അന്ത്യോഖ്യയിൽ ഉടലെടുത്ത ക്രൈസ്തവ ആരാധനാ രീതിയാണ് അന്ത്യോഖ്യൻ റീത്ത് എന്നറിയപ്പെടുന്നത്. റീത്ത് എന്ന പദത്തിന് രീതി എന്നാണ് അർഥം. അന്ത്യോഖ്യൻ രീതിയിലുള്ള ആരാധനാക്രമം, ആധ്യാത്മിക ശിക്ഷണം, ആത്മീയ പാരമ്പര്യം എന്നീ ഘടകങ്ങളെ അംഗീകരിക്കുന്ന സഭാവിഭാഗത്തിനെയും പൊതുവേ അന്ത്യോഖ്യൻ റീത്ത് എന്നു വ്യവഹരിക്കാറുണ്ട്.

ക്രിസ്തുവിനുശേഷം ശിഷ്യന്മാർ ജറുസലേമിൽ തന്നെ സുവിശേഷ പ്രവർത്തനം ആരംഭിച്ചെങ്കിലും അവിടെയുണ്ടായ മതപീഡനത്തെ തുടർന്ന് റോമാസാമ്രാജ്യത്തിന്റെ പൌരസ്ത്യ ആസ്ഥാനമായിരുന്ന അന്തോഖ്യയെ പ്രവർത്തന കേന്ദ്രമാക്കി. അവിടെ അവർക്കു ധാരാളം അനുയായികൾ ഉണ്ടായി. 'ക്രിസ്ത്യാനികൾ' എന്ന പേര് ഇവിടെവച്ചാണ് അവർക്കു ലഭിച്ചത് (അപ്പൊ. പ്ര. 2:26). ഈ ക്രൈസ്തവ സമൂഹത്തിലാണ് ആദ്യമായി ക്രൈസ്തവ-ആരാധനാക്രമം രൂപംകൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യം അരമായ ഭാഷയിൽ ആയിരുന്ന ഇത് ഗ്രീക്കിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. അന്ത്യോഖ്യയിൽ നിന്നും സമീപപ്രദേശങ്ങളിലേക്ക് അന്ത്യോഖ്യൻ റീത്ത് (രീതി) പ്രചരിച്ചു. പേർഷ്യ, കുസ്തന്തീനോസ് പൊലീസ് എന്നീ പ്രദേശങ്ങളിൽ അനുയോജ്യമായ വ്യതിയാനങ്ങളോടുകൂടി ഇത് അംഗീകരിക്കപ്പെട്ടു. ക്രൈസ്തവമതത്തിൽ പില്ക്കാലത്ത് പ്രചാരത്തിൽ വന്ന വിവിധ-ആരാധനാരീതികൾ മേല്പറഞ്ഞ സ്ഥലങ്ങളിൽ നിന്ന് സ്വീകരിക്കപ്പെട്ടവയാകുന്നു.

എ.ഡി. 451-ലെ കല്ക്കദോന്യ സുന്നഹദോസ് മുതൽ ഏഴാം ശതകത്തിലെ അറബികളുടെ സിറിയൻ ആക്രമണം വരെയുള്ള കാലങ്ങളിൽ റോമൻ കത്തോലിക്കരും ഓർത്തഡോക്സ് സുറിയാനിക്കാരും അന്ത്യോഖ്യൻ റീത്താണ് പിൻതുടർന്നു വന്നിരുന്നത്. മധ്യപൂർവദേശങ്ങളിൽ റോമൻ കത്തോലിക്കരുടെയും ഓർത്തഡോക്സ് വിഭാഗത്തിന്റെയും ഇടയിൽ ഈ രീതി ഇന്നും പ്രചാരത്തിലുണ്ട്.

കേരളത്തിൽ ക്രിസ്തുമതം സ്ഥാപിച്ചത് മാർതോമ്മാശ്ളീഹാ ആണെന്നു വിശ്വസിക്കപ്പെടുന്നു. പേർഷ്യൻ സഭാമേലധ്യക്ഷന്മാരിൽ നിന്നു ലഭിച്ച സുറിയാനിഭാഷയിലുള്ള ആരാധനാരീതിയാണ് ആദ്യകാലങ്ങളിൽ ഇവിടെ ഉപയോഗിച്ചിരുന്നത്. പോർത്തുഗീസുകാരുടെ ആഗമനം വരെ കേരളത്തിലെ ക്രൈസ്തവസമൂഹം ഒരേ വിശ്വാസവും ആചാരക്രമവും അംഗീകരിച്ച് ഒറ്റക്കെട്ടായി നിലനിന്നിരുന്നു. റോമൻ പാത്രിയർക്കീസിന്റെ ആത്മീയാധികാരത്തിൽ പെട്ട പോർത്തുഗീസുകാർ അവരുടെ ലത്തീൻ ഭാഷയിലുള്ള ആരാധനാക്രമം ഉപയോഗിക്കാൻ കേരള ക്രൈസ്തവരെ പ്രേരിപ്പിച്ചു. സത്യവിശ്വാസവിരുദ്ധമായ നെസ്തോറിയൻ വിശ്വാസം കേരളീയരുടെ ഇടയിൽ ഉണ്ടായിരുന്നു എന്നാണ് അതിന് അവർ പറഞ്ഞിരുന്ന ന്യായം. ഇതിനെത്തുടർന്ന് സഭയിൽ ഭിന്നത ഉണ്ടായി. പോർത്തുഗീസുകാരെ എതിർത്തവർ അന്ത്യോഖ്യൻ സഭാമേലധ്യക്ഷന്മാരുടെ പക്കൽ നിന്നുകൊണ്ടുവന്ന ആരാധനാക്രമവും ആത്മീയ പാരമ്പര്യവും സ്വന്തം പാരമ്പര്യവും ഉൾപ്പെടുത്തി മുന്നോട്ടുപോയി. പോർത്തുഗീസുകാരെ അംഗീകരിച്ച ഒരു വിഭാഗവും നിലവിൽവന്നു. പുരാതനമായ ഐക്യം പുനഃസ്ഥാപിക്കുവാനുള്ള തീവ്രശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നെങ്കിലും ഇന്നും രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി അവർ തുടർന്നുവരുന്നു.

മലങ്കര റീത്ത്തിരുത്തുക

1930-ൽ അന്ത്യോഖ്യൻ റീത്ത് പുലർത്തിക്കൊണ്ട് റോമൻ കത്തോലിക്കാസഭയുമായി ഐക്യത്തിൽ ഒരു ക്രൈസ്തവ സമൂഹത്തെ വാർത്തെടുക്കുവാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ ബഥനി സ്ഥാപനങ്ങളുടെ ബിഷപ്പായിരുന്ന മാർ ഈവാനിയോസ് മെത്രപ്പോലീത്ത ശ്രമിച്ചു. ഇദ്ദേഹം ഓർത്തഡോക്സ് സഭ വിട്ടുപോവുകയും മലങ്കര റീത്ത് എന്ന ഒരു പ്രത്യേക സഭാവിഭാഗം സ്ഥാപിക്കുകയും ചെയ്തു. അന്ത്യോഖ്യൻ പാരമ്പര്യങ്ങളെയും മലങ്കര(കേരളം)യുടെ പ്രത്യേകതകളെയും ഉൾക്കൊള്ളുന്ന ഈ സഭാവിഭാഗം സീറോ മലങ്കര കത്തോലിക്കാ സഭ എന്നറിയപ്പെടുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യോഖ്യൻ റീത്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്ത്യോഖ്യൻ_റീത്ത്&oldid=1699051" എന്ന താളിൽനിന്ന് ശേഖരിച്ചത്