ഔഷധം

(മരുന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രോഗം നിവാരണത്തിനോ പ്രതിരോധത്തിനോ ഉപയോഗിക്കുന്ന പദാർത്ഥങ്ങളെയാണ് പൊതുവേ ഔഷധം (മരുന്ന്) എന്ന് പറയുന്നത്. രോഗത്തിന്റെ സ്വഭാവം രോഗിയുടെ പ്രത്യേകതകൾ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചതിനുശേഷമാണ് മരുന്നുകൾ നിർദ്ദേശിക്കപ്പെടുന്നത്. പുരാതന ചികിത്സാ സമ്പ്രദായങ്ങളിൽ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പദാർത്ഥങ്ങളാണ് മരുന്നുകളായി ഉപയോഗിച്ചിരുന്നത് എങ്കിൽ ആധുനിക ചികിത്സാ സമ്പ്രദായത്തിൽ രാസപദാർത്ഥങ്ങളുപയോഗിച്ചാണ് മരുന്നുകൾ നിർമ്മിക്കുന്നത്. ഫാർമക്കോളജി എന്നാണ് മരുന്നുകളെ സംബന്ധിച്ചുള്ള പഠനത്തിന്റെ ആധുനികവൈദ്യശാസ്ത്രത്തിലെ പേര്.

കുത്തിവെയ്പ്പിലൂടെ, ഇൻഹേലർ വഴി, ഖരരൂപത്തിലുള്ള ഗുളികകൾ വഴി, ദ്രാവകരൂപത്തിൽ തുടങ്ങി വിവിധ രൂപങ്ങളിൽ ശരീരത്തിനകത്തേക്കും കുഴമ്പുകൾ, തൈലം തുടങ്ങിയ രൂപങ്ങളിൽ ശരീരത്തിനു പുറത്ത് ഉപയോഗിക്കേണ്ട രീതിയിലും മരുന്നുകൾ നൽകാറുണ്ട്.വൈദ്യ ശാസ്ത്രത്തിന്റെ വ്യത്യസ്ത വിഭഗങ്ങളായ ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഹോമിയോപ്പതി, തുടങ്ങിയവയെല്ലാം വിവിധ തരം ഔഷധങ്ങൾ ചികിൽസക്കായി ഉപയോഗിക്കുന്നു.

നിർവ്വചനം

തിരുത്തുക

യൂറോപ്പിൽ ഔഷധോൽപ്പന്നം എന്നാൽ യൂറോപ്പ്യൻ നിയമം അനുസരിച്ച്, "(എ) മനുഷ്യരിൽ ഉണ്ടാകുന്ന രോഗങ്ങൾ ചികിത്സിക്കാനോ തടയാനോ ഉപയോഗിക്കുന്ന ഏതൊരു വസ്തുവോ വസ്തുക്കളുടെ സംഘാതമോ ആണ്. അല്ലെങ്കിൽ,

(ബി) വൈദ്യശാസ്ത്ര രോഗനിർണ്ണയനത്തിനുശേഷം ശാരീരിക പ്രവർത്തനങ്ങളെ ഔഷധമുപയോഗിച്ചോ രോഗപ്രതിരോധമാർജ്ജിച്ചോ ഉപാപചയപ്രവർത്തനങ്ങളെ പുനഃക്രമീകരിക്കുവാനോ തെറ്റുതിരുത്തുവാനോ പഴയ നിലയിലെത്തിക്കാനോ ഉപയോഗിക്കുന്നതോ മനുഷ്യനിൽ ചെലുത്തുന്നതോ ആയ വസ്തുവോ വസ്തുക്കളുടെ സംഘാതമോ[1]:36

അമേരിക്കൻ ഐക്യനാടുകളിൽ ഒരു ഡ്രഗ് എന്നാൽ :

  • ഔദ്യോഗിക ഔഷധവിവരപുസ്തകം അംഗീകരിച്ച പദാർഥങ്ങൾ
  • രോഗത്തിനിർണ്ണയനത്തിനോ രോഗം ഭേദമാക്കുന്നതിനോ രോഗാതുരത കുറയ്ക്കുന്നതിനോ ചികിത്സിക്കുന്നതിനോ രോഗപ്രതിരൊധത്തിനോ വേണ്ടി തയ്യാറാക്കിയിരിക്കുന്ന പദാർത്ഥം.
  • ശരീരത്തിന്റെ രൂപഘടനയെയൊ ധർമ്മത്തെയോ ബാധിക്കുന്ന (ഭക്ഷണമല്ലാത്ത) പദാർത്ഥം.
  • ഒരു ഉപകരണമോ യന്ത്രമോ അല്ലാത്തതും ഉപകരണത്തിന്റെയൊ യന്ത്രത്തിന്റെയൊ ഭാഗമല്ലാത്തതും ഒരു ഔഷധത്തിന്റെ ഭാഗമായതും ആയ പദാർത്ഥം.
  • ജൈവൗത്പന്നങ്ങളും ഇവയിൽ പെടും ഒരേ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഇവയെയും പിന്തുടരുന്നത്. അവയുടെ നിർമ്മാണത്തിൽ ആണ് വ്യത്യാസം (രാസികപ്രക്രിയകൾ വഴിയാണോ ജൈവപ്രക്രിയകൾ വഴിയാണോ എന്നത്)[2]

ഉപയോഗങ്ങൾ

തിരുത്തുക

ഔഷധങ്ങളുടെ ഉപയൊഗത്തെപ്പറ്റി അനേകം പഠനങ്ങൾ നടന്നിട്ടുണ്ട്.[3]

വർഗ്ഗീകരണം

തിരുത്തുക

ഉത്ഭവത്തിന്റെ അടിസ്ഥാനത്തിൽ ഔഷധങ്ങളെ തരംതിരിക്കാം.

  1. പ്രകൃതിയിൽനിന്നും ലഭ്യമായവ: ഔഷധചെടികളിൽനിന്നും, ധാതുക്കളിൽനിന്നും അല്ലെങ്കിൽ ചിലവ സമുദ്രങ്ങളിൽനിന്നും ലഭിക്കുന്നു.
  2. രാസികമായോ പ്രാകൃതികമായൊ ലഭ്യമായവ: ഭാഗികമായി രാസികമായും ഭാഗികമായി ജൈവികമായും. ഉദാഹരണത്തിനു, സ്റ്റീറോയിഡുകൾ.
  3. രാസോത്പാദനത്താൽ നിർമ്മിക്കുന്നവ
  4. ജന്തുക്കളിൽനിന്നും ലഭ്യമായവ: ഉദാഹരണത്തിനു, ഹോർമോണുകൾ, എൻസൈമുകൾ.
  5. സൂക്ഷ്മജീവികളിൽനിന്നും ഉണ്ടായവ: ആന്റിബയോട്ടിക്കുകൾ
  6. ജൈവസാങ്കേതികവിദ്യ, ഹൈബ്രിഡോമ സങ്കേതികവിദ്യകൊണ്ടു ലഭ്യമായവ.
  7. ആണവവസ്തുക്കളിൽനിന്നും ഉണ്ടായവ.

[4]

ചരിത്രം

തിരുത്തുക

പുരാതനകാലത്തെ ഫാർമക്കോളജി

തിരുത്തുക

ചരിത്രാതീതകാലത്തുതന്നെ ചെടികളും ചെടികളിൽ നിന്നെടുക്കുന്ന വസ്തുക്കളും പലതരം രോഗങ്ങൾക്കും ചികിത്സയ്ക്കായി ഉപയോഗിക്കപ്പെടുന്നുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു.

ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥമായ കാഹുൻ ഗൈനക്കോളജിക്കൽ പ്രാക്റ്റീസ് എന്ന പാപ്പിറസ് ചുരുൾ ബി.സി. 1800-ൽ നിന്നുള്ളതാണ്. [5][6] രോഗാണുബാധയ്ക്ക് തേൻ പ്രതിവിധിയായി ഉപയോഗിക്കുന്നതിനെപ്പറ്റി ഈ ചുരുളിലും മറ്റ് ഈജിപ്ഷ്യൻ ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്.

പുരാതന ബാബിലോണിലെ വൈദ്യശാസ്ത്രത്തിൽ ക്രിസ്തുവിനു മുൻപുള്ള രണ്ടാം സഹസ്രാബ്ദത്തിൽ തന്നെ മരുന്നു കുറിപ്പുകൾ ഉപയോഗിച്ചിരുന്നു. ക്രീമുകളും ഗുളികകളും ചികിത്സയ്ക്കായി നൽകപ്പെട്ടിരുന്നു. [7]

ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ ക്രിസ്തുവിനു മുൻപ് രണ്ടാം സഹസ്രാബ്ദത്തിൽ സൃഷ്ടിക്കപ്പെട്ടു തുടങ്ങിയ അഥർവവേദമാണ് ആദ്യത്തെ വൈദ്യശാസ്ത്രവിഷയങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥം. രോഗങ്ങളെ ചികിത്സിക്കാൻ സസ്യങ്ങളിൽ നിന്നെടുക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നതിനെപ്പറ്റി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. [8] ആയുർവേദത്തിന്റെ അടിസ്ഥാനം പുരാതന നാട്ടുവൈദ്യചികിത്സാസമ്പ്രദായങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞുണ്ടായത്. ബി.സി. 400 മുതൽ പുതിയ സിദ്ധാന്തങ്ങളും, രോഗവിവരണങ്ങളും, ചികിത്സാസമ്പ്രദായങ്ങളും ആയുർവേദത്തിന്റെ ഭാഗമായിമാറി. [9]

ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ഗ്രീസിൽ രൂപപ്പെട്ട ഹിപ്പോക്രാറ്റിക് പ്രതിജ്ഞയിൽ "മാരക മരുന്നുകളെപ്പറ്റി" പ്രതിപാദിക്കുന്നുണ്ട്. പുരാതന ഗ്രീസിലെ വൈദ്യം ഈജിപ്റ്റിൽ നിന്നും മറ്റിടങ്ങളിൽ നിന്നും ധാരാളം അറിവുകൾ സ്വാംശീകരിച്ചിട്ടുണ്ട്. [10]

മദ്ധ്യകാലത്തെ ഫാർമക്കോളജി

തിരുത്തുക

അൽ കിണ്ടിയുടെ ഒൻപതാം നൂറ്റാണ്ടിലെ ഡെ ഗ്രാഡിബസ് എന്ന ഗ്രന്ഥവും ഇബ്ന് സിനയുടെ (അവൈസെന്ന) ദി കാനൺ ഓഫ് മെഡിസിൻ എന്ന ഗ്രന്ഥവും മദ്ധ്യകാലഘട്ടത്തിലെ ഇസ്ലാമിക ലോകത്തിൽ അറിവുണ്ടായിരുന്ന ധാരാ‌ളം മരുന്നുകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

മദ്ധ്യകാലഘട്ടത്തിലെ വൈദ്യശാസ്ത്രത്തിൽ ശസ്ത്രക്രീയയ്ക്ക് വൻ പുരോഗതിയുണ്ടായി. കറുപ്പ്, ക്വിനൈൻ എന്നിവയല്ലാതെ നല്ല ഫലം നൽകുന്ന മരുന്നുകൾ കുറവായിരുന്നു. അപകടസാദ്ധ്യതയുള്ള ലോഹങ്ങൾ അടങ്ങിയ ചികിത്സാരീതികൾ സാധാരണയായിരുന്നു. തിയഡോർ ബോർഗോഗ്നോണി, (1205–1296), മദ്ധ്യകാലഘട്ടത്തിലെ പ്രധാന ശസ്ത്രക്രീയാവിദഗ്ദ്ധരിൽ ഒരാളായിരുന്നു. അനസ്തേഷ്യ, അടിസ്ഥാന രോഗാണുനശീകരണം എന്നിവ ഇദ്ദേഹം നടപ്പിലാക്കിയിരുന്നു. ഗാർസിയ ഡെ ഓർട്ട ചില പച്ചമരുന്ന് ചികിത്സാരീതികൾ ഉപയോഗിച്ചിരുന്നു.

ആധുനിക ഫാർമക്കോളജി

തിരുത്തുക

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യസമയത്തൊന്നും മരുന്നുകൾ ഫലവത്തായിരുന്നില്ല. 1842-ൽ ഒളിവർ വെൻഡെൽ ഹോംസ് സീനിയർ ഇപ്രകാരം പറയുകയുണ്ടായി "ലോകത്തുള്ള എല്ലാ മരുന്നുകളും കടലിലെറിഞ്ഞാൽ മനുഷ്യവർഗ്ഗത്തിന് അത് ഗുണകരവും മത്സ്യങ്ങൾക്ക് ദോഷകരവുമായിരിക്കും".[11]:21

  1. Directive 2004/27/EC Official Journal of the European Union. 30 April 2004 L136
  2. FDA Glossary
  3. Qato DM; Wilder J; Schumm L; Gillet V; Alexander G (2016-04-01). "Changes in prescription and over-the-counter medication and dietary supplement use among older adults in the united states, 2005 vs 2011". JAMA Internal Medicine. 176 (4): 473–482. doi:10.1001/jamainternmed.2015.8581. PMID 26998708.
  4. http://www.epgonline.org database of prescription pharmaceutical products including drug classifications [1] Archived 2011-10-07 at the Wayback Machine.
  5. Griffith, F. Ll. The Petrie Papyri: Hieratic Papyri from Kahun and Gurob
  6. The Kahun Gynaecological Papyrus
  7. H. F. J. Horstmanshoff, Marten Stol, Cornelis Tilburg (2004), Magic and Rationality in Ancient Near Eastern and Graeco-Roman Medicine, p. 99, Brill Publishers, ISBN 90-04-13666-5.
  8. See Atharvaveda XIX.34.9
  9. Kenneth G. Zysk, Asceticism and Healing in Ancient India: Medicine in the Buddhist Monastery, Oxford University Press, rev. ed. (1998) ISBN 0-19-505956-5.
  10. Heinrich Von Staden, Herophilus: The Art of Medicine in Early Alexandria (Cambridge: Cambridge University Press, 1989), pp. 1-26.
  11. Finkelstein S, Temin P (2008). Reasonable Rx: Solving the drug price crisis. FT Press.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഔഷധം&oldid=3796035" എന്ന താളിൽനിന്ന് ശേഖരിച്ചത്