അന്താരാഷ്ട്ര വിദ്യാഭ്യാസ വർഷം-1971
യു.എൻ. പൊതുസമിതിയുടെ തീരുമാനം അനുസരിച്ച് 1970-ൽ ലോകമൊട്ടാകെ ആഘോഷിക്കപ്പെട്ട വിദ്യാഭ്യാസവർഷമാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ വർഷം-1971 (International Education Year). സമൂഹത്തിന്റെ വളർച്ചയിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് ലോകജനതയെ ബോധ്യപ്പെടുത്തുകയും അന്തർദേശീയ സഹകരണവും സമാധാനവും ശക്തിപ്പെടുത്തുവാൻ വിദ്യാഭ്യാസത്തെ ഒരു ഉപകരണമാക്കിത്തീർക്കുകയും ചെയ്യുകയായിരുന്നു ഈ വർഷാചരണത്തിന്റെ മുഖ്യലക്ഷ്യം.
ആശയങ്ങൾ
തിരുത്തുകമുഖ്യമായി നാല് ആശയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് അന്താരാഷ്ട്രവിദ്യാഭ്യാസ വർഷം ആചരിച്ചത്.
- വിദ്യാലയങ്ങളിൽ നിന്നു ലഭിക്കുന്ന അനുഭവങ്ങളടങ്ങിയ ഔപചാരികവിദ്യാഭ്യാസം മാത്രമല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. ജീവിതകാലം മുഴുവൻ ഒരു വ്യക്തി ആർജിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് വിദ്യാഭ്യാസം. അനൌപചാരിക വിദ്യാഭ്യാസത്തെക്കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് വിദ്യാഭ്യാസമെന്ന പ്രക്രിയയെ ഈ അർഥവ്യാപ്തിയിൽ പരിഗണിക്കേണ്ടതുണ്ട്.
- വിദ്യാഭ്യാസത്തെ മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ ഒരാവശ്യമായി പരിഗണിക്കണം. വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും സാർവത്രികമായ പുരോഗതിക്ക് നിർണായകമായ പങ്കുവഹിക്കുന്നതു വിദ്യാഭ്യാസമാണ്.
- പരിവർത്തനവിധേയമായ ലോകത്ത് ചലനാത്മകമായ ഒരു വിദ്യാഭ്യാസക്രമമാണാവശ്യം. വിദ്യാഭ്യാസ രീതികൾ കാലാനുസരണം ആസൂത്രണം ചെയ്ത് പ്രയോഗത്തിൽ കൊണ്ടുവരാനുള്ള ചുമതല അതതു രാഷ്ട്രത്തിന്റേതാണെങ്കിലും ഐക്യരാഷ്ട്ര സംഘടനയ്ക്കും അതിന്റെ ഘടകമായ യുനെസ്കോയ്ക്കും ഇതിൽ വലിയൊരു പങ്കുവഹിക്കുവാനുണ്ട്. എല്ലാ ഘട്ടങ്ങളിലെയും ശിശു-പ്രാഥമിക-സെക്കണ്ടറി-ഉപരിവിദ്യാഭ്യാസത്തിൽ ആശാസ്യമായ വ്യതിയാനങ്ങൾ വരുത്താനുള്ള നേതൃത്വം നൽകുകയും അതിനാവശ്യമായ പൊതുജനാഭിപ്രായം രൂപവത്കരിക്കുകയുമാണ് ആ ചുമതല
- അന്തർദേശീയ സഹകരണവും സമാധാനവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ഉപാധിയായി വിദ്യാഭ്യാസത്തെ ഉപയോഗിക്കണം.
വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ
തിരുത്തുകലോകത്തിലെ മിക്കരാജ്യങ്ങളിലും നിലവിലിരിക്കുന്ന അനാരോഗ്യം, ദാരിദ്ര്യം, അജ്ഞത എന്നീ ദോഷങ്ങൾ നിർമാർജ്ജനം ചെയ്യത്തക്കവിധം വിദ്യാഭ്യാസക്രമങ്ങൾ ആസൂത്രണം ചെയ്യുവാൻ പ്രേരകമായ ചർച്ചകൾ വർഷാചരണ പരിപാടിയിൽ വ്യാപകമായ തോതിൽ സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും പെൺകുട്ടികളുടെ വിദ്യാഭ്യാസം പുരോഗമിപ്പിക്കാനും വേണ്ട പരിപാടികൾ ഈ ദശകത്തിലെ വിദ്യാഭ്യാസ യത്നങ്ങളുടെ പ്രധാനഭാഗമായി അംഗീകരിക്കപ്പെട്ടു. നല്ല ഗ്രന്ഥങ്ങളുടെ വിലകുറഞ്ഞ പതിപ്പിന്റെ പ്രസിദ്ധീകരണം, ശാസ്ത്രസാങ്കേതികവിഷയങ്ങളുടെ ബോധനിലവാരം ഉയർത്തൽ, റേഡിയോ, ടെലിവിഷൻ, കംപ്യൂട്ടർ മുതലായ ആധുനിക ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം ഇവയൊക്കെയാണ് ഈ ദശകത്തിൽ പ്രാവർത്തികമാക്കാൻ ഉദ്ദേശിച്ചിരുന്ന മറ്റു ചില പരിപാടികൾ. ചുരുക്കത്തിൽ സാക്ഷരത സാർവത്രികമാക്കുന്നതിനും കഴിവ്, താത്പര്യം, അഭിരുചി എന്നിവയ്ക്കനുസരണമായി എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിൽ തുല്യാവകാശം തേടുന്നതിനും സഹായകമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയെന്നതാണ് എഴുപതുകളിലെ വിദ്യാഭ്യാസത്തിന്റെ മുഖ്യകർത്തവ്യമായി അന്താരാഷ്ട്ര വിദ്യാഭ്യാസ വർഷ പരിപാടികളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
ഇന്ത്യയിൽ സർവകലാശാലകൾ, മറ്റു ഉന്നത വിദ്യാഭ്യാസ അതോറിറ്റികൾ, വിദ്യാഭ്യാസ സാംസ്കാരിക സംഘടനകൾ ആദിയായവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ വർഷവും 1970 ജൂലൈ 18-ന് അന്താരാഷ്ട്ര വിദ്യാഭ്യാസദിനവും സമുചിതമായി ആഘോഷിക്കപ്പെട്ടു.
പുറംകണ്ണികൾ
തിരുത്തുക- http://unesdoc.unesco.org/images/0016/001601/160197eb.pdf
- http://www.springerlink.com/content/nv167tg846x21721/[പ്രവർത്തിക്കാത്ത കണ്ണി]
- http://www.iheu.org/node/2125
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര വിദ്യാഭ്യാസ വർഷം19 എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |