. എണ്ണ ഉത്പാദനത്തിൽ വിദേശരാജ്യങ്ങൾക്കു നല്കപ്പെട്ടിരുന്ന സൗജന്യങ്ങളും സാങ്കേതിക പങ്കാളിത്തവും ക്രമേണ മരവിപ്പിക്കുന്ന നയമാണ് യു.എ.ഇ. ഇപ്പോൾ നടപ്പിലാക്കിവരുന്നത്.

എണ്ണ വിപണനത്തിലൂടെ സ്വരൂപിക്കപ്പെടുന്ന മൂലധനത്തിലെ നല്ലൊരു പങ്ക് കാർഷിക വികസനത്തിനും, വ്യവസായവത്കരണത്തിനും വിനിയോഗിക്കുകയെന്ന യു.എ.ഇ. നയം അബുദാബി എമിറേറ്റിന് ഏറെ ഗുണം ചെയ്യുന്നു. അൽ അയ്നിലും പ്രാന്തപ്രദേശങ്ങളിലും കുഴൽക്കിണറുകൾ വഴിയുള്ള ജലസേചനം ഫലവർഗങ്ങളുടേയും കായ്കറികളുടേയും ഗണ്യമായ ഉത്പാദനം സാധ്യമാക്കിയിരിക്കുന്നു. കൂടുതൽ ജനങ്ങളെ കാർഷികവൃത്തിയിലേക്കു തിരിച്ചുവിടാനും ഇതു കാരണമാക്കിയിട്ടുണ്ട്. ഗവ്യോത്പന്നങ്ങളുടെ ഉത്പാദനത്തിലും സാരമായ വർദ്ധനവുണ്ട്. അൽ അയ്നിലെ അരിഡ് ലാൻഡ്സ് റിസർച്ച് സെന്റർ മരുസ്ഥലങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റുന്നതിനുള്ള ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്നു.

പെട്രോളിയത്തെ മാത്രം ആശ്രയിച്ചുള്ള സമ്പദ്ഘടനയിൽ സമൂലമായ മാറ്റം ലക്ഷ്യമാക്കി വ്യവസായവത്കരണത്തിന് ഊന്നൽ നല്കുന്നതിന്റെ ആദ്യപടിയായി പ്രകൃതിവാതകം ഇന്ധനമാക്കി ഒരു വൻകിട താപവൈദ്യുതനിലയം അബുദാബി നഗരത്തിൽ ആരംഭിച്ചു. ഇവിടെനിന്നുള്ള വൈദ്യുതി അഭ്യന്തര ഉപഭോഗത്തിന് പര്യാപ്തമാവുന്നതിനുപുറമേ അയൽ രാജ്യങ്ങൾക്കു വിപണനം ചെയ്യാനും ഉപയുക്തമാകുന്നു. തലസ്ഥാനത്തിന് 224 കി.മീ. തെക്കു പടിഞ്ഞാറുള്ള അൽ-റുവൈസ്, പെട്രോളിയം ശുദ്ധീകരണ ശാലയുടേയും പെട്രോളിയബന്ധിത വ്യവസായസമുച്ചയത്തിന്റേയും ആസ്ഥാനമായി വികസിച്ചിരിക്കുന്നു. ചെറുതും വലുതുമായ നിരവധി വ്യവസായശാലകൾ അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.

അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ(ADNOC)കീഴിലാണ് പ്രധാന പെട്രൊളിയം, അനുബന്ധവ്യവസായങ്ങൾ പ്രവർത്തിക്കുന്നത്. പ്രധാന വ്യവസായസ്ഥാപനങ്ങൾ, അഡ്മ-ഓപ്കോ, അഡ്ഗാസ്, തക്ക്രീർ, അത്തീർ, ബുറൂജ്, അഡ്കോ എന്നിവയാണ്.

യു.എ.ഇ.യിലെ ഇതര കേന്ദ്രങ്ങളിലേക്കും എമിറേറ്റിനുള്ളിലെ അധിവാസ-വ്യവസായ കേന്ദ്രങ്ങളിലേക്കും അബുദാബിയിൽ നിന്ന് റോഡുകളുണ്ട്. അബുദാബിക്കു പുറമേ അൽ അയ്നിലും അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് അബുദാബിയിൽ നിന്നും വിവിധ വിമാനക്കമ്പനികൾ നിരന്തരം സേവനം നടത്തുന്നുണ്ട്.എത്തിഹാദ് എയർ വെയ്‌സ് ഉദാഹരണം. അബുദാബി തുറമുഖം കയറ്റിറക്കുകളിലൂടെ സദാ പ്രവർത്തനോന്മുഖമാണ്. അബുദാബിയിൽ നിന്നും മിക്കവാറും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും, ഫലപ്രദമായ പൊതുബസ് ഗതാഗതവും, ടാക്സി സംവിധാനവും,നിലവിലുണ്ട്. 2008-ആം ആണ്ടിൽ നഗരത്തിനുള്ളിലെ ബസ് ഗതാഗതവും ആരംഭിച്ചിരിക്കുന്നു. റെയിൽവേ സംവിധാനം അബുദാബി എമിറേറ്റിൽ നിലവിലില്ല.

ആരോഗ്യപരിപാലനം,വിദ്യാഭ്യാസം

തിരുത്തുക

ആരോഗ്യപരിപാലനരംഗത്ത് മികച്ചവികാസം നേടിയിരിക്കുന്ന അബുദാബിയിൽ സ്വകാര്യചികിത്സാകേന്ദ്രങ്ങളും സൌജന്യ ചികിത്സാസൌകര്യങ്ങളുള്ള സർക്കാർ ആശുപത്രികളും ധാരാളമായുണ്ട്. അടുത്തകാലത്തായി അൽ അയ്ൻ തുടങ്ങിയ മറ്റ് അധിവാസ കേന്ദ്രങ്ങളിലും ചികിത്സാ സൌകര്യങ്ങളിൽ കാര്യമായ പുരോഗതി കാണാം. വിദ്യാഭ്യാസ സൌകര്യങ്ങളുടെ കാര്യത്തിലും അബുദാബി പിന്നിലല്ല. സൌജന്യ സാർവത്രിക വിദ്യാഭ്യാസം ഇവിടെ നടപ്പാക്കിയിട്ടുണ്ട്. ഇവിടത്തെ എല്ലാ ജനപദങ്ങളിലും പ്രാഥമിക-മധ്യതല വിദ്യാഭ്യാസ സൌകര്യം ലഭ്യമാണ്. യു.എ.ഇ. സർവകലാശാലയുടെ ആസ്ഥാനം ഇപ്പോൾ അൽ അയ്നിലാണ്. അറബി, ഇംഗ്ളീഷ് എന്നീ ഭാഷകളിലുള്ള അനേകം ദിനപത്രങ്ങളും നിരവധി ആനുകാലികങ്ങളും അബുദാബിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. നിരവധി റേഡിയോ-ടെലിവിഷൻ കേന്ദ്രങ്ങളും തലസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.

പ്രധാനപ്പെട്ട സർക്കാർ ആശുപത്രികൾ മഫ്റക്ക് ആശുപത്രി; കോർണിഷ് ആശുപത്രി; തവം ആശുപത്രി,അൽ-അയ്ൻ; എന്നിവയും, സ്വകാര്യമേഖലയിലെ പ്രധാന ആശുപത്രികൾ അൽ-നൂർ, എൻ.എം.സി; അൽ-അഹലിയ; മൂപ്പൻസ് ദാർ അൽ-ശിഫ; അൽ-സലാമ; ദാർ അൽ-ശിഫ; ജി.എം.സി; അൽ-റീഫ്; ഫ്രാങ്കോ എമിരിയൻ എന്നിയവയാണ്

  1. "അബുദാബി, ഔദ്യോഗിക ഭാഷ". അബുദാബി സർക്കാർ. Archived from the original on 2013-11-21. Retrieved 2013 നവംബർ 21. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "ഭരണസംവിധാനം". എമിറേറ്റ്സ് ന്യൂസ് ഏജൻസി. Archived from the original on 2013-11-21. Retrieved 2013 നവംബർ 21. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=അബുദാബി_(എമിറേറ്റ്)&oldid=3972281" എന്ന താളിൽനിന്ന് ശേഖരിച്ചത്