അന്താരാഷ്ട്രീയോദ്‌ഗ്രഥനം

രാഷ്ട്രീയ-സാമ്പത്തികതലങ്ങളിലെ ഭിന്നതകൾ അവസാനിപ്പിച്ച് പല രാഷ്ട്രങ്ങൾ ഒന്നിച്ചുചേരുന്ന പ്രക്രിയയും തത്ഫലമായുളവാകുന്ന സംശ്ലിഷ്ടഭാവവുമാണ് അന്താരാഷ്ട്രീയോദ്ഗ്രഥനം (International Integration). രാഷ്ട്രങ്ങളുടെ സ്വയംഭരണസ്വഭാവം ഈ സംയോജനത്തോടെ മിക്കവാറും ഇല്ലാതാകുന്നു എന്നാണ് സിദ്ധാന്തം. വംശങ്ങളും വർഗങ്ങളും ട്രേഡ് യൂണിയനുകളും രാഷ്ട്രീയകക്ഷികളും മറ്റും തമ്മിലടുത്ത്, വൈജാത്യങ്ങൾ മറന്ന് സഹകരിച്ച്, കൂടുതൽ ശക്തിയാർജിക്കാറുണ്ട്. എന്നാൽ പരമാധികാര രാഷ്ട്രങ്ങൾക്കുതമ്മിൽ ചില പൊതുകാര്യങ്ങളിലൊഴിച്ച്, ആത്യന്തികമായ സംയോജനം ഉണ്ടാകുക വിഷമമാണ്. ചില സാമ്പത്തിക രാഷ്ട്രീയ വൈഷമ്യങ്ങളിൽനിന്നു മുക്തി നേടുന്നതിനും സ്വന്തം വ്യക്തിത്വത്തെ ഉയർത്തുന്നതിനുംവേണ്ടി സ്വായത്തമാക്കിയ ശക്തിയുടെ ചില അംശങ്ങൾ ഒരു കേന്ദ്രാധികാരത്തിന് അടിയറവയ്ക്കുന്നു എന്നതാണ് ഈ രാഷ്ട്രങ്ങൾ തമ്മിലുള്ള ഉദ്ഗ്രഥനത്തിന്റെ മൌലികസ്വഭാവം. വൈജാത്യങ്ങളും ദേശപരമായ വ്യക്തിത്വവും വിസ്മരിച്ച് സ്വമേധയാ നടക്കുന്ന സംയോജനത്തിലൂടെ മാത്രമേ ശരിയായ ഉദ്ഗ്രഥനം സാധ്യമാകുകയുള്ളു. സമ്മർദംകൊണ്ടും ബലപ്രയോഗംകൊണ്ടും സാധ്യമാകുന്നതല്ല ഇത്. ആക്രമിച്ചു കീഴടക്കിയ രാഷ്ട്രങ്ങളെ ഒരുമിച്ചുചേർത്ത് ഒരു ബൃഹദ്രാഷ്ട്രം ഉണ്ടാക്കാമെങ്കിലും, അവിടെ നൈയാമികമായ ഉദ്ഗ്രഥനം കൈവരുത്തുക പ്രയാസമാണ്. അതുകൊണ്ട്, സമാധാനപരമായി സംഭവിക്കുന്ന ഒരു ആന്തരികപരിണാമമാണ് അന്താരാഷ്ട്രീയോദ്ഗ്രഥനം എന്നു പറയാം.

പ്രാദേശികോദ്ഗ്രഥനം

തിരുത്തുക

ഉദ്ഗ്രഥനത്തെ പ്രാദേശികമെന്നും അന്താരാഷ്ട്രപരമെന്നും രണ്ടായി തിരിക്കാം. ഏതെങ്കിലും ഭൂപരമായ മേഖലയ്ക്കുള്ളിൽ ഒന്നിലധികം രാഷ്ട്രങ്ങൾ സഹകരിച്ച് ആഭ്യന്തര വിദേശനയങ്ങൾ ഒരു കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുമ്പോൾ അത് പ്രാദേശികോദ്ഗ്രഥനമാകുന്നു. മേഖലാധിഷ്ഠിതമല്ലാതെ ലോകരാഷ്ട്രങ്ങൾക്കൊന്നിച്ചുനിന്നു പ്രവർത്തിക്കുന്നതിനുള്ള ഒരു സാഹചര്യമാണ് അന്താരാഷ്ട്രീയോദ്ഗ്രഥനംകൊണ്ടു സാധിക്കുന്നത്. അമേരിക്കൻ കോളനികൾ വിപ്ളവത്തിലൂടെ നേടിയത് പ്രാദേശികോദ്ഗ്രഥനമാണ്. രണ്ടാംലോകയുദ്ധാനന്തരം ഉണ്ടായ മേഖലാസഖ്യങ്ങൾ (അറബിലീഗ്, സെന്റൊ, നാറ്റൊ, വാഴ്സാ എന്നീ സഖ്യങ്ങൾ) പ്രാദേശികോദ്ഗ്രഥനത്തിന് ഉദാഹരണങ്ങളാണ്.

ദേശരാഷ്ട്രങ്ങളുടെ സമാധാനപരമായ സംയോജനത്തിലൂടെ പുരാതനകാലം മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാദേശികോദ്ഗ്രഥനം നടന്നിട്ടുണ്ട്. ഫെഡറേഷൻ, ലീഗ്, സഖ്യം എന്നിങ്ങനെ പല പേരിലും ഈ പ്രക്രിയ നടന്നതായി കാണാം. രാഷ്ട്രീയവും സാമ്പത്തികവുമായ ആവശ്യങ്ങൾക്കു വേണ്ടിയാണ് പ്രധാനമായും ഈ സംയോജനങ്ങൾ സാധിച്ചിട്ടുള്ളത്. പ്രതിരോധമാണ് ലക്ഷ്യമെങ്കിൽ, യുദ്ധഭീഷണി മാറുന്നതോടെ ഈ ഉദ്ഗ്രഥനത്തിന്റെ അടിസ്ഥാനം ഇല്ലാതാകുന്നു. സാമ്പത്തികപുരോഗതിയാണ് ലക്ഷ്യമെങ്കിൽ പരാധീനത മാറുന്നതോടെ മേഖലാസംയോജനം മാർഗതടസ്സമായി അംഗരാഷ്ട്രങ്ങൾക്ക് അനുഭവപ്പെടാൻ തുടങ്ങും.

രണ്ടാം ലോകയുദ്ധത്തിനുശേഷം ഇത്തരം പ്രാദേശികസംയോജനശ്രമങ്ങൾ ലോകത്തെങ്ങും വർധിച്ച തോതിൽ നടന്നു. വ്യക്തിജീവിതത്തിന്റെ ഓരോ തലത്തിലും ഭരണകൂടങ്ങൾ ആധിപത്യം ചെലുത്താൻ തുടങ്ങിയതോടെ വ്യവസായം, വാണിജ്യം, സാങ്കേതികവിദ്യ, സാമൂഹികപ്രവർത്തനം, ആരോഗ്യം, തൊഴിൽ തുടങ്ങിയ രംഗങ്ങളിൽ കൂട്ടുപ്രവർത്തനം സാധിക്കുമോ എന്ന് പല രാജ്യങ്ങളും ആരായാൻ തുടങ്ങി. തത്ഫലമായി പല അന്താരാഷ്ട്ര സംഘടനകളും യൂറോപ്പിലും ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും ഉടലെടുത്തു. ഈ അന്താരാഷ്ട്രസംഘടനകളെല്ലാം ചില പ്രത്യേക സാഹചര്യങ്ങളിൽ, ചില പ്രത്യേകാവശ്യങ്ങൾ സാധിക്കുവാൻവേണ്ടി രൂപവത്കരിക്കപ്പെട്ടവയാണ്. പ്രാദേശികമായ ഉദ്ഗ്രഥനത്തെക്കാൾ അവ പ്രാമാണികമായി ലോകത്തെ വിഭജിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നൊരു വാദഗതിയുമുണ്ട്.

രാഷ്ട്രീയവും സാമ്പത്തികവുമായ പൊതുകർമപദ്ധതികൾ സ്വീകരിച്ച് ഉദ്ഗ്രഥനത്തിനൊരുമ്പെടുന്ന രാഷ്ട്രങ്ങളുടെ സൈന്യ ശക്തിയും സാമ്പത്തികശേഷിയും ഭരണവ്യവസ്ഥയും അനുസരിച്ചിരിക്കും സംഘടനയുടെ പ്രവർത്തനവും വിജയവും. വ്യത്യസ്തരീതിയിലുള്ള രാഷ്ട്രങ്ങൾക്കു സ്വരൈക്യവും മാനസികൈക്യവും സാധിക്കുവാൻ പ്രയാസമാണ്.

അന്താരാഷ്ട്രീയോദ്ഗ്രഥനം

തിരുത്തുക

അന്താരാഷ്ട്രീയോദ്ഗ്രഥനം പ്രാദേശികോദ്ഗ്രഥനത്തെക്കാൾ ദുഷ്കരമാണ്. കേവലം നാമമാത്രമായ ഒരു സംയോജനം കാണപ്പെടുന്നത് ഐക്യരാഷ്ട്ര സംഘടനയിലും അതിന്റെ അവാന്തരവിഭാഗങ്ങളിലും ഒത്തുപ്രവർത്തിക്കുന്ന രാഷ്ട്രങ്ങൾക്കിടയിലാണ്. ഒരു കേന്ദ്രശക്തിക്കു സ്വന്തം സ്വായത്തശക്തി ഒഴിഞ്ഞുകൊടുത്തുകൊണ്ടുള്ള ഉദ്ഗ്രഥനമൊന്നും ഈ സംഘടനയിലൂടെ സഞ്ജാതമാകുന്നില്ല. രാഷ്ട്രങ്ങൾക്കുമുകളിൽ വർത്തിക്കുന്ന ഒരതിരാഷ്ട്രവുമല്ല അത്. അതിന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ അംഗരാഷ്ട്രങ്ങൾ ബാധ്യസ്ഥരാണെങ്കിലും, സ്വീകരിക്കാതിരുന്നാൽ നിർബന്ധിച്ച് അനുസരിപ്പിക്കുന്നതിനുള്ള കഴിവ് അതിനില്ല.

എങ്കിലും വിശ്വമാനവസമുദായം എന്ന ഒരു സങ്കല്പം നിലവിൽ വന്നിട്ടുള്ളത് ഈ അന്താരാഷ്ട്രീയോദ്ഗ്രഥനത്തിന്റെ ഫലമായിട്ടാണ്. പല അന്താരാഷ്ട്ര സഹകരണമേഖലകളിലൂടെയും ഈ സങ്കല്പം യാഥാർഥ്യമായി അനുഭവപ്പെടുന്നുമുണ്ട്. അന്താരാഷ്ട്ര തൊഴിൽ സംഘടന, ലോകാരോഗ്യ സംഘടന, ലോകബാങ്ക്, യുനെസ്കോ തുടങ്ങിയ സംഘടനകൾക്കു ലോകജനതയെ യോജിപ്പിക്കുന്നതിന് ഒരളവുവരെ സാധിച്ചിട്ടുണ്ട്. മനുഷ്യൻ ഗ്രഹാന്തരയാത്ര നടത്തുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഈ അന്താരാഷ്ട്രവ്യവസ്ഥയുടെ വ്യാപ്തി വീണ്ടും വർധിച്ചിരിക്കുന്നു.

പ്രശ്നങ്ങൾ

തിരുത്തുക

പ്രാദേശികോദ്ഗ്രഥനം അഥവാ മേഖലോദ്ഗ്രഥനം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. വാസ്തവത്തിൽ ഇവിടെ ഉദ്ഗ്രഥനമാണോ പ്രത്യുത സഹകരണമാണോ സംഭവിക്കുന്നതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

ഭൂപരമായി അടുത്തുകിടക്കുന്ന രാഷ്ട്രങ്ങൾ വിദേശകാര്യങ്ങളിലും സാമ്പത്തികകാര്യങ്ങളിലും പരസ്പരം ബന്ധപ്പെട്ടുണ്ടാകുന്ന ഒരു രാഷ്ട്രസഖ്യമാണ്, മേഖലോദ്ഗ്രഥനംകൊണ്ട് അർഥമാക്കപ്പെടുന്നത്. ഭരണകൂടങ്ങളുടെ സവിശേഷസ്വഭാവംകൊണ്ടോ, ജനങ്ങളുടെ ജീവിതരീതികളിലുള്ള വൈജാത്യങ്ങൾകൊണ്ടോ, ആശയങ്ങളിലുള്ള വൈരുദ്ധ്യങ്ങൾകൊണ്ടോ, ചരിത്രപരമായ മറ്റു സവിശേഷതകൾ നിമിത്തമോ ഈ നാടുകൾ തമ്മിൽ ഇണക്കമോ പിണക്കമോ എന്താണു നിലനിൽക്കുന്നത് എന്ന കാര്യം ഈ മേഖലാബന്ധത്തെ ബാധിക്കുന്നില്ല. മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ ഓരോ ഘടകരാഷ്ട്രത്തിന്റെയും സാമ്പത്തികനിലയെയും വിദേശനയത്തെയും സാരമായി ബാധിക്കുന്നതുകൊണ്ട് രാജ്യരക്ഷാപരമായ നിലനില്പിന് കൂട്ടുകെട്ടുകൾ സഹായകമാകും എന്നതാണ് മേഖലാസമ്പ്രദായത്തിന്റെ അടിസ്ഥാനം. മേഖലാതീതമായ താത്പര്യങ്ങൾ ചില അംഗങ്ങൾക്ക് ഉണ്ടാവാമെങ്കിലും ഭൂപരമായ അവയുടെ കിടപ്പ് മുഖ്യമായും വിദേശകാര്യങ്ങളിൽ പ്രാദേശികതാത്പര്യങ്ങളോടടുത്തു നിൽക്കാൻ അവയെ പ്രേരിപ്പിക്കുന്നുണ്ട്.

അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വിലയിരുത്തുമ്പോഴാണ് മേഖലാരാഷ്ട്രീയത്തിലെ അസ്ഥിരത ബോധ്യപ്പെടുന്നത്. ഘടകരാഷ്ട്രങ്ങൾ സ്വായത്താധികാരം അവയ്ക്കു മുകളിലുള്ള ശക്തിക്ക് ഭാഗികമായെങ്കിലും ഒഴിഞ്ഞുകൊടുക്കണമെന്നത് ഉദ്ഗ്രഥനത്തിന്റെ ഒരാവശ്യമാണ്. എന്നാൽ സാമ്പത്തിക സാമൂഹിക സൈനികരാഷ്ട്രീയ കാര്യങ്ങളിൽ സൌകര്യാർഥം സഹകരണം നേടുക എന്നതിൽ കവിഞ്ഞ പ്രക്രിയയൊന്നും ഇവിടെ നടക്കുന്നില്ല. പണ്ഡിതന്മാർ സൈനിക സഖ്യങ്ങളെയും സാമ്പത്തികസമൂഹങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും എങ്ങനെ വ്യാഖ്യാനിച്ചാലും രാഷ്ട്രങ്ങളുടെ ദേശീയസ്വഭാവത്തിൽ മാറ്റമൊന്നും വരികയില്ല.

ഒരേ മേഖലയിൽതന്നെ സഖ്യരാഷ്ട്രങ്ങളുടെ ആഭ്യന്തരവിദേശനയങ്ങളെ താരതമ്യപ്പെടുത്തിയാലും വൈജാത്യവൈരുദ്ധ്യങ്ങൾ വ്യക്തമാകും. പശ്ചിമയൂറോപ്യൻ കമ്യൂണിറ്റിയിലേതായാലും, ലാറ്റിൻ-അമേരിക്കൻ രാഷ്ട്രസഖ്യത്തിലേതായാലും, അറബി ലീഗിലേതായാലും അംഗരാഷ്ട്രങ്ങളുടെ അംഗീകൃതതാത്പര്യങ്ങളും ഉദ്ദേശ്യ ലക്ഷ്യങ്ങളും തുലോം വിഭിന്നങ്ങളാണ്. സാധർമ്യങ്ങളെക്കാൾ വൈരുദ്ധ്യങ്ങളും പരസ്പരരൈക്യത്തേക്കാൾ വിഭാഗീയതകളും ഇവർ തമ്മിലുള്ള ബന്ധങ്ങളിൽ തെളിഞ്ഞുകാണാം.

മേല്പറഞ്ഞ പ്രാദേശികോദ്ഗ്രഥനശ്രമങ്ങളിൽ ഒരു സുനിശ്ചിതഘടകമെന്നനിലയിൽ വൻശക്തികളുടെ സ്വാധീനത കാണപ്പെടുന്നു. ഇതിന്നർഥം, ഓരോ മേഖലയിലേയും രാഷ്ട്രങ്ങളുടെ ആഭ്യന്തരതാത്പര്യങ്ങളും പൊതുലക്ഷ്യങ്ങളും നിർണയിക്കുന്നതിൽ പ്രധാന പങ്കു വൻശക്തികൾ കൈയ്യടക്കിവച്ചിരിക്കുന്നു എന്നാണ്. അത്രത്തോളം അന്താരാഷ്ട്രീയോദ്ഗ്രഥനം കൃത്രിമമായിത്തീരുന്നു. ഉള്ളിൽനിന്നുള്ള പ്രേരണകൊണ്ടുണ്ടാകുന്നതല്ലാതെ പുറമേനിന്ന് അടിച്ചേല്പ്പിക്കപ്പെടുന്നത് ഉദ്ഗ്രഥനമല്ല, മറിച്ച് ചെറുകിടക്കാർക്കു വൻകിടക്കാർ നൽകുന്ന സൌജന്യമാണ്.

മേഖലാരാഷ്ട്രീയത്തിൽ വൻശക്തികൾ പങ്കാളികളാകുന്നത് രണ്ടുതരത്തിലാണ്:

  1. രാഷ്ട്രീയപ്രാധാന്യമുള്ള പങ്കാളിത്തം
  2. രാഷ്ട്രീയപ്രാധാന്യമില്ലാത്ത പങ്കാളിത്തം.

സാമ്പത്തികവിഭവസഹായം, വാണിജ്യസൌകര്യം, മൂലധനമിറക്കൽ, സാംസ്കാരികസാമൂഹികപ്രവർത്തനങ്ങൾ എന്നിവയിലൂടെയാണ് രണ്ടാമത്തെ പങ്കാളിത്തം സാധിതമാക്കുന്നത്. രാഷ്ട്രീയോദ്ദേശ്യത്തോടുകൂടിയാകാമെങ്കിലും ഈ പങ്കാളിത്തം ശക്തിസമീകരണത്തിനുവേണ്ടിയുള്ളതല്ല; സഹകരണത്തിലൂടെ പ്രത്യേകപദവി നേടാനുള്ള ഒരു ശ്രമം മാത്രമാണ്.

ആദ്യത്തേതാവട്ടെ, രാഷ്ട്രീയോദ്ദേശ്യത്തോടുകൂടി ശക്തിസമീകരണത്തിനുവേണ്ടി വൻശക്തികൾ ചെറുരാഷ്ട്രങ്ങൾക്കു നൽകുന്ന സഹായമാണ്. ഈ പങ്കാളിത്തത്തിന്റെ പ്രകാശനം പ്രത്യേകാവകാശങ്ങൾ ഉറപ്പിച്ചുകൊണ്ടോ കോളനി സ്ഥാപിച്ചുകൊണ്ടോ സൈനികസാമ്പത്തികസഹായം നൽകിക്കൊണ്ടോ ആകാം. സൈനികസഖ്യത്തിലൂടെ ഒരു മേഖലയിൽ പുതിയൊരു ശക്തികേന്ദ്രീകരണം നടത്തി ഒരു വൻശക്തി പുറത്തുനിന്നും പ്രവേശിക്കുമ്പോൾ മറ്റു വൻശക്തികളും ഇതേപടി പ്രവർത്തിക്കാൻ ശ്രമിക്കും എന്നുള്ളതുകൊണ്ട് സംഘർഷാവസ്ഥ മുമ്പുണ്ടായിരുന്നതിനേക്കാൾ കുറയുന്നില്ല. ഫലത്തിൽ, ഇത്തരം സഹായസഹകരണങ്ങൾകൊണ്ട് ഒരു മേഖലയിലെ രാഷ്ട്രങ്ങൾക്കു സുരക്ഷിതത്വബോധം വർധിക്കുന്നുമില്ല. മധ്യേഷ്യയിലും പശ്ചിമയൂറോപ്പിലും പൂർവയൂറോപ്പിലും ദക്ഷിണേഷ്യയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉദ്ഗ്രഥനപരിപാടികളുടെ അടിസ്ഥാനം ഈ ശക്തിരാഷ്ട്രീയം (Power Politics) ആണെന്നുള്ളതിനു സംശയമില്ല.

ഉദ്ഗ്രഥനത്തെക്കാൾ ബാഹ്യമായ ഒരു ബന്ധദാർഢ്യം മാത്രമാണ് ചില രാഷ്ട്രങ്ങളിൽ കാണുന്നത്. ഓരോ രാഷ്ട്രത്തിലേയും രാഷ്ട്രീയബന്ധങ്ങളെ വിലയിരുത്തുമ്പോൾ ഉദ്ഗ്രഥനംകൊണ്ട് ഉദ്ദേശിക്കേണ്ടത് അധികാരപ്രയോഗത്തെ സംബന്ധിച്ച വിശാലമായ ബോധം ജനങ്ങളിൽ ഉളവാക്കി, സങ്കുചിതപ്രാദേശികമനോഭാവത്തെ കീഴ്പ്പെടുത്തുകയോ ദൂരീകരിക്കുകയോ ചെയ്യുക എന്നതാണ്. അന്താരാഷ്ട്രബന്ധങ്ങളിൽ ബന്ധരാഷ്ട്രങ്ങളുടെ വ്യത്യസ്തവ്യക്തിത്വം പരമാധികാരം രൂപംകൊള്ളുന്ന പ്രക്രിയയെയാണ് പ്രതിനിധാനം ചെയ്യേണ്ടത്. എന്നാൽ വാസ്തവത്തിൽ ഉദ്ഗ്രഥനം അന്താരാഷ്ട്രബന്ധങ്ങളിൽ ഉണ്ടാകുന്നില്ല; സംഭവിക്കുന്നത് കെട്ടുറപ്പ് (cohesion) മാത്രമാണ്. സമീപരാഷ്ട്രങ്ങളുടെ ലക്ഷ്യങ്ങൾക്കുതമ്മിൽ ഏകീഭാവം ഉണ്ടാകുമ്പോൾ അവ കൂടുതൽ അടുത്തുപ്രവർത്തിക്കുകയും വൈരുദ്ധ്യങ്ങൾ ആകാവുന്നിടത്തോളം ഇല്ലാതാകുകയും ചെയ്യുന്നു; പൊതുവായ അപായബോധം ഇവയെ ഒന്നായി നില്ക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഇപ്രകാരം അടുക്കുന്നതുകൊണ്ട് ഇവയുടെ വ്യക്തിത്വം തെളിയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇവർ തമ്മിൽ യോജിപ്പുണ്ടാകുമെങ്കിലും സംയോജനം നടക്കുന്നില്ല. മേഖലയിലെ പ്രധാന രാഷ്ട്രങ്ങൾതമ്മിൽ യുദ്ധമുണ്ടാകുകയില്ല എന്ന ഒരുറപ്പുമാത്രമാണ് ഉദ്ഗ്രഥനംകൊണ്ട് സാധിക്കുന്നത്. ഉദ്ഗ്രഥനംകൊണ്ടുദ്ദേശിക്കപ്പെടുന്നത് ഘടകരാഷ്ട്രങ്ങളുടെ വെവ്വേറെയുള്ള പരമാധികാരം ഒരു കേന്ദ്രത്തിന് ഒഴിഞ്ഞുകൊടുക്കലാണെങ്കിലും, സാധിച്ചുകാണുന്നത് പരമാധികാരത്തെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി പുറം കാര്യങ്ങളിൽ യോജിച്ചുപ്രവർത്തിക്കുക എന്നതാണ്.

പരമാധികാരത്തിന്റെ പരിധി ചുരുങ്ങാനിടവരുമെന്നു കാണുമ്പോഴേല്ലാം ഉദ്ഗ്രഥന പ്രക്രിയയ്ക്ക് ഉലച്ചിൽ ഉണ്ടായിട്ടുണ്ട്; അഥവാ, ഉദ്ഗ്രഥനഫലമായുളവാകുന്ന കേന്ദ്രശക്തി ഏതെങ്കിലും വിധത്തിൽ ഘടകരാഷ്ട്രത്തിന്റെ പരമാധികാരത്തിനുള്ളിൽ കടക്കാൻ ശ്രമിച്ചാൽ അതു ശിഥിലീകരണത്തിലേ കലാശിക്കുകയുള്ളു.

അന്താരാഷ്ട്ര-രാഷ്ട്രതന്ത്രവും ഉദ്ഗ്രഥനവും

തിരുത്തുക

അന്താരാഷ്ട്ര-രാഷ്ട്രതന്ത്രത്തിൽ ഉദ്ഗ്രഥനം എന്ന പ്രതിഭാസം കാണപ്പെടുന്നുണ്ടെങ്കിലും അതിന്റെ പരിമിതി വളരെ വ്യക്തമാണ്. അന്താരാഷ്ട്രീയോദ്ഗ്രഥനമായാലും പ്രാദേശികോദ്ഗ്രഥനമായാലും സംഘടിക്കുന്ന രാഷ്ട്രങ്ങളുടെ പരമാധികാരത്തിനു പുറത്തുമാത്രമേ അതിന്റെ പ്രവർത്തനമണ്ഡലം വ്യാപരിക്കുന്നുള്ളു.

ഉദ്ഗ്രഥനത്തിനുവേണ്ടിയുള്ള ഒരു സംരംഭത്തിലും ദേശീയത വഴിമാറികൊടുത്തതായി കാണുകയില്ല. കൌൺസിൽ ഒഫ് യൂറോപ്പ് നിലവിൽവന്നെങ്കിലും നിയമനിർമ്മാണത്തിനോ നിയമപാലനത്തിനോ അതിനർഹതയുണ്ടായിരുന്നില്ല. യൂറോപ്യൻ ഐക്യം എന്ന സങ്കല്പം സാക്ഷാത്കരിച്ചു എന്നല്ലാതെ പുതിയതും വലിയതുമായ ഒരു ദേശീയരാഷ്ട്രം നിലവിൽവന്നില്ല.

എന്നാൽ നിയതാർഥത്തിലുള്ള ഉദ്ഗ്രഥനത്തെക്കാൾ കർമാധിഷ്ഠിത(functional)മായ ഉദ്ഗ്രഥനം പല നാടുകൾ തമ്മിലും നടക്കുന്നതായി കാണാം. ഇത് സ്വന്തം പരമാധികാരത്തിനകത്തു നിന്നുകൊണ്ട് ഗവൺമെന്റുകൾ യോജിച്ച് പ്രവർത്തിക്കുന്നതുകൊണ്ടാണ് സാധിക്കുന്നത്. ഇതാവട്ടെ കേവലം സഹകരണത്തിൽ കവിഞ്ഞ ഒന്നുമല്ല. എന്നാൽ ഉദ്ഗ്രഥനം സഹകരണത്തിൽനിന്നുയർന്ന് ഘടകരാഷ്ട്രങ്ങളുടെ ഭാഗികമായ ഏകോപനമാണ് സാധിക്കുന്നത്. 1944-ൽ ബനലക്സ് യൂണിയൻ ഉണ്ടായി; ബൽജിയം, നെതർലണ്ട്, ലെക്സംബർഗ് എന്നീ മൂന്നു രാഷ്ട്രങ്ങളെ തമ്മിൽ അകറ്റിയിരുന്ന കടൽചുങ്കങ്ങൾ എല്ലാം ഒഴിവാക്കുകയും ഒരു ഏകരൂപമായ താരിപ്പ്നയം ഇറക്കുമതിക്കാര്യത്തിൽ ഉണ്ടാക്കുകയും ചെയ്തു. സാമ്പത്തികമായ സഹകരണം അതുകൊണ്ടു സാധിച്ചു. ഇതു പ്രാവർത്തികമായ ഉദ്ഗ്രഥനത്തിന്റെ ഏകദേശരൂപം നമുക്കു നല്കുന്നുവെങ്കിലും ഇതിനെ സഹകരണം എന്നല്ലാതെ സംയോജനം എന്നു പേർ വിളിക്കാൻ പ്രയാസമാണ്. ഓരോ രാഷ്ട്രവും ചില പരിമിതികൾക്കും നിയന്ത്രണങ്ങൾക്കും സ്വയം വിധേയമാകാൻ സമ്മതിച്ചു എന്നതിൽകവിഞ്ഞ് ഒരു സർവാധികാരിയുടെ നിയന്ത്രണത്തിനു കീഴിലാകുവാൻ ഒരുങ്ങി എന്ന് പറയുക വയ്യ.

മേഖലാഫെഡറേഷനുകളിലും കമ്യൂണിറ്റികളിലും ലീഗുകളിലും മറ്റും കൂടിയാലോചനകൾവഴി കേന്ദ്രഭരണകൂടം തീരുമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും അംഗരാഷ്ട്രങ്ങൾ അതിന്റെ തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്നും പലപ്പോഴും കീഴ്വഴക്കങ്ങളിൽനിന്ന് വിപരീതമായി അന്തർദേശീയമെന്നും ദേശീയമെന്നുമുള്ള വ്യത്യാസങ്ങൾ മാഞ്ഞ് ഇല്ലാതാകുമെന്നും മറ്റും അന്താരാഷ്ട്രീയോദ്ഗ്രഥനത്തെ അനുകൂലിക്കുന്നവർ പറയുന്നത് തികച്ചും ശരിയല്ല. ചില ആഭ്യന്തരകാര്യങ്ങൾ ഇതുവഴി അന്തർദേശീയ കാര്യങ്ങളാകുന്നുണ്ടെന്ന് സമ്മതിച്ചാൽ തന്നെ, അത്തരം ഇടപെടലുകൾ ദേശീയതാത്പര്യത്തിന്റെ പേരിലാണ് രാഷ്ട്രങ്ങൾ സ്വീകരിക്കുന്നതെന്നത് വ്യക്തമാണ്. സൈനിക പ്രവർത്തനങ്ങളിലും (രാജ്യരക്ഷയ്ക്കായി മാത്രം) വ്യാവസായികോത്പാദനത്തിലും വിലനിയന്ത്രണത്തിലും താരിപ്പിലും മറ്റും ഇങ്ങനെ പുറമേനിന്നു സഹായങ്ങൾ സ്വീകരിക്കുന്നത് നിയന്ത്രണങ്ങൾ എന്ന നിലയിലല്ല. അന്തർദേശീയ ശക്തിയെ ആഭ്യന്തരശക്തിയായി മാറ്റുന്ന ഒരു പ്രക്രിയയാണത്; അല്ലാതെ ആഭ്യന്തരമായ അശക്തിയെ അന്തർദേശീയാധികാരത്തിനു ബലിയാക്കലല്ല.

അന്താരാഷ്ട്രീയോദ്ഗ്രഥനം ഈ അർഥത്തിൽ അന്താരാഷ്ട്ര തലത്തിലും മേഖലാതലത്തിലും ശരിക്കും സംഭവിക്കുന്നില്ല; യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഒരു സങ്കല്പം മാത്രമാണത്.

ഇതുംകൂടികാണുക

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക

File Format: PDF/Adobe Acrobat - Quick View

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്രീയോദ്ഗ്രഥനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.