അപൂലിയസ്
റോമൻ പ്രഭാഷകനും ദാർശനികനും സാഹിത്യകാരനുമായിരുന്നു അപൂലിയസ്. എ.ഡി. 125-ൽ ഉത്തരാഫ്രിക്കയിൽ ജനിച്ചു. കാർത്തേജിലും ആഥൻസിലും വിദ്യാഭ്യാസം ചെയ്തു. ഗ്രീസിലും ഏഷ്യാമൈനറിലും വിപുലമായി പര്യടനം നടത്തുകയും ഏതാനും കൊല്ലം റോമിൽ അഭിഭാഷകവൃത്തിയിലേർപ്പെടുകയും ചെയ്തിട്ട് സ്വദേശത്തേക്കു മടങ്ങി. ഒരു സാഹിത്യകാരനെന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലും നിസ്തുലമായ പ്രശസ്തി നേടി. എ.ഡി. 155-ൽ, തന്നെക്കാൾ പ്രായം കൂടിയ ഒരു ധനികവിധവയെ വിവാഹം ചെയ്തു. ആ സ്ത്രീയെ ആഭിചാരംകൊണ്ടു വശീകരിച്ചാണ് വിവാഹം സാധിച്ചതെന്ന് അവരുടെ ബന്ധുക്കൾ പരാതികൊടുത്ത് അപൂലിയസിനെ കോടതി കയറ്റി. ഇദ്ദേഹം മന്ത്രവാദത്തിൽ തത്പരനായിരുന്നു എന്നത് സത്യമാണ്. എങ്കിലും ഈ കേസിൽ നിർദോഷിയെന്നു കണ്ട് കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടു. എ.ഡി. 160-ൽ ഇദ്ദേഹം കാർത്തേജിൽ താമസമുറപ്പിച്ചു.
അപൂലിയസ് | |
---|---|
ജനനം | c. 125 Madaurus |
മരണം | c. 180 |
തൊഴിൽ | Novelist, writer, public speaker |
ശ്രദ്ധേയമായ രചന(കൾ) | The Golden Ass |
ഐതിഹ്യം
തിരുത്തുകഅപൂലിയസിന്റെ പ്രസംഗങ്ങളിൽ ചിലതുൾക്കൊള്ളുന്ന ഫ്ലോറിഡാ അഥവാ ഗാർലൻഡ് എന്ന സമാഹാരവും മൂന്നു നാലു ദാർശനിക പ്രബന്ധങ്ങളും ന്യായവാദ[1] (Apologia) വും പരിവൃത്തി[2] (The metamorphosis) അഥവാ സ്വർണക്കഴുത[3] (The Golden Ass) എന്ന നോവലുമാണ് എണ്ണപ്പെട്ട സാഹിത്യസൃഷ്ടികൾ. ഒടുവിൽ പറഞ്ഞ കൃതിയെ ആശ്രയിച്ചാണ് ഇദ്ദേഹത്തിന്റെ യശസ്സ് ഇന്നു നിലനിൽക്കുന്നത്. മറ്റുള്ളവയെല്ലാം വിസ്മൃതിയിൽ ആണ്ടുപോയിരിക്കുന്നു.
ഐതിഹ്യപ്രകാരം ഉത്തരഗ്രീസിലെ മന്ത്രവാദിനികളുടെ നാടായ തെസലിയിലേക്കുപോയ ലൂഷ്യസിന്റെ കഥയാണ് സ്വർണക്കഴുതയിലെ പ്രതിപാദ്യം. കഥാനായകൻ ഫോട്ടിസ് എന്നൊരു വേലക്കാരിപ്പെണ്ണുമായി പ്രണയത്തിലാവുകയും അവളിൽനിന്ന്, പക്ഷിയായി രൂപംമാറാൻ ഉതകുന്ന ഒരു മരുന്ന് കൈവശപ്പെടുത്തുകയും ചെയ്യുന്നു. അയാൾ അതു പ്രയോഗിച്ചപ്പോഴാകട്ടെ പക്ഷിയാകുന്നതിനുപകരം കഴുതയാവുകയാണ് ചെയ്യുന്നത്. മാനുഷികമായ ബുദ്ധിശക്തി നശിക്കാത്ത ആ മിണ്ടാപ്രാണിയെ ഒരുസംഘം കവർച്ചക്കാർ അപഹരിച്ചുകൊണ്ടുപോകുന്നു. അവരുടെകൂടെ അവൻ നടത്തുന്ന നിരവധി സാഹസിക പര്യടനങ്ങളാണ് പ്രധാന കഥാവസ്തു. കഴുതയുടെ മുൻപിൽവച്ച് ആർക്കും കലവറ കൂടാതെ എന്തും സംസാരിക്കാമെന്നുള്ളതുകൊണ്ട് പലരിൽനിന്നും ഒട്ടേറെ കഥകൾ അവൻ കേൾക്കുന്നു. അത്തരം കഥകളുടെ ഉചിതമായ നിബന്ധനംമൂലം ആഖ്യാനത്തിന് ഭംഗിയും വൈചിത്യ്രവും ലഭിച്ചിട്ടുണ്ട്. കാമന്റേയും രതിയുടേയും[4] (Cupid and Psyche) പ്രേമകഥയാണ് ഗ്രന്ഥത്തിലെ ഏറ്റവും മികച്ച ഉപാഖ്യാനം. ഗ്രീക്കുസാഹിത്യത്തിലോ ലത്തീൻസാഹിത്യത്തിലോ വേറെങ്ങുമോ കാണാനില്ലാത്ത ഒരു പഴയ നാടോടിക്കഥയാണിത്. അപൂലിയസ് അത് അതിമനോഹരമായി ആഖ്യാനം ചെയ്തിരിക്കുന്നു.
കഥയുടെ പരിണാമം
തിരുത്തുകകഥാനായകനു മനുഷ്യരൂപം വീണ്ടുകിട്ടാൻ അവശ്യം ഭക്ഷിക്കേണ്ട പനിനീർപ്പൂവിനുവേണ്ടി, അവൻ തന്റെ സാഹസികയാത്രയിൽ അന്വേഷണം നടത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഐസിസ എന്ന ദേവിയുടെ സഹായത്താൽ ലഭിച്ച പനിനീർപ്പൂവ് തിന്ന് മനുഷ്യരൂപം വീണ്ടെടുക്കാൻ അവനു സാധിക്കുന്നു. അതോടെ അവൻ ദേവിയുടേയും ദേവിയുടെ സഹോദരനായ ഒസീരിസ്ദേവന്റേയും ആരാധകനായിത്തീരുന്നു. ഗ്രന്ഥത്തിന് ഏതാണ്ട് ഒരു ആത്മകഥയുടെ മട്ടുണ്ട്. കാമത്തിന്റെ ദാസനായ മനുഷ്യൻ മൃഗത്തേക്കാൾ മെച്ചപ്പെട്ടവനല്ലെന്നാണ് പ്രതിരൂപാത്മകമായ ഈ പരിഹാസകൃതിയിലെ സൂചന.
കഥയുടെ വിശദാംശങ്ങളിൽ ചിലേടത്ത് അശ്ലീലപ്രതീതിയുണ്ടെങ്കിലും സ്വർണക്കഴുത ലത്തീൻ ഭാഷയിലെ ആകർഷകമായ ഒരു നീണ്ടകഥയാണ്. പിൽക്കാല കഥാകൃത്തുക്കൾക്ക് അതു മാതൃകയായിത്തീർന്നു. ബൊക്കാച്ചിയോവിനും സെർവാന്റസിനും ഈ കൃതിയോടുള്ള കടപ്പാട് പ്രകടമാണ്. ഇതിന് വില്യം അഡ്ലിങ്ടൺ ഇംഗ്ലീഷിൽ ചമച്ചിട്ടുള്ള തർജുമ ഒരു ക്ലാസിക് ആയി പരിഗണിക്കപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ http://www9.georgetown.edu/faculty/jod/apuleius/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-10. Retrieved 2011-10-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-15. Retrieved 2011-10-10.
- ↑ http://www.pitt.edu/~dash/cupid.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.jnanam.net/golden-ass/
- http://www.jnanam.net/golden-ass/apuleius.html
- http://ebooks.adelaide.edu.au/a/apuleius/index.html Archived 2011-08-11 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപൂലിയസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |