അന്ത്യോഖ്യൻ ആചാരക്രമം

അന്ത്യോഖ്യൻ പാത്രിയർക്കാസനത്തിൽ ഉടലെടുത്ത പൗരസ്ത്യ ക്രിസ്തീയ ആചാരക്രമം
(അന്ത്യോഖ്യൻ സഭാപാരമ്പര്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യോഖ്യയിലെ ക്രൈസ്തവ സഭയിൽ ഉടലെടുത്ത ആരാധനാനുഷ്ഠാന രീതിയാണ് അന്ത്യോഖ്യൻ റീത്ത് അഥവാ അന്ത്യോഖ്യൻ സഭാപാരമ്പര്യം എന്നറിയപ്പെടുന്നത്. റീത്ത് എന്ന പദത്തിന് രീതി എന്നാണ് അർഥം. അന്ത്യോഖ്യൻ രീതിയിലുള്ള ആരാധനാക്രമം, ആധ്യാത്മികത, ശിക്ഷണക്രമം, ദൈവശാസ്ത്രം എന്നീ ഘടകങ്ങളെ അംഗീകരിക്കുന്ന സഭാവിഭാഗത്തിനെയും പൊതുവേ അന്ത്യോഖ്യൻ റീത്ത് പിന്തുടരുന്നവർ എന്നു വിശേഷിപ്പിക്കാറുണ്ട്.

ബൈസാന്ത്യൻ ആചാരക്രമം
ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ അന്ത്യോഖ്യൻ ആരാധന
അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം സുറിയാനി ഓർത്തഡോക്സ് സഭയിലെ അന്ത്യോഖ്യൻ ആരാധന

വർഗ്ഗീകരണം

തിരുത്തുക

അന്ത്യോഖ്യൻ സഭാപാരമ്പര്യം

ഉൽപത്തി

തിരുത്തുക

ക്രിസ്തുവിനുശേഷം ശിഷ്യന്മാർ ജറുസലേമിൽ തന്നെ സുവിശേഷ പ്രവർത്തനം ആരംഭിച്ചെങ്കിലും അവിടെയുണ്ടായ മതപീഡനത്തെ തുടർന്ന് റോമാസാമ്രാജ്യത്തിന്റെ കിഴക്ക് പ്രവിശ്യയുടെ ആസ്ഥാനമായിരുന്ന അന്തോഖ്യയെ ഒരു പ്രധാന പ്രവർത്തന കേന്ദ്രമാക്കി. അവിടെ അവർക്കു ധാരാളം അനുയായികൾ ഉണ്ടായി. 'ക്രിസ്ത്യാനികൾ' എന്ന പേര് ഇവിടെവച്ചാണ് അവർക്കു ലഭിച്ചത് (അപ്പൊ. പ്ര. 2:26). ഈ ക്രൈസ്തവ സമൂഹത്തിലാണ് ആദ്യമായി ക്രൈസ്തവ-ആരാധനാക്രമം രൂപംകൊണ്ടതെന്ന് ചിലർ വിശ്വസിക്കപ്പെടുന്നു. അന്ത്യോഖ്യൻ സഭാപാരമ്പര്യത്തിന്റെ ആരാധനാക്രമവും മറ്റു ഗ്രന്ഥങ്ങളും രൂപമെടുത്തതും വികസിച്ചതും ഗ്രീക്ക് ഭാഷയിലാണ്. അന്ത്യോഖ്യയിൽ നിന്നും സമീപപ്രദേശങ്ങളിലേക്ക് അന്ത്യോഖ്യൻ റീത്ത് (രീതി) പ്രചരിച്ചു. ജറുസലേം, അർമ്മേനിയ, എഫേസൂസ്, ബൈസാന്റിയം (കോൺസ്റ്റാന്റിനോപ്പിൾ) എന്നീ പ്രദേശങ്ങളിൽ അനുയോജ്യമായ വ്യതിയാനങ്ങളോടുകൂടി ഇത് അംഗീകരിക്കപ്പെട്ടു. ഈ മേഖലകളിൽ പില്ക്കാലത്ത് പ്രചാരത്തിൽ വന്ന വിവിധ-ആരാധനാരീതികൾ അന്ത്യോഖ്യയിൽ നിന്ന് സ്വീകരിക്കപ്പെട്ടവയാകുന്നു.[1]

ഇന്ത്യയിൽ

തിരുത്തുക

കേരളത്തിൽ ക്രിസ്തുമതം സ്ഥാപിച്ചത് മാർതോമ്മാശ്ളീഹാ ആണെന്നു വിശ്വസിക്കപ്പെടുന്നു. പേർഷ്യൻ സഭയിൽ നിന്നു ലഭിച്ച പൗരസ്ത്യ സുറിയാനിഭാഷയിലുള്ള കൽദായ ആചാരക്രമം ആണ് ആദ്യകാലങ്ങളിൽ ഇവിടെ ഉപയോഗിച്ചിരുന്നത്.[2] [3][4]

പോർച്ചുഗീസുകാരുടെ ആഗമനം വരെ കേരളത്തിലെ ക്രൈസ്തവസമൂഹം ഒരേ വിശ്വാസവും ആചാരക്രമവും അംഗീകരിച്ച് ഒറ്റക്കെട്ടായി നിലനിന്നിരുന്നു. ഇതിന് മാറ്റം സംഭവിക്കാൻ തുടങ്ങിയത് പതിനാറാം നൂറ്റാണ്ടിൽ ആണ്. പോർച്ചുഗീസുകാരുടെ മതപരമായ കടന്നാക്രമണങ്ങളും കിഴക്കിന്റെ സഭയിൽ 1552ൽ ഉണ്ടായ പിളർപ്പും ഇതിന് കാരണമായി. മാർപാപ്പയുടെ ആത്മീയാധികാരത്തിനും പോർട്ടുഗീസ് രാജാവിന്റെ പാദ്രുവാദോ (രാജാവിന്റെ സഭാഭരണം) അധികാരത്തിലും ആയിരുന്ന പോർച്ചുഗീസുകാർ അവരുടെ ലത്തീൻ ഭാഷയിലുള്ള ആരാധനാക്രമം ഉപയോഗിക്കാൻ കേരള ക്രൈസ്തവരെ പ്രേരിപ്പിച്ചു. സത്യവിശ്വാസവിരുദ്ധമെന്ന് അവർ കരുതിയ നെസ്തോറിയൻ വിശ്വാസം കേരളീയരുടെ ഇടയിൽ ഉണ്ടായിരുന്നു എന്നാണ് അതിന് അവർ പറഞ്ഞിരുന്ന ന്യായം. 1599ലെ ഉദയംപേരൂർ സൂനഹദോസ് ഇതിന്റെ ഭാഗമായി നടന്ന ഒരു നിർണായക സംഭവമാണ്. പോർച്ചുഗീസുകാരുടെ രാഷ്ട്രീയവും മതപരവും ആയ അധിനിവേശത്തെ എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ 1653ലെ കൂനൻ കുരിശ് സത്യത്തിലൂടെ പോർച്ചുഗീസുകാരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കർമ്മലിതാ മിഷനറിമാരുടെ ഒരു സംഘത്തെ മാർപാപ്പ മലബാറിലേക്ക് അയച്ചു. ഇവരുമായി സഹകരിക്കാൻ ഒരു വിഭാഗം തയ്യാറായപ്പോൾ മറു വിഭാഗം അതിൽ നിന്ന് മാറിനിന്നു. ഇതിനെത്തുടർന്ന് സഭയിൽ ഭിന്നത ഉണ്ടായി. പോർച്ചുഗീസുകാരെയും മറ്റ് യൂറോപ്യൻ കത്തോലിക്കാ മിഷനറിമാരെയും എതിർത്തവർ അന്ത്യോഖ്യൻ പാരമ്പര്യം പിന്തുടരുന്ന സുറിയാനി ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷന്മാരുമായി ബന്ധം സ്ഥാപിച്ചു. അവർ കൊണ്ടുവന്ന ആരാധനാക്രമവും ആത്മീയ പാരമ്പര്യവും സ്വന്തം പാരമ്പര്യവുത്തോട് ചേർത്ത് മുന്നോട്ടുപോയ ഈ വിഭാഗം പുത്തൻകൂറ്റുകാർ എന്നറിയപ്പെട്ടു. കത്തോലിക്കാ മിഷനറിമാരുടെ ഒപ്പം തുടർന്ന് ലത്തീൻ ആരാധനാക്രമത്തോട് അനുരൂപപ്പെടുത്തപ്പെട്ട കൽദായ ആരാധനക്രമം തുടർന്ന മറുവിഭാഗം പഴേങ്കൂറ്റുകാർ എന്നും അറിയപ്പെട്ടു. പുരാതനമായ ഐക്യം പുനഃസ്ഥാപിക്കുവാനുള്ള തീവ്രശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നെങ്കിലും ഇന്നും രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി അവർ തുടർന്നുവരുന്നു. ഇതിനിടയിൽ ഇരുവിഭാഗവും മറ്റ് വിദേശ മിഷണറിമാരുടെ സ്വാധീനം കൊണ്ടും ആഭ്യന്തര കലഹങ്ങൾ കൊണ്ടും വിവിധ സഭകളായി പിളരുകയും ഉണ്ടായി. ഇവയിൽ അന്ത്യോഖ്യൻ സുറിയാനി സഭ പാരമ്പര്യം പിന്തുടരുന്ന സഭകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര മാർത്തോമാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്നിവയാണ്. ഇവയ്ക്ക് പുറമേ അന്ത്യോഖ്യൻ ആരാധനാക്രമം വിവിധ രീതിയിൽ പരിഷ്കരിച്ച് ഉപയോഗിക്കുന്ന വിവിധ പ്രൊട്ടസ്റ്റൻറ് സഭകളും ഉണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യോഖ്യൻ റീത്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. John Witvliet The Anaphora of St. James in ed. F. Bradshaw Essays on Early Eastern Eucharistic Prayers, 1997
  2. Addai and Mari, Liturgy of. Cross, F. L., ed. The Oxford Dictionary of the Christian Church. Oxford University Press. 2005
  3. Fahlbusch, Erwin; Bromiley, Geoffrey William; Lochman, Jan Milic (2008). The Encyclodedia of Christianity. Wm. B. Eerdmans Publishing. p. 285. ISBN 978-0-8028-2417-2.
  4. Israel Museum (1995). The Jews of India: A Story of Three Communities. UPNE. p. 27. ISBN 978-965-278-179-6.
"https://ml.wikipedia.org/w/index.php?title=അന്ത്യോഖ്യൻ_ആചാരക്രമം&oldid=4019379" എന്ന താളിൽനിന്ന് ശേഖരിച്ചത്